Follow Us On

16

April

2024

Tuesday

മിണ്ടാമഠങ്ങൾ കഥ പറയുമ്പോൾ…

മിണ്ടാമഠങ്ങൾ കഥ പറയുമ്പോൾ…

സഭയ്ക്കും ലോകത്തിനുമായി ആരും അറിയാതെ പ്രാർത്ഥിക്കുന്ന മിണ്ടാമഠങ്ങളിലെ അർത്ഥിനികൾ ആധുനിക ലോകത്തിന് അത്ഭുതമാണ്. പോൾ ആറാമൻ മാർപാപ്പ ഈ സഹോദരിമാരെക്കുറിച്ചിങ്ങനെ പറഞ്ഞു: ‘അവരെ തടയേണ്ട, അവരുടെ പ്രാർത്ഥന തിരുസഭയ്ക്ക് വിലയേറിയതാണ്.’ മിണ്ടാമഠങ്ങളുടെ ആവൃതിക്കുള്ളിൽ നിശബ്ദതയിൽ പാഴായിപ്പോകുന്ന ജന്മമല്ല അവരുടേത്. നിരന്തരമായുളള അവരുടെ പ്രാർത്ഥനകൾ മറ്റൊരു സോദോം ഗോമോറ ആവർത്തിക്കപ്പെടാതിരിക്കാൻ കാരണമാകുന്നില്ലേ… ലോകത്തിനു വെല്ലുവിളി ഉയർത്തു ന്ന ഇവരുടെ ജീവിതങ്ങളെക്കുറിച്ച്…
കത്തോലിക്കാ സഭയുടെ പഠനങ്ങളും വിശ്വാസജീവിതവും ചോദ്യം ചെയ്യപ്പെട്ട പ്രതിസന്ധിഘട്ടങ്ങളിൽ കാറ്റിലും കോളിലും പെട്ട് ആടിയുലഞ്ഞ സഭാനൗകയ്ക്ക് വെളിച്ചമേകികൊണ്ട്, ദീപസ്തംഭങ്ങളായി കാലാകാലങ്ങളിൽ ഉയർന്നുവന്ന സന്യാസസഭകൾ സഭയുടെ വിശ്വാസജീവിതത്തെ നവീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പ്രബോധനത്തിൽ നിന്നും വ്യതിചലിക്കാതെ സത്യസഭയെ കാത്തുസൂക്ഷിക്കുന്നതിന് ഈ സന്യാസസഭകളുടെ സ്ഥാപകപിതാക്കന്മാരെ പരിശുദ്ധാത്മാവ് യഥാസമയം പ്രചോദിപ്പിച്ചിരുന്നു.
പുരാതനസഭയുടെ വിശ്വാസത്തെ കാത്തുസൂക്ഷിക്കുന്നതിന് വി.ബനടിക്ടും സഭയുടെ ലളിതവും ദാരിദ്ര്യാരൂപിയിലുള്ളതുമായ ജീവിതം ചോർന്നുപൊയ്‌ക്കൊണ്ടിരുന്നപ്പോൾ അസ്സീസിയിലെ വി.ഫ്രാൻ സീസും തുടർച്ചയായി പാഷണ്ഡതകളും ശീശ്മകളും സഭാഗാത്രത്തെ കാർന്നുതിന്നപ്പോൾ വി.ഡൊമിനിക്കും വി.അഗസ്റ്റിനും മാർ ട്ടിൻ ലൂഥറിന്റെ പ്രൊട്ടസ്റ്റന്റ് ചിന്തകൾ സഭയെ പിടിച്ചുലച്ചപ്പോൾ ആവിലായിലെ വി.അമ്മത്രേസ്യായും കുരിശിന്റെ വി.യോഹന്നാനുമൊക്കെ ഇങ്ങനെ ഉദയം ചെയ്ത വിശുദ്ധാത്മാക്കളാണ്. ഇവർ തങ്ങളുടെ ജീവിതവും പഠനവും പ്രസംഗങ്ങളും വഴി ഓരോ പ്രതിസന്ധിഘട്ടത്തിലും സഭയുടെ നെടുംതൂണുകളായി വിശ്വാസജീവിതത്തെ കാത്തുപാലിച്ചുപോന്നു. സഭയുടെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഈ വിശുദ്ധാത്മാക്കളുടെ ജീവിതം ക്രിസ്തീയ വിശ്വാസത്തിന്റെ സവിശേഷതയും അനന്യതയും നമ്മെ ഓർമ്മപ്പെടുത്തുന്നു.
കത്തോലിക്കാ സഭയിൽ വളരെ പുരാതനമായ ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന സന്യാസസഭയാണ് കർമ്മലീത്താ സന്യാസ സഭ. നാമിന്നു കാണുന്ന കർമ്മലീത്താ സഭയ്ക്ക് വളരെ പുരാതനവും സവിശേഷതകൾ നിറഞ്ഞതുമായ ഒരു ചരിത്രം പറയാനുണ്ട്. വി.ഗ്രന്ഥത്തിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ കർമ്മലീത്താ ദൈവവിളിക്ക് ഒരു താരതമ്യം നമുക്ക് കാണാവുന്നതാണ്. ഏലിയാ പ്രവാചകനിൽ തുടങ്ങുന്ന കർമ്മല മലയിലെ ആദ്ധ്യാത്മിക പാരമ്പര്യം ഇന്നും കർമ്മലീത്താ സഭയിലൂടെ അനുസ്യൂതം തുടരുന്നു.
കർമ്മല സഭയുടെ ഉത്ഭവം
ദൈവത്തോടുള്ള സ്‌നേഹത്താൽ ജ്വലിക്കുന്ന ഹൃദയവുമായി ജീവിച്ച ഏലിയാ പ്രവാചകന്റെ (1രാജാ.19:10) പാരമ്പര്യം പിന്തുടർന്നുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ കാർമ്മൽ മലയിൽ ജീവിച്ചിരുന്നു. നൂറ്റാണ്ടുകളായി പലസ്തീനായിലെ കർമ്മലമലയിൽ താപസ്സജീവിതം നയിച്ചുവന്നിരുന്ന ഇവർ ഗുഹകളിലാണ് കഴിഞ്ഞിരുന്നത്. തപസ്സും പ്രാർത്ഥനയുമായി ഏകാന്തജീവിതം നയിച്ചിരുന്ന ഇവരെ പുറംലോകം അറിഞ്ഞുതുടങ്ങിയത് കുരിശുയുദ്ധങ്ങളുടെ കാലത്താണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും കുരിശുയുദ്ധത്തിൽ പങ്കെടുക്കുന്നതിനായി വിശുദ്ധനാടുകളിൽ എത്തിയ യോദ്ധാക്കളിൽ ചിലർ ഈ താപസ്സന്മാരുടെ പ്രാർത്ഥനാജീവിതത്തിൽ ആകൃഷ്ടരായി അവരുടെ സമൂഹത്തിൽ ചേർന്നു. പ്രാർത്ഥനയിലും പരിത്യാഗത്തിലും ഉപവാസത്തിലും ഏകാന്തതയിലുമൊക്കെയായി കർമ്മല മലയിലും സമീപത്തുള്ള മറ്റു മലകളിലുമുള്ള നിരവധി ഗുഹകളിൽ ചെറിയ ഗണങ്ങളായി, വിവിധ സമൂഹങ്ങളായി കഴിഞ്ഞിരുന്ന ഇവരെ ‘ബർത്തോൾഡ്’ എന്ന താപസ്സശ്രേഷ്ഠൻ ഒരുമിച്ചുകൂട്ടി.
ഏ.ഡി.1209-ൽ താപസ്സരുടെ ഒരു സമൂഹം ഏലിയാ പ്രവാചകന്റെ നീരുറവയ്ക്ക് സമീപം സ്ഥാപിതമായിട്ടുണ്ടായിരുന്നു. ഏകസമൂഹമായി ജീവിക്കാനും ഒരുമിച്ച് പ്രാർത്ഥിക്കാനും പൊതുവായ ഒരു ജീവിതക്രമം പാലിക്കാനും ബർത്തോൾഡ് എന്ന ഈ ശ്രേഷ്ഠൻ നേതൃത്വം കൊടുത്തു. ഏകസമൂഹമായി ജീവിക്കുമ്പോൾ പൊതുവായ ചില നിയമങ്ങൾ ആവശ്യമായി വന്നു. ബ്രൊക്കാർഡ് എന്ന താപസ്സശ്രേഷ്ഠന്റെ നേതൃത്വത്തിൽ അന്നത്തെ ജറുസലേം പാത്രിയർക്കീസായിരുന്ന സെന്റ് ആൽബർട്ടിനോട് തങ്ങൾക്ക് ഒരു നിയമാവലി രൂപപ്പെടുത്തിത്തരാൻ അവർ അഭ്യർത്ഥിച്ചു.
ഈ താപസ്സ സമൂഹത്തിന്റെ ജീവിതരീതികളും പ്രാർത്ഥനാശൈലികളും കഠിനമായ തപക്രിയകളും അറിയാമായിരുന്ന പാത്രിയർക്കീസ് ഈ സമൂഹത്തിന്റെ കെട്ടുറപ്പിനും മുന്നോട്ടുള്ള വളർച്ചയ്ക്കും ആവശ്യമായ ഒരു നിയമാവലി എഴുതിക്കൊടുത്തു. 1206-നും 1214-നും ഇടയ്ക്കായിരുന്നു ഇത്. ഹൊണോറിയസ് മാർപാപ്പ, 1226 ജനുവരി മുപ്പതാം തിയതിയും ഗ്രിഗോറിയോസ് ഒമ്പതാമൻ മാർപാപ്പ 1229 ഏപ്രിൽ ആറാം തിയതിയും ഇന്നസന്റ് നാലാമൻ 1245 ജൂൺ എട്ടാം തിയതിയും ഇതംഗീകരിച്ചു. വീണ്ടും ഇന്നസന്റ് നാലാമൻ 1247-ൽ ഒക്‌ടോബർ ഒന്നാം തിയതി കുറച്ച് ഭേദഗതികൾ വരുത്തി വീണ്ടും അംഗീകരിച്ചു. അങ്ങനെ നിരവധി മാർപാപ്പമാരിലൂടെ പഠനത്തിനും വിചിന്തനത്തിനും വിധേയമായിട്ടാണ് സെന്റ് ആൽബർട്ട് എഴുതിയ പൂർവ്വനിയമം പ്രാബല്യത്തിൽ വന്നത്. തുടർന്ന് പേപ്പൽ അംഗീകാരവും ലഭിച്ചു.
