Follow Us On

29

March

2024

Friday

അറിയാം, പാപ്പുവാ ന്യൂഗിനിയെ…

അറിയാം, പാപ്പുവാ ന്യൂഗിനിയെ…

അച്ചോ, ഇപ്പോൾതന്നെ ഞങ്ങളുടെ പള്ളിയിൽ വരണം.” ഇടവകയിലെ കാറ്റക്കിസ്റ്റായ (ഉപദേശി) ഇക്വിവയുടെ വാക്കുകൾ.
”എന്തുപറ്റി?”അച്ചൻ അന്വേഷിച്ചു.
”ഡേവിഡ് മരിക്കാറായി. അച്ചൻ വന്ന് രോഗീലേപനം നൽകണം.”
ഇടവകയിലെ സജീവ അംഗമായിരുന്നു ഡേവിഡ്. പക്ഷേ അദ്ദേഹം ക്ഷയരോഗം മൂലം മരിക്കാറായിരിക്കുകയാണ്. മൂന്ന് കന്യാസ്ത്രീകളോടൊപ്പം ഫാ.ജോസഫ് ഉടൻ ഡേവിഡിന്റെ വീട്ടിലെത്തി. അപ്പോഴാണ് സംഭവങ്ങൾ കൂടുതൽ വെളിപ്പെടുന്നത്. വീടിനടുത്ത് പച്ചിലകൊണ്ടു തീർത്ത പുൽക്കുടിലിലേക്ക് കുടുംബാംഗങ്ങൾ ഡേവിഡിനെ മാറ്റിയിരിക്കുന്നു. അവരെല്ലാം അയാളുടെ മരണം കാത്തിരിക്കുകയാണ്.
കുടിലിനടുത്തുള്ള മരത്തിൽ രണ്ടുമൂന്ന് പന്നിയെ കെട്ടിയിട്ടിരിക്കുന്നു. ഇയാൾ മരിച്ചിട്ടുവേണം പന്നികളെ കൊന്ന് മരണം ആഘോഷിക്കാൻ! ഡേവിഡ് ഉപയോഗിച്ച പാത്രങ്ങളെല്ലാം വീട്ടുകാർ പുറത്തേക്ക് എറിഞ്ഞിരുന്നു. മറ്റുള്ളവരിലേക്ക് ക്ഷയരോഗം പടരാതിരിക്കാതിരിക്കാനുളള മുൻകരുതലാണത്.
രോഗീലേപനം നൽകിക്കഴിഞ്ഞപ്പോൾ ഡേവിഡ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: ”എനിക്ക് ദാഹിക്കുന്നു. അല്പം വെള്ളം കുടിക്കാൻ തരാമോ?”
സിസ്റ്റേഴ്‌സ് വീടിനകത്ത് കയറാൻ തുനിഞ്ഞപ്പോൾ കുടുംബാംഗങ്ങൾ എതിർത്തു. അദ്ദേഹത്തിനുണ്ടായ മാറാരോഗം സിസ്റ്റേഴ്‌സിനും വരുമെന്നാണ് വീട്ടുകാർ പറയുന്നത്. അതൊന്നും വകവെക്കാതെ സിസ്റ്റേഴ്‌സ് അകത്തുകയറി. കുറച്ച് ന്യൂഡിൽസ് വെള്ളത്തിൽ പുഴുങ്ങി ഡേവിഡിന് നൽകി. അതു കഴിച്ചതോടെ അദ്ദേഹത്തിന് പകുതി ജീവൻ തിരിച്ചുകിട്ടി. അയാൾ കട്ടിലിൽ എണീറ്റിരിക്കുന്നത് കണ്ടിട്ടാണ് അവർ മടങ്ങിയത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞ് ഡേവിഡ് മരിച്ചു. മരണകാരണം ക്ഷയരോഗമോ പട്ടിണിയോ?
ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ അയാളെ ആശുപത്രിയിൽ എത്തിക്കാമായിരുന്നു. പക്ഷേ, ആരും തയ്യാറായില്ല. എല്ലാവരുംകൂടി പന്നിയെ പങ്കിട്ട് ഭക്ഷിച്ച് ഡേവിഡിന്റെ മരണം ആഘോഷിക്കുകയായിരുന്നു.
************** ************** **************
മിടുമിടുക്കിയായിരുന്നു ലില്ലി. രണ്ട് വയസ്. പള്ളിയിൽ വിശുദ്ധ കുർബാന തുടങ്ങിയാൽ ആദ്യം അവൾ പാട്ട് തുടങ്ങും. പള്ളിയിൽ വരുന്ന എല്ലാവരുടെയും നോട്ടപ്പുള്ളിയായിരുന്നു അവൾ. ലില്ലിയെ ഒന്നോമനിക്കാതെ ആരും പള്ളിയിൽ നിന്നിറങ്ങില്ല. പെട്ടെന്നൊരു ദിനം അവൾ തളർന്നു വീണു. ആ കിടന്ന കിടപ്പിൽ കിടന്ന് പിച്ചും പേയും പറയാൻ തുടങ്ങി. ‘സംഗുമ’ (സാത്താൻ) കൂടിയതാണ് എന്നു പറഞ്ഞ് പ്രാർത്ഥിക്കാൻ വീട്ടുകാർ അവളെ പള്ളിയിൽ കൊണ്ടുവന്നു.
