Follow Us On

29

March

2024

Friday

മദറിനെ കരങ്ങളിൽ വഹിക്കാൻ കഴിഞ്ഞതിന്റെ പുണ്യം

മദറിനെ കരങ്ങളിൽ വഹിക്കാൻ കഴിഞ്ഞതിന്റെ പുണ്യം

മൂന്നാറിന് സമീപം ചെങ്കുളം എന്ന സ്ഥലത്ത് 300-ൽപരം അനാഥരെ സംരക്ഷിക്കുന്ന ലിറ്റിൽ ഫ്‌ളവർ മേഴ്‌സി ഹോമിന്റെ അമരക്കാരനാണ് മാത്യു മാനുവൽ മറാമറ്റത്തിൽ. ചെറുപ്പം മുതൽ സേവനതൽപരത ഉള്ളിൽ സൂക്ഷിച്ച മാത്യു എത്തിച്ചേർന്നത് കൊൽക്കത്തയിലെ മദർ തെരേസയുടെ അടുക്കലായിരുന്നു. 1980-ലാണ് ആദ്യമായി മദർ തെരേസയെ കാണുന്നത്. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള നിർമൽ ഹൃദയ ആശ്രമത്തിലേക്ക് കടന്നുചെന്ന നിമിഷം തന്നെ കണ്ട കാഴ്ച പിന്നീടൊരിക്കലും മറക്കാൻ കഴിഞ്ഞിട്ടില്ല.
മരണത്തോട് മല്ലടിക്കുന്ന ഒരു രോഗിയുടെ തലയെടുത്ത് മടിയിൽവച്ച് സ്‌നേഹത്തോടെ തലോടുന്ന മദർ തെരേസ. ജീവിതകാലമത്രയും തെരുവിൽ കഴിഞ്ഞ് ഒടുവിൽ ശരീരം ക്ഷയിച്ച് തെരുവോരത്ത് പുഴുവരിച്ച് കിടന്ന മനുഷ്യനെ ആരോ നിർമൽ ഹൃദയയിൽ എത്തിച്ചതായിരുന്നു. ഒരു വശം മുഴുവൻ പഴുത്ത് ദ്രവിച്ച് അസഹനീയമായ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു ആ രോഗി. മദർ തെരേസയാകട്ടെ മടിയിൽ ഒരു ടർക്കി വിരിച്ച് അതിൽ കിടത്തി ശാന്തമായി പരിചരിക്കുന്നു. കാരുണ്യത്തിന്റെ മാലാഖയുടെ ദിവ്യമായ സ്പർശം. മരണാസന്നനായ രോഗിക്ക് ആശ്വാസത്തിന്റെ തൈലാഭിഷേകമാണത്. ആദ്യദിവസംകൊണ്ടുതന്നെ ഇവിടുത്തെ ശുശ്രൂഷ എത്രമാത്രം ഗൗരവമേറിയതാണെന്ന് മാത്യുവിന് മനസിലായി.
നീണ്ട ആറുവർഷക്കാലമാണ് മിഷനറീസ് ഓഫ് ചാരിറ്റീസിൽ പ്രവർത്തിച്ചത്. അതിൽ മൂന്നു വർഷക്കാലം മദർ തെരേസയോടൊപ്പം പ്രവർത്തിക്കാനായത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നു.
ഒരിക്കൽ മദർ തെരേസയോടൊപ്പം ചേരിപ്രദേശത്തുകൂടി പോവുകയായിരുന്നു. പെട്ടെന്ന് വഴിയരികിലെ ഓടയിലേക്ക് മദർ തെരേസ തെന്നിവീണു. ദേഹമാസകലം ചെളി പുരണ്ടു. ചെറിയ പരിക്കുകളും പറ്റി. ഉടൻ തന്നെ മദറിനെ എടുത്ത് ചുമലിലേറ്റി കുറച്ചുദൂരം നടന്ന് ഒരു അലക്കുകല്ലിൽ ഇരുത്തി. സാരിയിലും മറ്റും പറ്റിയ ചെളിയെല്ലാം കഴുകുവാൻ ഭാഗ്യം ലഭിച്ചു. തുടർന്ന് വണ്ടിയിൽ കയറ്റി നിർമ്മൽ ഹൃദയയിൽ എത്തിച്ചു. അപകടവേളയിലാണെങ്കിലും കാരുണ്യത്തിന്റെ മാലാഖയെ ഏതാനും നിമിഷം കരങ്ങളിൽ വഹിക്കുവാൻ സാധിച്ചത് വലിയ പുണ്യമായാണ് മാത്യു മാനുവൽ കണക്കാക്കുന്നത്.
കൊൽക്കത്ത എന്ന മഹാനഗരം അനാഥരുടെയും നിരാലംബരുടെയും എണ്ണത്തിൽ എന്നും മുന്നിലായിരുന്നു. പ്രഭാതം മുതൽ ആംബുലൻസുകളിൽ വിവിധ സ്ഥലങ്ങളിൽനിന്നും ആളുകളെ എത്തിച്ചുകൊണ്ടേയിരിക്കും. എല്ലാ മനുഷ്യരുടെയും ശാരീരിക അവസ്ഥ താഴെ വീണ കൂഴച്ചക്കപ്പഴംപോലെയായിരുന്നു. ഇവരെയെല്ലാം ശുശ്രൂഷിക്കുക എന്നാൽ ഏറെ ത്യാഗം ആവശ്യമുള്ള കാര്യമായിരുന്നു. ശുശ്രൂഷകരോടായി മദർ തെരേസ പറയാറുള്ള നിരവധി വാക്യങ്ങൾ മാത്യു മാനുവലിന്റെ ഓർമയിലുണ്ട്. ”വിശുദ്ധനാകാൻ ഇഷ്ടമില്ലെങ്കിൽ ഇവിടംവിട്ട് പൊയ്‌ക്കൊള്ളുക. ഓരോ രോഗിയെയും കാഴ്ചവയ്ക്കണം. ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കണം.”
