Follow Us On

29

March

2024

Friday

യാചിക്കുന്ന വിശ്വാസവും ആവശ്യപ്പെടുന്ന വിശ്വാസവും

യാചിക്കുന്ന വിശ്വാസവും ആവശ്യപ്പെടുന്ന വിശ്വാസവും

രണ്ട് സാഹചര്യങ്ങളിലാണ് മനുഷ്യർ യാചനകൾ നടത്തുന്നത്. ഒന്ന്, അവകാശം അഥവാ അർഹത ഇല്ലാത്തത് മറ്റൊരാളോട് അപേക്ഷിക്കുക. ഭിക്ഷ യാചിക്കുന്നവർ ഉദാഹരണമാണ്. മാർക്ക് കുറഞ്ഞതുകൊണ്ട് മെറിറ്റിൽ അഡ്മിഷൻ ലഭിക്കുകയില്ലാത്തവർ അഡ്മിഷനുവേണ്ടി അപേക്ഷിക്കുന്നത് ഉദാഹരണമാണ്. ഔദ്യോഗികമായി സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ബസ് നിർത്തിത്തരുവാൻ അപേക്ഷിക്കുന്നത് ഉദാഹരണമാണ്. ചികിത്സക്കോ വീടുവയ്ക്കുവാനോ പഠിപ്പിക്കുവാനോ വിവാഹം നടത്തുവാനോ ഒക്കെ മറ്റുള്ളവരുടെ സഹായം ചോദിക്കുന്നത് ഉദാഹരണമാണ്. ഇങ്ങനെ മറ്റുള്ളവർ അപേക്ഷയുമായി സമീപിക്കുമ്പോൾ ചിലർ സഹായിക്കും. മറ്റുചിലർ സഹായിക്കുകയില്ല. വേറൊരു കൂട്ടർ അപമാനിച്ചും വഴക്കു പറഞ്ഞും പ്രതികരിക്കും.
രണ്ടാമത്തെ അപേക്ഷ അർഹതപ്പെട്ടത് ലഭിക്കാനാണ്. തല്ലുകയും വഴക്ക് പറയുകയും ചെയ്യരുത് എന്ന് ഭർത്താവിന്റെ മുമ്പിൽ അപേക്ഷിക്കുന്ന ഭാര്യ, അർഹതപ്പെട്ട കാര്യം തന്നെയാണ് ചോദിക്കുന്നത്. പഠനോപകരണങ്ങൾ വാങ്ങിത്തരണമെന്ന് മാതാപിതാക്കളോട് അപേക്ഷിക്കുന്ന കുട്ടി അർഹിക്കുന്ന കാര്യംതന്നെയാണ് അപേക്ഷിക്കുന്നത്. സുഖമില്ലാത്തതുകൊണ്ട്, അഥവാ ഒരു അടിയന്തിര കാര്യം വന്നതുകൊണ്ട്, ഒരു ദിവസത്തെ ലീവ് അപേക്ഷിക്കുന്ന തൊഴിലാളി അർഹതപ്പെട്ടതുതന്നെയാണ് അപേക്ഷിക്കുന്നത്.
അർഹതപ്പെട്ട കാര്യം യാചിച്ചിട്ട് കിട്ടാതെ വരുമ്പോൾ ചിലപ്പോൾ നമ്മൾ ആവശ്യപ്പെടും. തല്ലരുതേ, വെറുതെ വഴക്കു പറയരുതേ എന്ന് അപേക്ഷിച്ചിട്ടും ഭർത്താവ് കേൾക്കുന്നില്ലെങ്കിൽ, ചിലപ്പോൾ ഭാര്യമാരുടെ രീതി മാറ്റും. മേലാൽ എന്നെ തല്ലരുത് എന്ന് ചിലപ്പോൾ കൽപിച്ചെന്ന് വരും. ലീവ് അപേക്ഷിച്ചിട്ട് കിട്ടാതെ വന്നാൽ തൊഴിലാളി ചിലപ്പോൾ അത് നിർബന്ധപൂർവം ആവശ്യപ്പെട്ടെന്നു വരാം. യാചിച്ചിട്ട് കിട്ടാത്തത്, ആവശ്യപ്പെടുമ്പോൾ കിട്ടുന്നതിന്റെ ധാരാളം ഉദാഹരണങ്ങൾ ഉണ്ടല്ലോ. യാചിച്ചിട്ട് ലഭിക്കാത്തത് ആവശ്യപ്പെടുമ്പോൾ ഗവൺമെന്റും സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ചെയ്തുകൊടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ധാരാളം ഉണ്ടല്ലോ.