പ്രാർത്ഥനയ്ക്ക് ശേഷം മാതാപിതാക്കളെ നിർബന്ധിച്ചും ഭക്ഷണത്തിന് പണം കൊടുത്തും ഒരു വിധത്തിൽ അച്ചൻ, ആ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് മനസിലാകുന്നത് ലില്ലിക്ക് കടുത്ത മലമ്പനിയാണ്. രോഗം മൂർഛിച്ച് മരണകരമായ അവസ്ഥയിലെത്തിയതുകൊണ്ടാണ് അവൾക്ക് ബോധം നഷ്ടപ്പെട്ടത്. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ലില്ലിക്ക് ജീവൻ തിരിച്ചുകിട്ടി. ഇന്ന് അവൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അവളെ അപ്പോൾ ആശുപത്രിയിൽ അയച്ചിരുന്നില്ലെങ്കിൽ അവളുടെ മരണവും പന്നിമാംസം തിന്ന് അവർ ആഘോഷമാക്കുമായിരുന്നു.
കൈവിരൽ തൊട്ടാൽ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് സെക്കന്റുകൾക്കുള്ളിൽ സന്ദേശങ്ങൾ പറക്കുന്ന ഇക്കാലത്ത് പ്രാകൃതമായ ആചാരങ്ങളുമായി കഴിയുന്ന ഒരു രാജ്യം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്കിടയിലുണ്ട് എന്നത് നമ്മെ അമ്പരപ്പിക്കും. അത് പാപ്പുവാ ന്യൂഗിനി എന്ന രാജ്യമാണ്. അപ്രതീക്ഷിത അനുഭവങ്ങളുടെയും ഭീതിയുടെയും നാടാണിത്. ആസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തുനിന്ന് 160 കിലോമീറ്റർ മാറി പസഫിക് സമുദ്രത്തിലാണ് നൂറുകണക്കിന് ചെറുദ്വീപുകളും മലമ്പ്രദേശങ്ങളും സമതലവും താഴ്‌വരകളുമെല്ലാം അടങ്ങിയ വിചിത്രവും സുന്ദരവുമായ ഭൂപ്രകൃതിയുള്ള ഈ ദേശം. ആസ്‌ത്രേലിയയ്ക്ക് വടക്കും ഇൻഡോനേഷ്യയ്ക്ക് കിഴക്കുമായി ഭൂപടത്തിൽ ഇടം നേടിയിരിക്കുന്നു.
അനേക ദ്വീപുകൾ ചേർന്ന പ്രകൃതി സുന്ദരമായ ചെറുരാജ്യമാണ് പാപ്പുവാ ന്യൂഗിനി. കൊച്ചുകൊച്ചു ദ്വീപുകൾ തൊപ്പിക്കുട കമഴ്ത്തിയാലെന്നപോലെ കടലിൽ ഈ രാജ്യം ചിതറി കിടക്കുന്നു. ക്യാപ്ടൻ ജയിംസ് കുക്ക് ആസ്‌ട്രേലിയ കണ്ടെത്തുന്ന കാലത്തുതന്നെ ‘പാപ്പുവാ’യും പാശ്ചാത്യലോകത്തിന് കൺമുമ്പിൽ വന്നതാണ്. എന്നാൽ, അതിനുമുമ്പേ ഇന്തോനേഷ്യക്കാരും ചൈനക്കാരും ഈ ദ്വീപിലെത്തിയിരുന്നു. സൗത്ത് പസഫിക്ക് രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യമാണിത്.
പാപ്പുവാ ന്യുഗിനിയുടെ വിസ്തീർണം 4,62,800 ചതുരശ്രകിലോമീറ്ററാണെങ്കിലും ജനസംഖ്യ 4.4 കോടി മാത്രമാണ്. 15 ശതമാനം ജനങ്ങളും വസിക്കുന്നത് പോർട്ട് മോർസ്ബി, ലേ, മഡാംഗ്, വീമാക്ക്, ഗാറോക്കാ മുതലായ നഗരപ്രദേശങ്ങളിലാണ്. മെലനേഷ്യൻ വർഗത്തിൽപ്പെട്ടവരാണ് ഭൂരിപക്ഷവും. വൈവിധ്യമാർന്ന 200 സംസ്‌കാരങ്ങളും വിവിധ പാരമ്പര്യങ്ങളുംകൊണ്ട് സമ്പന്നമാണ് പാപ്പുവാ ന്യുഗിനി. ഗോത്രങ്ങൾ തമ്മിൽ ആശയവിനിമയവും സമ്പർക്കവും അത്ര എളുപ്പമല്ല. എഴുതുവാനോ വായിക്കുവാനോ അറിയാത്തവരാണ് ഗ്രാമീണർ. 1948 – ലാണ് പുറംലോകത്തുനിന്ന് തുണിവസ്ത്രം ധരിച്ച ഒരു മനുഷ്യനെ അവർ ആദ്യം കാണുന്നത്. ഓരോ ഗോത്രത്തിനും സ്വന്തമായ ഭൂമിയും കൃഷിരീതികളും വിശ്വാസങ്ങളും ഉണ്ട്. ഭൂമിയെ ചൊല്ലിയും വളർത്തുമൃഗങ്ങളെ ചൊല്ലിയും ഗോത്രകലഹങ്ങളും യുദ്ധവും ഇവിടെ പതിവായിരുന്നു. ശത്രുക്കളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും ധീരതയുടെയും അഭിമാനത്തിന്റെയും അടയാളമായിരുന്നു. നരനായാട്ടും നരഭോജനവും നടമാടിയിരുന്ന പാപ്പുവാ ന്യുഗിനി മിഷനറിമാരുടെ വരവോടെ ആധുനിക സംസ്‌കാരത്തിലേക്ക് മാറിത്തുടങ്ങി. പക്ഷേ, പഴയ പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും തലപൊക്കി നിൽക്കുന്നു.
