Follow Us On

29

March

2024

Friday

ചുവടുകൾവെക്കാം വിശുദ്ധിയിലേക്ക്

ചുവടുകൾവെക്കാം വിശുദ്ധിയിലേക്ക്

‘നീ മാമ്മോദീസ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവോ എന്ന ചോദ്യം നീ വിശുദ്ധനാകാൻ ആഗ്രഹിക്കുന്നുവോ എന്ന ചോദ്യത്തിന് തുല്യമാണ്’^ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ സുപ്രസിദ്ധമായ വാക്കുകളാണിത്. നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ എന്നാണ് ഈശോ പഠിപ്പിക്കുന്നത്. വീരോചിതമായി പുണ്യം അഭ്യസിച്ചവരെയാണ് തിരുസഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.
എന്നാൽ, സ്വർഗത്തിൽ അവർ മാത്രമല്ല വിശുദ്ധർ. തിരുസഭ ചിലരെ നമ്മുടെ മാതൃകയ്ക്ക് വിശുദ്ധരായി പ്രഖ്യാപിക്കുന്നുവെന്നുമാത്രം. വിശുദ്ധരാകാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് നാം ഓരോരുത്തരുടെയും കടമ. എന്നാൽ, വിശുദ്ധരായി പേരു വിളിക്കപ്പെടാൻ ആഗ്രഹിക്കണമെന്നല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കൂടുതൽ വിശുദ്ധരാകാം, കൂടുതൽ മഹത്വപ്പെടുത്താം
ദൈവത്തെയും സഹോദരങ്ങളെയും എന്തുമാത്രം സ്‌നേഹിക്കുന്നു എന്നതിനനുസരിച്ചാണ് നമ്മുടെ വിശുദ്ധി. ഭക്താനുഷ്ഠാനങ്ങൾ സ്‌നേഹത്തിൽ വളരാനുള്ള മാർഗങ്ങളാണ്. അതുപോലെതന്നെ നമ്മുടെ ജോലികളും സഹനങ്ങളും പരോപകാരപ്രവൃത്തികളും എല്ലാം വിശുദ്ധി പ്രാപിക്കാനുള്ള മാർഗങ്ങൾത്തന്നെ. കൂടുതൽ സ്‌നേഹത്തോടെ ജോലിചെയ്യുന്നവർക്ക് കൂടുതൽ യോഗ്യത ലഭിക്കുന്നു. കൂടുതൽ വിശുദ്ധിയുള്ളവരാണ് ദൈവത്തെ കൂടുതൽ മഹത്വപ്പെടുത്തുന്നത്.
എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണ്. അൽമായർ അവരുടെ ജീവിതാവസ്ഥയിൽ ജീവിച്ചുകൊണ്ട് വിശുദ്ധരാകണം. വിശുദ്ധി ജീവിതത്തെ മുഴുവൻ ഉൾക്കൊള്ളുന്നതാണ്. ഇഹത്തിലെ ജീവിതം പരലോകജീവിതത്തിനുള്ള ഒരുക്കമാണ്. നമ്മുടെ സമയവും കഴിവുകളും ഭൗതികനേട്ടങ്ങൾക്കായിമാത്രം ഉപയോഗിക്കാനുള്ളതല്ല. ഭൗതികനേട്ടങ്ങൾക്കായുള്ള അധ്വാനവും നമ്മെ വിശുദ്ധീകരിക്കുന്ന വിധമാകണം.
പ്രാർത്ഥനയ്ക്കും പരസ്‌നേഹപ്രവർത്തനങ്ങൾക്കും സമയം നാം കണ്ടെത്തണം. സ്‌നേഹത്തിൽ നാം വളരണം. ഓരോ ദിവസവും ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരുന്നുണ്ടോയെന്ന് നാം പരിശോധിക്കണം. നമ്മുടെ ദുരാശകൾ നമ്മെ പുറകോട്ടു വലിക്കുന്നതുകൊണ്ട് നാം അതീവജാഗ്രതയുള്ളവരായിരിക്കണം.