സെന്റ് ആൽബർട്ടിനാൽ രചിതമായ ഈ നിയമാവലിയാണ് കർമ്മലീത്താ സഭയുടെ പൂർവ്വനിയമം എന്നപേരിൽ അറിയപ്പെടുന്നത്. രാവും പകലും കർത്താവിന്റെ നിയമത്തെ ധ്യാനിക്കുകയും നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനമായ നിയമം. അതിന് സഹായകമായി ഏകാന്തത, നിശബ്ദത, പരിത്യാഗപ്രവർത്തികൾ, ഉപവാസം, തപഃശ്ചര്യകൾ ഇവയും അത്യന്താപേക്ഷിതമാക്കിക്കൊണ്ട് വളരെ കഠിനമായ ഒരു ജീവിതശൈലി ഉൾക്കൊള്ളുന്നതാണ് പൂർവ്വനിയമം.
നിശബ്ദതയ്ക്കും ഏകാന്തതയ്ക്കും വ്യക്തിപരമായ പ്രാർത്ഥനകൾക്കും സമൂഹപ്രാർത്ഥനകൾക്കും അദ്ധ്വാനത്തിനും പരിത്യാഗപ്രവർത്തികൾക്കും ഉപവാസത്തിനും തപസ്സനുഷ്ഠാനങ്ങൾക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ട് വളരെ കഠിനമായ ഒരു ജീവിതശൈലി ഉൾക്കൊള്ളുന്ന ഈ പൂർവ്വനിയമങ്ങൾ സെന്റ് ആൽബർട്ട് എഴുതി തുടങ്ങുന്നത് ഇപ്രകാരമാണ്.
”കർമ്മല മലയിൽ ഏലിയാ പ്രവാചകന്റെ നീരുറവയ്ക്ക് സമീപം വസിക്കുന്ന, യേശുവിൽ ഏറ്റവും പ്രിയപ്പെട്ട ബ്രൊക്കാർഡിനും അനുസരണത്തിൻ കീഴിൽ അദ്ദേഹത്തിന് വിധേയപ്പെട്ടിരിക്കുന്ന സന്യാസിമാർക്കും ജറുസലേമിന്റെ പാത്രിയർക്കീസാകാൻ ദൈവകൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ആൽബർട്ട് പരിശുദ്ധാത്മാവിന്റെ അനുഗ്രഹവും ആശീർവാദവും നേരുന്നു. പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട് (ഹെബ്രാ. 1:1). പരിശുദ്ധമായ ഹൃദയത്തിലും നല്ല മനസ്സാക്ഷിയിലും നിഷ്‌കപടമായ വിശ്വാസത്തിലും നിന്ന് രൂപംകൊള്ളുന്ന സ്‌നേഹത്തിലൂടെ (1തിമോത്തി 1:5) യേശുക്രിസ്തുവിനെ അനുകരിച്ച് (2കോറി.10:5) ജീവിക്കേണ്ടത് എങ്ങനെയെന്ന് ഈ പൂർവ്വപിതാക്കന്മാർ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
നിങ്ങൾ ഒരു സമൂഹമായി ജീവിക്കുമ്പോൾ സമൂഹജീവിതം ചിട്ടപ്പെടുത്തുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനും നിങ്ങളുടെ സമൂഹത്തിന് ആവശ്യമായ ഒരു നിയമാവലി തയ്യാറാക്കി കിട്ടുന്നതിനായി എന്നെ സമീപിച്ചിരിക്കുന്നതുകൊണ്ട്……” പൂർവ്വനിയമത്തിലെ ആദ്യ വാചകങ്ങളാണ് ഇത്. ”നിങ്ങൾ എപ്പോഴും പ്രവർത്തനനിരതനാണെന്ന് സാത്താന് ബോധ്യപ്പെടുന്നതിനായി നിങ്ങൾ സദാ ഏതെങ്കിലുമൊരു ജോലിയിൽ വ്യാപൃതരാകുക” വി.ജറോമിന്റെ ഈ പ്രബോധനം താൻ എഴുതി തയ്യാറാക്കിയ നിയമാവലിയിൽ സെന്റ് ആൽബർട്ട് വളരെ പ്രാധാന്യത്തോടെ ഉൾക്കൊള്ളിച്ചിരുന്നു.
വളരെ കർശനമായിരുന്നെങ്കിലും പേപ്പൽ അംഗീകാരം ലഭിച്ച തങ്ങളുടെ നിയമങ്ങൾ അതീവശ്രദ്ധയോടെ പാലിച്ചുകൊണ്ട് കർമ്മലമലയിൽ ശാന്തമായ പ്രാർത്ഥനാജീവിതം നയിച്ചിരുന്ന ഈ താപസ്സസമൂഹം മുസ്ലീം ആക്രമണത്തോടെ ഇവിടെ നിന്നും 1237-ൽ പിഴുതെറിയപ്പെട്ടു. ഛിന്നഭിന്നമാക്കപ്പെട്ട ഇവരുടെ സമൂഹം ചെറിയ ഗണങ്ങളായി വിവിധ ഇടങ്ങളിലേക്ക് പോയി. ഒരുകൂട്ടം താപസ്സന്മാർ യൂറോപ്പിൽ പുതിയ താവളം കണ്ടെത്തി. പക്ഷേ കർമ്മലമലയിൽ അവർ അനുഷ്ഠിച്ചുപോ ന്ന പ്രാർത്ഥനാരീതികളും താപസ്സജീവിതവും യൂറോപ്യൻ സംസ് കാരത്തിന് അന്യമായിരുന്നു. ഗു ഹകളിലെ ഏകാന്തജീവിതവും തപസ്സും പ്രായശ്ചിത്തവും യൂറോപ്യൻജനതയ്ക്ക് അത്ര സ്വീകാര്യമായിരുന്നില്ല.
വലിയ ആശ്രമങ്ങളിൽ ഒരുമിച്ചുള്ള സമൂഹജീവിതവും, ധർമ്മംതേടി വഴിനീളെ സുവിശേഷം പ്രഘോഷിക്കുക, ദാനമായി കിട്ടുന്നതുകൊണ്ടുമാത്രം ഉപജീവനം കഴിക്കുക – ഫ്രാൻസീ സ് അസ്സീസി കാണിച്ചുകൊടുത്ത ഈ ശൈലിയിലുള്ള സ ന്യാസ ജീവിതം ആണ് അന്ന് യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്നത്. ഫ്രാൻസീസ് അസ്സീസിയുടെ ത്യാഗോജ്വലജീവിതം യൂറോപ്പിൽ അനേകർക്ക് ഒരു ആവേശമായി മാറിയപ്പോൾ ‘മെന്റിക്കൻസ്’ ശൈലിയിലുള്ള ഈ ജീവിതരീതി ഉൾക്കൊ ണ്ട് ആശ്രമങ്ങളിൽ ചേരാൻ അനേകർ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നു. സെന്റ് ആൽബർട്ടിന്റെ നിയമവും പാലിച്ചുകൊണ്ട് പ്രാർത്ഥനയും ഉപവാസവുമായി കർമ്മലമലയിലെ ഒറ്റപ്പെട്ട ഗുഹകളിൽ ഏകാന്തജീവിതം ശീലമാക്കിയ ഈ താപസന്മാർ യൂറോപ്പിൽ ഈ ജീവിതശൈലി തുടർന്നും നിലനിർത്താൻ വളരെ പ്രയാസപ്പെട്ടു.
മെന്റിക്കൻസ് ജീവിതരീതി പിന്തുടരുന്ന കർമ്മലീത്താ ആശ്രമങ്ങൾ സഭയിൽ തുടർന്നും നിലനിർത്തണമോ എന്നുള്ള ആലോചനകൾ ജോൺ 22-ാം മാർപാപ്പയുടെ കാലത്ത് നടന്നിരുന്നു. ഈ പ്രതിസന്ധിയിൽ കർമ്മലീത്താ സഭയെ നയിച്ചിരുന്നത് നാലാമത്തെ ജനറാൾ ആയിരുന്ന പരിശുദ്ധ സൈമൺ സ്റ്റോക്ക് ആയിരുന്നു. കർമ്മലീത്താ സഭയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനറാളച്ചൻ കർമ്മല മാതാവിന്റെ അടുക്കൽ അഭയംതേടി.
തന്റെ സഭ നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തിനായി കണ്ണുനീരോടെ പ്രാർത്ഥി ച്ച സൈമൺ സ്റ്റോക്ക് പുണ്യവാന് കർമ്മലമാതാവ് അത്ഭുതകരമായി പ്രത്യക്ഷപ്പെടുകയും കർമ്മലീത്താ ഉത്തരീയം സമ്മാനമായി നൽകുകയും ചെയ്തു. ‘വെന്തിങ്ങാ’ എന്ന പേരിൽ കത്തോലിക്കാ വിശ്വാസികൾ രക്ഷാകവചമായി കരുതുന്ന ഈ പുണ്യവസ്തു കർമ്മലീത്താ സഭയിലൂടെ കർമ്മലമാതാവ് കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ചതാണ്.
1348-ൽ യൂറോപ്പിൽ പ്ലേഗ്ബാധ ജനലക്ഷങ്ങളെ കൊന്നൊടുക്കിയപ്പോൾ, സാധാരണജീവിതം തീർത്തും അസാധ്യമായിരുന്ന സാഹചര്യത്തിൽ ‘ഓർഡർ ഓഫ് കർമ്മൽസ് ‘എന്ന പേരിൽ അന്ന് അറിയപ്പെട്ടിരുന്ന കർമ്മലീത്താ സഭയുടെ കർശനനിയമങ്ങൾ തെല്ല് ലഘൂകരിക്കാൻ സഭാശ്രേഷ്ഠന്മാർ തയ്യാറായി. ലഘൂകരിക്കപ്പെട്ട ഈ നിയമങ്ങൾ അനുവർത്തിച്ചുപോന്ന ധാരാളം കർമ്മലീത്താ ആശ്രമങ്ങൾ യൂറോപ്പിലെമ്പാടും സ്ഥാപിതമായി. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൊതുവെ എല്ലാ സന്യാസ സഭകളുടെയും തീക്ഷ്ണത കുറയുകയും ഏകാന്തത, ഉപവാസം, മാംസവർജ്ജനം ഇവയെല്ലാം വളരെ കഠിനമായി പലർക്കും അനുഭവപ്പെടുകയും ചെയ്തു. ആയതിനാൽ 1432-ൽ എവുജീൻ നാലാമൻ മാർപാപ്പ ഒരു പൊതുസഭ വിളിച്ചുകൂട്ടുകയും പൂർവ്വനിയമത്തെ ലഘൂകരിക്കുകയും ചെയ്തു. ലഘൂകരിച്ച നിയമപ്രകാരം ആഴ്ചയിൽ മൂന്നുദിവസം മാംസം വർജ്ജിക്കാനും സന്യാസ വസ്ത്രങ്ങളുടെ കട്ടി അൽപ്പം കുറയ്ക്കാനും തീരുമാനമായി. കൂടുതൽ സന്ദർശനങ്ങൾ അനുവദിച്ചതിനാൽ ഏകാന്തതയ്ക്കും നിശബ്ദതയ്ക്കും തടസ്സം നേരിട്ടു. അ തോടെ പ്രാർത്ഥനാജീവിതം മന്ദഗതിയിലായി.
