Follow Us On

29

March

2024

Friday

വിശ്വസിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

വിശ്വസിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

2016 ഓഗസ്റ്റ് 21 ഞായർ – സീറോ മലബാർ കുർബാനയിലെ വായന-ലൂക്കാ. 18:35-43
ജറിക്കോയിൽ വച്ച് യേശു ഒരു അന്ധന് കാഴ്ച നല്കുന്ന സംഭവമാണ് ലൂക്കാ 18/31-43 ൽ വിവരിച്ചിരിക്കുന്നത്. ബർതിമേയൂസ് എന്നാണ് ഈ അന്ധന്റെ പേര് എന്ന് മർക്കോസ് 10/46-ൽ എഴുതിയിരിക്കുന്നു. ബർതിമേയൂസ് ഏതു വഴിയരികിൽ ഇരുന്നാണോ ഭിക്ഷ യാചിച്ചിരുന്നത്, ആ വഴിയിലൂടെ യേശു കടന്നു പോവുകയായിരുന്നു. വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിച്ചിരുന്നു. സ്വാഭാവികമായും അതിന്റെ ശബ്ദവും ബഹളവും അവിടെ ഉണ്ടായി. ഈ ശബ്ദവും ബഹളവും കേട്ട് അന്ധൻ, എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിച്ചു. നസ്‌റായനായ യേശു കടന്നുപോകുന്നു എന്ന മറുപടി അദ്ദേഹത്തിന് കിട്ടി. അപ്പോൾ അദ്ദേഹം ഉച്ചത്തിൽ വിളിച്ചപേക്ഷിച്ചു ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ. അപ്പോൾ നിശബ്ദനായിരിക്കുവാൻ പറഞ്ഞുകൊണ്ട് ആളുകൾ അവനെ ശകാരിച്ചു. അപ്പോൾ അദ്ദേഹം മിണ്ടാതിരിക്കുകയല്ല, കൂടുതൽ ഉച്ചത്തിൽ ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ എന്ന് വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്നു. തുടർന്ന് നടന്ന കാര്യങ്ങൾ ഇങ്ങനെയാണ്.
ഒന്ന്, യേശു അവിടെ നിന്നു. നടന്നുപോകുകയായിരുന്ന യേശുവിനെ പിടിച്ചുനിർത്താൻ അന്ധനായ ബർതിമേയൂസിന്റെ പ്രാർത്ഥനയ്ക്ക് കഴിഞ്ഞു. രണ്ട്, തന്നെ വിളിച്ചു പ്രാർത്ഥിച്ച മനുഷ്യനെ തന്റെ അടുത്തേക്ക് കൊണ്ടുവരുവാൻ യേശു കല്പിച്ചു. മൂന്ന്, ആരൊക്കെയോ ചേർന്ന് അദ്ദേഹത്തെ യേശുവിന്റെ അടുത്തേക്ക് കൊണ്ടുവന്നു. നാല്, അപ്പോൾ യേശു അദ്ദേഹത്തോട് ചോദിച്ചു. ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അഞ്ച്, അന്ധൻ മറുപടി പറഞ്ഞു: എനിക്ക് കാഴ്ച വീണ്ടുകിട്ടണം. കാഴ്ച കിട്ടണം എന്നല്ല പ്രാർത്ഥിച്ചത്. കാഴ്ച വീണ്ടുകിട്ടണം എന്നാണ്. എനിക്ക് കാഴ്ച കിട്ടണം എന്നായിരുന്നു പ്രാർത്ഥിച്ചതെങ്കിൽ ഇദ്ദേഹം ജന്മനാ അന്ധനായിരുന്നെന്ന് ഊഹിക്കാമായിരുന്നു. എന്നാൽ, എനിക്ക് കാഴ്ച വീണ്ടു കിട്ടണം എന്നാണ് പ്രാർത്ഥിച്ചത്. പണ്ട് കാഴ്ചയുണ്ടായിരുന്നു. അത് നഷ്ടപ്പെട്ടു. അത് തിരിച്ചുകിട്ടണം എന്നല്ലേ ഈ പ്രാർത്ഥനയുടെ അർത്ഥം? ഒരിക്കലും കാഴ്ചയില്ലാതിരുന്ന ആളുടെ വേദനയാണോ കാഴ്ച നഷ്ടപ്പെട്ട ആളുടെ വേദനയാണോ കൂടുതൽ വലുത്? ഒരു പക്ഷേ കാഴ്ച നഷ്ടപ്പെട്ട ആളുടെ വേദനയാകാം. എല്ലാം കണ്ടിട്ട് ഇപ്പോൾ കാണാതിരിക്കുന്ന അവസ്ഥ. ആറ്, യേശു പറഞ്ഞു: നിനക്ക് കാഴ്ച ഉണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ഏഴ്, യേശു ഇത്രയും പറഞ്ഞ ഉടൻ അദ്ദേഹത്തിന് കാഴ്ച ലഭിച്ചു. എട്ട്, അദ്ദേഹം ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി. ഒമ്പത്, ഇവയെല്ലാം കണ്ട എല്ലാവരും ദൈവത്തെ സ്തുതിച്ചു.