ആയിരത്തിൽപ്പരം ഗോത്രക്കാരും 850 – ൽ പരം ഭാഷകളും ഇവിടെയുണ്ടെന്നാണ് ഒരു കണക്ക്. ഇംഗ്ലീഷിൽനിന്ന് മിഷനറിമാർ തരപ്പെടുത്തിയെടുത്ത ദേശീയ ഭാഷയാണ് ജനങ്ങൾ ഉപയോഗിക്കുന്ന പൊതുഭാഷ. സ്വർണം, വെള്ളി, നിക്കൽ, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, ചെമ്പ് തുടങ്ങിയവയിൽ സമ്പന്നമാണ് രാജ്യം. പലയിടത്തും ഇതിനോടകം ഇവയുടെ ഖനനം ആരംഭിച്ചുകഴിഞ്ഞു. 1975 വരെ വിദേശ ഭരണത്തിൻ കീഴിലായിരുന്നു. ഇപ്പോൾ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണിത്. രാജ്യം സാവധാനം വികസനപാതയിലാണെന്നു പറയാം. എന്നാൽ ശക്തമായ ഭരണനേതൃത്വത്തിന്റെ അഭാവം ഇവിടെയുണ്ട്. അഴിമതിയുടെ മുൻപന്തിയിലാണ് ഉദ്യോഗസ്ഥവൃന്ദവും ഗവൺമെന്റും.
ദൈവം കൈവിരൽ തൊട്ട അതിമനോഹരമായ ഭൂപ്രദേശമാണിത്. പക്ഷേ, ഇവിടുത്തെ പ്രകൃതി വിഭവങ്ങളും സമ്പത്തും ജനങ്ങൾക്ക് അനുഭവിക്കാൻ യോഗമില്ല എന്നുമാത്രം. പാശ്ചാത്യരായ വൻകിട വ്യവസായികളാണ് എല്ലാം നിയന്ത്രിക്കുന്നത്. ഭരണം, വ്യവസായം, വിദ്യാഭ്യാസം എല്ലാം അവർക്ക് അനുകൂലമായ വിധത്തിൽ മാത്രം നടക്കുന്നു.
ശിലായുഗത്തിൽ നിന്നും
രണ്ടാംലോക മഹായുദ്ധം വരെ ശിലായുഗത്തിലാണിവർ കഴിഞ്ഞത്. സാവധാനം അതിൽനിന്നെല്ലാം വിടുതൽ പ്രാപിച്ചുവരുന്നതേയുള്ളൂ. ആളുകളെ പൊതുവേ രണ്ടു ഗണത്തിൽ പെടുത്താം- ‘പാപ്പുവൻസ്’ എന്നും ‘ഗിനിയൻസ്’ എന്നും. പാപ്പുവൻ എന്നാൽ വെളുത്തവരും ഗിനിയൻ എന്നാൽ കറുത്തവരുമാണെന്ന് മാത്രം. പല കാലങ്ങളിൽ പല രാജ്യങ്ങളിൽനിന്ന് കുടിയേറിയവരാണിവരെന്ന് നരവംശ ശാസ്ത്രജ്ഞർ പറയുന്നു. അനേകായിരം വർഷത്തെ പഴക്കം ഇവിടുത്തെ ജനവാസത്തിനുണ്ടെന്നാണ് വിശ്വാസം. നരഭോജികളും ഇവർക്കിടയിൽ ഉണ്ടായിരുന്നുവത്രേ. ഇപ്പോഴും ചില സ്ഥലങ്ങളിൽ ഇത്തരം വിഭാഗങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
അന്ധവിശ്വാസവും ക്ഷുദ്രപ്രവൃത്തികളും മന്ത്രവാദവും സർവസാധാരണമാണ്. ഏതോ ഒരു പരമശക്തിയിൽ ഇവിടുത്തുകാർ വിശ്വസിക്കുന്നു. ഗളിബാവ എന്നാണ് അവർ അവരുടെ ദൈവത്തെ വിശേഷിപ്പിക്കുന്നത്. എല്ലാറ്റിനും മുകളിൽ എല്ലാം വീക്ഷിച്ചിരിക്കുന്നു ഗളിബാവ. പക്ഷേ, രോഗവും കഷ്ടനഷ്ട ദുരിതങ്ങളും വരുത്തുന്നത് ദുരാത്മാക്കളാണ്. അതുകൊണ്ട് അവരെ പ്രീതിപ്പെടുത്താൻ നേർച്ചകാഴ്ചകളും ബലിയും നടത്തിയിരുന്നു ആളുകൾ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് മിഷനറിമാർ ഇവിടേക്ക് കടന്നുവരുന്നത്. ഇതിനും മുമ്പ് പതിനെട്ടാം നൂറ്റാണ്ട് ഉത്തരാർദ്ധം മുതലേ വിദേശികൾ എത്തിയിരുന്നു. അവരോടൊപ്പം ക്രൈസ്തവ മിഷനറിമാരും. 130 വർഷമായി മിഷനറിമാർ യൂറോപ്പിൽനിന്നെത്തി സുവിശേഷവേല ആരംഭിച്ചിട്ട്.
