Follow Us On

28

March

2024

Thursday

സാത്താന്റെ ഏജന്റുമാർ

സാത്താന്റെ ഏജന്റുമാർ

ദൈവമായ കർത്താവ് സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സർപ്പം. അത് സ്ത്രീയോട് ചോദിച്ചു, തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്ന് ദൈവം കൽപിച്ചിട്ടുണ്ടോ? സ്ത്രീ സർപ്പത്തോട് പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങൾ ഞങ്ങൾക്ക് ഭക്ഷിക്കാം. എന്നാൽ തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്. ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും എന്ന് ദൈവം പറഞ്ഞിട്ടുണ്ട്. സർപ്പം സ്ത്രീയോട് പറഞ്ഞു: നിങ്ങൾ മരിക്കുകയില്ല. അത് തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണു തുറക്കുമെന്നും നന്മയും തിന്മയും അറിഞ്ഞ് നിങ്ങൾ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിന് കൗതുകകരവും അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നുകണ്ട് അവൾ പറിച്ചുതിന്നു. ഭർത്താവിനും കൊടുത്തു. അവനും തിന്നു. ഉടനെ അവരുടെ കണ്ണു തുറന്നു. തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കി (ഉൽപ. 3:1-7).
വർഷങ്ങളോളം ദൈവശാസ്ത്രം പഠിച്ച പണ്ഡിതന്മാർ ഈ ഭാഗം വിശദീകരിച്ചിട്ടുണ്ട്. മനുഷ്യൻ ആദ്യമായി ദൈവകൽപന ലംഘിച്ച കഥയാണ് ബൈബിൾ പറയുന്നത്. പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിൽ ചില വ്യത്യസ്ത കാഴ്ചപ്പാടുകൾ കാണുന്നുവെങ്കിലും സാരാംശം ഒന്നുതന്നെ.
സർപ്പം സാത്താന്റെ വെറും ഏജന്റ് ആയിരുന്നോ? അതോ സാത്താൻ തന്നെ മറ്റൊരു രൂപം പ്രാപിച്ചതോ? എന്തായാലും ഉൽപത്തി പുസ്തകത്തിലെ സർപ്പം കേവലം ഒരു വന്യജീവിയല്ല. ദൈവത്തിന്റെ അരുമ സൃഷ്ടിയായ മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റാൻ വളരെ വിശദമായി കൗൺസലിങ്ങ് നടത്തുന്ന ഒരു മനഃശാസ്ത്രജ്ഞൻതന്നെ. ഇന്ന് ലോകത്തിൽ തിന്മയുടെ വിത്തു വിതയ്ക്കാനും നന്മയുടെ കൂടാരങ്ങൾ ബോംബിട്ട് തകർക്കാനും ദൈവത്തിനായി വേല ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാനും ആയിരക്കണക്കിന് ഏജന്റുമാർ പ്രവർത്തിക്കുന്നു. ഇവർ തങ്ങൾ ഉപയോഗിക്കുന്ന നശീകരണ മാർഗങ്ങൾ വളരെ വിദഗ്ദ്ധതയോടെ കൈകാര്യം ചെയ്യുന്നു. എല്ലാത്തിന്റെയും അവസാനം അടുത്തു എന്നു തോന്നാം.
തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ പഴമാണ് സർപ്പം ഹവ്വയെ കാണിച്ചുകൊണ്ട് കൗൺസലിങ്ങ് നടത്തിയത്. ഇന്ന് സാത്താന്റെ ഏജന്റുമാർക്ക് നൂറുകണക്കിന് പുതിയ കണ്ടുപിടുത്തങ്ങളുണ്ട്. പലരും സ്മാർട്ട്‌ഫോൺ കൈയിൽ കൊണ്ടുനടന്നുകൊണ്ട് ആത്മാക്കളെ പിടിച്ചെടുക്കുന്നു.