ഈ അത്ഭുതം നടന്നതിന്റെ സാഹചര്യം ഒന്നു കൂടി നോക്കാം. യേശുവാണ് കടന്നുപോകുന്നത് എന്നറിഞ്ഞപ്പോൾ ബർതിമേയൂസ്, ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ എന്ന് വിളിച്ചപേക്ഷിച്ചു. ഇതാണ് ഈ അത്ഭുതം നടക്കുവാനുണ്ടായ സാഹചര്യത്തിന്റെ തുടക്കം. അപ്പോൾ ജനങ്ങളിൽ ചിലർ ശബ്ദിക്കരുത് എന്ന് വിലക്കിയെങ്കിലും അദ്ദേഹം കൂടുതൽ ഉച്ചത്തിൽ ഈ പ്രാർത്ഥന ആവർത്തിച്ചുകൊണ്ടിരുന്നു. ‘ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ’ എന്ന പ്രാർത്ഥന. ജനങ്ങളുടെ എതിർപ്പിനെയും വഴക്കിനെയും മറികടന്നും അങ്ങനെ പ്രാർത്ഥിക്കുവാൻ സാധിച്ചത് യേശുവിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആഴമായ വിശ്വാസം കൊണ്ടാണ്. അല്ലായിരുന്നുവെങ്കിൽ യേശുവാണ് കടന്നുപോകുന്നത് എന്നറിഞ്ഞാലും വിളിച്ചു പ്രാർത്ഥിക്കുകയില്ലായിരുന്നു. അഥവാ, ആളുകൾ ശബ്ദിക്കരുത് എന്ന് വിലക്കിയപ്പോൾ പ്രാർത്ഥന നിർത്തുമായിരുന്നു. എന്നാൽ സംഭവിച്ചത് അങ്ങനെയല്ല. യേശുവാണ് എന്ന് അറിഞ്ഞപ്പോൾ വിളിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. ജനങ്ങൾ മിണ്ടരുത് എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരിക്കുന്നതിന് പകരം കൂടുതൽ ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിച്ചു. ഭയം, നാണക്കേട് ഒന്നും ഇല്ലാതെയുള്ള വിളിച്ച് പ്രാർത്ഥിക്കൽ. ഈ വിശ്വാസത്തെയാണ് യേശു മാനിച്ചത്. അതുകൊണ്ടാണ് യേശു പറഞ്ഞത്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു: കാഴ്ചശക്തി നല്കിയശേഷം യേശു അന്ധത മാറിയ ബർതിമേയൂസിനോട് പറഞ്ഞ വചനമാണിത്. യേശുവിലുള്ള വിശ്വാസം വഴി രക്ഷ കിട്ടും. ഇതാണ് ഈ സംഭവം നമുക്ക് തരുന്ന അറിവ് അഥവാ പ്രചോദനം. വിശ്വാസം ഏറ്റുപറഞ്ഞ് പലവിധ പ്രതിസന്ധികളിൽ നിന്നും രക്ഷ നേടിയ ധാരാളം മനുഷ്യരെ പഴയ നിയമത്തിലും പുതിയ നിയമത്തിലും കാണാം. മത്തായി 8/3-ൽ യേശുവിനോട് കുഷ്ഠരോഗി പറഞ്ഞു. കർത്താവേ അങ്ങേക്ക് മനസുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. യേശു അദ്ദേഹത്തിന് സൗഖ്യം നല്കി. തളർവാതം പിടിപെട്ട് കിടക്കുന്ന ഭൃത്യനുവേണ്ടി യേശുവിന്റെ അടുത്ത് വന്ന് പ്രാർത്ഥിച്ച കഫർണാമിലെ ശതാധിപൻ മറ്റൊരു ഉദാഹരണമാണ് (മത്തായി 8/5). ആ ഭൃത്യനെയും യേശു സുഖപ്പെടുത്തി. കഫർണാമിൽ യേശു ഒരു വീട്ടിൽ ആയിരിക്കുമ്പോഴാണ് വീടിന്റെ മേൽക്കൂര പൊളിച്ച് ജനങ്ങൾ തളർവാതരോഗിയെ ശയ്യയോടെ താഴേക്ക് ഇറക്കിയത്. അവരുടെ വിശ്വാസം കണ്ട് യേശു ആ തളർവാതരോഗിയെ സുഖപ്പെടുത്തി. (മത്തായി 9/1) ജയ്‌റോസ് യേശുവിന്റെ അടുത്ത് വന്ന് യേശുവിനെ താണു വണങ്ങിക്കൊണ്ട് പറഞ്ഞു. എന്റെ മകൾ അല്പം മുമ്പ് മരിച്ചുപോയി. നീ വന്ന് അവളുടെ മേൽ കൈവയ്ക്കുമെങ്കിൽ അവൾ ജീവിക്കും. ആ പ്രാർത്ഥനയും യേശു കേട്ടു. ആ വീട്ടിൽ പോയി ആ മകളെ വീണ്ടും ജീവിപ്പിച്ചു. (മത്താ. 9/18).
ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ എന്ന് പ്രാർത്ഥിച്ച രണ്ട് അന്ധർക്ക് യേശു കാഴ്ച നല്കി (മത്താ 9/27). ജനക്കൂട്ടത്തിന്റെ ഇടക്കായിരുന്ന യേശുവിന്റെ അടുത്തേക്ക് ഒരു …..യേശുവിനോട് പറഞ്ഞു. കർത്താവേ, എന്റെ പുത്രനിൽ കനിയണമേ. അവൻ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. യേശു ആ ബാലനെ സുഖപ്പെടുത്തി (മത്താ 17/14). ഗലീലിയാ തടാകത്തിലൂടെ യേശുവും അപ്പസ്‌തോലന്മാരും വള്ളത്തിൽ സഞ്ചരിക്കുമ്പോൾ കൊടുങ്കാറ്റ് ഉണ്ടായി. വള്ളം മുങ്ങാൻ തുടങ്ങി. ശിഷ്യന്മാർ യേശുവിനെ വിളിച്ച് സഹായം തേടി. ഗുരോ ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അത് ഗൗനിക്കുന്നില്ലേ? യേശു കടലിനെയും കാറ്റിനെയും ശാസിച്ചു. കടൽ ശാന്തമായി (മർക്കോസ് 4/35)
ഈ ഉദാഹരണങ്ങൾ എല്ലാം വ്യക്തമാക്കുന്ന കാര്യം ഇതാണ്: യേശുവിൽ വിശ്വസിച്ച്, വിളിച്ചപേക്ഷിച്ചാൽ യേശു രക്ഷിക്കും. യേശുവിന്റെ കാലം മുതൽ ഇന്നോളം തുടരുന്ന സത്യമാണിത്. എല്ലാ കാലഘട്ടത്തിലും യേശുവിനെ വിശ്വസിച്ച്, വിളിച്ച് പ്രാർത്ഥിച്ച്, രക്ഷ നേടിയ അനേകർ ഉണ്ട്. നമ്മൾ ജീവിക്കുന്ന കാലഘട്ടം കരിസ്മാറ്റിക് ധ്യാനങ്ങളുടെയും പ്രാർത്ഥനാകൂട്ടായ്മകളുടെയും കാലമാണ്. ഇത്തരം ധ്യാനകേന്ദ്രങ്ങളിലും കൺവൻഷൻ ഗ്രൗണ്ടുകളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും ബൈബിളിൽ കണ്ടുമുട്ടുന്ന മനുഷ്യരെ പോലെ ആളുകളുടെ കളിയാക്കലുകളെയെല്ലാം അവഗണിച്ച് യേശുവിനെ വിളിച്ച് രക്ഷക്കുവേണ്ടി പ്രാർത്ഥിക്കുന്ന ധാരാളം മനുഷ്യരെ കാണാം. അവരുടെ ജീവിതങ്ങളിൽ ദൈവം ഇടപെട്ട് രക്ഷ പ്രദാനം ചെയ്യുന്ന എണ്ണമറ്റ സംഭവങ്ങൾ നാം കാണുന്നു. അഥവാ അവയിൽ ചിലതിനെപ്പറ്റി നാം കേൾക്കുന്നു. ഇത്തരത്തിലുള്ള ദൈവത്തിന്റെ ഇടപെടലുകൾ ധാരാളമായി. അതിനാൽ, ഇന്ന് അവ വാർത്തപോലും അല്ലാതായി. നാട്ടിലെ ചെറിയ സംഭവങ്ങൾപോലും വലിയ സംഭവങ്ങൾ ആക്കുന്ന മാധ്യമങ്ങൾ ഒന്നും യേശുവഴി നടക്കുന്ന വലിയ അത്ഭുതങ്ങളിൽ ഒന്നിനെപ്പോലും വാർത്തയാക്കുന്നില്ല താനും. വാർത്ത വരുന്നതല്ല പ്രധാനം. വിശ്വസിച്ച് പ്രാർത്ഥിച്ച് കൃപ നേടുക, പ്രശ്‌നങ്ങൾ പരിഹരിക്കുക, അഥവാ, ശക്തി സ്വീകരിക്കുക എന്നതാണ് പ്രധാനം.
ഫാ. ജോസഫ് വയലിൽ CMI
@മറുപുറം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?