ഇവിടയുള്ള സൗത്തേൺ ഹൈലാൻഡ് ഉദാഹരണമായെടുക്കാം. സമുദ്രനിരപ്പിൽ നിന്നും ആറായിരം അടിക്കുമേൽ ഉയരമുള്ള പ്രദേശമാണിത്. ഇവിടെ 1965 – ൽ ആണ് ആദ്യമായി മിഷനറിമാർ എത്തുന്നത്. അമേരിക്കയിൽനിന്നുള്ള കപ്പൂച്ചിൻ വൈദികർ. ഇപ്പോൾ ചുരുക്കംപേർ മാത്രമേ ഇവിടെയുള്ളൂ. വിദേശികളുടെ എണ്ണം കുറയുന്നു. സ്വദേശ വൈദികരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. വിശ്വാസത്തിൽ ആഴമേറിയ പരിശീലനത്തിന്റെ അഭാവം വൈദികരിലും വിശ്വാസികളിലും കാണാം. 20 രൂപതകളും നൂറോളം ദേശീയ വൈദികരും ഇവിടെയുണ്ട്. സഭയ്ക്കിവിടെ പ്രവർത്തിക്കാൻ ധാരളം മേഖലകളുണ്ട്.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ കുറച്ച് തടസങ്ങൾ ഉണ്ടാക്കിയെങ്കിലും പിന്നീട് മിഷന് സജീവ വളർച്ച ഉണ്ടായി. കത്തോലിക്കർക്ക് ഒപ്പം മറ്റ് സഭകളും കടന്നുവന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കത്തോലിക്കാ സഭയുടെ സംഭാവന മറക്കാനാവില്ല.
പ്രാകൃതാചാരങ്ങൾ
പാപ്പുവാ ന്യുഗിനി ക്രൈസ്തവ രാജ്യമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും പ്രാകൃതങ്ങളായ ഒട്ടനവധി ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഇവിടെ സേവനം അനുഷ്ഠിക്കുന്ന ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്‌സ് പങ്കുവച്ചതായിരുന്നു ഇനി പറയുന്ന അനുഭവം.
കാറ്റക്രൈസ്റ്റ് ഇൻസർവീസിനുവേണ്ടി അച്ചനോടൊപ്പം സിസ്റ്റേഴ്‌സും ഔട്ട് സ്റ്റേഷനിൽ പോയപ്പോഴായിരുന്നു അത്. ആരോ പറഞ്ഞു, അവിടെ അടുത്ത് പിശാചുബാധിച്ച ഏതോ ഒരു സ്ത്രീയെ എല്ലാവരുംകൂടി ചുട്ടുകൊല്ലാൻ വേണ്ടി വിറക് കത്തിക്കുന്നുവെന്ന്. അതു കേട്ട ഉടൻ സിസ്റ്റേഴ്‌സ് അവിടെപ്പോയി അവരോട് സംസാരിക്കുകയും അവിടെ നിന്ന് ഉറക്കെ സ്തുതിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. സിസ്റ്റേഴ്‌സ് ശക്തമായി വാദിച്ചതുകൊണ്ടും പ്രാർത്ഥന കൊണ്ടും അവർ അവളെ വിടാൻ തയ്യാറായി.
സംഭവത്തിന് കാരണമെന്തെന്ന് ആ സ്ത്രീ പിന്നീട് സിസ്റ്റേഴ്‌സിനോട് വിശദീകരിച്ചു. ഭർത്താവിന്റെ രണ്ടാമത്തെ ഭാര്യയുടെ ഒരു കുട്ടി ഹൃദയസംബന്ധമായ രോഗത്താൽ ആ ദിവസങ്ങളിൽ മരിക്കാനിടയായി. മരണകാരണമെന്തെന്ന് മനസിലാക്കാതെ അന്ധവിശ്വാസത്തിൻ നീറിയ ഭർതൃകുടുംബക്കാരും ബന്ധുക്കളും കുറ്റം ആദ്യഭാര്യയുടെ തലയിൽ കെട്ടിവെയ്ക്കുകയായിരുന്നു. ‘ഇവൾ ആ കുട്ടിയുടെ ഹൃദയം തിന്നു. അതുകൊണ്ടാണ് കുട്ടി മരിക്കാനിടയായതെന്നാണ്’ അവർ ആക്രോശിച്ചത്. ഈ തരത്തിലുള്ള അന്ധവിശ്വാസങ്ങൾ മൂലം നിരന്തരം ധാരാളം പീഡനങ്ങൾ ഇവിടെ നടക്കുന്നു.
ഇടവകയിൽ സിസ്റ്റേഴ്‌സുമായി സൗഹൃദം പുലർത്തിയിരുന്ന ഒരു സ്ത്രീ സ്വന്തം സഹോദരപുത്രനാൽ വധിക്കപ്പെട്ടതും ഇതേ കാരണത്താൽ തന്നെ.
പ്രകൃതിയും ജനവാസവും
ഇവിടുത്തെ കാലാവസ്ഥ വർഷം മുഴുവൻ ഒരേ രീതിയിൽ തുടരുന്നു. എങ്ങും പച്ചപ്പ് നിറഞ്ഞ ചെടികൾ കൂട്ടമായി വളരുന്ന ഭൂപ്രദേശം പക്ഷികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇവിടുത്തെ സ്ഥലം വളരെ ഫലഭൂയിഷ്ഠമാണെങ്കിലും ജനങ്ങൾ എപ്പോഴും കൃഷിയിൽ ഏർപ്പെടാറില്ല. ‘കൗകൗ’ എന്ന് വിളിക്കപ്പെടുന്ന മധുരക്കിഴങ്ങാണ് പ്രധാന ഭക്ഷണയിനം. പന്നിയിറച്ചി കൊണ്ടുള്ള ‘പിഗ് മുമ്മു’ മറ്റൊരു ഭക്ഷണമാണ്. മണ്ണിൽ കുഴി കുഴിച്ച് അതിൽ പച്ചക്കറികളും കൗകൗവും മറ്റ് കാട്ടുചെടികളും ചേർത്താണ് ‘പിഗ് മുമ്മു’ തയാറാക്കുന്നത്.