അതേസമയം പൂർവ്വനിയമത്തോട് വിശ്വസ്തരായിരുന്ന സന്യാസികൾ കൂടുതൽ തീക്ഷ്ണതയുള്ളവരായി തുടർന്നു. ലഘൂകരിച്ച ഈ നിയമം അനുസരിച്ച് ജീവിക്കാൻ തയ്യാറായി കൂടുതൽ പേർ കർമ്മലീത്താ ആശ്രമങ്ങളിൽ ചേർന്നു തുടങ്ങി. ആദ്യകാലങ്ങളിൽ ഓർഡർ ഓഫ് കാർമ്മൽ എന്ന കർമ്മലീത്താ സന്യാസസഭയിൽ പുരുഷന്മാർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ജോൺ സോററ്റ് (1451-1471 ) എന്ന പുണ്യവാൻ ഓർഡർ ഓഫ് കാർമ്മലിന്റെ ജനറാൾ ആയിരുന്ന കാലത്താണ് സ്ത്രീകൾക്കുകൂടി കർമ്മലീത്താ സഭയിൽ പ്രവേശനം അനുവദിച്ചത്. അങ്ങനെയാണ് കർമ്മലീത്താ മിണ്ടാമഠങ്ങൾ നിലവിൽവന്നത്. ഇവർക്കായുള്ള ആദ്യനിയമാവലി 1462-ൽ അദ്ദേഹം എഴുതി.
കർമ്മലീത്താ മിണ്ടാമഠങ്ങളുടെ ഉത്ഭവം
സ്‌പെയിനിൽ സ്ഥാപിതമായിരുന്ന കർമ്മലീത്താ മഠത്തിലാണ് അമ്മത്രേസ്യാ പുണ്യവതി ചേർന്നത്. അവരുടെ ആത്മമിത്രമായിരുന്ന ജുവാനസുവാരിസ് ഈ മിണ്ടാമഠത്തിൽ നേരത്തെ തന്നെ ചേർന്നിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വീട്ടിൽ നിന്നും ഒളിച്ചോടിയാണ് അമ്മത്രേസ്യാ ഈ മഠത്തിൽ ചേർന്നത്. പ്രാർത്ഥനയിലും ദാരിദ്ര്യത്തിലും കഠിനനിയമങ്ങളിലും അത്യധികം താൽപര്യം പുണ്യവതി പുലർത്തിയിരുന്നു. താൻ സ്വപ്നം കണ്ടിരുന്നതായ, ഒരു പ്രാർത്ഥനാജീവിതമാണോ ഈ മഠത്തിൽ താൻ നയിക്കുന്നത് എന്ന ചിന്ത അമ്മത്രേസ്യായിൽ ഉയർന്നുവന്നു. അമ്മത്രേസ്യാ ചേർന്ന ഇൻകാർണേഷൻ കോൺവെന്റിൽ 180 സന്യാസിനികൾ ഉണ്ടായിരുന്നു. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം മഠത്തിൽ ചേർന്നവരായിരുന്നില്ല. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മഠത്തിൽ ചേർന്നവരും ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ പ്രാർത്ഥനാജീവിതത്തിൽ അലസരായിരുന്നവരും ജീവിതവിശുദ്ധീകരണം തീവ്രമായി ആഗ്രഹിക്കാത്തവരും കർശനനിയമങ്ങൾ ഇഷ്ടമില്ലാതിരുന്നവരും ഈ സമൂഹത്തിൽ ഉൾപ്പെട്ടുപോയി. അതേസമയം കഠിനനിയമങ്ങൾ കൂടുതലായി ഇഷ്ടപ്പെടുന്നവരും ജീവിതവിശുദ്ധീകരണം തീവ്രമായി ആഗ്രഹിച്ചിരുന്നവരും പ്രാർത്ഥനാജീവിതത്തിൽ അനുദിനം വളരാൻ കഠിനപരിശ്രമം നടത്തുന്നവരും സമൂഹത്തിൽ ഉണ്ടായിരുന്നു. അമ്മത്രേസ്യാ ധാരാളം വായിക്കുമായിരുന്നു. കർമ്മലീത്താ സഭയുടെ പൂർവ്വനിയമങ്ങൾ വളരെ കഠിനവും കർക്കശവുമാണെങ്കിലും ജീവിതവിശുദ്ധീകരണത്തിനും ആത്മാക്കളെ നേടുന്നതിനും അത് എന്തുമാത്രം ഉപകരിക്കുമെന്ന് തിരിച്ചറിഞ്ഞു.
ഇത്രയും നല്ല നിയമങ്ങൾ പിൻബലമുള്ള തന്റെ സഭ ഇപ്പോൾ പിൻചെല്ലുന്നത് എന്തുമാത്രം ലഘൂകരിച്ച നിയമത്തെയാണ് എന്നോർത്ത് പുണ്യവതി അത്ഭുതപ്പെട്ടു. നിരന്തരമായും തുടർച്ചയായും പ്രാർത്ഥിക്കാനും ഈ കർശനനിയമങ്ങൾ പാലിക്കാനും ഇത്രയും അംഗങ്ങൾ ഉള്ള ഒരു മഠത്തിൽ സാധ്യമല്ല എന്ന് പുണ്യവതി മനസ്സിലാക്കി. കുറച്ച് അംഗങ്ങൾ മാത്രമുള്ള ഒരു മഠമാണെങ്കിൽ രാവും പകലും നിശബ്ദതയിൽ പ്രാർത്ഥിക്കാനും പുണ്യജീവിതം അഭ്യസിക്കാനും ദൈവൈക്യം പ്രാപിക്കാനും കഴിയുമെന്ന് അമ്മത്രേസ്യായ്ക്ക് ബോധ്യമായി. തന്റെ ഈ ബോധ്യം കർമ്മലീത്താ സഭയിലെയും മറ്റ് സഭകളിലെയും (ഡൊമിനിക്കൻ, ഫ്രാൻസീസ്‌കൻ, ജെസ്യൂട്ട്) പണ്ഡിതന്മാരും ചിന്തകന്മാരും ശ്രേഷ്ഠന്മാരുമായി പങ്കുവയ്ക്കുകയും ആലോചിക്കുകയും ചെയ്തു. ശ്രേഷ്ഠന്മാരുടെ അഭിപ്രായങ്ങളും തന്റെ മനസ്സിലെ സ്വപ്നവും ദൈവസന്നിധിയിൽ സമർപ്പിച്ച് പുണ്യവതി നിരന്തരം പ്രാർത്ഥിച്ചു. പുതിയമഠം സ്ഥാപിക്കാനുള്ള പ്രയാസങ്ങളും തടസ്സങ്ങളും പുണ്യവതിയെ പര്യാകുലയാക്കിയില്ല. താൻ ചെയ്യാൻ പോകുന്നത് എന്താണെന്നുള്ള ബോധ്യവും കർത്താവിലുള്ള ആശ്രയവും അമ്മത്രേസ്യായെ ധൈര്യവതിയാക്കി.
മെത്രാന്റെ അനുവാദത്തോടെ 13 അംഗങ്ങൾ മാത്രമുള്ള ഒരു ചെറിയ മഠം പുണ്യവതി സ്ഥാപിച്ചു. 180 അംഗങ്ങൾ ഉള്ള ഒരു വലിയ മഠത്തിൽ നിന്നും 13 അംഗങ്ങൾ മാത്രമുള്ള ഒരു ചെറിയ മഠത്തിലേക്കുള്ള ഈ മാറ്റം എല്ലാവരിലും ആശ്ചര്യം ജനിപ്പിച്ചു. 13 അംഗങ്ങളെ തെരഞ്ഞെടുക്കാൻ കാരണമായി അമ്മത്രേസ്യാ പറയുന്നത്- കർത്താവും പന്ത്രണ്ട് ശിഷ്യന്മാരും കൂടുമ്പോൾ 13 എന്നതാണ്. പുതിയ മഠം സ്ഥാപിച്ച് പ്രാർത്ഥനയും പരിത്യാഗജീവിതവുമായി മുന്നോട്ട് പോയപ്പോൾ പല കാര്യങ്ങൾക്കും 13 അംഗങ്ങൾ തികയാതെ വന്നു. ശ്രേഷ്ഠന്മാരുമായി ആലോചിച്ച് അംഗങ്ങളുടെ എണ്ണം 21 ആയി ഉയർത്തി. ഇന്നും ലോകത്തുള്ള ഏതൊരു കർമ്മലീത്താ മിണ്ടാമഠത്തിലെയും പരമാവധി അംഗങ്ങളുടെ എണ്ണം 21 ആണ്. അതിൽ കൂടുതൽ അംഗങ്ങൾ ആയാൽ പുതിയ മഠങ്ങൾ സ്ഥാപിക്കുകയോ അംഗങ്ങൾ കുറവുള്ള മഠങ്ങളിലേക്ക് മാറ്റുകയോ ചെയ്യും.
സ്‌പെയിനിലെ ആവിലായിൽ സെന്റ് ജോസഫ് കോൺവെന്റ് എന്ന പേരിൽ അമ്മത്രേസ്യാ പുണ്യവതി 13 അംഗങ്ങളുമായി തുടങ്ങിയ ഈ ചെറിയ മഠമാണ് നവീകരിക്കപ്പെട്ട കർമ്മലീത്താ സഭയിലെ (നിഷ്പാദുക കർമ്മലീത്ത സഭ ഒ.സി.ഡി ) ആദ്യത്തെ മിണ്ടാമഠം. ഈ മിണ്ടാമഠത്തിൽ കർമ്മലീത്താ സഭയുടെ പൂർവ്വനിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പ്രാർത്ഥനയിലും നിശബ്ദതയിലും പുണ്യപൂർണ്ണത പ്രാപിക്കുക, ദൈവൈക്യം പ്രാപിക്കുക എന്ന ആഗ്രഹമേ അമ്മത്രേസ്യായ്ക്ക് ഉണ്ടായിരുന്നുള്ളൂ. കർമ്മലീത്താ സഭയുടെ നവീകരണത്തിനായി ദൈവം പ്രത്യേകം തെരഞ്ഞെടുത്ത അമ്മത്രേസ്യാ പുണ്യവതി ഒരു മിണ്ടാമഠത്തിന്റെ ആവൃതിക്കുള്ളിൽ നിശബ്ദമായി ജീവിക്കുക എന്നുള്ളതായിരുന്നില്ല ദൈവികപദ്ധതി.
