Follow Us On

29

March

2024

Friday

ബാഹ്മണ പെൺകുട്ടി വിശ്വാസം സ്വീകരിച്ച കഥ ബിഷപ് ജേക്കബ് മനത്തോടത്ത് പറയുന്നു

ബാഹ്മണ പെൺകുട്ടി വിശ്വാസം സ്വീകരിച്ച കഥ ബിഷപ് ജേക്കബ് മനത്തോടത്ത് പറയുന്നു

ക്രിസ്തുവിനെ അറിഞ്ഞും അനുഭവിച്ചും ജീവിക്കുന്ന പരമ്പരാഗത വിശ്വാസികളെക്കാളും വിശ്വാസ ജീവിതത്തിൽ തീക്ഷ്ണതയുള്ളവരായി കാണുന്നത് പലപ്പോഴും അക്രൈസ്തവ സഹോദരങ്ങളാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർന്ന ദേവസഹായം പിള്ള.
”ദൈവത്തിൽ വിശ്വാസമർപ്പിക്കുന്ന ഒരുവനും നശിച്ചുപോകുകയില്ല” (യോഹ.3:18) എന്ന വചനം ഒരിക്കൽകൂടി യാഥാർത്ഥ്യമാവുകയാണിവിടെ. ഇതുപോലെ തന്നെ ഒരു അക്രൈസ്തവ സഹോദരി ക്രിസ്തുവിലുള്ള വിശ്വാസതീവ്രത അനുഭവിച്ചറിഞ്ഞ ഒരു സംഭവം പറയാം.
അമേരിക്കൻ സന്ദർശനത്തിനിടയിൽ കോളറാഡോ സ്പിർഗ് എന്ന സ്ഥലത്തെ ആശ്രമത്തിലെ വൈദികനെ പരിചയപ്പെടാനിടയായി. സംഭാഷണമധ്യേ അച്ചൻ എന്നോട് പറഞ്ഞു. ഇവിടെ അടുത്തൊരു മിണ്ടാമഠമുണ്ട്. അവിടെ ഇന്ത്യക്കാരിയായ ഒരു കന്യാസ്ത്രീയുണ്ട്. ”പരിചയപ്പെടുന്നോ?” എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. കേരളത്തിൽ നിന്നുള്ള ആരെങ്കിലും ആയിരിക്കാം എന്ന ധാരണയിൽ കാണാൻ ഞാൻ താൽപര്യം പ്രകടിപ്പിച്ചു. അങ്ങനെ അവിടെ പോയി മഠത്തിന്റെ പാർലറിൽ വെച്ച് സിസ്റ്ററുമായി സംസാരിച്ചു.
അവിടെ 16 കന്യാസ്ത്രീകളാണുള്ളത്. ഇന്ത്യക്കാരി എന്ന് അച്ചൻ പറഞ്ഞ സിസ്റ്റർ ബംഗാൾ സ്വദേശിനിയാണ്. ബംഗാളിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നും മാമോദീസ സ്വീകരിച്ച് കന്യാസ്ത്രീയായതാണ് ഈ പെൺകുട്ടി. മതം മാറാനുളള കാരണമെന്തെന്ന് ഞാൻ അന്വേഷിച്ചു. അപ്പോൾ അവൾ പറഞ്ഞത് അത്ഭുതകരമായ ഒരു മനംമാറ്റത്തിന്റെ കഥയാണ്.
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഈ പെൺകുട്ടി ഉപരിപഠനത്തിന് വേണ്ടി ലണ്ടനിലേക്ക് പോയി. അവിടെവച്ച് ക്രിസ്ത്യാനികളായ കൂട്ടുകാരിൽനിന്നുമാണ് യേശുവിനെപ്പറ്റി അറിയുന്നത്. പാപികൾക്ക് വേണ്ടി രക്തം ചിന്തി ക്രൂശിൽ മരിച്ച യേശുവിനെക്കുറിച്ച് അറിയാൻ അവൾക്കാഗ്രഹമായി. വിശുദ്ധ ഗ്രന്ഥം പഠിക്കാൻ തുടങ്ങിയപ്പോൾ അവൾക്ക് ക്രിസ്ത്യാനിയാകാനുള്ള ആഗ്രഹവും വർദ്ധിച്ച് വന്നു. എന്നാൽ വീട്ടുകാർ പരമാവധി പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ബലമായി അവൾ ഉറച്ചുനിൽക്കുകയും മാമോദീസ മുങ്ങി ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. രോഷാകുലരായ മാതാപിതാക്കൾ പഠിക്കാൻ അവൾക്ക് നൽകിയിരുന്ന സാമ്പത്തികസഹായം അതോടെ നിർത്തി.