കാട്ടുമൃഗങ്ങൾ കുറവാണ്. പട്ടിണിയും ദാരിദ്ര്യവും മൂലമുള്ള മരണങ്ങൾ രാജ്യത്ത് ഉണ്ടാകാറില്ല. ചില ദിവസങ്ങളിൽ ശക്തമായ മഴയാണെങ്കിൽ തൊട്ടടുത്ത ദിവസം കടുത്ത വെയിലായിരിക്കും. രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കുന്ന മഴയുളള അവസരങ്ങളിൽ പാലങ്ങളും റോഡുകളുമെല്ലാം ഒലിച്ചുപോകുന്നത് സാധാരണമാണ്. ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളിൽ മലയിടിച്ചിലുകളും സർവ്വസാധാരണം.
റോഡുമാർഗമുള്ള യാത്ര പലപ്പോഴും സുരക്ഷിതമല്ല. കാരണം റോഡിൽ തടഞ്ഞുനിർത്തി കൈവശമുള്ള സാധനങ്ങൾ അപഹരിക്കുന്ന കവർച്ചക്കാർ സർവ്വസാധാരണമാണ്. കുറ്റിക്കാടുകൾക്കിടയിൽ ആയുധങ്ങളുമായി പതിയിരുന്ന് യുദ്ധം ചെയ്യുന്ന ഗോത്രവർഗക്കാർ സാധാരണ കാഴ്ചയാണ്. ഗോത്രവർഗങ്ങൾ തമ്മിലുള്ള യുദ്ധം ഇവിടെ സ്ഥിരമായി ഉണ്ടാകാറുണ്ട്. അമ്പും വില്ലും വാളുകളും ചിലപ്പോൾ നാടൻ തോക്കുകളുമായി ഇവർ പരസ്പരം മല്ലടിക്കുന്നു.
പലപ്പോഴും നിസാര കാര്യങ്ങളായിരിക്കും കാരണം. സ്വഭാവിക മരണം എന്നൊന്നില്ല എന്നതാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം. മരണം എപ്പോഴും ‘ബിരുവാ’ – ശത്രുവിന്റെ പ്രവർത്തനമായിട്ടാണ് ഇവർ കാണുന്നത്. അന്ധവിശ്വാസങ്ങളെയും മന്ത്രവാദത്തെയും ജനങ്ങൾ മുറുകെ പിടിക്കുന്നതിന്റെ അനന്തരഫലമാണിത്. ഇവിടുത്തെ കറൻസിയായ ‘കിനാ’ അല്ലെങ്കിൽ പന്നികളെ നൽകിയാണ് പ്രശ്‌നങ്ങളെല്ലാം ഒത്തുതീർപ്പാക്കുക. ഇങ്ങനെ വിലയ്ക്ക് വാങ്ങുന്ന സമാധാനം പെട്ടെന്ന് അവസാനിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഈ പ്രശ്‌നങ്ങളുടെയെല്ലാം നടുവിലും മിഷനറിമാർ സുരക്ഷിതരാണ്. പല സ്ഥലങ്ങളിലും ഗോത്രവർഗക്കാർ തമ്മിലുള്ള യുദ്ധത്തിനുശേഷം അശേഷിക്കുന്നത് കത്തോലിക്ക സഭയുടെ മിഷൻ സ്ഥാപനങ്ങൾ മാത്രമായിരിക്കും.
നഗരങ്ങളിലൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും പുല്ലുമേഞ്ഞ കുടിലുകളിലാണ് ജനങ്ങളുടെ താമസം. പ്രായമായവരെ പരിചരിക്കുന്ന കാര്യത്തിൽ ഇവിടുത്തെ ജനങ്ങൾ മാതൃകയാണ്. മരണശേഷം മനോഹരമായ ‘മാറ്റ്മാറ്റ്’ ശവകുടീരങ്ങളിൽ അവരെ അടക്കം ചെയ്യുന്നു. ആഴ്ചകളും മാസങ്ങളും അവരുടെ വിലാപം നീണ്ടുനിൽക്കും. ഒടുവിൽ പന്നികളെ കൊന്ന് ‘ഹാവുസ് ക്രൈ’ അവർ അവസാനിപ്പിക്കുന്നു.
വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ പിന്നാക്കമാണീ രാജ്യം. മുതിർന്ന തലമുറയിൽ അഭ്യസ്തവിദ്യർ വളരെ ചുരുക്കം. പുതിയ തലമുറയിൽ വിദ്യാഭ്യാസത്തിന് അവസരം കിട്ടുന്നവർ 30 ശതമാനത്തിൽ താഴെ മാത്രം. ഇതിൽ വളരെ ചുരുക്കം പേർക്കു മാത്രമേ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കുന്നുള്ളൂ. വിവിധ സഭാവിഭാഗങ്ങളുടെ കീഴിലുള്ളതാണ് സ്‌കൂളുകളിലധികവും. സാമൂഹ്യബോധത്തിന്റെ കുറവ്, വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് മുതിർന്ന തലമുറയ്ക്കുള്ള അജ്ഞത, ഭൂവുടമകളുടെ സ്വാർത്ഥതാൽപര്യങ്ങൾ ഇവയെല്ലാം സ്‌കൂളുകളുടെ സുഗമമായ നടത്തിപ്പിന് തടസമാകുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യബോധത്തിന്റെയും കുറവുമൂലം വിദേശരാജ്യങ്ങൾ ഇവരെ വൻതോതിൽ ചൂഷണം ചെയ്യുന്നു. പെട്രോളിയം, പ്രകൃതിവാതകങ്ങൾ, സ്വർണം, ചെമ്പ് മുതലായവയുടെ ഖനനം വിദേശകമ്പനികളുടെ നിയന്ത്രണത്തിലാണ്. അതിൽനിന്ന് ഗവൺമെന്റിന് ലഭിക്കുന്ന വരുമാനം അധികവും അഴിമതിക്കാരായ ഭരണാധികാരികളും അവരുടെ ബന്ധുക്കളും സ്വന്തമാക്കുന്നു.
