Follow Us On

29

March

2024

Friday

ചോദിച്ചു വാങ്ങുന്ന പരാജയങ്ങൾ

ചോദിച്ചു വാങ്ങുന്ന പരാജയങ്ങൾ

പരാജയങ്ങൾ ചോദിച്ചുവാങ്ങേണ്ടതുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. വിജയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും അതിന് മനസിനെ ഒരുക്കാൻ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. മനസും ശരീരവും ഒരുപോലെ പ്രവർത്തിക്കുമ്പോഴാണ് വിജയം സ്വന്തമാകുന്നത്.
കഠിനാധ്വാനം ചെയ്യുമ്പോഴും വിജയിക്കില്ലെന്ന ചിന്തയാണ് മനസിനെ ഭരിക്കുന്നതെങ്കിൽ പരാജയപ്പെടാനായിരിക്കും സാധ്യത. അനേകർക്ക് ഉയരാൻ കഴിയാത്തതിന്റെ കാരണം നെഗറ്റീവായ ചിന്തകളാണ്. വിജയത്തിലേക്കല്ല പരാജയങ്ങളിലേക്കാണ് അങ്ങനെയുള്ളവരുടെ മനസുകൾ ചാഞ്ഞിരിക്കുന്നത്. നിരുത്സാഹപ്പെടുത്തുന്ന ചോദ്യങ്ങളുടെ മുമ്പിൽ ഒരിക്കലെങ്കിലും നില്‌ക്കേണ്ടിവന്നവരായിരിക്കും ജീവിതത്തിൽ വിജയിച്ച എല്ലാവരുംതന്നെ.
പഠനമോ കൃഷിയോ ബിസിനസോ എന്തുതന്നെയാണെങ്കിലും അതിനു മാറ്റമുണ്ടാകില്ല. പഠിച്ചിട്ട് എന്താണ് കാര്യം, നിന്നെക്കാളും നന്നായി പഠിച്ച എത്രയോ പേർ ജോലി ലഭിക്കാതെ അലയുന്നുണ്ടെന്ന ചോദ്യം കേൾക്കുമ്പോൾ ചിലരുടെ മനസുകളിലേക്ക് അത്തരം ചിന്തകൾ വ്യാപിക്കുന്നു. കഠിനാധ്വാനം ചെയ്ത അനേകർ പരാജയപ്പെട്ട പരീക്ഷയിൽ നീ വിജയിക്കാൻ പോകുന്നോ എന്ന ചോദ്യമായിരിക്കും മറ്റുചിലരുടെ.
നിന്നെക്കാളും അറിവും സാമർത്ഥ്യവും സമ്പത്തും ഉണ്ടായിരുന്നവർ പരാജയപ്പെട്ടിടത്താണോ ബിസിനസ് നടത്തി വിജയിക്കാൻ ശ്രമിക്കുന്നത് എന്നുള്ള ചോദ്യങ്ങളും മുമ്പിലുയരാം. കാർഷികരംഗം വിലത്തകർച്ചയിലൂടെ പോകുമ്പോൾ എന്തിനു പുതിയ ശ്രമങ്ങൾ നടത്തി റിസ്‌ക്ക് എടുക്കണമെന്ന ചോദ്യമായിരിക്കും ചിലപ്പോൾ കർഷകർ നേരിടേണ്ടിവരുന്നത്. സുഹൃത്തുക്കളിൽനിന്നോ പ്രിയപ്പെട്ടവരിൽനിന്നോ ആകാം ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ. കേൾക്കുമ്പോൾ ശരിയാണല്ലോ എന്ന തോന്നൽ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് ചഞ്ചലമനസ്‌ക്കർക്ക്.
ഒരു മേഖല തിരഞ്ഞെടുക്കുമ്പോൾ അതിന്റെ വിപരീത വശങ്ങൾ പരിഗണിക്കണം. അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽനിന്നും അഭിപ്രായം ചോദിക്കുന്നതും നല്ലതാണ്. എന്നാൽ, ജീവിതത്തെ നെഗറ്റീവായി കാണുന്നവരോട് അഭിപ്രായങ്ങൾ തേടരുത്.
