Follow Us On

29

March

2024

Friday

എന്റെ ആത്മാവ് ചാരിനിൽക്കുന്നത് ക്രിസ്തുവിൽ

എന്റെ ആത്മാവ് ചാരിനിൽക്കുന്നത് ക്രിസ്തുവിൽ

ഞാൻ മനഃപൂർവ്വമായി ക്രൈസ്തവ ബിംബങ്ങൾ ഉപയോഗിക്കുന്ന ആളല്ല. എഴുത്തിന്റെ ഒരു രഹസ്യത്തിലേക്കു കടന്നുവരുമ്പോൾ എനിക്കത് വിശദമാക്കേണ്ടിയിരിക്കുന്നു. പെരുമ്പടവം എന്നത് എറണാകുളം ജില്ലയുടെ തെക്കേയറ്റത്ത് കോടയത്തോടു ചേർന്നു കിടക്കുന്ന ഒരു ഗ്രാമമാണ്. വലിയ പരിഷ്‌കാരമൊന്നും ഇന്നും വന്നിട്ടില്ലാത്ത ഒരു ഗ്രാമം. എനിക്ക് അറിയാവുന്ന ഏക ക്രിസ്ത്യൻ വിഭാഗമെന്നത് റോമൻ കത്തോലിക്കാ വിഭാഗമാണ്. ഞാൻ അവരുടെയിടയിൽ ജനിച്ചുവളർന്ന ഒരാളാണ്. എന്റെ അയൽക്കാർ, സുഹൃത്തുക്കൾ, ഞാൻ ജനിക്കുന്നതിനു മുമ്പ് അവിടെ അങ്ങനെയൊരു അന്തരീക്ഷമുണ്ടവിടെ.
എന്റെ സാഹചര്യം അതായിരുന്നു. എന്റെ കുട്ടിക്കാലം ഞാൻ ജനിച്ചുവളർന്നത് അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും കൂടെയാണ്. എലഞ്ഞിയിലെ പള്ളിക്കൂടവും, പള്ളിയും മഠവും മറ്റാർക്കുമെന്നതുപോലെ എനിക്കും വളരെ പ്രിയപ്പെട്ടതാണ്. അവിടെയാണ് എന്റെ കുട്ടിക്കാലം. അതുകൊണ്ട് എന്റെ അയൽക്കാരൊക്കെ റോമൻ കത്തോലിക്കാ കുടുംബങ്ങളാണ്. അവരുടെ പ്രാർത്ഥനകളൊക്കെ എനിക്കറിയാം. ഞങ്ങൾ പങ്കുവച്ച് ജീവിക്കുന്ന ഗ്രാമത്തിൽ; അവിടെ വേർതിരിവുകളൊന്നുമില്ല. ഓരോരുത്തർക്കും അവരവരുടേതായ വിശ്വാസങ്ങളുണ്ട്. ജീവിതശൈലികളുണ്ട്, പാരമ്പര്യങ്ങളുണ്ട്, മൂല്യങ്ങളുണ്ട്. ഈ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ജീവിക്കുവാൻ ജാതിയോ മതമോ തടസ്സമായിരുന്നില്ല. അങ്ങനെയൊരു അന്തരീക്ഷത്തിലായിരുന്നു ഞാൻ ജീവിച്ചത്.
എന്റെ കുട്ടിക്കാലത്ത് കത്തോലിക്കാ അച്ചന്മാരുടെ സ്‌നേഹവാത്സല്യങ്ങൾ അനുഭവിച്ചായിരുന്നു വളർന്നത്. കന്യാസ്ത്രീമഠത്തിൽ കന്യാസ്ത്രീകളോടൊത്തായിരുന്നു എന്റെ ഏറ്റവും ചെറിയ കുട്ടിക്കാലം. നിങ്ങൾക്ക് അറിയാവുന്ന മലയാളഭാഷയുടെ ‘നിത്യയശഃധ്വനി’ എന്ന് പറയാവുന്ന മേരി ജോൺ തോട്ടം-മേരി ബെനിഞ്ഞ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. എന്റെ ഗുരുനാഥയും അയൽക്കാരിയുമായിരുന്നു. ഞാൻ അവരെ അമ്മയെന്നു വിളിച്ചിരുന്നു. അതുകഴിഞ്ഞ് കത്തോലിക്കാ പുരോഹിതന്മാരുടെ കൂടെ. നിങ്ങൾക്കറിയാം മലയാളഭാഷയുടെ, സംസ്‌കൃതപുരോഹിതന്മാരിൽ സംസ്‌കൃതം പഠിച്ച്, ഒരു യശസ്തംഭംപോലെ നിന്ന ഫാ.എബ്രഹാം വടക്കേൽ, ഉള്ളൂര്, വള്ളത്തോൾ എന്നീ പ്രതിഭാശാലികൾ ജീവിച്ചിരുന്ന അന്ന ത്തെ സാഹിത്യപരിഷത്ത് സമ്മേളനങ്ങളുടെ വേദികളിൽ അദ്ധ്യക്ഷനായോ ഉദ്ഘാടകനായോ പങ്കെടുത്ത് തന്റെ ഉജ്ജ്വലമായ പാണ്ഡിത്യം കൊണ്ട് ആസ്വാദകരെ അത്ഭുതപ്പെടുത്തിയ പ്രതിഭയായിരുന്നു ഫാ.എബ്രഹാം വടക്കേൽ.