കഴിഞ്ഞ രണ്ടു വർഷമായി വിദ്യാഭ്യാസം ഒരു സൈഡ് ബിസിനസായിട്ടുണ്ട്. ഇത് വിദ്യാഭ്യാസത്തെ പ്രപതികൂലമായി ബാധിക്കുന്നു. ഖനിമേഖലകളിൽ കൂടുതൽ പണം, കുട്ടികൾക്ക് ലഭിക്കുമെന്നതിനാൽ സ്‌കൂൾ ഉപേക്ഷിക്കുന്ന കുട്ടികൾ ധാരാളമാണ്. സ്‌കൂളിൽ പോയി പഠിച്ചാലും കുട്ടിക്ക് ആനുപാതികമായ ജോലി ലഭിക്കണമെന്നില്ല. എന്നാൽ അവൻ നേര ഖനിയിലേക്ക് പോയാൽ കൈനിറയെ പണം കിട്ടും. ഇക്കാരണത്താൽ സ്‌കൂൾ ഉപേക്ഷിച്ച് ഖനി ജോലിക്ക് പോകുകയാണ് കുട്ടികൾ. സിസ്റ്റേഴ്‌സ് അവരെ തേടിപ്പിടിച്ച് കൊണ്ടുവന്നാലും അവർ അവസരം ഒത്തുവരുമ്പോൾ സ്ഥലം വിടും. അർപ്പണബോധത്തോടെ അധ്യാപനജോലി നിറവേറ്റുന്ന അധ്യാപകരുടെ അഭാവമാണ് മറ്റൊന്ന്.
ഇത്തരം സാഹചര്യങ്ങളിൽ പള്ളിയുടെ കീഴിൽ പള്ളിക്കൂടം നടത്തുക എന്നത് വെല്ലുവിളിയാണ്. എങ്കിലും പ്രതിസന്ധികളെ തരണം ചെയ്ത്, ദൈവത്തിൽ പ്രത്യാശയർപ്പിച്ച് മിഷനറിമാർ മുന്നോട്ടുനീങ്ങുന്നു.
‘വിളവധികം വേലക്കാരോ ചുരുക്കം’ എന്ന വചനം ഇവിടെ അന്വർത്ഥമാകുന്നു. വിദ്യാർത്ഥികളുടെ അക്രമവാസന മദ്യ-മയക്കുമരുന്നുകളുടെ ഉപയോഗം, മൊബൈൽ ഫോണിന്റെ ഉപയോഗം, വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധങ്ങൾ എന്നിവയെല്ലാം വിദ്യാഭ്യാസമേഖലയെ ബാധിക്കുന്നു. എയ്ഡ്‌സ് പോലുള്ള രോഗങ്ങൾ ധാരാളമാണ്.
മലേറിയ, ത്വക്‌രോഗങ്ങൾ, ടി.ബി ഇവയെല്ലാം സാധാരണ രോഗങ്ങളാണ്. പല സ്ഥലങ്ങളിലും എയ്ഡ് പോസ്റ്റ്, ക്ലിനിക്, ചെറിയ ഹോസ്പിറ്റലുകൾ എന്നിവയുണ്ടെങ്കിലും പലതും അടഞ്ഞു കിടക്കുന്നു. രൂപതയിൽനിന്നും ലഭിക്കുന്ന മരുന്നുകൾ രോഗികളായി വരുന്നവർക്ക് സിസ്റ്റേഴ്‌സ് നൽകാറുണ്ട്. ദൈവകൃപയാൽ അവർ സൗഖ്യം പ്രാപിക്കുന്നു. മാരകരോഗങ്ങളുമായി എത്തുന്നവർക്ക് സാമ്പത്തിക സഹായങ്ങളും സിസ്റ്റേഴ്‌സ് നൽകുന്നു. യാത്രാസൗകര്യം കുറവായതിനാൽ പലരും കുറെക്കൂടി നല്ല ആശുപത്രികളിൽ പോകാൻ വിസമ്മതിക്കുന്നു. പോയാൽ തന്നെ നല്ല ചികിത്സ ലഭിക്കണമെന്നുമില്ല.
വിദ്യാഭ്യാസം, ആതുരശുശ്രൂഷാരംഗങ്ങൾ ഇവയല്ലാം നന്നായി പ്രവർത്തിച്ചാൽ ഏറെക്കുറെ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് സിസ്റ്റേഴ്‌സിന്റെ അഭിപ്രായം.
ക്രൈസ്തവസഭയുട കാല്പാടുകൾ
അറുപതിൽ പരം ക്രിസ്തീയ സഭാവിഭാഗങ്ങൾ ഈ രാജ്യത്തുണ്ട്. അതായത് മൂന്നിൽ രണ്ടുഭാഗം ജനങ്ങളും ക്രിസ്തു വിശ്വാസികളാണ്. എന്നാൽ കത്തോലിക്കാ സഭയാണ് അംഗസംഖ്യയിൽ മുമ്പിൽ. 30 ശതമാനം കത്തോലിക്കരാണ് ഇപ്പോഴുള്ളത്. ഇവാഞ്ചലിക്കൽ ലൂഥറൻ സഭ 20 ശതമാനത്തോളമുണ്ട്. പപ്പുവായിൽ ആദ്യം മിഷൻ പ്രവർത്തനം തുടങ്ങിയത് പ്രൊട്ടസ്റ്റന്റ് മിഷനറിമാരായിരുന്നു. 1870 മുതൽ മെത്തഡിസ്റ്റ് മിഷനറിമാർ ചില ദ്വീപുകളിൽ മിഷൻ പ്രവർത്തനം തുടങ്ങിയതായി രേഖകളുണ്ട്. ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ദ്വീപുകളിലാണ് അവർ പ്രവർത്തനം തുടങ്ങിയത്. പിന്നീട് സോളമൻ ദ്വീപുകളിലും പാപ്പുവാദ്വീപുകളിലും പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. 1968-ൽ മറ്റു സഭകളും കൂടി ചേർന്ന് ഒരു ഐക്യസഭയായി പ്രവർത്തിക്കാൻ തുടങ്ങി.
