Follow Us On

29

March

2024

Friday

സ്‌നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർ സ്രാമ്പിക്കൽ ന്യൂകാസിലിൽ സന്ദർശനം നടത്തി

സ്‌നേഹസ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർ സ്രാമ്പിക്കൽ ന്യൂകാസിലിൽ സന്ദർശനം നടത്തി

പ്രസ്റ്റൺ: തുടർച്ചയായ ദിവസങ്ങളിലെ വിശ്രമമില്ലാത്ത യാത്രകളിലും തളരാതെ യാത്രയിലാണ് നിയുക്ത ഇടയൻ മാർ ജോസഫ് സ്രാമ്പിക്കൽ. മെത്രാഭിഷേകത്തനും ഔദ്യോഗിക ഉത്തരവാദിത്വമേറ്റെടുക്കുന്നതിനും മുമ്പായി നടക്കുന്ന പ്രാഥമിക സന്ദർശന പരിപാടിയുടെ ഭാഗമായി ന്യൂകാസിൽ പ്രദേശങ്ങളിലാണ് മാർ സ്രാമ്പിക്കൽ പര്യടനം നടത്തിയത്. നിറഞ്ഞ പുഞ്ചിരിയുമായി തങ്ങളുടെ അരികിലേക്കെത്തിയ പുതിയ ഇടയനെ ന്യൂകാസിൽ സീറോ മലബാർ ചാപ്ലയൻസിയുടെ ആത്മീയ ഇടയൻ ഫാ. സജി തോട്ടത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് വംശജരായ വൈദികരും നിരവധി അല്മായരുമുൾപ്പെടെ സ്‌നേഹാദരവുകളോടെ സ്വീകരിച്ചു.
മൂന്നുമണിയോടെ സണ്ടർലാന്റിൽ എത്തിച്ചേർന്ന മാർ സ്രാമ്പിക്കലിനെ ഫാ. മൈക്കിൾ മക്‌കോയ് സ്വീകരിച്ചു. സണ്ടർലാന്റ് സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ നടക്കുന്ന 24 മണിക്കൂർ ആരാധനാശുശ്രൂഷയിലും മാർ സ്രാമ്പിക്കൽ പങ്കുചേർന്നു. തുടർന്ന് സണ്ടർലാന്റിലെ സെന്റ് അൽഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയിലെ കമ്മിറ്റിയംഗങ്ങളെ കണ്ട് ഇടവകയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
ജന്മദിനമാഘോഷിക്കുന്ന ന്യൂകാസിൽ സെന്റ് റോബർട്ട് ദൈവാലയ വികാരി ഫാ. ഷോൺ ഒണീലിനെ സന്ദർശിച്ച് ആശംസകളർപ്പിച്ച പുതിയ ഇടയൻ, രോഗബാധിതനായി ഭവനത്തിൽ വിശ്രമത്തിലായിരിക്കുന്ന ചില വ്യക്തികളെ സന്ദർശിച്ച് ആശംസിക്കാനും പ്രാർത്ഥിക്കാനും സമയം കണ്ടെത്തി. തുടർന്ന് വിശുദ്ധ കുർബാനയർപ്പിച്ചശേഷം സെന്റ് തോമസ് സീറോ മലബാർ, ന്യൂകാസിൽ കൂട്ടായ്മയോട് സംസാരിച്ചു. രാത്രി 10.30-ഓടുകൂടി അഡ്രിയാൻ ഡിക്‌സണെ സന്ദർശിച്ച് മൂന്നുദിന സന്ദർശന പരിപാടികൾ പൂർത്തിയാക്കി.
തുടർച്ചയായ യാത്രകളുടെ ക്ഷീണം അലട്ടുന്നുണ്ടെങ്കിലും പുഞ്ചിരിയോടും സ്‌നേഹത്തോടുംകൂടെ തന്നെ സ്വീകരിക്കുന്ന സഭാമക്കളെ കാണുമ്പോൾ തന്റെ ക്ഷീണവും മടുപ്പുമെല്ലാം മറക്കുകയാണെന്ന് നിയുക്ത ഇടയൻ പറഞ്ഞു. മെത്രാഭിഷേകത്തിന് മുമ്പുതന്നെ തങ്ങളുടെ വലിയ ഇടയനെ നേരിട്ട് കാണാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഓരോ സ്ഥലത്തും വിശ്വാസികൾ. അതോടൊപ്പം ഇംഗ്ലീഷ് വൈദികർക്ക് സീറോ മലബാർ സഭയോടും സീറോ മലബാർ വിശ്വാസികളോടുമുള്ള വലിയ സ്‌നേഹം മനസിലാക്കാൻ ഈ യാത്രയിലുടനീളം സാധിക്കുന്നുണ്ടെന്ന് മാർ സ്രാമ്പിക്കൽ സൂചിപ്പിച്ചു. ഇന്ന് ലീഡ്‌സ് രൂപതയിലാണ് മാർ സ്രാമ്പിക്കൽ സന്ദർശനം നടത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?