ആശാമോൾ പത്താംക്ലാസിൽ പഠിക്കുന്ന ഒരു സുന്ദരിക്കുട്ടിയാണ് (പേര് സാങ്കൽപികം). എല്ലാവരോടും നന്നായി പെരുമാറുന്ന, ഏറെ പ്രസരിപ്പുള്ള ആശാമോൾ ഒരു വിഷയത്തിന് ട്യൂഷൻ എടുത്തിരുന്നത് തന്റെ ഒരു ടീച്ചറുടെ വീട്ടിൽവച്ചായിരുന്നു. ടീച്ചറിന്റെ സുമുഖനായ സഹോദരൻ ആശാമോളെ പരിചയപ്പെട്ടു. മൊബൈൽ ചാറ്റിംഗ് ആരംഭിച്ചു. അവസരം കിട്ടുമ്പോൾ അശ്ലീല വീഡിയോ ചിത്രങ്ങൾ അവർ ഒന്നിച്ചു കണ്ടു. രണ്ടോ മൂന്നോ പ്രാവശ്യം രഹസ്യമായി ബന്ധപ്പെട്ടു.
ഏദൻതോട്ടത്തിൽ സംഭവിച്ചതുപോലെ ഇവിടെയും സംഭവിച്ചു. ആശയുടെ പ്രസരിപ്പെല്ലാം തീർന്നു. മുഖം വാടിയിരിക്കുന്ന മകളെ അമ്മ ശ്രദ്ധിച്ചു. എന്തു പറ്റി എന്റെ മോൾക്കെന്ന് അമ്മയും ചിന്തിച്ചു. ഒരു സൈക്കോളജിസ്റ്റിന് ആശാമോളുമായി സംസാരിക്കാൻ കഴിഞ്ഞു. എല്ലാം അവൾ തുറന്നു പറഞ്ഞു. വിലക്കപ്പെട്ട കനി ആസ്വദിക്കാൻ ആദ്യം മടിച്ചുവെങ്കിലും സ്മാർട്ട്‌ഫോണിൽ കാണുന്ന അശ്ലീല രംഗങ്ങൾ വിലക്കപ്പെട്ട സുഖം അനുഭവിക്കാൻ ശക്തമായ പ്രേരണ നൽകി. അവൾ ആ യുവാവിന് പൂർണമായി കീഴടങ്ങി. സൈക്കോളജിസ്റ്റിന്റെ ഉപദേശപ്രകാരം ആശാമോൾക്ക് ഒരു മെഡിക്കൽ പരിശോധന നടത്താൻ ഗൈനക്കോളജിസ്റ്റിനെ അന്വേഷിക്കുകയാണ് ആശയുടെ മാതാവ്. തുടർന്നുണ്ടാകുന്ന വിഷമകരമായ കാര്യങ്ങൾ ഇവിടെ കുറിക്കുന്നില്ല.
ഇന്ന് പത്രങ്ങളും മറ്റു ദൃശ്യമാധ്യമങ്ങളും പുറത്തുവിടുന്ന വാർത്തകളിൽ ഏറെയും സാത്താന്റെ ഏജന്റുമാർ സൃഷ്ടിക്കുന്ന ഭീകരമായ സംഭവങ്ങൾതന്നെ.
പെരുമ്പാവൂരിൽ ഒരു ജിഷ അന്യ സംസ്ഥാനക്കാരനായ ഒരു യുവാവിന്റെ പരാക്രമത്തിന് വിധേയയായി. ഇത്രയും പൈശാചിക കൃത്യത്തിന് കാരണം കേവലം ഒരു നിമിഷംകൊണ്ട് സംഭവിച്ചതാകുകയില്ല. തെറ്റു ചെയ്യുവാനുള്ള പ്രലോഭനം തുടക്കത്തിൽത്തന്നെ തടുത്തു നിൽക്കാൻ ജിഷ എന്ന പാവം യുവതിക്ക് കഴിഞ്ഞില്ല.
അതിരംപുഴയിൽ അശ്വതി എന്ന പെൺകുട്ടിക്കും അയൽവാസിയായ യുവാവിന്റെ പ്രേരണയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. യുവതിയുടെ പിതാവിന് ദിവസവും മദ്യം കൊടുത്ത് സാഹചര്യങ്ങൾ അനുകൂലമാക്കാൻ ആ യുവാവിന് സാധിച്ചു.
ഉൽപത്തി കഥയിൽ സാത്താൻ സർപ്പത്തിന്റെ രൂപത്തിലായിരുന്നുവെങ്കിൽ ഇന്ന് പലവിധ വേഷങ്ങളിൽ സാത്താൻ ഭൂമിയിൽ പാഞ്ഞു നടക്കുന്നു.
സെക്‌സിന്റെ ദുരുപയോഗം മാത്രമാണോ പാപം? റോമിലെ പ്രശസ്തമായ ദൈവശാസ്ത്ര സ്ഥാപനത്തിൽ പഠനവും അധ്യാപകജോലിയും നിർവഹിച്ച പണ്ഡിതനായ വൈദികൻ വിശദീകരിച്ചത് ആദിമ മനുഷ്യർ തങ്ങൾക്ക് വിലക്കിയിരുന്ന അനുഭവം പരിധിവിട്ട് ആസ്വദിച്ചതായിരുന്നു നിയമലംഘനം എന്നാണ്. അതായത് ഹവ്വയെ പ്രലോഭിച്ച് പിശാച് ലൈംഗികത ആസ്വദിച്ചുവത്രേ. അതുകൊണ്ടാണ് കായേൻ പിശാചിന്റെ സന്തതിയെന്നു വിളിക്കപ്പെട്ടത്. വിവാഹം എന്ന ഉടമ്പടിവഴി ഭാര്യാഭർത്താക്കന്മാർക്കുമാത്രം ആസ്വദിക്കാൻ അനുവദിക്കപ്പെട്ട സെക്‌സ് അനുഭൂതി പുറത്തുള്ളവരുമായി പങ്കുവച്ചതാണ് ആദ്യപാപമെന്ന് ഈ വന്ദ്യവൈദികൻ വിശദീകരിക്കുന്നു.