”പാപത്തിൽനിന്ന് അകന്നിരിക്കുക. മരണത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ പാപത്തിൽനിന്ന് അകന്നിരിക്കാൻ കഴിയും.” മദർ പലപ്പോഴും പറയാറുണ്ടായിരുന്ന വാക്കുകളാണിവ.
ഗ്രാമപ്രദേശങ്ങളിലേക്കൊക്കെ മദർ തെരേസ കടന്നുചെല്ലുമ്പോൾ നൂറുകണക്കിനാളുകൾ പൂമാലകളും ആരവങ്ങളുമായി മദറിനെ എതിരേറ്റിരുന്നു. അവരെല്ലാം മദറിനെ ആരാധനയോടെയാണ് കണ്ടിരുന്നത്. ഇത്തരം സമൂഹങ്ങളോട് മദർ പറയും ”ഞാൻ ദൈവമല്ല, സാധാരണക്കാരിൽ സാധാരണക്കാരിയായ വ്യക്തിയാണ്.” എളിമയുടെ മൂർത്തിഭാവമായിരുന്ന മദർ തെരേസ എന്ന് പറയാതിരിക്കാനാവില്ല.
ഒരിക്കൽ പത്രലേഖകർ താങ്കൾ എങ്ങനെ ഇത്ര പ്രശസ്തയായി എന്ന് ചോദിച്ചു. പ്രശസ്തിക്കുവേണ്ടി ഒന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ലാത്ത മദറിന് വാക്കുകളില്ലായിരുന്നു. എങ്കിലും അവർ പറഞ്ഞു; എന്റെ കൈയിൽ കരയുന്ന ഒരു കുഞ്ഞിനെ ലഭിച്ചു. ഞാൻ അതിനെ തോളിലിട്ട് മെല്ലെ തലോടി ഉറക്കി. അങ്ങനെ ഞാൻ എങ്ങനെയോ പ്രശസ്തയായി.
ഒരു പാവപ്പെട്ട രോഗിയെ തൊടുമ്പോൾ, യേശു ഇതാ രോഗിയായി കിടക്കുന്നു എന്ന മനോഭാവത്തോടെ ചെയ്യുകയാണെങ്കിൽ ആത്മാർത്ഥമായി ശുശ്രൂഷിക്കാനാകും എന്ന് മദർ പറഞ്ഞുതന്നത് മാത്യു മാനുവൽ ഓർക്കുന്നു.
യഥാർത്ഥത്തിൽ ചാരിറ്റി എന്താണെന്ന് ഭാരതത്തെ കാണിച്ചുതന്ന വ്യക്തി മദർ തെരേസയാണ്. മദറിന്റെ ചാരിറ്റി പ്രവർത്തനംവഴി ഒരു ചാരിറ്റി മനോഭാവംതന്നെ ഉണ്ടാകാനിടയായി. ഇന്ന് രാജ്യത്ത് നൂറുകണക്കിന് അഗതിമന്ദിരങ്ങൾ തുടങ്ങുവാൻ വ്യക്തികൾക്കും സംഘടനകൾക്കും സർക്കാരിനും പ്രചോദനമായത് മദർ തെരേയാണ്. പ്രഭാഷണങ്ങളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് മദർ ജനങ്ങൾക്ക് സന്ദേശം നൽകിയത്. ഇതിലപ്പുറം ഒരു സേവനം ആർക്കും ചെയ്യാൻ കഴിയില്ല. അത്രമാത്രം ക്രിസ്തുസ്‌നേഹബന്ധിതമായിരുന്നു മദറിന്റെ ഓരോ ചലനങ്ങളും.
മദറിന്റെ ഒരിക്കലും മരിക്കാത്ത സ്‌നേഹസ്മരണകൾ ലിറ്റിൽ ഫ്‌ളവർ മേഴ്‌സി ഹോമിലും നിറഞ്ഞുനിൽക്കുന്നു. മദറിന്റെ അനേകം ചിത്രങ്ങൾ സ്ഥാപനത്തിന്റെ പല ഭാഗത്തും കാണാം. മാത്യു മാനുവലും ഭാര്യ മോളിയും ചേർന്ന് ചെങ്കുളത്ത് സ്ഥാപനം തുടങ്ങി ഏതാനും വർഷങ്ങൾക്കുശേഷം മദർ തെരേസ ഒരു ആംബുലൻസ് ഈ സ്ഥാപനത്തിന് നൽകുകയുണ്ടായി. ഈ സ്ഥാപനത്തിന് മദർ തെരേസ മാതൃകയും പ്രചോദനവുമായി നിലകൊള്ളുന്നു.
കരുണയുടെ വിശുദ്ധ വത്സരത്തിൽത്തന്നെ മദർ തെരേസ വിശുദ്ധ പദവിയിൽ എത്തുന്നത് തികച്ചും ദൈവികപദ്ധതിയാണ്.
വിലാസം: ലിറ്റിൽ ഫ്‌ളവർ മേഴ്‌സി ഹോം, ചെങ്കുളം പി.ഒ, ചിത്തിരപുരം (വഴി), ഇടുക്കി ജില്ല. പിൻ – 685 565.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?