Follow Us On

29

March

2024

Friday

മക്കൾക്ക് വിവാഹം ആലോചിക്കരുത്

മക്കൾക്ക് വിവാഹം ആലോചിക്കരുത്

മക്കൾക്ക് വിവാഹം ആലോചിക്കരുതെന്നോ? വിരോധാഭാസം എന്നല്ല ആഭാസം ആണോ പറയുന്നത് എന്നുപോലും തോന്നാം. എന്നാൽ വീണ്ടും എടുത്തു പറയുന്നു ‘മക്കൾക്ക് വിവാഹം ആലോചിച്ചു നടക്കരുത്.’ പറയുന്നവർക്കും എഴുതുന്നവർക്കും പറയാം. എന്നാൽ മക്കൾ വളർന്ന് 25 വയസാകുമ്പോൾ മാതാപിതാക്കൾക്കേ അതിന്റെ വ്യസനം അറിയൂ. അല്ലേ?
മക്കൾക്ക് വിവാഹം ആലോചിച്ചു ബുദ്ധിമുട്ടണമെങ്കിൽ മക്കൾക്ക് 25 വയസാകുമ്പോൾ ആറുമാസം ബുദ്ധിമുട്ടിയാൽ വിവാഹം നടക്കും. എന്നാൽ മക്കൾക്ക് വിവാഹം ആലോചിക്കാതെ നല്ല വിവാഹം നടക്കണമെങ്കിൽ 25 വർഷം അവരെ നല്ല രീതിയിൽ വളർത്തണം. മക്കൾക്ക് വിവാഹം ആലോചിക്കരുത് എന്നു പറയുമ്പോൾ അവർ തന്നെ തങ്ങളുടെ ഇണകളെ കണ്ടുപിടിച്ച് രജിസ്റ്റർ വിവാഹം നടത്തിപ്പോകണം എന്നല്ല. നമ്മൾ വളർത്തുന്ന മക്കൾ വിവാഹപ്രായം എത്തുമ്പോൾ ഏകദേശം 10-15 വിവാഹാലോചനകൾ ഇങ്ങോട്ട് വരണം. അങ്ങനെ സംഭവിക്കണമെങ്കിൽ, നമ്മുടെ കുട്ടികളുടെ നടത്തം, നോട്ടം, പഠനം, ജോലി സമ്പാദ്യം, വേഷവിധാനം, പ്രാർത്ഥന, മാതാപിതാക്കളോടുള്ള കരുതൽ ഇവയെല്ലാം നന്നായിരിക്കണം. പോരാ വളരെ വളരെ നന്നായിരിക്കണം. ഒരു യുവാവ്/യുവതി സമൂഹത്തിൽ വളരുമ്പോൾ മാതാപിതാക്കൾക്ക് തോന്നണം- ഈ പെൺകുട്ടിയെ/ആൺകുട്ടിയെ എന്റെ മരുമകളായി/മരുമകനായി കിട്ടിയാൽ നന്നായിരുന്നു എന്ന തോന്നൽ ഉണ്ടാകണം. അതുപോലെ ഒരു പെൺകുട്ടിയെയോ ആൺകുട്ടിയെയോ കാണുമ്പോൾ ഇവൾ എന്റെ ഭാര്യ/ഭർത്താവ് ആയാൽ കൊള്ളാം എന്ന തോന്നൽ ഉണ്ടാകണം (ബാഹ്യസൗന്ദര്യം, പ്രേമം, തെറ്റായ രീതിയിലുള്ള ചിന്തകൾ തുടങ്ങിയ കാരണങ്ങളാൽ ആകരുത്).
ഇങ്ങനെയൊക്കെ യുവാക്കളുടെ-യുവതികളുടെ ജീവിതത്തിൽ ഉണ്ടാകണമെങ്കിൽ എന്തു ചെയ്യണം? വിശുദ്ധ ബൈബിൾ പറയുന്നു: ‘ആരും നിന്റെ യൗവനം തുച്ഛീകരിക്കരുത്.’
യൗവനം തുച്ഛീകരിക്കാതെ ഇരിക്കണമെങ്കിൽ ബാലൻ/ബാലിക ചെറുപ്രായത്തിലേ ദൈവത്തിൽ അടിയുറച്ച് വിശ്വസിച്ച് നല്ല സ്വഭാവത്തിൽ വളരണം. വളരണമെങ്കിൽ അവരെ വളർത്തണം.