‘കാൽവരിയിലെ കഷ്ടപാദവം’ എന്ന ബൈബിൾ നാടകത്തിന് അവതാരിക എഴുതിക്കൊടുത്ത്, ചങ്ങമ്പുഴയുടെ ‘രക്തപുഷ്പങ്ങൾ’ കവിതയ്ക്ക് അവതാരിക എഴുതിക്കൊടുത്ത്, അങ്ങനെ ഒന്നോ രണ്ടോ നിരൂപണങ്ങൾകൊണ്ട് മലയാള വിമർശ ന സാഹിത്യത്തിലെ നെടുംതൂൺ എന്ന പേരു നേടിയ എബ്രഹാം വടക്കേൽ മൂന്നുവർഷം എന്റെ അദ്ധ്യാപകനായിരുന്നു. അങ്ങനെ വളരെയധികം കന്യാസ്ത്രീകളുടെയും പുരോഹിതന്മാരുടെയുമൊക്കെ കൂടെ വളർന്നതുകൊണ്ടും, വായിക്കുകയൊക്കെ ചെയ്തതുകൊണ്ടും ആ ഒരു സംസ്‌കാരം എന്റെയുള്ളിലുണ്ട്.
സഭാപരമായിട്ടാണെങ്കിൽ ഞാനൊരു മതവിശ്വാസിയല്ല. ഞാൻ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മതപരമായ യാതൊരു വിശ്വാസവുമില്ല. ഞാൻ മനുഷ്യനിൽ വിശ്വസിക്കുന്ന ആളാണ്. എന്നോടു നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലായെങ്കിലും ശരി, ഞാൻ അത്തരം അതിർവരമ്പുകൾ കടന്നവനാണ്. എന്റെ രണ്ടു പെൺമക്കളെ കല്യാണം കഴിപ്പിച്ചിരിക്കുന്നത് കത്തോലിക്കാ സഭയിലാണ്. അവർ കത്തോലിക്കരായിട്ടല്ല എന്റെ വീട്ടിൽ വരുന്നത്; എന്റെ മക്കളായിട്ടാ ണ. സാധാരണ ഞങ്ങളുടെ സൗഹൃദം പുലർ ത്തിക്കൊണ്ടുപോകുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നാറില്ല. എന്റെ കുടുംബത്തിൽ പലജാതി, പല മതക്കാരാണ്. എനിക്കു തോന്നുന്നത് എന്റെ കുടുംബം ഒരു ആദർശകുടുംബമാണെന്നാണ്.
എന്റെ മതേതരത്വം എന്നു പറയുന്നത് അതു വേറെയൊന്നാണ്. വ്യക്തിപരമായ ഒരു അനുഭവം എന്നുള്ള നിലയ്ക്കാണ്. എങ്കിലും മറ്റു മതങ്ങളുടെ മൂല്യങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുവാനുള്ള ഒരു മനസാണ് എനിക്കുള്ളത്. പക്ഷെ എന്റെ നോവലുകളിൽ എന്തുകൊണ്ട് ക്രിസ്തുമതബിംബങ്ങൾ വരുന്നു എന്നതിനുള്ള കാരണങ്ങളാണ് എനിക്കു പറയുവാനുള്ളത്. എന്റെ കുട്ടിക്കാലത്തെ ശിക്ഷണം ഒരു ക്രൈസ്തവദർശനത്തിൽ ഊന്നിയുള്ളതായിരുന്നു. ഞാൻ ഹിന്ദുക്കളെക്കുറിച്ച് നോവലുകൾ എഴുതിയിട്ടുണ്ട്. ഞാൻ മനുഷ്യരെക്കുറിച്ച് നോവലുകൾ എഴുതിയിട്ടുണ്ട്. ജാതിയും മതവും അതിലേക്കു വരുന്നത് പരിഗണനയിൽ വരുന്ന കാര്യമേയല്ല.