വിശുദ്ധി ജീവിതത്തെ മുഴുവൻ ഉൾക്കൊള്ളുന്നതാണ്. പരലോകത്തിൽ നിക്ഷേപങ്ങൾ സമ്പാദിക്കാനാണ് ഈശോ ഉപദേശിക്കുന്നത്. ദൈവഹിതമനുസരിച്ചു ജീവിച്ചാണ് ഇതു സാധിക്കേണ്ടത്. ഇഹത്തിലെ ജീവിതം പരലോകജീവിതത്തിനുള്ള ഒരുക്കമാണ്. നമ്മുടെ സമയവും കഴിവും ഭൗതികനേട്ടങ്ങൾക്കായിമാത്രം ഉപയോഗിക്കാനുള്ളതല്ല. ആത്മീയകാര്യങ്ങൾക്ക് ന്യായമായ സമയം എടുത്തെങ്കിലേ ശേഷിക്കുന്ന സമയം വിശുദ്ധമായി ഉപയോഗിക്കാൻ സാധിക്കൂ.
ധനത്തെയും ദൈവത്തെയും ഒരുപോലെ സേവിക്കാൻ സാധിക്കുകയില്ലെന്ന് ഈശോ പറഞ്ഞത് ഓർക്കണം. ഭൗതികവസ്തുക്കൾ ജീവിതത്തിലെ ലക്ഷ്യമാകരുത്. വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യം കുട്ടികളെ വിശുദ്ധരാകാൻ പഠിപ്പിക്കുകയെന്നതാണ്. അതുകൊണ്ട് മറ്റു പഠനങ്ങളെക്കാൾ പ്രാധാന്യം വിശ്വാസപരിശീലനത്തിന് കൊടുക്കണം. ദൈവത്തിന്റെ രാജ്യം ആദ്യം അന്വേഷിക്കുമ്പോൾ ബാക്കിയുള്ളത് ദൈവം നൽകും.
ഭൗതികകാര്യങ്ങൾക്കുള്ള അധ്വാനം ദൈവത്തെ ആശ്രയിച്ചുകൊണ്ടുള്ളതും ദൈവഹിതമനുസരിച്ചുള്ളതുമായിരിക്കണം. മതപഠനത്തിൽ ലഭിക്കുന്ന അറിവ് അനുസരിച്ച് ജീവിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. ഈ ബോധ്യം മാതാപിതാക്കന്മാർക്കും വിശ്വാസപരിശീലകർക്കും ഉണ്ടായിരിക്കണം. അവർതന്നെ വിശുദ്ധരാകാൻ ആഗ്രഹിക്കുകയും കുട്ടികൾക്ക് നല്ല മാതൃക കൊടുക്കുകയും വേണം. അതിനു പുറമേ കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും വേണം.
വീട്ടിൽ ഒരു പുസ്തകമുറി
വേദപാഠക്ലാസുകൾക്കു പുറമേ നല്ല ഗ്രന്ഥങ്ങളും മാസികകളും വായിച്ച് മതപരമായ അറിവ് വർധിപ്പിക്കണം. മാതാപിതാക്കൾ ആണ്ടുതോറും രണ്ടോ മൂന്നോ പുസ്തകങ്ങൾ വാങ്ങുക. അവ എല്ലാവരും വായിച്ചശേഷം സൂക്ഷിച്ചുവെക്കുകയും പ്രധാനപ്പെട്ടവ ആവർത്തിച്ചു വായിക്കുകയും വേണം. സെന്റ് തെരേസ ബനഡിക്ടാ ഓഫ് ദ ക്രോനായിത്തീർന്ന എഡിത്ത് സ്റ്റീനെ കുറിച്ച് കേട്ടിട്ടുണ്ടാവും. യഹൂദവംശജയായിരുന്ന അവൾ ഒരു ബന്ധുവീട്ടിൽവെച്ച് വിശുദ്ധ അമ്മത്രേസ്യായുടെ ആത്മകഥ വായിക്കാനിടയായി. അതവളെ കത്തോലിക്കയാകാൻ പ്രേരിപ്പിച്ചു. പിന്നീട് അവൾ കന്യാസ്ത്രീയാവുകയും ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അതെ, വിശുദ്ധരുടെ ജീവിതചരിത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മകഥ വിശുദ്ധ അൽഫോൻസാമ്മയെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിരുന്നു.