സെന്റ് ജോസഫ് കോൺവെന്റിൽ ശാന്തമായ പ്രാർത്ഥനാജീവിതം നയിച്ചുവന്ന അമ്മത്രേസ്യായുടെയും സഹസന്യാസിനിമാരുടെയും ജീവിതം ‘അലൻസോ മൽഡൊണാൾഡോ’ എന്ന ഫ്രാൻസീസ്‌കൻ മിഷനറിയുടെ സന്ദർശനത്തോടെ മിഷൻ ചൈതന്യമുള്ളതായി മാറി. അത്തരം ഒരു പ്രേഷിതയാത്ര കഴിഞ്ഞ് വരുന്ന വഴിയാണ് അലൻസോ മൽഡൊണാൾഡോ അമ്മത്രേസ്യായുടെ സെന്റ് ജോസഫ് കോൺവെന്റ് സന്ദർശിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങൾ യേശുവിനെക്കുറിച്ചറിയാതെ, സുവിശേഷമെന്തെന്ന് കേൾക്കാതെ ജീവിക്കുന്നുണ്ടെന്നും അവരുടെ ജീവിതരീതികളും ജീവിതസാഹചര്യങ്ങളും വളരെ ദയനീയമാണെന്നും വേദനയോടെ ആ മിഷനറി വൈദികൻ വിവരിച്ചു.
നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെയോർത്ത് പുണ്യവതി വേദനിച്ചു. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ അമ്മത്രേസ്യായുടെ ഹൃദയം തുടിച്ചു. ഒരു മിണ്ടാമഠവുമായി കഴിഞ്ഞാൽ പോരെന്നും സഭയ്ക്കുവേണ്ടിയും വിദൂരദേശങ്ങളിൽ മിഷനറിവേല ചെയ്യുന്നവർക്കുവേണ്ടിയും നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കൾക്കുവേണ്ടിയും കൂടുതൽ തീവ്രമായി പ്രാർത്ഥിക്കാനും പരിഹാരം ചെയ്യാനും കൂടുതൽ അംഗങ്ങളെ ചേർത്തുകൊണ്ട് പുതിയ മഠങ്ങൾ സ്ഥാപിക്കാനും അമ്മയുടെ മനസ്സിൽ ആഗ്രഹമായി. സ്‌പെയിനിന്റെ വിവിധ ഭാഗങ്ങളിലായി 16 മിണ്ടാമഠങ്ങൾ അമ്മത്രേസ്യാ പുണ്യവതി നേരിട്ട് സ്ഥാപിച്ചു. 17-ാമത്തെ മിണ്ടാമഠം സ്‌പെയിനിൽ തന്നെയുള്ള ‘ഗ്രാനഡാ’ എന്ന സ്ഥലത്ത് അമ്മയുടെ നിർദ്ദേശപ്രകാരം സ്ഥാപിക്കപ്പെട്ടു.
മിണ്ടാമഠങ്ങളിലെ പ്രാർത്ഥനാജീവിതം
മിണ്ടാമഠങ്ങളിൽ കർമ്മലീത്താ സഭയുടെ പൂർവ്വനിയമങ്ങൾ കർശനമായി പാലിച്ചിരുന്നു. തന്റെ മിസ്റ്റിക്ക് അനുഭവങ്ങളും ദൈവിക ദർശനങ്ങളും പ്രത്യേകമായ ദൈവവിളിയും ഉൾക്കൊള്ളിച്ചുകൊണ്ട് അമ്മത്രേസ്യാ രൂപപ്പെടുത്തിയ നിയമങ്ങളും പ്രാർത്ഥനാജീവിതവുമായിരുന്നു ഈ മഠങ്ങളിൽ പാലിച്ചുപോന്നത്. അമ്മത്രേസ്യാ ഇൻകാർനേഷൻ കോൺവെന്റിൽ ആയിരുന്ന കാലത്ത് ഒരു സംസാരപ്രിയയായിരുന്നു. സന്ദർശകരുമായി ധാരാളം സംസാരിക്കുമായിരുന്നു. ഇത്തരം സംഭാഷണങ്ങൾ ലോകമോഹങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമെന്നും പ്രാർത്ഥനാചൈതന്യത്തെ നിറം മങ്ങിയതാക്കി മാറ്റുമെന്നും അമ്മ മനസ്സിലാക്കി. അതുകൊണ്ട് അമ്മ സ്ഥാപിച്ച മഠങ്ങളിൽ നിശബ്ദത വളരെ കർശനമാക്കിയിരുന്നു.
സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇൻകാർനേഷൻ കോൺവെന്റിൽ ആയിരുന്ന കാലത്ത് അമ്മയ്ക്ക് ലഭിച്ച ഒരു ദൈവികദർശനവും അമ്മയെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഒരിക്കൽ പർലറിൽ നിന്ന് സംസാരവും കഴിഞ്ഞ് പോകുമ്പോൾ ചമ്മട്ടിയടിയേൽക്കുന്ന കർത്താവിന്റെ രൂപം അമ്മയ്ക്ക് ദൃശ്യമായി. വേദനയാൽ പുളയുന്ന കർത്താവിന്റെ തിരുമുഖം ലോകത്തിന്റെ സന്തോഷങ്ങൾ വെടിയാൻ അമ്മയ്ക്ക് പ്രേരണയായി. സൃഷ്ടവസ്തുക്കളിൽ നിന്നകന്ന് സൃഷ്ടാവിനെ സ്‌നേഹിക്കുക, സൃഷ്ടാവിനോട് ചേരുക, സൃഷ്ടാവിന്റേതായി മാറുക ഇതാണ് വിശുദ്ധയുടെ പ്രാർത്ഥനാജീവിതത്തിന്റെ കാതൽ.
വ്യക്തമായ ചില ഉദ്ദേശലക്ഷ്യങ്ങളോടെയാണ് അമ്മത്രേസ്യ മിണ്ടാമഠങ്ങൾ സ്ഥാപിച്ചത്. മിണ്ടാമഠങ്ങളിലെ പ്രാർത്ഥനാജീവിതം എപ്രകാരമുള്ളതായിരിക്കണമെന്നും അമ്മയ്ക്ക് വ്യക്തമായ ഉൾക്കാഴ്ച ഉണ്ടായിരുന്നു. സുകൃതജീവിതം നയിക്കാനും പുണ്യപൂർണ്ണത അഭ്യസിക്കാനും അവസരങ്ങൾ എല്ലാ മഠങ്ങളിലും ഉണ്ട്. ഇത്തരം സന്യാസമഠങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു പ്രാർത്ഥനാജീവിതമാണ് പുണ്യവതി ഉദ്ദേശിച്ചത്. തിരുസഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ടവർആയിരിക്കണം കർമ്മലീത്താ മിണ്ടാമഠങ്ങൾ എ ന്നൊരു നിർബന്ധബുദ്ധി പുണ്യവതിക്കുണ്ടായിരുന്നു.
അമ്മ എഴുതിയ ‘സുകൃതസരണി’ എന്ന പുസ്തകത്തിൽ ഇപ്രകാരം പറയുന്നു. ”ഇക്കാലത്ത് ആവിർഭവിച്ചിരിക്കുന്ന തിന്മകൾ അത്യന്തം ഗുരുതരമത്രെ. പാഷണ്ഡികൾ (മാർട്ടിൻ ലൂഥർ, കാൽവിൻ മുതലായവർ) തൊടുത്തുവിട്ടിരിക്കുന്ന അഗ്നി കെടുത്തുവാൻ മനുഷ്യശക്തി മതിയാവില്ല. ചിലർ കരുതുന്നതുപോലെ സൈനികശക്തികൊണ്ട് അമർത്താൻ കഴിയുന്ന ഘട്ടവും കടന്നുപോയി. ദൈവദാസന്മാർ ഏർപ്പെട്ടിരിക്കുന്ന മഹാസമരത്തിനു ആവശ്യമായ ദൈവസഹായം അൽപ്പമല്ലെന്നും വളരെയധികമാണെന്നും എന്റെ പുത്രിമാരെ നിങ്ങൾ ഗ്രഹിക്കേണ്ടിയിരിക്കുന്നു.
ദൈവത്തിൽ നിന്നും രണ്ടു കാര്യങ്ങൾ പ്രാപിക്കാൻ അർഹരാകത്തക്കവിധം ജീവിക്കണമെന്ന് ഞാൻ താൽപര്യപ്പെടുന്നു. ഒന്ന്: ഇന്നുള്ള നിരവധി പണ്ഡിതന്മാരുടെയും സന്യാസികളുടെയും ഇടയിൽ തങ്ങളുടെ കർത്തവ്യനിർവ്വഹണത്തിൽ അത്യന്താപേക്ഷിതമായ സവിശേഷതകൾ നിറഞ്ഞവർ ധാരാളം ഉണ്ടാകേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ പരിപൂർണ്ണനായ ഒരാൾക്ക് അപ്രകാരമല്ലാത്ത മറ്റനേകരേക്കാളധികം ഗുണം ചെയ്യാൻ കഴിയും. രണ്ടാമതായി ലഘുവല്ലെന്ന് ഞാൻ പറഞ്ഞ സമരരംഗത്ത് അണിനിരന്നിരിക്കുന്നവർ ലോകത്തിലുള്ള നിരവധി വിപത്തുകളിൽനിന്ന് സ്വതന്ത്രരാകുവാൻ കർത്താവ് അവരെ തന്റെ കരവലയത്തിൽ സംരക്ഷിക്കേണ്ടിയിരിക്കുന്നു.
തന്നിമിത്തം സുപ്രധാനമായ ഈ വസ്തുത കർത്താവിന്റെ മുമ്പിൽ അവതരിപ്പിക്കുവാൻ നിരന്തരം നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. നിങ്ങളുടെ പ്രാർത്ഥനകളും നെടുവീർപ്പുകളും ഉപവാസങ്ങളും ഞാൻ ഇവിടെ പറഞ്ഞ നിയോഗങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെടുന്നില്ലെങ്കിൽ കർത്താവ് നിങ്ങളെ ഒന്നിച്ചുകൂട്ടിയതിന്റെ ലക്ഷ്യം നിറവേറ്റുകയില്ലെന്ന് കരുതിക്കൊള്ളുക.” തിരുസഭയുടെ കെട്ടുറപ്പും മഹത്വവും പരിരക്ഷിക്കപ്പെടുന്നതിനു വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കാനാണ് അമ്മ സഹോദരിമാരോട് ആവശ്യപ്പെടുന്നത്.