ലണ്ടൻ മിഷനറി സൊസൈറ്റി ‘പപ്പുവാസഭ’ രൂപീകരിച്ച് 1795 മുതൽ സംഘടിതമായി പ്രവർത്തനം ആരംഭിച്ചു. 1871-ൽ അവരുടെ നേതൃത്വത്തിൽ 14 ദമ്പതികൾ തലസ്ഥാനമായ പോർട്ട് മോർസ്ബിയ്ക്കു സമീപപ്രദേശങ്ങളിൽ എത്തി. അവരുടെയെല്ലാം സംഘടിത പ്രവർത്തനങ്ങളുടെ ഫലമായി 1881-ൽ ആദ്യ മാമ്മോദീസാ നടന്നു.
ലണ്ടൻ മിഷനറി സൊസൈറ്റി മെത്തഡിസ്റ്റുകളുമായി ചേർന്ന് ആദ്യ ദേശീയ സഭയായി പപ്പുവായിൽ പ്രവർത്തിച്ചുതുടങ്ങിയത് 1968 – ലാണ്.ആംഗ്ലിക്കൻ സഭയുടെ പ്രവർത്തന ചരിത്രം തുടങ്ങുന്നത് 1891 – ലാണ്. മറ്റു സഭകളുമായി ഉണ്ടാക്കിയ കരാർ പ്രകാരം പാപ്പുവാന്യുഗിനിയിൽ ഒരു ഭൂവിഭാഗം മുഴുവനും അവർക്ക് സ്വതന്ത്ര പ്രവർത്തനത്തിന് ലഭിച്ചു. അമ്പതു കൊല്ലത്തേക്കായിരുന്നു കരാർ. ആംഗ്ലിക്കൻ സഭയുടെ പപ്പുവായിലെ സ്ഥാപകനേതാക്കൾ റവ. മക്ലാരനും റവ. കിംഗുമായിരുന്നു.
എന്നാൽ റവ. കിംഗ് അകാലത്തിൽ മരണമടഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻകാർ ഇവിടെ മരണം വിതച്ചു. സ്വദേശികളും വിദേശികളുമായ നിരവധി മിഷനറിമാർ കൊല്ലപ്പെട്ടു. കൂടാതെ 1951-ൽ ഒരു അഗ്നിപർവതം പൊട്ടി ഇവിടെ നാശം വിതച്ചിരുന്നു. 1961-ൽ പാപ്പുവാന്യുഗിനിയിലെ ആദ്യത്തെ സ്വദേശി മെത്രാനായി ആംഗ്ലിക്കൻ സഭയിലെ ജോർജ് മൗബോ അഭിഷേകം ചെയ്യപ്പെട്ടു. കത്തോലിക്കരുടെയും പ്രൊട്ടസ്റ്റന്റുകാരുടെയും ഇടയിൽ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി ആംഗ്ലിക്കൻ സഭ ഇന്ന് പ്രവർത്തിക്കുന്നു.
സഭയുടെ പ്രവർത്തനം
1847 – മുതലാണ് കത്തോലിക്കാ സഭയുടെ പ്രവർത്തനം തുടങ്ങുന്നത്. സൊസൈറ്റി ഓഫ് മേരി സഭയിൽപ്പെട്ട മിഷനറിമാർ വുഡ്‌ലാക്ക് ദ്വീപിലെത്തി. എന്നാൽ അവരുടെ പ്രവർത്തനം അധികം മുന്നോട്ടുപോയില്ല. ബിഷപ് കൊളമ്പയും സഹപ്രവർത്തകനും പനി പിടിച്ച് മരിക്കുകയും രക്ഷപെട്ട ഏക വ്യക്തി 1849-ൽ തിരികെ പോകുകയും ചെയ്തു. 1852-ൽ ഇറ്റലിയിലെ മിലാനിൽനിന്ന് മറ്റൊരു മിഷൻ സംഘം എത്തി പ്രവർത്തനം പുനരാരംഭിച്ചു. അതും അധികകാലം നീണ്ടുനിന്നില്ല. 1897-ൽ സോളമൻ ദ്വീപിൽനിന്ന് സൊസൈറ്റി ഓഫ് മേരി സഭയിലെ ഫീജിയൻ സുവിശേഷകരായ മൂന്നു വൈദികർ ബൊഗൈൽവിൽ ദ്വീപിലെത്തി പ്രവർത്തനം തുടർന്നു. ഇന്ന് വലിയൊരു സമൂഹം കത്തോലിക്കാ വിശ്വാസികൾക്ക് അവർ ശുശ്രൂഷ ചെയ്യുന്നു. 1882-ൽ ഇസോഡൗണിലെ ഈശോയുടെ തിരുഹൃദയ സഭയിലെ മിഷനറിമാർ ഗസ്സെൽ ഉപദ്വീപിൽ എത്തി. അവരുടെ പ്രവർത്തനം വളർന്ന് അപ്പസ്‌തോലിക്ക് വികാരിയാത്ത് ആയി.