എന്റെ നോവലുകളിൽ എന്തുകൊണ്ട് ക്രിസ്തുമത ബിംബങ്ങൾ വരുന്നു? ക്രിസ്തുമത ആദർശങ്ങൾ വരുന്നു? ക്രിസ്തു ഒരു ആശയമായി എന്റെ നോവലുകളിൽ കടന്നുവരുന്നു?
എഴുത്തുകാരനെന്നനിലയിൽ എന്റെ ഹൃദയത്തെ വളരെയധികം സ്പർശിച്ച ഒരു കാര്യം ക്രിസ്തു എത്രയോ എത്രയോ ദരിദ്രനായിരുന്നു എന്നുള്ളതാണ്. പാവങ്ങളുടെയും പാപികളുടെ യും രോഗികളുടെയുമൊക്കെക്കൂടെ, അവരുടെ മോചനത്തിനും മോക്ഷത്തിനും ജീവൻതന്നെ ബലിയാക്കിത്തീർത്ത ഒരാൾ.
ആ ഒരാൾ ഇങ്ങ നെ നഗ്നപാദനായി കടൽത്തീരങ്ങളിലൂടയും മലഞ്ചരിവുകളിലൂടെയും നടന്നുപോകുന്നത് എന്റെ ഉൾക്കണ്ണുകൊണ്ട് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ യഥാർത്ഥമായി ക്രിസ്തുവിനെ കാണേണ്ടത് പാവങ്ങളുടെയിടയിലാണെങ്കിൽ, ദരിദ്രരുടെ ഇടയിലാണെങ്കിൽ, ജീവിതത്തിന്റെ മഹാവ്യസനങ്ങൾ നിശബ്ദമായി അനുഭവിക്കുന്ന ആളുകളുടെ കൂടെയാണ് ക്രിസ്തുവിനെ കാണുന്നതെങ്കിൽ അവരുടെ ഈ വലിയ ആഢംബരങ്ങൾക്കിടയിൽ എവിടെ ആളില്ലാത്ത ക്രിസ്തു ജീവിക്കുന്നുവെന്ന് എനിക്കു മനസ്സിലാക്കാൻ കഴിയും.
എന്റെ ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവൽ ദസ്‌തേവിസ്‌കി എന്ന നോവലിസ്റ്റിന്റെ ജീവിതം സംബന്ധിച്ച കഥയാകുന്നു. മഹാനായ റഷ്യൻ നോവലിസ്റ്റിന്റെ ജീവിതം എന്തായിരുന്നുവെന്ന് ലോകമെങ്ങുമുള്ള സാഹിത്യബോധമുള്ളവർക്ക് അറിയാം. ആ ദസ്‌തേവിസ്‌കിയുടെ ജീവിതം ഞാൻ കഥയാക്കിയെടുക്കുമ്പോൾ ദസ്‌തേവിസ്‌കിയെ ഞാൻ ധാരാളം പഠിച്ചിട്ടുണ്ടായിരുന്നു. (എനിക്ക് വേറെ ജോലിയൊന്നുമില്ല. വായനതന്നെയാണ് എന്റെ തൊഴിൽ. റേഷൻ മേടിക്കാനുള്ള കഥയെഴുതും. ബാക്കിസമയം വായന തന്നെയാണ്.) അങ്ങ നെ ദസ്‌തേവിസ്‌കിയെ വായിച്ചുപോകുന്ന അവസരം ദസ്‌തേവിസ്‌കി പറയുകയുണ്ടായി: ”ക്രിസ്തുവിനെ ഒഴിച്ചുനിർത്തി, ക്രിസ്തുവിനെ ഒഴിവാക്കി ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ ആകുന്നില്ലായെന്ന്. ക്രിസ്തുവിനെ ഒഴിച്ചുനിർത്തിക്കൊണ്ട് മനുഷ്യവർഗ്ഗത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവുന്നില്ല.”
ഇങ്ങനെ പറഞ്ഞയാൾ വെറും പെരുമ്പടവം ശ്രീധരനെപ്പോലെയോ മറ്റാരെയെങ്കിലും പോലെയോ കൊച്ചുനോവലിസ്റ്റൊന്നുമല്ല.