‘ഠവല ണമ്യ ീള ജലൃളലരശേീി’എന്ന പ്രാർത്ഥനയെക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്ന പുസ്തകത്തിൽ കർമ്മലീത്താ മിണ്ടാമഠങ്ങളിലെ പ്രാർത്ഥനാജീവിതവും പുണ്യപരിശീലനവും എപ്രകാരമുള്ളതായിരിക്കണമെന്ന് അമ്മ വിശദീകരിക്കുന്നുണ്ട്. ”നിങ്ങൾ പ്രാർത്ഥനയെക്കുറിച്ച് എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ നിങ്ങളോട് ആദ്യം പറയാൻ പോകുന്നത് മൂന്ന് പുണ്യങ്ങൾ പരിശീലിക്കണം എന്നായിരിക്കും 1. സഹോദരസ്‌നേഹം, 2. ഈ ലോകത്തിൽ നിന്നുള്ള അകൽച്ച (നിസ്സംഗത), 3. എളിമ. എളിമ എന്ന പുണ്യം ഞാൻ അവസാനമാണ് പറഞ്ഞത് എങ്കിലും അതായിരിക്കണം നിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനം.”എളിമ എന്ന പുണ്യം പരിശീലിച്ച് തുടങ്ങുമ്പോൾ അതിന്റെ കൂടെ അനുസരണം, വിധേയത്വം, ക്ഷമ തുടങ്ങിയ മറ്റ് പുണ്യങ്ങളിലും നാം വളരും. ഈ പുണ്യപരിശീലനത്തിലൂടെ മാത്രമേ നമ്മിലുള്ള എല്ലാ തിന്മകളെയും അകറ്റി ദൈവത്തോട് അടുക്കുവാൻ കഴിയൂ.
മിണ്ടാമഠങ്ങളിലെ ജീവിതം
മിണ്ടാമഠത്തിൽ ചേരുന്നതോടെ ഒരാൾ ഈ ലോകജീവിതത്തോട് വിട പറയുന്നു എല്ലാ ലോകമോഹങ്ങളും ലോകബന്ധങ്ങളും ഉപേക്ഷിച്ച് കർത്താവിന് സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ഒരു ജീവിതമാണ് മിണ്ടാമഠത്തിൽ നയിക്കേണ്ടത്. ഈ ലോകബന്ധം ഉപേക്ഷിക്കുന്നതിന്റെ അടയാളമായി വീട്ടുകാർ നൽകിയ പേര് മിണ്ടാമഠത്തിൽ ചേരുന്നതോടെ ഉപേക്ഷിക്കുന്നു. അമ്മത്രേസ്യാ പുണ്യവതിക്ക് വീട്ടുകാർ നൽകിയിരുന്ന പേര് തെരേസ എന്നായിരുന്നു. ഇൻകാർനേഷൻ കോൺവെന്റിൽ ചേർന്നപ്പോൾ തെരേസ ഔമാദ എന്നായി. ഔമാദ എന്നുളളത് പുണ്യവതിയുടെ അമ്മയുടെ കുടുംബത്തിന്റെ പേര് ആയിരുന്നു.
അപ്പന്റെ കുടുംബപ്പേര് സെപ്പദ എന്നുമായിരുന്നു. കുലീനകുടുംബത്തിൽ പിറന്നവരാണ് തങ്ങൾ എന്ന് അറിയിക്കാൻ അപ്പന്റെയോ അമ്മയുടെയോ കുടുംബപ്പേര് സ്വന്തം പേരിന്റെ കൂടെ ചേർക്കുമായിരുന്നു. അമ്മത്രേസ്യായുടെ മിണ്ടാമഠങ്ങളിൽ ഈ പതിവ് നിർത്തലാക്കി. ആരും താൻ മറ്റുള്ളവരേക്കാൾ വലിയവനാണെന്ന് നടിക്കാതിരിക്കാൻ സ്വന്തം പേരിന്റെ കൂടെ ഈശോയുടെയോ മറ്റ് വിശുദ്ധന്മാരുടെയോ പേരുകൂടി ചേർക്കുന്ന പതിവ് അമ്മത്രേസ്യാ പുണ്യവതി തുടങ്ങി. അമ്മത്രേസ്യായുടെ പേര് തെരേസ ഓഫ് ജീസസ് (ഈശോയുടെ തെരേസ) എന്നാക്കി മാറ്റി. കൊച്ചുത്രേസ്യാ പുണ്യവതിയുടെ മിണ്ടാമഠത്തിലെ പേര് തെരേസ ഓഫ് ചൈൽഡ് ജീസസ് എന്നായിരുന്നു.
മറ്റ് സന്യാസ സഭകൾക്കുള്ളതുപോലെ ആശുപത്രികളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ സാമ്പത്തികവരുമാനം ലഭ്യമാകാൻ സാധിക്കുന്ന തരത്തിലുള്ള മറ്റ് സ്ഥാപനങ്ങളോ മിണ്ടാമഠങ്ങൾക്കില്ല. ഓസ്തി ഉണ്ടാക്കുക, തിരുക്കർമ്മങ്ങൾക്കാവശ്യമായ വസ്ത്രങ്ങൾ തുന്നുക, കൊന്ത, വെന്തിങ്ങ എന്നിവയുടെ നിർമ്മാണം, പ്രാർത്ഥനാജീവിതത്തിന് തടസ്സം വരാത്തവിധത്തിലുള്ള ചെറിയ കൈത്തൊഴിലുകൾ, സ്വന്തം കൃഷിയിടത്തിലുള്ള അദ്ധ്വാനം ഇവയൊക്കെയാണ് മിണ്ടാമഠത്തിലെ അനുദിനജോലികൾ.
പാചകകാര്യങ്ങൾ ഓരോരുത്തരും മാറിമാറി ഏറ്റെടുക്കുന്നു. ഒരിക്കൽ മിണ്ടാമഠത്തിൽ അംഗമായി ചേർന്നുകഴിഞ്ഞാ ൽ സാധാരണഗതിയിൽ ആവൃതിക്കുള്ളിൽനിന്നും പുറത്തേക്ക് ഇറങ്ങേണ്ട ആവശ്യം വരുന്നില്ല. 1968 നുശേഷം ചികിത്സാർത്ഥം ആശുപത്രികളിൽ പോകാൻ ഇവർക്ക് അനുവാദം ഉണ്ട്. 1968-ന് മുമ്പ് ചികിത്സാവശ്യത്തിനായിപ്പോലും ഇവർ മിണ്ടാമഠത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങില്ലായിരുന്നു.തിരുവല്ലയിലെ മിണ്ടാമഠത്തിൽ നാല് മേജർ ശസ്ത്രക്രിയകൾ മഠത്തിനുള്ളിൽവച്ച് നടത്തിയിട്ടുണ്ട്. ആവൃതിക്കുള്ളിലെ ജീവിതം എന്തുമാത്രം നിഷ്ഠയോടെ നിയമങ്ങൾ പാലിച്ച് കർശനമായി തുടരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഇപ്പോൾ മാതാപിതാക്കൾക്ക് ഗുരുതരമായ രോഗം വന്നാൽ ഒരു പ്രാവശ്യം വീട്ടിൽ പോയി ഒരാഴ്ചനിന്ന് ശുശ്രൂഷക്കുവാൻ അനുവദിച്ചിട്ടുണ്ട്. മരണശേഷം വീട്ടിൽ നിൽക്കാൻ അനുവാദമില്ല. ചികിത്സാർത്ഥം ആശുപത്രിയിൽ പോകാനും മാതാപിതാക്കളെ ശുശ്രൂഷിക്കാൻ ഒരു പ്രാവശ്യം വീട്ടിൽ പോകാനുമല്ലാതെ മറ്റ് യാതൊരാവശ്യത്തിനും ഇവർ ആവൃതിവിട്ട് പുറത്തിറങ്ങാറില്ല.
കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി യാതൊരാവശ്യത്തിനായിപ്പോലും മിണ്ടാമഠത്തിൽ ചേർന്നതിനുശേഷം പുറംലോകം കണ്ടിട്ടില്ലാത്ത സന്യാസിനിമാർ പ്രസന്നവദനരായി സന്തോഷത്തോടെ ഈ മഠങ്ങളിൽ ജീവിക്കുന്നു. യാതൊരു അസുഖവും വന്നിട്ടില്ലാ എന്നത് ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹമായി ഇവർ കാണുന്നു. മിണ്ടാമഠത്തിന്റെ ആവൃതിക്കുള്ളിൽ ഉള്ള കൃഷിയിടവും അവിടെ നിന്നാൽ കാണാവുന്ന ആകാശവും മാത്രമേ ഈ 25 വർഷത്തിനിടയിൽ ഇവരുടെ കാഴ്ചവട്ടത്തിൽ വന്നിട്ടുള്ളൂ.
മിണ്ടാമഠങ്ങളിൽ സന്ദർശകരുടെ ബാഹുല്യവും കാര്യമായി ഇല്ല. ബന്ധുമിത്രാദികൾ വന്നാൽ പാർലറിൽ പോയി സംസാരിക്കാൻ അനുവാദം ഉണ്ട്. മറ്റ് മഠങ്ങളിൽ ഉള്ളതുപോലെ സ്വീകരണമുറിയിൽ ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള സൗകര്യം മിണ്ടാമഠങ്ങളിൽ ഇല്ല. ആവൃതിക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ അനുവാദം ഇല്ലാത്തതുകൊണ്ട് ഗ്രിൽ ഇട്ട് മറച്ച ഒരു മുറിയിൽ ഇരുന്നുവേണം സന്ദർശകരോട് സംസാരിക്കാൻ. എന്തെങ്കിലും സമ്മാനങ്ങളോ കാഴ്ചവസ്തുക്കളോ നേരിട്ട് കൊടുക്കാൻ ഈ ഗ്രിൽ ഉള്ളതു കാരണം സാധ്യമല്ല. സന്ദർശകരെ സ്വീകരിക്കുന്നതിനായി ആവൃതിക്ക് വെളിയിൽ താമസിക്കുന്ന സന്യാസിനിമാർ ആണ് ഇത്തരം സമ്മാനങ്ങളും കാഴ്ചവസ്തുക്കളും സ്വീകരിക്കുന്നത്.
ഈ ആവൃതിക്ക് പുറത്തു താമസിക്കുന്ന ഈ സന്യാസിനികൾ ഉല്ലാസത്തിനും ആഹാരം കഴിക്കുവാനും ആവൃതിയിൽ പ്രവേശിക്കുന്നു. ആവൃതിക്കു പുറത്ത് താമസിക്കുന്ന ഇവരാണ് മിണ്ടാമഠംകാർക്ക് ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള ഏകമാധ്യമം. സന്യാസിനിമാർ കുറവുള്ള മിണ്ടാമഠങ്ങളിൽ അല്മായ സ്ത്രീകളായിരിക്കും ഇത്തരം കാര്യങ്ങളിൽ ഇവരെ സഹായിക്കുന്നത്. സ്‌പെയിനിൽ മിണ്ടാമഠങ്ങളിൽ മിണ്ടാമഠത്തോട് ചേർന്ന് ആവൃതിക്കു വെളിയിൽ ഒരു കുടുംബം താമസിക്കുന്നു. മിണ്ടാമഠങ്ങൾ ദത്തെടുത്തിരുന്ന ഈ കുടുംബത്തിലെ അംഗങ്ങളായിരുന്നു മഠത്തിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇന്ത്യയിലും ചില സ്ഥലത്തെ മിണ്ടാമഠങ്ങളിൽ പുറത്തെ കാര്യങ്ങൾ അന്വേഷിച്ചു നടത്തുന്നത് വിശ്വസ്തരായ സ്ത്രീകൾ ആണ്. ഇവരെ എക്‌സ്റ്റേണൽ സിസ്റ്റേഴ്‌സ് എന്നു വിളിക്കുന്നു. ഇവർ മിണ്ടാമഠത്തിലെ അംഗങ്ങൾ തന്നെയാണെങ്കിലും ഉല്ലാസസമയത്തും ഭക്ഷണസമയത്തുമല്ലാതെ ആവൃതിയിൽ പ്രവേശിക്കുന്നില്ല.
ആവൃതിനിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തന്നെയാണ് ഇവർ വി.കുർബാനയിൽ പങ്കെടുക്കുന്നത്. ദിവ്യബലിയിൽ പങ്കെടുക്കാൻ ഇവർ ആവൃതിക്ക് പുറത്ത് കടക്കുകയോ ചാപ്പലിൽ പ്രവേശിക്കുകയോ ഇല്ല. ചാപ്പലിൽ സജ്ജമാക്കിയിരിക്കുന്ന ഗ്രിൽ ഇട്ട ജനലിൽക്കൂടിയാണ് ഇവർ ചാപ്പലിനുള്ളിലെ തിരുക്കർമ്മങ്ങൾ കാണുന്നത്. വി.കുർബാന സ്വീകരിക്കുന്നതും ഈ ഗ്രില്ലിനിടയിൽ കൂടിയാണ്. യാതൊരു വിധത്തിലുള്ള ബാഹ്യലോകസംസർഗ്ഗവും ഇവർ ആഗ്രഹിക്കുന്നില്ല.
വൈദികർക്കോ മെത്രാന്മാർക്കുപോലുമോ ആവൃതിക്കുള്ളിൽ പ്രവേശനമില്ല. സന്ദർശകൻ ആരായിരുന്നാലും എത്ര ഉന്നതനായിരുന്നാലും പാർലറിലെ ഗ്രിൽ ഇട്ടു മറച്ച ചെറിയ ജനൽ വഴി മാത്രമേ സംസാരിക്കാൻ അനുവാദമുള്ളു. കർദ്ദിനാളന്മാർക്കും ജനറാളിനും മാത്രമാണ് മിണ്ടാമഠത്തിലെ ആവൃതിക്കുള്ളിൽ പ്രവേശനമുള്ളത്. ഇവരുടെ സന്ദർശനങ്ങൾ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണുതാനും.
പരിശീലനം
മിണ്ടാമഠങ്ങളിൽ അർത്ഥിനികൾ ആയി ചേരുന്ന യുവതികൾക്ക് പരിശീലനം അതാത് മഠങ്ങളിൽ തന്നെയാണ് നൽകുന്നത്. മറ്റ് സന്യാസ സഭകൾക്കുള്ളതുപോലെ പ്രത്യേകമായ നൊവിഷ്യേറ്റ് ഹൗസോ ഫോർമേഷൻസെന്ററുകളോ മിണ്ടാമഠങ്ങൾക്കില്ല. പുതിയ അർത്ഥിനികൾക്ക് ചേരുന്ന മഠത്തിൽ തന്നെ പരിശീലനം നൽകുകയും ആ മഠത്തിൽ തന്നെ അംഗമായി ചേർക്കുകയും ചെയ്യുന്നു.
കർമ്മലീത്താ മഠത്തിൽ അംഗമായി ചേരാൻ ആഗ്രഹിക്കുന്ന യുവതികൾക്ക് മിണ്ടാമഠത്തിലെ ജീവിതം കണ്ട് മനസ്സിലാക്കുന്നതിന് അവസരം ഉണ്ട്. ‘കം ആന്റ് സീ’ എന്ന പേരിൽ മൂന്നുമാസക്കാലം മിണ്ടാമഠത്തിൽ താമസിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ഈ കാലയളവിൽ മിണ്ടാമഠത്തിനുള്ളിലെ ജീവിതം എന്താണെന്നും എങ്ങനെയാണെന്നും തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനും പരിശീലിക്കുന്നതിനും അവസരം ലഭിക്കുന്നു. ചിട്ടകളും നിയമങ്ങളും അറിയുന്നതിനും പ്രാർത്ഥനാജീവിതത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്നതിനും മിണ്ടാമഠത്തിലെ മറ്റ് അംഗങ്ങളുടെ ജീവിതം കാണുന്നതിനും ഈ അവസരം പ്രയോജനപ്പെടുന്നു. ഒപ്പം തനിക്ക് മിണ്ടാമഠത്തിൽ ചേരുന്നതിനുള്ള ദൈവത്തിന്റെ പ്രത്യേകമായ വിളിയുണ്ടോ എന്ന് പ്രാർത്ഥനാപൂർവ്വം ചിന്തിക്കുന്നതിനും മിണ്ടാമഠത്തിലെ ജീവിതം ഉൾക്കൊള്ളാൻ താൻ പ്രാപ്തയാണോ എന്ന് ആത്മപരിശോധന ചെയ്യുന്നതിനും അവസരം നൽകുന്നു.
ശബ്ദമുഖരിതമായ ഈ ലോകത്തിൽ നിന്നും മാറി മിണ്ടാമഠത്തിന്റെ നിശബ്ദതയിൽ ഈ മൂന്നുമാസക്കാലം പ്രാർത്ഥനാപൂർവ്വം ചിലവഴിച്ചതിനുശേഷം ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകുന്നു. മൂന്നുമാസത്തെ മിണ്ടാമഠത്തിലെ തന്റെ ജീവിതാനുഭവങ്ങൾ മാതാപിതാക്കളും സഹോദരങ്ങളുമായി പങ്കുവയ്ക്കുന്നു. ആത്മീയ ഉപദേശകരുടെ അഭിപ്രായം ആരായുന്നു. മിണ്ടാമഠത്തിൽ താൻ കണ്ടു മനസ്സിലാക്കിയ ജീവിതം തനിക്ക് അനുയോജ്യമാണെന്നും അതിനുള്ള പ്രാർത്ഥനാ ചൈതന്യവും ആത്മീയ തീക്ഷ്ണതയും ദൈവത്തിന്റെ പ്രത്യേകമായ വിളിയും തനിക്കുണ്ടെന്നും തിരിച്ചറിയുന്ന ഏതൊരു യുവതിയും മിണ്ടാമഠത്തിൽ സ്‌നേഹപൂർവ്വം സ്വീകരിക്കപ്പെടുകയും അംഗമായി ചേർക്കുകയും ചെയ്യുന്നു. മൂന്നുമാസത്തെ കം ആന്റ് സീ പ്രോഗ്രാമിനുശേഷം വീടുകളിൽ തിരികെയെ ത്തി കുടുംബാംഗങ്ങളുമായി ആലോചിച്ച് മിണ്ടാമഠത്തിൽ ചേരാനുള്ള ഉറച്ച തീരുമാനവുമായി തിരികെ വ രുന്ന ഏതൊരു യുവതിയെയും നിലനിൽപ്പിന്റെ പ്രത്യേകവരം നൽകി ദൈവം അനുഗ്രഹിക്കുന്നു.
കം ആന്റ് സീയ്ക്കുശേഷം തിരിച്ചുപോ യി പിന്നെയും ചേരാൻ തീരുമാനമെടുക്കുന്നവർ തന്നെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു അപേക്ഷ എഴുതിക്കൊടുക്കണം. ഈ അർത്ഥിനികളുടെ മാതാപിതാക്കൾ സമ്മതിപത്രം എഴുതി ഒപ്പിട്ടുകൊടുക്കുകയും വേണം. പല സന്യാസ സഭകളിൽ നിന്നും പരിശീലന കാലത്തോ, അതിനു ശേഷമോ ആളുകൾ കൊഴിഞ്ഞുപോകാറുണ്ട്. എന്നാൽ മിണ്ടാമഠത്തിലെ ഒരംഗംപോലും ഇപ്രകാരം സഭാജീവിതം ഉപേക്ഷിച്ച സംഭവം ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.
മിണ്ടാമഠങ്ങൾ കേരളത്തിൽ
ഓരോ മിണ്ടാമഠത്തിന്റെയും സ്ഥാപനത്തിനു പിന്നിൽ വ്യക്തമായ ഒരു പ്രാർത്ഥനാ ഉദ്ദേശം ഉണ്ടായിരിക്കും. അതാതു മെത്രാന്റെ പ്രത്യേക ക്ഷണപ്രകാരം പ്രത്യേകമായ ഒരു പ്രാർത്ഥനാനിയോഗത്തിനായിരിക്കും ഓരോ കർമ്മലീത്താ മിണ്ടാമഠവും സ്ഥാപിക്കപ്പെടുക. മഠങ്ങളുടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശ്യത്തോടെ ഒരു മിണ്ടാമഠവും സ്ഥാപിക്കപ്പെടുന്നില്ല. കേരളത്തിലെ മിണ്ടാമഠങ്ങളുടെ പ്രാർത്ഥനാനിയോഗങ്ങളും സ്ഥാപകഉദ്ദേശ്യങ്ങളും വിവിധങ്ങളായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു.
പതിനൊന്നാം പീയൂസ് മാർപാപ്പയുടെ കാലത്ത് കോട്ടയത്ത് സ്ഥാപിതമായ വിജയപുരം രൂപതയുടെ പ്രഥമ മെത്രാൻ ബെനവന്തൂരാ പിതാവായിരുന്നു. ഇദ്ദേഹം ഒരു കർമ്മലീത്താ വൈദികനായിരുന്നു (ഒ.സി.ഡി). മെത്രാൻ ആയതിനുശേഷം മാർപാപ്പയുമായുള്ള ആദ്യകൂടിക്കാഴ്ചയിൽ രൂപതയുടെ വിശേഷങ്ങൾ പറയുന്നതിനിടെ മാർപാപ്പ ആകാംക്ഷയോടെ തിരക്കി. ”പുതിയ രൂപതയിൽ കർമ്മലീത്താ മിണ്ടാമഠം ഉണ്ടോ?” നിലവിൽ തന്റെ രൂപതയിൽ മിണ്ടാമഠങ്ങൾ ഒന്നുമില്ലെന്നും ഒരു മിണ്ടാമഠം ഉണ്ടായാൽ നന്നായിരുന്നു എന്നും താൻ സ്‌പെയിനിൽ പോയി അവിടുത്തെ കർമ്മലീത്താക്കാരോട് സഹായം അഭ്യർത്ഥിക്കുന്നുണ്ടെന്നും മറുപടിയായി മെത്രാൻ പറഞ്ഞു. വിജയപുരം രൂപത ഒരു മിഷൻ രൂപതയായിരുന്നു. പാവപ്പെട്ട തോട്ടംതൊഴിലാളികൾ ധാരാളമായി രൂപതയിൽ ഉണ്ടായിരുന്നു.