ആത്മീയ ജീവിതത്തിൽ, നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തോട് അർഹതയില്ലാത്തവരെപ്പോലെ യാചിക്കാം; അർഹതയുള്ളവരെപ്പോലെയും ചോദിക്കാം. ഉൽപത്തി 32-ൽ ദൈവവുമായി മൽപിടുത്തം നടത്തുന്ന യാക്കോബിന്റെ വിവരണമുണ്ട്. രാത്രി മുഴുവൻ തന്നോട് മൽപിടുത്തം നടത്തിയവനോട് യാക്കോബ് പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാൻ വിടുകയില്ല (32:26). അത് യാചനയല്ല; ഒരു നിർബന്ധം പിടിക്കലാണ്. യാക്കോബിന് അനുഗ്രഹം ലഭിക്കുകയും ചെയ്തു. സമാനമായ ഒരു നിർബന്ധമാണ് മത്തായി 15:21-28-ൽ കാനാൻകാരി യേശുവിന്റെ അടുത്ത് ചെലുത്തുന്നത്. മകളിൽനിന്ന് പിശാചിനെ പുറത്താക്കുവാനാണ് ഈ കാനാൻകാരി യേശുവിനോട് അപേക്ഷിച്ചത്. യേശു അതിനുത്തരം പറഞ്ഞില്ല.
ശിഷ്യന്മാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലെ വന്ന് നിലവിളിക്കുന്നല്ലോ. അവളെ പറഞ്ഞയച്ചാലും എന്ന് പറയുമ്പോൾ ആവശ്യം നിറവേറ്റി പറഞ്ഞയക്കണം എന്നാണോ ശല്യം ഒഴിവാക്കാൻവേണ്ടി ഓടിക്കണം എന്നാണോ ശിഷ്യർ ഉദ്ദേശിച്ചത്? തുടർന്ന് യേശുവിന്റെ പ്രതികരണം വന്നു: ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്. വീണ്ടും ആ സ്ത്രീ നിർബന്ധിച്ചപ്പോൾ യേശു പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല.
ആരും നിരാശയിൽ വീണുപോകാവുന്ന പ്രതികരണം. അരിശവും സങ്കടവും വെറുപ്പും ഒക്കെ തോന്നാവുന്ന പ്രതികരണം. പക്ഷേ, കാനാൻകാരി വീണ്ടും വിശ്വാസത്തോടെയാണ് പ്രതികരിച്ചത്: നായ്ക്കളും യജമാനന്മാരുടെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ. അതിന് യേശുവിന്റെ പ്രതികരണം ശ്രദ്ധാർഹമാണ്: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ. ആ സമയം മുതൽ അവളുടെ മകൾ സുഖമുള്ളവളായി എന്ന് എഴുതിക്കൊണ്ട് മത്തായിശ്ലീഹാ ഈ സംഭവത്തിന്റെ വിവരണം അവസാനിപ്പിക്കുന്നു.