വിശുദ്ധരാകാൻ പരിശ്രമിച്ചാൽ ഭൗതികകാര്യങ്ങൾ അവതാളത്തിലാകുമെന്ന് ചിന്തിക്കുന്നത് അബദ്ധമാണ്. വിശുദ്ധരാകാൻ ശ്രമിക്കുന്നവർ ഉത്തരവാദിത്തത്തോടെ അധ്വാനിക്കും. പ്രാർത്ഥനാപൂർവമുള്ള അവരുടെ അധ്വാനത്തെ ദൈവം പ്രത്യേകം അനുഗ്രഹിക്കുകയും ചെയ്യും. വചനം ഗ്രഹിക്കുന്നതിന് തടസമാകുന്ന ജീവിതവ്യഗ്രത അവർക്കുണ്ടാകുകയുമില്ല. ദൈവകാര്യങ്ങളിൽ ശ്രദ്ധിക്കാതെ ഭൗതികകാര്യങ്ങളിൽ ആസക്തി പുലർത്തുന്നത് വിഗ്രഹാരാധനയാണ്.
പരസ്‌നേഹം പരമപ്രധാനം
പരസ്‌നേഹത്തെക്കുറിച്ച് സവിശേഷമായി പറയേണ്ടിയിരിക്കുന്നു. ഭക്താനുഷ്ഠാനങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം പരസ്‌നേഹത്തിന് കൊടുത്താൽ കുടുംബങ്ങളിലും സമൂഹത്തിലും വലിയ വ്യത്യാസം വരും. കുടുംബങ്ങളിൽ സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ എപ്പോഴുമുണ്ട്. നമുക്ക് അരോചകമായി അന്യരിൽനിന്നുണ്ടാകുന്ന അനുഭവങ്ങൾ ക്ഷമ അഭ്യസിക്കാനുള്ള അവസരമാണ്. ക്ഷമിക്കാനുള്ള അവസരങ്ങൾ എന്നും ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ടാണല്ലോ കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിൽ ഞങ്ങളോടു തെറ്റുചെയ്തവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേയെന്ന് ദിവസവും നാം പ്രാർത്ഥിക്കുന്നത്.
നമ്മുടെ കഴിവും ധനവും ദൈവദാനങ്ങളാണ്. അവ സഹോദരങ്ങൾക്ക് നൽകാൻ കൂടിയുള്ളതാണ്. നൽകുന്നതനുസരിച്ച് ദൈവം നമ്മെ അനുഗ്രഹിക്കും.
ഫിലിപ്പിയക്കാരുടെ ഔദാര്യത്തെ അഭിനന്ദിച്ചശേഷം വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു: ‘ദൈവം സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കും.’
അന്ത്യവിധിയിൽ കർത്താവ് പ്രത്യേകം എടുത്തു പറയുന്നത് പരസ്‌നേഹപ്രവൃത്തികളാണല്ലോ. അതുകൊണ്ട് എന്തെങ്കിലും നിസാരസഹായം ചെയ്തു തൃപ്തിപ്പെടാതെ, കഴിവിന്റെ ഒരു ഭാഗം പരസ്‌നേഹപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണം. ലാസറിന്റെ നിസഹായവസ്ഥയിൽ സഹായിക്കാതിരുന്ന ധനവാന്റെ അന്ത്യം നമുക്കൊരു മുന്നറിയിപ്പാണ്.
പ്രാർത്ഥന ആയുധമാക്കാം