ബാലരിഷ്ടതകൾ നേരിടുന്ന പുതിയ രൂപതയ്ക്ക് മിണ്ടാമഠംകാരുടെ പ്രാർത്ഥനാസഹായം വലിയൊരു അനുഗ്രഹവും മുതൽക്കൂട്ടുമായിരിക്കുമെന്ന് ബെനവന്തൂരാ പിതാവിന് തീർച്ചയുണ്ടായിരുന്നു. അമ്മത്രേസ്യാ പുണ്യവതിയാൽ സ്ഥാപിതമായ സെന്റ് ജോസഫ്‌സ് കോൺവെന്റിൽ തന്റെ പുതിയ രൂപതയിൽ ഒരു കർമ്മലീത്താ മിണ്ടാമഠം സ്ഥാപിക്കാമോ എന്ന ചോദ്യവുമായി പിതാവ് കടന്നുചെന്നു.
ഈ കർമ്മലീത്താ മിണ്ടാമഠത്തിലെ മദർ വിശുദ്ധ മരവില്ലസ് ഈശോയുടെ തിരുഹൃദയത്തോട് അതീവ ഭക്തിയുള്ളവളും പുതിയ മഠങ്ങൾ സ്ഥാപിക്കാൻ തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയുമായിരുന്നു. പുതിയ മഠം തന്റെ രൂപതയിൽ സ്ഥാപിക്കണമെന്നുള്ള മെത്രാന്റെ ആവശ്യം നിറവേറ്റിക്കൊടുക്കാൻ മദർ മരവില്ലാസിന് ഏറ്റം സന്തോഷമായിരുന്നു. മദർ മരവില്ലാസിന്റെ നിർദ്ദേശപ്രകാരം ‘മദർ റൊസാരിയോയുടെ’ നേതൃത്വത്തിൽ 1932-ൽ കോട്ടയത്ത് സെന്റ് തെരേസാസ് മൗണ്ടിൽ കേരളത്തിലെ ആദ്യത്തെ കർമ്മലീത്താ മിണ്ടാമഠം സ്ഥാപിതമായി.വിജയപുരം രൂപതയുടെ ഉന്നതിക്കുവേണ്ടി പ്രാർത്ഥിക്കാനായി സമർപ്പിക്കപ്പെട്ട കർമ്മലീത്താ മിണ്ടാമഠമാണ് കോട്ടയത്ത് സ്ഥാപിതമായത്.
ഇന്ത്യയിൽ ആദ്യമായി ഒരു കർമ്മലീത്താ മിണ്ടാമഠം സ്ഥാപിക്കപ്പെട്ടത് മംഗലാപുരത്താണ്. ഫ്രാൻസിൽ നിന്നും വന്ന കർമ്മലീത്താ സന്യാസിനികൾ സ്ഥാപിച്ചതാണ് ഈ മഠം.
പുനരൈക്യപ്രസ്ഥാനത്തിന്റെ ഫലമായി രൂപംകൊണ്ട തിരുവല്ല രൂപതയുടെ മെത്രാനായിരുന്ന സെവേറിയൂസിന്റെ പ്രത്യേക ക്ഷണപ്രകാരം 1948-ൽ തിരുവല്ലയിൽ ഒരു കർമ്മലീത്താ മിണ്ടാമഠം സ്ഥാപിക്കപ്പെട്ടു. കോട്ടയം സെന്റ് തെരേസാസ് മൗണ്ടിൽ നിന്നുമാണ് ഈ മിണ്ടാമഠം സ്ഥാപിതമായത്. പുനരൈക്യപ്രസ്ഥാനം സജീവമാകുന്നതിനും ശക്തിപ്പെടുന്നതിനുംവേണ്ടി പ്രാർത്ഥിക്കാനും തിരുവല്ലാ രൂപതയ്ക്കും ജനങ്ങൾക്കുംവേണ്ടി ദൈവതിരുമുമ്പിൽ നിരന്തരം പ്രാർത്ഥിക്കാനും വേണ്ടിയാണ് തിരുവല്ലയിൽ കർമ്മലീത്താ മിണ്ടാമഠം സ്ഥാപിതമായത്.
ജെറോം ബിഷപ് കൊല്ലം രൂപതയുടെ മെത്രാനായിരുന്ന കാലത്താണ് 1966-ൽ കൊട്ടിയത്ത് കർമ്മലീത്താ മിണ്ടാമഠം നിലവിൽ വന്നത്. കൊല്ലം രൂപതയിൽ ഒരു ഫ്രാൻസീസ്‌ക്കൻ മിണ്ടാമഠം നേരത്തെതന്നെ സ്ഥാപിക്കപ്പെട്ടിരുന്നു. തന്റെ രൂപതയിൽ ഒരു കർമ്മലീത്താ മിണ്ടാമഠം കൂടി വേണമെന്ന പിതാവിന്റെ ആഗ്രഹമാണ് കൊട്ടിയത്ത് കർമ്മലീത്താ മിണ്ടാമഠത്തിന്റെ സ്ഥാപനത്തിന് നിമിത്തമായത്. ഈ മഠവും കോട്ടയത്തെ മിണ്ടാമഠത്തിൽനിന്നും സ്ഥാപിക്കപ്പെട്ടതാണ്.
കൊച്ചി രൂപതയിലെ ജനങ്ങൾക്കുവേണ്ടിയും വൈദികരുടെ വിശുദ്ധീകരണത്തിനുവേണ്ടിയും പ്രത്യേകമായി പ്രാർത്ഥിക്കുന്നതിന് കൊച്ചി രൂപതയുടെ മെത്രാനായിരുന്ന ജോസഫ് കുരീത്തറയുടെ ക്ഷണപ്രകാരമാണ് 1982-ൽ എരമല്ലൂരിൽ സെന്റ് ജോസഫ് കോൺവെന്റ് എന്ന പേരിൽ കർമ്മലീത്താ മിണ്ടാമഠം സ്ഥാപിതമായത്. കൊച്ചി രൂപതയുടെ കീഴിലുള്ള ഈ മിണ്ടാമഠം തിരുവല്ലാ മിണ്ടാമഠത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടതാണ്.
ഈ നാല് കർമ്മലീത്താ മിണ്ടാമഠങ്ങളാണ് ഇപ്പോൾ കേരളത്തിലുള്ളത്. അഞ്ചാമത്തെ മഠത്തിന്റെ നിർമ്മാണജോലികൾ തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഈ നാല് മിണ്ടാമഠങ്ങൾ കൂടാതെ കോട്ടയം മിണ്ടാമഠത്തിന്റെ ഒരു ശാഖ മൈസൂരിലും കൊട്ടിയത്തിന്റെ ശാഖ ഒറീസ്സയിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കർമ്മലീത്താ മിണ്ടാമഠം കോട്ടയത്ത് സ്പാനീഷ് കർമ്മലീത്താ മിണ്ടാമഠംകാരാൽ സ്ഥാപിക്കപ്പെട്ടതുകൊണ്ട് കേരളത്തിലെ കർമ്മലീത്താ മിണ്ടാമഠങ്ങൾ എല്ലാം സ്പാനീഷ് തായ്‌വഴിയിൽപ്പെട്ടതാണ്. ഇപ്രകാരം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഫ്രാൻസ് തായ്‌വഴിയിൽപ്പെട്ടതും ബെൽജിയം തായ്‌വഴിയിൽപ്പെട്ടതുമായ കർമ്മലീത്താ മിണ്ടാമഠങ്ങൾ നിലവിൽ ഉണ്ട്. ആകെ 32 കർമ്മലീത്താ മിണ്ടാമഠങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്.
നിഷ്പാദുക കർമ്മലീത്താ സഭ(ഒ.സി.ഡി.സന്യാസസഭ)
അമ്മത്രേസ്യാ പുണ്യവതി 1562 ഓഗസ്റ്റ് 24-ന് നവീകരിച്ച കർമ്മലീത്താ സഭയുടെ ആദ്യത്തെ മിണ്ടാമഠം ഉദ്ഘാടനം ചെയ്തു. പുതിയ ജനറാൾ ഫാ.ജവാൻ ബാപ്റ്റീസ്താ റോസ്സി (റുബേയോ) 1567 ഏപ്രിൽ 11-ന് ആവിലായിൽ എത്തിയപ്പോൾ അമ്മത്രേസ്യാ ആവിലായിൽ സ്ഥാപിച്ച സെന്റ് ജോസഫ്‌സ് കോൺവെന്റ് സന്ദർശിച്ചു. കർമ്മലീത്താ സഭയുടെ പൂർവ്വനിയമം അവർ കർശനമായി പാലിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. പൂർവ്വനിയമങ്ങൾ ഇത്ര നിഷ്ഠയോടെ പാലിക്കുന്ന ആശ്രമങ്ങൾ മറ്റെങ്ങും ഇല്ലായിരുന്നു. അമ്മത്രേസ്യാ തുടങ്ങിയ രീതി നിലനിന്നു കാണാൻ (തുടർന്നു കാണാൻ) അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. തന്നിമിത്തം പുതിയ മഠങ്ങൾ സ്ഥാപിക്കാൻ അമ്മത്രേസ്യായ്ക്ക് അനുവാദം കൊടുത്തു.
ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ അമ്മത്രേസ്യായ്ക്ക് തോന്നി സ്ത്രീകൾക്കായുള്ള പുതിയ മഠങ്ങൾ സ്ഥാപിക്കുമ്പോൾ സമീപത്ത് വൈദികർക്കായി നവീകരിച്ച ആശ്രമങ്ങൾ ഉണ്ടാകുന്നത് നന്നായിരിക്കുമെന്ന്. ഈ കാര്യം അനുവദിക്കണമെന്ന് ജനറാളച്ചനോട് അമ്മ അപേക്ഷിച്ചു. ഉടൻതന്നെ രണ്ട് ആശ്രമങ്ങൾ വൈദികർക്കായി സ്ഥാപിക്കാൻ ജനറാളച്ചൻ അനുവാദം നൽകി. നില വിലുള്ള സഭയിൽ നിന്നും എതിർപ്പുകൾ ഉണ്ടാകാതിരിക്കാൻ അമ്മയ്ക്ക് നൽകിയ അനുവാദകൽപന ആ വിലായിലെ അന്നത്തെ പ്രൊവിൻഷ്യാളച്ചനും അയച്ചുകൊടുത്തു. ആവിലായിലെ മെത്രാനും സ്വന്തം കാര്യമെന്നപോലെ പരിഗണിച്ച് സമ്മതമരുളി.
മെദീനാദെൽക്കാബോയിലെ നവീകരിച്ച മിണ്ടാമഠം സന്ദർശിക്കുന്നതിനായി കർമ്മലീത്താ ആശ്രമത്തിലെ ‘പ്രിയോർ’ ആയിരുന്ന ആന്റണി അച്ചൻ വന്നപ്പോൾ സന്യാസിമാർക്കുവേണ്ടികൂടി നവീകരിച്ച സഭ സ്ഥാപിക്കുന്നതിന് ജനറാളച്ചനിൽനിന്നും തനിക്ക് അനുവാദം ലഭിച്ച വിവരം വലിയ ഉത്സാഹത്തോടെ അമ്മത്രേസ്യാ പുണ്യവതി അറിയിച്ചു. ഇതു കേട്ടമാത്രയിൽ തന്റെ കാലിൽ കിടന്ന ചെരിപ്പ് ഊരി മാറ്റിയിട്ട് താനായിരിക്കും നവീകരിക്കപ്പെട്ട കർമ്മലീത്താ സഭയിലെ ആദ്യഅംഗം എന്നു അദ്ദേഹം പറഞ്ഞു. അങ്ങനെ മെദീനാദെൽക്കാ ബോയിലുള്ള കർമ്മലീത്താ ആശ്രമത്തിലെ പ്രിയോർ അച്ചനെ തന്നെ നവീകരിച്ച കർമ്മലീത്താസഭയിലെ ആദ്യഅംഗമാക്കുവാൻ അമ്മയ്ക്ക് കഴിഞ്ഞു.
അക്കാലങ്ങളിൽ എല്ലാ സന്യാസ സഭകളിലും ഭൗ തികത കൊടികുത്തി വാഴുകയും വിശ്വാസജീവിതം വല്ലാത്തൊരു പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. അതിനാൽ വിവിധ സന്യാസസഭകളിൽ പ്രാർത്ഥനാജീവിതവും ആത്മീയതയുമൊക്കെ മങ്ങിയിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിൽ മിക്കവാറും എല്ലാ സന്യാസസഭകളിലും നവീകരണം വേരൂന്നിക്കൊണ്ടിരുന്നു. സ്വന്തം സഭയിൽ നിന്നുകൊണ്ടുതന്നെ നവീകരിക്കപ്പെട്ട ജീവിതം (നിയമങ്ങൾ കർശനമായി പാലിച്ചും കഠിനതപക്രിയകൾ ചെയ്തും) നയിച്ചിരുന്നവരെ നിഷ്പാദുകർ (ചെരിപ്പിടാത്തവർ) എന്നാണ് വിളിച്ചിരുന്നത്. തങ്ങൾ അനുവർത്തിച്ചുപോരുന്ന കഠിനതപക്രിയകളുടെയും പ്രാർത്ഥനാജീവിതത്തിന്റെയും ഒരു ബാഹ്യ അടയാളം എന്ന നിലയിലാണ് ഇവർ നിഷ്പാദുകരായി ജീവിച്ചിരുന്നത്. ഈ സമൂഹത്തെയാണ് നിഷ്പാദുക സഭ എന്നതുകൊണ്ട് അർത്ഥമാക്കിയിരുന്നത്.
മെദീനാദെൽക്കാബോയിലെ ആശ്രമത്തിൽ എല്ലാവരുടെയും സ്‌നേഹാദരവുകൾ ആർജ്ജിച്ചിരുന്ന, വലിയ പ്രാർത്ഥനാരൂപിയിൽ ജീവിച്ചിരുന്ന ‘യോഹന്നാൻ’ എന്നു പേരായ ഒരു യുവകർമ്മലീത്താ വൈദികനുണ്ടായിരുന്നു. വി.മത്തിയാസിന്റെ ജോൺ എന്നായിരുന്നു അദ്ദേഹത്തിന് സഭ നൽകിയിരുന്നത്. പ്രിയോർഅച്ചൻ ഈ യുവവൈദികനെ വളരെ പ്രശംസിച്ച് അമ്മത്രേസ്യായോട് പറഞ്ഞിരുന്നു.
പരസ്പരം പരിചയപ്പെട്ട വേളയിൽ ഇരുവരുടെയും പ്രാർത്ഥനാചൈതന്യവും ആത്മീയ ഉണർവും പ്രകടമായി താൻ ഇപ്പോൾ അംഗമായിരിക്കുന്ന കർമ്മലീത്താ സഭയിൽ തപക്രിയകളും പ്രാർത്ഥനകളും നിയമങ്ങളും തന്റെ പ്രതീക്ഷയ്‌ക്കൊത്തുയർന്നതല്ലെന്നും ഇതിലും കഠിനമായ നിയമങ്ങളും തപച്ഛര്യകളും ഉള്ള ‘കാർത്തൂസ്യൻ’ സഭയിൽ ചേരാൻ പോവുകയാണെന്നും ജോൺ അച്ചൻ പറഞ്ഞു. അക്കാലത്ത് ഏറ്റവും കടുപ്പമേറിയ നിയമങ്ങളും പ്രായശ്ചിത്തങ്ങളും നിറഞ്ഞ ഒരു ജീവിതശൈലിയായിരുന്നു ‘കാർത്തൂസ്യൻ’ സഭയിൽ ഉണ്ടായിരുന്നത്. ഒരിക്കലും സംസാരം ഈ സഭയിൽ ഇല്ലായിരുന്നു.
കർമ്മലീത്താ സഭ വിട്ട് പോകേണ്ടെന്നും നമുക്ക് ഈ സഭയെ നവീകരിക്കാമെന്നും ജോണച്ചൻ തന്റെകൂടെ നിന്നാൽ മതിയെന്നും അമ്മത്രേസ്യാ പറഞ്ഞു. ഉടൻ തന്നെ നവീകരണപ്രവർത്തനങ്ങൾ തുടങ്ങാമെങ്കിൽ താനും കൂടെചേരാമെന്ന് ഈ യുവവൈദികൻ ഉറപ്പ് കൊടുത്തു. നവീകരിച്ച സഭയിൽ ചേർന്നതോടെ വി.മത്തിയാസിന്റെ ജോൺ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കർമ്മലീത്താ യുവവൈദികൻ കുരിശിന്റെ ജോൺ എന്ന പേര് സ്വീകരിച്ചു.
കത്തോലിക്കാ സഭയുടെ വേദപാരംഗതൻ എന്ന അതുല്യ സ്ഥാനത്തേക്കുയർന്ന അദ്ദേഹം സഭയിലെ മിസ്റ്റിക്കുകളിൽ ഏറ്റവും പ്രമുഖനാണ്. അമൂല്യങ്ങളായ ഒട്ടനവധി മഹത്ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. സഭയുടെ നവീകരണത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ ശാരീരികവും മാനസികവുമായ ഒട്ടനവധി പീഡനങ്ങൾ ഈ യുവവൈദികൻ ഏൽക്കേണ്ടതായി വന്നു. നാടുകടത്തലും ജയിൽവാസവുമൊക്കെ ഈ പീഡനപരമ്പരകളിൽ ചിലതു മാത്രമായിരുന്നു.
എല്ലാ വേദനകളും നിശബ്ദമായി സഹിച്ചുകൊണ്ട് ഒരു ചെറിയ പ്രതിഷേധം പോലും ഉയർത്താതെ ലോകത്തിന്റെയും താനുൾപ്പെടുന്ന സമൂഹത്തിന്റെയും പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങിക്കൊണ്ട് സഹനങ്ങളെല്ലാം യേശുവിന്റെ കുരിശോടുചേർത്തുവച്ച ഈ വിശുദ്ധനെ ദൈവം ദർശനങ്ങളിലൂടെയും നിരവധിയായ അനുഗ്രഹങ്ങളിലൂടെയും സമ്പന്നനാക്കികൊണ്ടിരുന്നു. ഈ പീഡനങ്ങളുടെ നടുവിൽ ജയിൽവാസകാലത്ത് അദ്ദേഹം എഴുതിയ ആത്മീയ രചനകൾ എന്നതിലുപരിയായി സാഹിത്യലോകത്ത് വിലമതിക്കപ്പെടുന്ന അനവദ്യസുന്ദരമായ സാഹിത്യസൃഷ്ടിയായി ഇന്നും പ്രശോഭിക്കുന്നു. അദ്ദേഹത്തിന്റെ സഹനങ്ങളും സുകൃതങ്ങളും നിഷ്പാദുകകർമ്മലീത്താ സഭയുടെ അടിസ്ഥാനശിലകളായി മാറി.
താൻ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മിണ്ടാമഠങ്ങളിലെ സന്യാസിനിമാരുടെ ആത്മീയപരിപാലനത്തിനും ആദ്ധ്യാത്മികവളർച്ചയ്ക്കും അവരെ നയിക്കുന്നതിനും കർമ്മലീത്താ പൈതൃകം പേറുന്ന, പ്രാർത്ഥനാചൈതന്യവും തീക്ഷ്ണതയുമുള്ള വൈദികരുടെ ഒരു സമൂഹത്തിന് രൂപം കൊടുക്കാൻ വിശുദ്ധ തീരുമാനിച്ചു. കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക ശുശ്രൂഷകളിൽ ഭാഗഭാക്കാകാനും മിഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കാനും വിദൂര ദേശങ്ങളിൽ സുവിശേഷം പ്രഘോഷിക്കാനും ഈ വൈദികരിലൂടെ കഴിയുമല്ലോ എന്ന് വിശുദ്ധ ചിന്തിച്ചു. ഇന്ന് ലോകമെമ്പാടും പടർന്നു പന്തലിച്ച് വചനപ്രഘോഷണത്തിലും മിഷൻ പ്രവർത്തനങ്ങളിലും കുടുംബനവീകരണശൂശ്രൂഷകളിലും വ്യാപൃതരായി സഭയെ നോവിക്കുന്ന നിഷ്പാദുക കർമ്മലീത്താ വൈദികസമൂഹം (ഒ.സി.ഡി) ജന്മംകൊണ്ടത് അമ്മത്രേസ്യാപുണ്യവതിയുടെ ഹൃദയത്തിലായിരുന്നു.
യേശുവിന്റെ മൗതികശരീരമാകുന്ന സഭയിൽ ദൈ വമക്കൾക്കായി പ്രത്യേകമായ കാരിസത്തോടെ സേ വനം ചെയ്യുന്ന സഭാസമൂഹമാണ് നിഷ്പാദുകകർ മ്മലീത്താ സഭ. കർമ്മലമലയിലെ പരിശുദ്ധ കന്യകാ മാതാവിന്റെ പേരിലുള്ള സഹോദരന്മാരുടെ സമൂഹം എന്ന പേരിലാണ് ഇവർ ആദ്യകാലത്ത്അറിയപ്പെട്ടിരുന്നത് .
ടോമി ഫിലിപ്പ് തൃപ്പൂണിത്തുറ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?