Follow Us On

29

March

2024

Friday

ആധുനികതയുടെ പേരിലുള്ള കബളിപ്പിക്കലുകൾ

ആധുനികതയുടെ പേരിലുള്ള കബളിപ്പിക്കലുകൾ

മനോഹരമായ പുറംചട്ടങ്ങളാണ് പലതിനെയും ആകർഷകരമാക്കുന്നത്. ആധുനിക വിപണനതന്ത്രത്തിന്റെ ഭാഗമാണത്. ആശയങ്ങളാണ് ഇപ്പോൾ ലോകത്തെ നിയന്ത്രിക്കുന്നത്. ആധുനികതയുടെ മുഖാവരണം നൽകിയാൽ എന്തും സമൂഹത്തിൽ എത്തിക്കാൻ കഴിയുമെന്ന സ്ഥിതിവിശേഷം സംജാതമായിക്കഴിഞ്ഞു. ലോകം ഒരുകാലത്ത് മാറ്റിനിർത്തിയിരുന്ന പല മ്ലേഛതകളും സമൂഹത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും അത് തിരിച്ചറിയുന്നില്ലെന്നതാണ് സത്യം.
ഇന്നലെകളിൽ മാറ്റിനിർത്തപ്പെട്ടവയാണെന്ന ചിന്തപോലും നമ്മിൽനിന്നും അപ്രത്യക്ഷമായിട്ടുണ്ടാകാം. അതിന്റെ പിന്നിലും ഒരുതരം വിപണനതന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. മാറ്റിനിർത്തിയിരുന്നവ സ്വീകരിക്കപ്പെടുന്നതിന്റെ പിന്നിൽ പുറംചട്ട മനോഹരമാക്കുന്നതിന് സമാനമായ കാര്യങ്ങളാണ് നടക്കുന്നത്. തിന്മയായി മാറ്റിനിർത്തിയിരുന്നവ കൂടുതൽ മോശമായതല്ലാതെ ഒട്ടും നന്നായിട്ടില്ല. എന്നാൽ അവയുടെ തൊട്ടുകൂടായ്മ നീങ്ങിയെന്നുമാത്രമല്ല പലതും പുരോഗമനത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.
സ്വവർഗ വിവാഹങ്ങളെക്കുറിച്ചും സ്വവർഗ ലൈംഗികതയെക്കുറിച്ചും കേൾക്കുമ്പോൾ അതു യുറോപ്പിൽ എവിടെയോ സംഭവിച്ച കാര്യങ്ങൾ എന്ന ചിന്തയിലായിരുന്നു നമ്മൾ. അത്തരം ചർച്ചകൾപോലും ഇഷ്ടപ്പെടാതിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാൽ അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാക്കി ചിത്രീകരിച്ച് അതിനുവേണ്ടിയും വാദിക്കാൻ മുമ്പോട്ടുവരുന്ന ആളുകളുടെ എണ്ണം വർധിക്കുകയാണ്. എന്നുമാത്രമല്ല, അവരുടെ വാദങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്ന സാഹചര്യങ്ങൾ രൂപപ്പെട്ടുവരികയാണ്. രോഗങ്ങൾ വന്നാൽ അതിന് ചികിത്സയാണ് നൽകേണ്ടത്. അതിനുപകരം രോഗം വർധിക്കുന്നതിനും അത് മറ്റുള്ളവർക്കുകൂടി പകരുന്നതിനും ശ്രമിക്കുകയല്ല. ഭാര്യയും ഭർത്താവും തമ്മിൽ കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങളും പൊരുത്തക്കേടുകളും ഉണ്ടാകുക സ്വാഭാവികമാണ്.
അത്തരം പ്രശ്‌നങ്ങൾ തുറന്ന സംസാരത്തിലൂടെയോ മുതിർന്നവരുടെ ഇടപെടലുകളിലൂടെയോ പരിഹരിക്കാൻ കഴിയുന്നതേയുള്ളൂ. എന്നാൽ, ഇപ്പോൾ അതിനുപകരം ഒത്തുപോകാൻ പറ്റില്ലെങ്കിൽ പിരിഞ്ഞുകൂടേ എന്ന ചോദ്യമാണ് പലയിടത്തുനിന്നും ആദ്യമേ ഉയരുന്നത്. കുടുംബ കോടതികളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പരിശോധിച്ചാൽ ഇതിൽ ഒട്ടും അതിശയോക്തിയില്ലെന്ന് മനസിലാകും. കുടുംബത്തെക്കുറിച്ചുള്ള ചിന്തകൾ അവതരിപ്പിക്കപ്പെടുന്ന രീതികൾ ശ്രദ്ധിക്കുക. ആ ചിത്രങ്ങളിലൊക്കെ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമായിരിക്കും പൊതുവേ ഉണ്ടാകുന്നത്. കുടുംബമെന്നു പറയുമ്പോൾ മനുഷ്യന്റെ ഹൃദയങ്ങളിൽ രണ്ട് മക്കളെന്ന ചിന്ത രൂഢമൂലമായിക്കഴിഞ്ഞു. നാംപോലും അറിയാതെ ആശയങ്ങളെ നമ്മുടെ ഹൃദയത്തിൽ പതിപ്പിക്കാൻ കഴിയുമെന്ന് തിരിച്ചറിയണം.