ഈ ലോകമനസ്സാക്ഷിയുടെ ഏറ്റവും വലിയ നൊമ്പരങ്ങളുമായി ഇടപെട്ട ഒരാൾ; മനുഷ്യന്റെ അഗാധദുഃഖങ്ങളുമായി ഇടപെട്ട ഒരാൾ; മനുഷ്യനും ദൈവവുമായി ഇടപെട്ട ഒരാൾ. ദസ്‌തോവിസ്‌കിയുടെ നോവലുകൾ വായിച്ചിട്ടുള്ളവർക്ക് അറിയാം ദസ്‌തോവിസ്‌കിയുടെ കഥകൾ ദൈവവും ദസ്‌തോവിസ്‌കിയുമായുള്ള വിചാരണയാണെന്ന്. ഓരോ നോവലിലൂടെയും ദസ്‌തോവിസ്‌കി ദൈവത്തെ വിചാരണ ചെയ്യുകയാണ്. ദൈവശാസ്ത്രത്തെക്കുറിച്ച് സെമിനാരികളിൽ പഠിപ്പിക്കുവാൻ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വച്ചിട്ടുണ്ട്. എന്തുകൊണ്ട് തിന്മയുണ്ടാകുന്നു? എന്തുകൊണ്ട് പാപമുണ്ടാകുന്നു? മനുഷ്യൻ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്? മനുഷ്യന്റെ ധർമ്മസങ്കടങ്ങൾക്കു മുന്നിൽ ദൈവം എന്തുകൊണ്ട് മൗനമാ യിരിക്കുന്നു എന്നുള്ള ദാർശനികമായ ചോദ്യങ്ങളാണ് ദസ്‌തോവിസ്‌കി ഉന്നയിക്കുന്നത്. ദസ്‌തോവിസ്‌കി പറഞ്ഞ അഭിപ്രായം ഞാൻ ആവർത്തിക്കുന്നു. ക്രിസ്തുവിനെ കൂടാതെ എനിക്കു മനുഷ്യവർഗ്ഗത്തെക്കുറിച്ച് ചിന്തിക്കാനാവുന്നില്ല. ഇത് ദസ്‌തേവിസ്‌കിയെക്കുറിച്ച് വായിക്കുന്നതിനും മുമ്പ് എന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു കാര്യമാണ്. ദസ്‌തേവിസ്‌കിയുടെ കൊട്ടേഷൻ എന്ന നിലയ്ക്കല്ലാതെതന്നെയും എന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു ആളാണല്ലോ ക്രിസ്തു.
അഭിമുഖത്തിന്നവരോട് ഞാൻ പറയാറുണ്ട്; ഞാനൊരു ഹിന്ദുവായി ജനിച്ചയാളാണ്. എന്തുകൊണ്ട് മനസുകൊണ്ട് ഞാനൊരു ക്രിസ് ത്യാനിയായിരിക്കുന്നു. ക്രിസ്തുവിനെക്കുറിച്ച് ഞാൻ വായിച്ചു പഠിച്ചത് എന്റെ ഹൃദയത്തോട് അടുത്തുനിൽക്കുന്നയാൾ ക്രിസ്തുവാണ് എന്നതാണ്. എന്റെ ആത്മാവ് ചാരി നിൽക്കേണ്ടത് ക്രിസ്തുവിലാണ്. ലോകത്തിലെ ഏറ്റവും പാവപ്പെട്ടയാളാണ് ഞാൻ. ഇത്രയും പാവപ്പെട്ടയാൾ ലോകത്തിലുണ്ടാകാൻ ഇടയില്ലെന്നാണ് ഞാൻ കരുതുന്നത്. ഏതു കഴുതയ്ക്കും തോന്നും അതിന്റെ പുറത്തിരിക്കുന്ന ചുമടാണ് ഏറ്റവും വലുതെന്ന്.
അങ്ങനെ തോന്നുന്ന ഒരു കഴുതയായിരിക്കും ഞാൻ. പക്ഷേ എന്റെ ആത്മബലത്തിന്റെ സഹിക്കാനുള്ള കഴിവില്ലായ്മ വച്ചുനോക്കുമ്പോൾ ഞാൻ സഹിച്ച മഹാദുഃഖങ്ങൾ, ഞാൻ ആരുടെ പേരിൽ സഹിച്ചുവെന്നു പറയുമ്പോൾ ക്രിസ്തു എന്നോടു പറയുന്നു: നീ ഒരൊറ്റയാളിനെ പ്രതിയായിരുന്നു ഞാൻ സഹിച്ചത്. ക്രിസ്തു ജനിച്ചത് എനിക്കുവേണ്ടിയാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആരോടുമൊരു അവകാശത്തർക്കത്തിനു തയ്യാറാണ് ഞാൻ. ഇത്രയും പാവപ്പെട്ട ഒരാൾ, ഇത്രയും ദരിദ്രനായ ഒരാളെ ഞാൻ ലോകത്ത് വോറെ കണ്ടിട്ടില്ല. ഞാൻ വായിച്ചു പഠിച്ച പാഠങ്ങളുടെ പുസ്തകങ്ങൾ ഒരു കെട്ടുണ്ട്.