വീട്ടിൽ നിന്നുള്ള സഹായം നിലച്ചതോടെ അവൾ കൂട്ടുകാരുടെ സഹായത്തോടെയാണ് പഠനം പൂർത്തീകരിച്ചത്. തുടർന്ന് ഒരു കന്യാസ്ത്രീയാകണമെന്നും അതും മിണ്ടാമഠത്തിൽ തന്നെ ആയിരിക്കണമെന്നും അവൾ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് കൊളറാഡോയിൽ മിണ്ടാമഠത്തിൽ അംഗമായി ചേരുന്നത്. പിന്നീട് പഠനം പൂർത്തിയാക്കി അവൾ സഭാവസ്ത്രം സ്വീകരിച്ചു. അന്ന് മുതൽ അവൾ തീക്ഷ്ണതയോടെ യേശുവിന്റെ മുന്തിരിത്തോപ്പിൽ സഭയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നു. പോരാൻ നേരം ”ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?” എന്ന് ചോദിച്ചപ്പോൾ ഒരു ബംഗാളി ബൈബിൾ വേണമെന്നായിരുന്നു അവളുടെ മറുപടി. അവൾക്ക് വായിക്കാനായിരിക്കുമെന്നാണ് കരുതിയതെങ്കിലും മാതാപിതാക്കൾക്ക് ബൈബിൾ അയച്ചുകൊടുക്കാനാണെന്നായിരുന്നു അവളുടെ മറുപടി.
”അവർ ബൈബിൾ വായിച്ച് യഥാർത്ഥ യേശുവിനെ തിരിച്ചറിയുകയും ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” അവൾ പറഞ്ഞു.
അക്രൈസ്തവയായ അവർ ക്രിസ്ത്യാനിയായി സന്യാസജീവിതം സ്വീകരിച്ചു എന്നതിനപ്പുറം തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കൂടി ക്രിസ്തുവിനെ പരിചയപ്പെടുത്തുവാനുള്ള തീക്ഷ്ണതയും താൽപര്യവും എന്നെ അത്ഭുതപ്പെടുത്തി.
പരമ്പരാഗത ക്രിസ്ത്യാനികളെന്ന് അഭിമാനിക്കുന്ന നാം നമ്മുടെ വിശ്വാസജീവിതത്തിൽത്തന്നെ എത്രമാത്രം അരക്കിട്ടുറപ്പിക്കാൻ കഴിയുന്നുണ്ട് എന്ന് ഈ വിശ്വാസവർഷത്തിൽ ആത്മപരിശോധന നടത്തണം.
പൗലോസ് ശ്ലീഹാ കൊളോസോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ നാം വായിക്കുന്നു; ”നിങ്ങൾ ശ്രവിച്ച സുവിശേഷം നൽകുന്ന പ്രത്യാശയിൽനിന്ന് വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടും കൂടി വിശ്വാസത്തിൽ നിങ്ങൾ നിലനിൽക്കേണ്ടിയിരിക്കുന്നു” (കൊളോ.1:23).
നൈമിഷിക നേട്ടങ്ങൾക്കുവേണ്ടി യഥാർത്ഥ വിശ്വാസജീവിതത്തിൽനിന്ന് വ്യതിചലിക്കാതിരിക്കാൻ ഈ സിസ്റ്ററിന്റെ മാതൃക നമ്മെ ശക്തിപ്പെടുത്തട്ടെ. വിശ്വാസവർഷം വെറുമൊരു ആചരണമായി മാറാതെ വിശ്വാസത്തിൽ അടിയുറച്ച് ജീവിക്കുകയും അതുകണ്ട് മറ്റുള്ളവരെ ക്രിസ്തുവിശ്വാസത്തിലേക്ക് വരുത്തുന്നതിനും നമുക്ക് കഴിയണം.
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?