പ്രാർത്ഥന ആധ്യാത്മികജീവിതത്തിൽ അതിപ്രധാനമാണ്. യാചന മാത്രമല്ല പ്രാർത്ഥന. അത് ദൈവവുമായുള്ള ബന്ധം വളർത്തുന്നതിനുള്ള സംഭാഷണവുമാണ്. ആരാധന, നന്ദി പറച്ചിൽ, പാപപ്പൊറുതി യാചിക്കൽ മുതലായവയെല്ലാം ഉൾക്കൊള്ളുന്ന നമ്മുടെ യാചനകളിൽത്തന്നെ ആത്മീയനന്മകൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതായത് ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരാനുള്ള അനുഗ്രഹം, പുണ്യം ചെയ്യാനുള്ള അനുഗ്രഹം തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കണം.
എപ്പോഴും പ്രാർത്ഥിക്കാൻ വിശുദ്ധ പൗ ലോസ് ശ്ലീഹാ ഉപദേശിക്കുന്നു. അതിന്റെ അർത്ഥം പ്രാർത്ഥനാരൂപി നിലനിറുത്തുകയെന്നതാണ്. അങ്ങനെയാണ് ജോലികളെല്ലാം പ്രാർത്ഥനയായി മാറുന്നത്. പ്രാർത്ഥനയ്ക്ക് കുറച്ചു സമയം നീക്കിവെക്കേണ്ടത് പ്രാർത്ഥനാരൂപി നിലനിറുത്താൻ ആവശ്യമാണ്. ഒരു മണിക്കൂർ പ്രാർത്ഥിക്കാൻ സമയം ഇല്ലെന്ന് കരുതിയിരുന്നവർ നിരവധിയുണ്ടാകാം. ഓരോ മണിക്കൂർ പ്രാർത്ഥിച്ചു നോക്കൂ, അത്ഭുതങ്ങൾക്ക് അതൊരു തുടക്കമാകുമെന്നതിൽ സംശയമില്ല.
ദിവ്യബലിയിൽ സംബന്ധിക്കുക എന്നത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സൽകൃത്യമാണ്. ഈശോ പീഡാനുഭവവും കുരിശുമരണവുംവഴി നേടിയ യോഗ്യതകൾ ദിവ്യബലിയിലൂടെ വിതരണം ചെയ്യപ്പെടുന്നു. ഏറ്റവും വലിയ പ്രാർത്ഥന കൂടിയാണ് ദിവ്യബലി. ജോലിക്കു തടസമാകാത്തവിധം ദിവ്യബലിയിൽ സംബന്ധിക്കാൻ സാധിക്കുന്നവർ ദിവസവും ദിവ്യബലിയിൽ സംബന്ധിക്കണം.
കുട്ടികൾ പ്രാർത്ഥനയുടെയും ബലിയർപ്പണത്തിന്റെയും വില മനസ്സിലാക്കി ബോധ്യത്തോടെവേണം അവയിൽ സംബന്ധിക്കാൻ. നിർബന്ധത്തിന് വഴങ്ങിയാണ് അവർ അങ്ങനെ ചെയ്യുന്നതെങ്കിൽ പിൽക്കാലത്ത് അവ ഉപേക്ഷിക്കാനിടയുണ്ട്. വിശുദ്ധരാകാൻ ആഗ്രഹിക്കുക, പരിശ്രമിക്കുക. ഇവക്കെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടാകും. അവയെ അതിജീവിക്കാൻ ദൈവത്തിന്റെ കൃപവേണം.
പ്രാർത്ഥനയിലൂടെ, പരിത്യാഗങ്ങളിലൂടെ ശക്തി സംഭരിക്കണം. അവസാനംവരെ നിലനിൽക്കുന്നവർക്കാണ് സമ്മാനം. പരിശുദ്ധ കന്യകയോടുള്ള ഭക്തി ക്രൈസ്തവജീവിതത്തിന്റെ അവിഭാജ്യഘടകമാകയാൽ ജപമാല മുടക്കാതെ ഭക്തിപൂർവം ചൊല്ലണം.
ഫാ. സെബാസ്റ്റ്യൻ തുടിയൻപ്ലാക്കൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?