1896-ൽ ഹോളണ്ടിൽനിന്ന് എസ്.വി.ഡി സഭക്കാർ (ദൈവവചന സഭക്കാർ) മിഷൻ പ്രവർത്തനത്തിന് എത്തി. ഇവരുടെ പ്രവർത്തനങ്ങൾ പാപ്പുവാ ന്യുഗിനിയുടെ തീരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. 1906 ൽ ‘അലക്‌സി ഫാഷൻ’ എന്ന സ്ഥലത്ത് മിഷൻ കേന്ദ്രം തുടങ്ങി. അവരുടെ പ്രവർത്തനം ഇന്നും ശക്തമായി തുടരുന്നു. 1954-ൽ യു.എസിൽ നിന്നുള്ള കപ്പൂച്ചിൻ സഭ മിഷനറിമാർ പപ്പുവായിലെ തെക്കൻ മലയോരങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. അങ്ങനെ പല സന്യാസ സഭയിലെ മിഷനറിമാർ സംഘടിതമായി പ്രവർത്തിച്ചതിന്റെ ഫലം കൊയ്യുന്നവരാണ് ഇന്ന് പാപ്പുവാ ന്യുഗിനിയിലെ കത്തോലിക്കർ.
324 ഇടവകകളും 252 ദേവാലയങ്ങളും 1599 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. 336 വൈദികരും തൊള്ളായിരത്തിനടുത്ത് വരുന്ന സന്യാസിനികളും ഈ ദേശത്തിന് ക്രിസ്തുവിനെ നൽകാൻ സദാ കർമനിരതരാണ്.
ദൈവവിളി
വളരെ വിരളമായി വൈദിക സന്യാസ അന്തസിലേക്ക് വിളി സ്വീകരിക്കുന്ന സ്വദേശികളുമുണ്ട്. ഒരു പ്രദേശത്തുനിന്ന് ഒരു വ്യക്തി വൈദികനായി അഭിഷിക്തനാകുന്നത് രൂപത മുഴുവന്റെയും ഉത്തരവാദിത്തവും ആഘോഷവുമാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുണ്ട്. എല്ലാ ഇടവകകളിൽനിന്നും ആളുകൾ പങ്കെടുക്കുകയും തങ്ങളുടെ വിഹിതം സമ്മാനിക്കുകയും ചെയ്യും. ഭക്ഷണസാധനങ്ങൾ, പച്ചക്കറികൾ, വാഴക്കുലകൾ, മധുരക്കിഴങ്ങ്, ചേമ്പ്, പന്നി, കോഴി, അങ്ങനെയുള്ളവയാണ് കാഴ്ചവസ്തുക്കൾ. ഇതര ക്രിസ്തീയ വിഭാഗങ്ങളും അവരുടെ ഓഹരി സമ്മാനിക്കുന്നു. ഇത് പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും ഉത്തമ പ്രകാശനമാണ്.
അല്മായ വിശുദ്ധൻ
കഴിഞ്ഞ 110 വർഷമായി വിദേശ മിഷനറിമാർ തങ്ങളുടെ ആരോഗ്യവും കഴിവുകളും ഇവരുടെ സർവോന്മുഖമായ വളർച്ചയ്ക്കുവേണ്ടി വിനിയോഗിക്കുന്നു. ഇതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. (വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ഇടവകപ്രവർത്തനങ്ങൾ.) ഒരു നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യമേ ഉള്ളൂവെങ്കിലും ഈ രാജ്യത്തിന് ഒരു വാഴ്ത്തപ്പെട്ടവൻ ഇപ്പോൾ ഉണ്ട് എന്നത് കത്തോലിക്കാ സഭയ്ക്ക് അഭിമാനാർഹമാണ്. 1984 – ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവൻ എന്നു നാമകരണം ചെയ്ത പീറ്റർ റ്റോറോട്ട് എന്ന അല്മായനാണിത്. അദ്ദേഹമൊരു മതബോധകൻ ആയിരുന്നു. അനേകം വൈദികരും അല്മായരും ജപ്പാൻ അധിനിവേശകാലത്ത് വിശ്വാസത്തെപ്രതി രക്തസാക്ഷികളായിട്ടുള്ളതായി ചരിത്രം രേഖപ്പെടുത്തുന്നു.
ഇവരുടെ പങ്കുവയ്ക്കൽ മനോഭാവം മൂലം വിശപ്പ് അനുഭവിക്കുന്നവരും അനാഥരും ഭിക്ഷക്കാരും ഭവനമില്ലാത്തവരുമായി ആരുംതന്നെ ഇവിടെയില്ല. എല്ലാവരെയും ആരെങ്കിലും സ്വന്തം ഗോത്രത്തിൽപ്പെട്ടവരോ പരിചയക്കാരോ നാട്ടുകാരോ സംരക്ഷിക്കും.
ഇനിയും ഉൾസ്ഥലങ്ങളിലെ ഗോത്രങ്ങളിലേക്ക് ദൈവവചനം എത്തിയിട്ടില്ല. സുഖസൗകര്യങ്ങൾ കുറവായ ഈ ഗോത്രവർഗക്കാരെ ക്രിസ്തുവിനായി നേടിയെടുക്കാൻ യുവ മിഷനറിമാർ കടന്നുവരണം. ‘വിളവധികം വേലക്കാർ ചുരുക്കം’ എന്ന യേശുവചനം ഇവിടെയൊരു യാഥാർത്ഥ്യമാണ്. വിളവിന്റെ നാഥനോട് പ്രാർത്ഥിക്കാം. കൂടുതൽ വേലക്കാരെ അയയ്ക്കണമേയെന്ന്…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?