കാരണം, എന്തിന്റെയും വിപരീത വശങ്ങളായിരിക്കും അവരുടെ മനസുകളിൽ. പലരും കഠിനാധ്വാനത്തിന് മുതിരുന്നില്ലെന്നുമാത്രമല്ല, മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവർ ഉന്നയിച്ച കാരണങ്ങളെ പോസിറ്റീവായി സമീപിച്ചാൽ വിജയിക്കുവാനുള്ളവ അതിനുള്ളിലുണ്ട്. തന്നെക്കാളും പഠനത്തിലും അറിവിലും പിന്നിൽ ഉണ്ടായിരുന്ന എത്രയോ പേർ വിജയിച്ചിരിക്കുന്നു എന്ന് ചിന്തിക്കാനാകണം. കാർഷിക മേഖലയിൽ പ്രതിസന്ധികൾ ഉള്ളപ്പോൾത്തന്നെ വൈവിധ്യവല്ക്കരണംകൊണ്ടും ശാസ്ത്രീയമായ കൃഷിമാർഗങ്ങൾ അവലംബിച്ചതുവഴിയും വിജയിച്ചവർ നിരവധിയാണ്.
പരാജയപ്പെട്ടവരെ നോക്കി ആകുലപ്പെടുന്നതിനുപകരം വിജയിച്ചവരെ നോക്കി മുമ്പോട്ടുകുതിക്കണം. ഏതൊക്കെ വിധത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയാലും പരാജയങ്ങൾ ഉണ്ടാകാം. ജീവിതത്തിൽ വിജയിച്ചവരുടെ ചരിത്രങ്ങൾ പരിശോധിച്ചാൽ പൊതുവായി കാണാൻ കഴിയുക-അവരെല്ലാം എപ്പോഴെങ്കിലും പരാജയപ്പെട്ടവരാണ് എന്നതായിരിക്കും. പരാജയങ്ങൾ അവസാനമല്ല, അവ പുതിയ സാധ്യതകൾ തുറക്കുകയാണ്. ഒപ്പം വിലയിരുത്തലിനുള്ള അവസരംകൂടിയാകണം. നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചകളെ പരിഹരിച്ച് മുന്നേറുമ്പോൾ വലിയ വിജയങ്ങളിലേക്ക് ആയിരിക്കും എത്തുന്നത്.
പരാജയഭീതിയെ ന്യായീകരിക്കുവാൻ കാരണങ്ങൾ കണ്ടെത്തുവാൻ പ്രയാസമില്ല. ചിലപ്പോൾ മുമ്പിലുള്ളത് പ്രതിസന്ധികളുടെ നീണ്ട നിരയായിരിക്കും. വിജയിച്ച എല്ലാവരുടെയും മുമ്പിൽ പലവിധത്തിലുള്ള പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവർ അതിലേക്കു നോക്കി തളർന്നില്ല. പ്രതിസന്ധികളിലേക്കു നോക്കി കഴിവുകൾ കുഴിച്ചുമൂടരുത്. ചില കണ്ടുപിടുത്തങ്ങൾ സമൂഹത്തെ മാറ്റിമറിച്ചിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ചരിത്രം ഉദാഹരണമാണ്. അമേരിക്കക്കാരനായ മാർട്ടിൻ കൂപ്പർ 1973-ൽ കണ്ടുപിടിച്ച മൊബൈൽ ഫോൺ വിപണിയിലെത്തിയത് 1983-ലായിരുന്നു.