ബഡ്‌റബ്ബർ കുഴിച്ചുവച്ച് അതിനെ നല്ല രീതിയിൽ വളർത്തുവാൻ കാണിക്കുന്ന വ്യഗ്രതയെങ്കിലും കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കൾ കാണിച്ചാൽ നല്ല യുവാക്കളെ/ യുവതികളെ നമുക്ക് ലഭിക്കും. നമ്മൾ മക്കളോടു പറയുന്നു, നല്ല സ്വഭാവത്തിൽ വളരണം. മറ്റുള്ളവരെ മോഡലാക്കി കാണിച്ചുകൊടുക്കുന്നു. എന്നാൽ ഒന്നുപറയട്ടെ, മക്കളോട് നിങ്ങൾക്ക് പറയുവാൻ സാധിക്കുമോ- മോനേ, മോളേ നിങ്ങൾ എന്നെപ്പോലെ ആകണം- സ്വഭാവത്തിൽ, വസ്ത്രധാരണ രീതിയിൽ, മറ്റുള്ളവരോട് ഇടപെടുന്നതിൽ എല്ലാറ്റിലും നിങ്ങൾ എന്നെപ്പോലെ ആയിരിക്കണം എന്നു പറയുവാൻ സാധിക്കുമോ? ആഭാസം എഴുതുകയാണെന്ന് തോന്നരുത്. തുടർന്ന് വായിക്കുക.
നിങ്ങളുടെ മക്കൾ വളരുമ്പോൾ നിങ്ങൾക്ക് അവരോട് താഴെ പറയുന്ന രീതിയിൽ പറയുവാൻ സാധിക്കുമോ? ‘നിങ്ങൾ എന്നെപ്പോലെ ജീവിക്കണം. ഞാൻ നിങ്ങളുടെ അമ്മയെ അല്ലാതെ വേറൊരു സ്ത്രീയെ തൊട്ടിട്ടുണ്ടെങ്കിൽ?/ ഞാൻ നിങ്ങളുടെ അപ്പനെ അല്ലാതെ വേറൊരു പുരുഷനെ തൊട്ടിട്ടുണ്ടെങ്കിൽ?- ഞങ്ങൾ തൊട്ടിട്ടില്ല, നിങ്ങളും അങ്ങനെയായിരിക്കണം.
ആ രീതിയിൽ നിങ്ങൾ മക്കളെ വളർത്തണം. കടലിലെ ഉപ്പുവെള്ളത്തിൽ മീൻ ജീവിക്കുമ്പോഴും അതിന്റെ ശരീരത്തിൽ ഉപ്പിന്റെ അംശം കയറുന്നില്ല. അതുപോലെ ആധുനിക ലോകത്തിന്റെ എല്ലാ തിന്മകളും വളരുന്ന- മറ്റുള്ളവരാൽ വളർത്തപ്പെടുന്ന ക്യാമ്പസുകളിൽ നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ ജീവിതത്തിന്റെ യൗവനകാലം കഴിക്കുമ്പോൾ ആരും അവരുടെ യൗവനം തുച്ഛീകരിക്കരുത്.
മകന്റെ, മകളുടെ യൗവനം ആരും തുച്ഛീകരിക്കാതെ ഇരുന്നാൽ ആരും തന്നെ അവർക്ക് വിവാഹം ആലോചിച്ച് അലയേണ്ടിവരില്ല. അവരെത്തേടി നിങ്ങളുടെ മകനെ, മകളെ, ഞങ്ങളുടെ വീട്ടിൽ മകനായിട്ടും മകളായിട്ടും ലഭിക്കുമോ എന്നു ചോദിച്ച് ധാരാളം ആലോചനകൾ ഇങ്ങോട്ടുവരും. ഏറ്റവും ഉചിതം എന്നു ദൈവം തോന്നിപ്പിക്കുന്നത് തെരഞ്ഞെടുത്താൽ മാത്രം മതി. അതെ, മക്കൾക്ക് വിവാഹം ആലോചിക്കരുത്.
സാബു മേടയിൽ ഈപ്പൻ, നീലഗിരി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?