പരസ്യങ്ങൾ ആകർഷകമെന്നതുപോലെ ആശയങ്ങളും ആകർഷകമാക്കി അവതരിപ്പിക്കുന്നു. എത്ര മോശമായതിനും പോസിറ്റീവായൊരു ഭാഗം ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞെന്നുവരാം. അതിന്റെ വർണക്കാഴ്ചകളിൽ മയങ്ങി യാഥാർത്ഥ്യം നാം കാണാതെ പോകുന്നു. അല്ലെങ്കിൽ പിന്നിൽ പ്രവർത്തിക്കുന്നവർ നമ്മിൽനിന്നും വിദഗ്ധമായി അതു മറച്ചുപിടിക്കുന്നു. എല്ലാവരിൽനിന്നും അതൊളിപ്പിക്കാൻ സാധിക്കില്ല. എന്നാൽ, മൂല്യശോഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ പിന്തിരിപ്പന്മാരായി മുദ്രകുത്തുന്ന സ്ഥിതിവിശേഷമാണ് നിലനില്ക്കുന്നത്. ആശയങ്ങൾ സ്വീകരിക്കുമ്പോൾ അത്തരമൊരു ചിന്ത നമ്മിലുണ്ടാകണം. ഇത്തരത്തിലുള്ള ആശയങ്ങൾ പല രീതിയിലായിരിക്കും പ്രചരിപ്പിക്കപ്പെടുന്നത്. സിനിമപോലെ സമൂഹത്തെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന മേഖലകളെയും ഉപയോഗപ്പെടുത്തും. ഇതൊന്നും തെറ്റല്ലെന്ന് സ്ഥാപിക്കാൻ പലവിധത്തിലുള്ള ആശയപ്രചാരണ മാർഗങ്ങൾ അവർ അവലംബിക്കുന്നു. ആശയങ്ങൾ സ്വീകരിക്കുമ്പോൾ വിവേകം അത്യാവശ്യമാണ്. ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനുവേണ്ടി പരസ്യങ്ങൾ ഉപയോഗിക്കുന്നതിന് സമാനമായി ചില മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളെ ആ ആശയങ്ങളുടെ പ്രചാരകരായി മാറ്റുമ്പോൾ നാമതിന്റെ പിന്നാലെ പോകരുത്.
സമൂഹത്തിന്റെ നിയന്ത്രണം തിന്മ കയ്യടക്കുന്നത് പലവിധത്തിലായിരിക്കും. ആദ്യം ചെയ്യുന്നത് ധാർമികത നശിപ്പിക്കുകയും കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുകയുമായിരിക്കും. സ്വവർഗ ലൈംഗിതകയും വിവാഹങ്ങളും ആ രണ്ട് ലക്ഷ്യവും സാധിക്കും. ധാർമികത നഷ്ടപ്പെട്ടാൽ സംസ്‌കാരങ്ങൾ നശിക്കുമെന്നതിന് ചരിത്രത്തിൽ ധാരാളം തെളിവുകളുണ്ട്. സ്വാതന്ത്ര്യമെന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അതു നമ്മെ തകർക്കും. മദ്യം വില്ക്കുന്നത് ഗവൺമെന്റിന്റെ ലൈസൻസോടുകൂടിയാണ്. അവിടെനിന്നും മദ്യം വാങ്ങി കഴിക്കുന്നതിനെ നിയമപരമായി ആർക്കും വിലക്കാൻ കഴിയില്ല. എന്നാൽ, മദ്യപാനം കരൾ രോഗവും മറ്റു പലവിധത്തിലുള്ള രോഗങ്ങളും സമ്മാനിച്ച് അനേകരെ നിഷ്‌ക്രിയരാക്കുകയും പലരുടെയും ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. നിയമപരമായി അനുവാദം ഉള്ള സ്ഥലങ്ങളിൽനിന്നാണ് മദ്യം കഴിച്ചതെന്നു കരുതി അതു നമ്മെ രോഗിയാക്കാതിരിക്കുന്നില്ല. ഇതുപോലെയാണ് സ്വാതന്ത്ര്യവും, അതു ചിലപ്പോൾ നമ്മെ അപകടത്തിൽ ചാടിക്കും. മനുഷ്യനെ നാശത്തിലേക്ക് നയിക്കാൻ തിന്മ ഒരുക്കുന്ന കെണിയാണ് അമിതമായ സ്വാതന്ത്ര്യദാഹം. എത്രയൊക്കെ വേഷം മാറിയാലും തിന്മ ഒരിക്കലും നന്മയാകില്ല. അതു നന്മയുടെ വേഷംകെട്ടുന്നതിൽ നാം സന്തോഷിക്കുകയും വേണ്ട. കാരണം, സമൂഹത്തെ വഴിതെറ്റിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് അവ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?