അദ്ദേഹത്തിന്റെ ഭാവനയിൽപ്പോലും ഉണ്ടാകാനിടയില്ലാത്ത വിധം കുറഞ്ഞവർഷങ്ങൾകൊണ്ട് മൊബൈൽ ഫോൺ ജനജീവിതത്തിന്റെ ഭാഗമായിത്തീർന്നു. ഫോൺ ചെയ്യുക എന്നത് മൊബൈൽ ഫോണിന്റെ ഒടുവിലത്തെ ആവശ്യമെന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഒരു കണ്ടുപിടുത്തത്തിന്റെ വളർച്ചയും പരിണാമവുമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. എന്നാൽ, 25 വർഷങ്ങൾക്കുശേഷമാണ് ആ കണ്ടുപിടുത്തം ഉണ്ടാകുന്നതെങ്കിൽ അതുവഴി ലഭ്യമാകുന്ന പ്രയോജനങ്ങൾ സമൂഹത്തിൽ എത്തണമെങ്കിൽ അത്രയും വർഷങ്ങൾക്കൂടി കാത്തിരിക്കേണ്ടിവരില്ലായിരുന്നോ? ഒരു വ്യക്തിയിലൂടെ ദൈവം ലോകത്തെ അനുഗ്രഹിക്കുകയായിരുന്നു. നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകൾ വിനിയോഗിക്കാൻ തുടങ്ങുമ്പോൾ ചരിത്രത്തെ സ്വാധീനിക്കുന്ന വിധത്തിലേക്ക് അതു മാറിയെന്നും വരാം.
ഭൗതിക ജീവിതത്തിൽ മാത്രമല്ല, ആത്മീയ ജീവിതത്തിലും ഇത്തരം വഴിമാറിനടക്കലുകൾ അനിവാര്യമാണ്. ദൈവം ആവശ്യപ്പെടുന്ന വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സമൂഹം അംഗീകരിക്കണമെന്ന് നിർബന്ധമില്ല. കത്തോലിക്കാ സഭയിലെ വിശുദ്ധന്മാരുടെ ചരിത്രം പരിശോധിച്ചാൽ ബഹുഭൂരിപക്ഷവും ജീവിതകാലത്ത് ലോകത്തിന്റെ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഏല്‌ക്കേണ്ടിവന്നവരായിരുന്നു.
എന്നു കരുതി ലോകത്തിന്റെ പ്രീതി അന്വേഷിച്ച് അവർ വഴിമാറി നടന്നിരുന്നെങ്കിൽ ഇപ്പോൾ അവരെപ്പറ്റി കേൾക്കുമായിരുന്നില്ല. ലോകം നൽകുന്ന അംഗീകാരങ്ങൾക്ക് ആയുസ് കുറവായിരിക്കും. ഇന്ന് ആദരിക്കുന്നവർ നാളെ തള്ളിപ്പറഞ്ഞെന്നും വരാം. അതിനാൽ ലോകത്തിന്റെ അംഗീകാരങ്ങൾക്ക് പിന്നാലെ ഓടരുത്. ദൈവം നമ്മെ സമയത്തിന്റെ തികവിൽ ഉയർത്തിക്കൊള്ളും.
ദൈവം തന്നിരിക്കുന്ന കഴിവുകൾ ലോകത്തിന്റെ നന്മക്കായി വിനിയോഗിക്കാൻ നമുക്ക് കടമയുണ്ട്. താലന്തുകളുടെ ഉപമയിൽ, ലഭിച്ച താലന്ത് പ്രയോജനപ്പെടുത്താതെ മണ്ണിനടിയിൽ കുഴിച്ചിട്ട ഭൃത്യനോട് നിർദാക്ഷിണ്യത്തോടെ പെരുമാറുന്ന യജമാനനെയാണ് കാണുന്നത്. ദൈവം ഓരോരുത്തർക്കും കഴിവുകൾ നൽകിയിരുക്കുന്നത് വ്യക്തിപരമാണെങ്കിലും അതിലൂടെ സമൂഹത്തോട് നിറവേറ്റേണ്ട കടമകളുണ്ട്. സമൂഹത്തിന്റെ വളർച്ചക്കൂടി ഉപയോഗിക്കുന്നതിനാണ് അത് ദൈവം നൽകിയിരിക്കുന്നത്. അതിനാൽ താലന്തുകൾ പാഴാക്കുമ്പോൾ അവനവനോടും സമൂഹത്തോടും ചെയ്യുന്ന അനീതിയായി മാറുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?