Follow Us On

28

March

2024

Thursday

അകക്കണ്ണിലൂടെ ദൈവകൃപയുടെ വഴികളിൽ…

അകക്കണ്ണിലൂടെ ദൈവകൃപയുടെ വഴികളിൽ…

‘നിനക്കെന്റെ കൃപ മതി’ എന്ന ദൈവവചനം തന്റെ ജീവിതത്തിൽ ഏറ്റുപറഞ്ഞതാണ് ഡോയൽ ജേക്കബ് എന്ന വിദ്യാർത്ഥിനിയുടെ ജീവിതത്തിന് വെളിച്ചമേകുന്നത്. അവളുടെ കാഴ്ച മറഞ്ഞ കണ്ണിലെ തിളക്കത്തിന്റെ അർത്ഥം ഗ്രഹിക്കാൻ കാഴ്ചയുള്ള കണ്ണുകൾ മാത്രം പോരാ; ദൈവസ്‌നേഹത്തിന്റെ ഭാഷ മനസിലാക്കാൻ കഴിയുന്ന ഒരു ഹൃദയവും കൂടി വേണം.
2005 ൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ തലവേദനയെ തുടർന്ന് തലച്ചോറിൽ ഓപ്പറേഷൻ വേണ്ടിവന്നു. വളരെ ചെറിയ ഒരു മുഴ തലച്ചോറിൽ ഉണ്ടായിരുന്നത് വെല്ലൂർ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഓപ്പറേഷൻ ചെയ്തുനീക്കി. പൂർണമായി സുഖം പ്രാപിച്ച് തിരിച്ചെത്തിയ ഡോയൽ 2005 ഫെബ്രുവരി 25 ന് സ്‌കൂൾ വാർഷികദിനത്തിൽ, തനിക്കുവേണ്ടി പ്രാർത്ഥിച്ച സഹപാഠികൾക്കും അധ്യാപകർക്കും സൗഖ്യം നൽകിയ ദൈവത്തിനും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. തിങ്കൾ ആയതോടെ പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ ഡോയലിന്റെ കാഴ്ച മങ്ങിത്തുടങ്ങി. വൈദ്യശാസ്ത്രത്തിന് ഇക്കാര്യത്തിൽ ഒരു വിശദീകരണവും നൽകാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇതിന് ചികിത്സയും നടത്താനായില്ല. കാഴ്ചയില്ലായ്മയിൽ കാലിടറിയപ്പോൾ ദൈവം ഇടപെട്ടു, അവിടുന്ന് ഡോയലിനോട് പറഞ്ഞു ”നിനക്ക് എന്റെ കൃപ മതി.” ഈ വചനം നൽകിയ ശക്തിയിൽ മുന്നേറിയ ഡോയൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ചു. ഇത് മഹത്തായൊരു വിജയമായി അവൾ പഠിച്ച കോഴിക്കോട് ബി.ഇ.എം ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളധികൃതരും വിദ്യാർത്ഥികളും കാണുന്നു.
പാഠഭാഗങ്ങൾ കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്തശേഷം കേട്ടുപഠിക്കുന്ന ഡോയലിന്, അധ്യാപികയായ അമ്മ ഷെറിയും ചേച്ചി ക്രിസ് മരിയയും സഹായത്തിനുണ്ട്. ബി.ഇ.എം ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന ഡോയലിനെ പത്താം പരീക്ഷ എഴുതാൻ സഹായിച്ചത് പ്രൊവിഡൻസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.തന്റെ തലച്ചോറിലെ അസുഖത്തിന് പൂർണസൗഖ്യം നൽകിയ കർത്താവ്, കണ്ണുകളുടെ കാഴ്ചയും തിരിച്ചു നൽകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഡോയലും കുടുംബാംഗങ്ങളും. അതല്ല, മറിച്ചാണ് ദൈവഹിതമെങ്കിലും അവിടുത്തെ കൃപാസമൃദ്ധിയിൽ ഇനിയും വലിയ നേട്ടംകൈവരിക്കാൻ കഴിയുമെന്ന് ഡോയൽ പ്രത്യാശിക്കുന്നു.
ബ്രെയിൻ ലിപി പഠിച്ചത് ഇന്ന് ബൈബിൾ വായനയ്ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നു. പുതിയ നിയമം മാത്രമേ ബ്രെയിൻ ലിപിയിൽ ലഭ്യമായിട്ടുള്ളൂ. പഴയ നിയമം കൂടി ഇപ്രകാരം ലഭിക്കുന്നതിന് കാത്തിരിക്കുകയാണ് ഡോയൽ.കോഴിക്കോട് പ്രൊവിഡൻസ് കോളതിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ രണ്ടാംവർഷത്തിന് ബിരുദത്തിന് പഠിക്കുന്ന ഡോയലിന് സിവിൽ സർവീസ് പരീക്ഷയെഴുതാനാണാഗ്രഹം. കോഴിക്കോട് അരവിന്ദ്‌ഘോഷ് റോഡിൽ പുലിക്കോട്ടിൽ ജേക്കബാണ് പിതാവ്. അമ്മ ഷെറി.
ഇംഗ്ലീഷ് കഥാരചന, കവിതാരചന, പ്രസംഗം തുടങ്ങിയ പാഠ്യേതര രംഗങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള ഡോയൽ തിരുവനന്തപുരം ടോക്കിംഗ് ലൈബ്രറി, ചെന്നൈ ഓൺലൈൻ റീഡിംഗ് ക്ലബ് എന്നിവയിൽ അംഗമാണ്.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?