ഇത്രയും അനാഥനായിട്ടുള്ള ഒരാൾ, എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട്, നിന്ദിക്കപ്പെട്ട്,സഹിഷ്‌കൃതനായി, ഒറ്റപ്പെട്ട്, ഏകാകിയായി, നിരാലംബനായി നടന്നുപോയ ക്രിസ്തുവിനെ എന്റെ മനസ് കാണുന്നുണ്ട്. എന്റെ ഉൾക്കണ്ണ് കാണുന്നുണ്ട്. ഞാൻ ആ ആളിന്റെ കാൽപാടുകൾ നോക്കിയാണ് നടക്കുന്നത്. എന്റെ സങ്കടങ്ങൾ ഞാൻ സഹിച്ചത് ഈ ഒരൊറ്റയാളെപ്രതിയാണ്. എനിക്കുവേണ്ടിയാണ് ഈ സങ്കടങ്ങൾ ക്രിസ്തു സഹിച്ചത്. ”വിഷമിക്കാതെ” എന്നു പറയാൻ മറ്റൊരാൾ എനിക്കുണ്ടായിരുന്നില്ല.
വിഷമിക്കാതെ എന്നു ചുമലിൽ കൈവച്ച് പറയാൻ ഒരാളുണ്ടാവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാകുന്നു. പക്ഷേ എന്നെ ആശ്വസിപ്പിക്കാൻ വേറൊരാളുണ്ടായിരുന്നില്ല. എന്നെ ആശ്വസിപ്പിക്കുന്നത് ക്രിസ്തുവാണ്. ഇതെന്റെയൊരു അനുഭവമെന്ന നിലയിൽ ഞാൻ പറയുന്നതാണ്. ഉറങ്ങാൻ പോകുമ്പോൾ ഞാൻ ക്രിസ്തുവിനോടുകൂടെയാണ് പോകുന്നത്. ഞാൻ നടക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ല, ക്രിസ്തുവും കൂടെയാണ് എന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്.
എല്ലാ അഗ്നിപരീക്ഷകളിലൂടെയും, എല്ലാ തോൽവികളിലൂടെയും എല്ലാ അപമാനങ്ങളിലൂടെയും എല്ലാ തിരസ്‌കരണങ്ങളിലൂടെയും നടന്നുപോകുവാനുള്ള ആത്മശക്തി ക്രിസ്തുവാണ് എനിക്ക് നൽകുന്നത്. എനിക്കൊരു ജ്ഞാനബോധമുണ്ട്. ആ ബോധംവച്ചാണ് ഞാൻ വിലയിരുത്തുന്നത്. ഇത്രയും അനാഥനായ വേറൊരാൾ ഉണ്ടായിരുന്നില്ല. യാഥാസ്ഥിതികമായ മതത്തിനും ഭരണകൂടത്തിനുമെതിരായി കലാപമുണ്ടാക്കിയ ഒരാൾ, അങ്ങനെയൊരു വിപ്ലവകാരിയെയും ലോകചരിത്രത്തിൽ ഞാൻ കണ്ടിട്ടില്ല.
യാഥാസ്ഥിതികമായ മതത്തിനും, യാഥാസ്ഥിതികമായ ഭരണത്തിനുമെതിരെ കലാപമുണ്ടാക്കിക്കൊണ്ട് ജീവിതമൊരു കുരിശുമരണമാക്കിത്തീർത്ത ഒരാൾ. ഇതൊക്കെ ലോകത്തിലുള്ള എല്ലാ വിപ്ലവകാരികൾക്കും ദൃഷ്ടാന്തമായിരിക്കേണ്ട ഒന്നാണ്. ഇത്തരം ചില കാരണങ്ങളാലാണ് ക്രിസ്തുവിനെ ഞാൻ എന്റെ ഹൃദയത്തിൽ ഉൾക്കൊള്ളുകയും ഏതൊരു സാഹചര്യത്തിലും അദ്ദേഹത്തിന്റെ സാന്ത്വനം അനുഭവിക്കുകയും ചെയ്യുന്നത്.
പെരുമ്പടവം ശ്രീധരൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?