യേശു, യഹൂദർ, വിജാതിയർ എന്നീ മൂന്നു കൂട്ടരുമായുള്ള ബന്ധം പരിശോധിച്ചാൽ ചില കാര്യങ്ങൾ മനസിലാകും. ഒന്ന്, യേശുവും യഹൂദരിൽ ഒരു വിഭാഗവും തമ്മിൽ ഒരിക്കലും യോജിപ്പ് ഉണ്ടായിട്ടില്ല. പ്രത്യേകിച്ച്, യഹൂദരിലെ ഫരിസേയ-പുരോഹിത വിഭാഗങ്ങൾ എന്നും യേശുവിന് എതിരായിരുന്നു. രണ്ട്, യഹൂദരും വിജാതിയരും തമ്മിലുള്ള ബന്ധവും മോശമായിരുന്നു. ദൈവത്തിന്റെ സ്വന്തം ജനമാണ് യഹൂദർ എന്നും വിജാതിയർ ദൈവംപോലും വെറുക്കുന്ന വിഭാഗമെന്നും യഹൂദർ വിശ്വസിച്ചു.
അതിനാൽ യഹൂദർ, വിജാതിയർക്ക് ഒരു ബഹുമാനവും നൽകിയിരുന്നില്ല. സമരിയാക്കാരി സ്ത്രീയോട് യേശു വെള്ളം ചോദിച്ചപ്പോൾ, ആ സ്ത്രീ പ്രതികരിച്ചത് ഇങ്ങനെയാണ്: നീ ഒരു യഹൂദനായിരിക്കെ, സമരിയാക്കാരിയായ എന്നോട് കുടിക്കാൻ ചോദിക്കുന്നതെന്ത്? (യോഹ. 4:9). മൂന്ന്, യേശുവും വിജാതിയരും തമ്മിലുള്ള ബന്ധം. അത് എപ്പോഴും നല്ല ബന്ധമായിരുന്നു. യഹൂദദൻ എന്ന് സ്വയം അഭിമാനിക്കുകയും എന്നാൽ രക്ഷകനായി അയക്കപ്പെട്ട തന്നെ വിശ്വസിക്കാതിരിക്കുകയും വിമർശിക്കുകയും ചെയ്യുന്ന യഹൂദരെക്കാൾ, യഹൂദർ വിജാതിയരായി കണ്ട ജനങ്ങൾതന്നെയാണ് ദൈവത്തിന്റെ കൃപയും രക്ഷയും കണ്ടെത്തുന്നത് എന്നത് നാം ശ്രദ്ധിക്കണം.
പാരമ്പര്യം, ചരിത്രം, കുടുംബബന്ധം, രക്തബന്ധം എന്നിവയെക്കാൾ ഉപരി ദൈവം വില കൊടുക്കുന്നത് വിശ്വാത്തിലൂടെയുള്ള ബന്ധത്തിനാണ്. വിശ്വാസംവഴി യേശുവിനോട് ബന്ധം സ്ഥാപിച്ച എല്ലാവരിലേക്കുമാണ് ദൈവത്തിന്റെ കൃപയും രക്ഷയും കടന്നുചെല്ലുന്നത്.
നമ്മുടെ വിശ്വാസം യാചിക്കുന്ന വിശ്വാസത്തിന്റെ തലംവിട്ട് മക്കളുടെ അവകാശത്തോടെ ചോദിക്കുന്ന വിശ്വാസത്തിന്റെ തലത്തിലേക്ക് ഉയർന്നാൽ കൂടുതൽ മനോഹരമായി. അപ്പസ്‌തോല പ്രവർത്തനങ്ങൾ 4:30-31 ഉദാഹരണമായി എടുക്കാം: അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തികളും അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടണമേ. പത്രോസ് ഇങ്ങനെ അവകാശത്തോടെ പ്രാർത്ഥിച്ചപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ട് നിറഞ്ഞു. നമ്മുടെ വിശ്വാസവും ഇതുപോലെ ആഴപ്പെട്ടാൽ കൂടുതൽ അനുഗ്രഹങ്ങൾ നമുക്കും കിട്ടും.
ഫാ. ജോസഫ് വയലിൽ CMI
@മറുപുറം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?