വിശുദ്ധ ഗ്രന്ഥം സൂക്ഷ്മമായി പഠിക്കുമ്പോൾ എല്ലാ കൽപനകളുടെയും ലംഘനത്തിന്റെ ആരംഭത്തെയാണ് ആദ്യപാപത്തെക്കുറിച്ചുള്ള കഥ സൂചിപ്പിക്കുന്നത്. മോശവഴി ദൈവം കൽപനകളുടെ ലിസ്റ്റ് നൽകിയപ്പോൾ ഒന്നാമതായി കാണുന്നത് വിഗ്രഹാരാധനയെക്കുറിച്ചുള്ള കൽപനയാണ്. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്നായിരുന്നു കൽപന. ആദ്യ മാതാപിതാക്കൾ ഒരു നിമിഷം കർത്താവായ ദൈവത്തെ മറന്ന് സാത്താനെ അനുസരിച്ചപ്പോൾ വിഗ്രഹാരാധന എന്ന പാപമാണ് ചെയ്തത്. വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നു, വിഗ്രഹാരാധന തന്നെയാണ് ദ്രവ്യാഗ്രഹം എന്ന്. ഇന്ന് ദ്രവ്യാഗ്രഹം ഒരു പാപമേ അല്ല എന്ന മിഥ്യാബധം സാത്താൻ വളർത്തിയെടുത്തു. ദൈവജനമെന്ന് സ്വയം അഭിമാനിക്കുന്ന ക്രൈസ്തവ സമൂഹംപോലും ദ്രവ്യാഗ്രഹം ഒരു പാപമായി ഗണിക്കുന്നതായി തോന്നുന്നില്ല.
ദ്രവ്യാഗ്രഹം വളരുമ്പോൾ മറ്റു ജഡികപാപങ്ങളും കൊലപാതക ചിന്തകളും മോഷണംപോലും ന്യായീകരിക്കാനുള്ള പ്രവണതകൾ വളരുന്നു. ചുരുക്കത്തിൽ തുടക്കത്തിലേ നിയന്ത്രിക്കാതിരുന്നാൽ മാരകമായ പാപം തന്നെയായിരിക്കും ഭവിഷ്യത്ത്. മദ്യപാനാസക്തിയും പാപംതന്നെ.
ഒരു സായാഹ്നത്തിൽ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്ന ദാവീദുരാജാവ് അൽപം അകലെ നദിയിൽ കുളിച്ചുകൊണ്ടിരുന്ന ബെത്‌സെബാ എന്ന സുന്ദരിയെ കണ്ടു. മനഃസാക്ഷിയുടെ കുറ്റപ്പെടുത്തൽ അവഗണിച്ച് രാജാവ് ആ സുന്ദരിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. സ്വന്തം പടയാളികളിൽ ഒരുവനായ ഉറിയായുടെ ഭാര്യയാണ് എന്നറിഞ്ഞിട്ടും അവളെ സ്വന്തമാക്കാൻ നിശ്ചയിച്ചു. ഉറിയാ വധിക്കപ്പെടുവാൻ യുദ്ധരംഗത്തേക്ക് പറഞ്ഞയച്ചു. വ്യഭിചാരത്തിന് പുറമെ കൊലപാതകം എന്ന പാപംകൂടി രാജാവ് ചെയ്തു. മറ്റു നിയമാനുസൃത ഭാര്യമാർ ഉണ്ടായിട്ടും ദാവീദിന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
കർത്താവായ യേശു പഠിപ്പിക്കുന്നു, ഒരുവൻ ആസക്തിയോടുകൂടി ഒരു സ്ത്രീയെ നോക്കിയാൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്ന്. ദാവീദ് പ്രഥമ ദർശനത്തിൽത്തന്നെ സ്വയം നിയന്ത്രിച്ചിരുന്നുവെങ്കിൽ വ്യഭിചാരവും കൊലപാതകവും ചെയ്യേണ്ടിവരികയില്ലായിരുന്നു. പിന്നീട് പശ്ചാത്തപിച്ചുവെങ്കിലും ദൈവം നിശ്ചയിച്ച ശിക്ഷാവിധിക്ക് ദാവീദിന്റെ കുടുംബവും അടുത്ത തലമുറയും വിധേയരാകേണ്ടി വന്നു.
മനുഷ്യർ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ശിക്ഷ അനുഭവിക്കേണ്ടിവരും. ഇന്ന് സാത്താന്റെ ഏജന്റുമാർ ലോകമെങ്ങും വളരെ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ദൃശ്യമാധ്യമങ്ങൾ എല്ലാംതന്നെ മനുഷ്യനെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ആധുനിക വിനോദോപകരണങ്ങൾ, ഹൈസ്റ്റൈൽ ജീവിതരീതികൾ, ടൂറിസം ഇവയിലെല്ലാം തിന്മയിലേക്കുള്ള കെണികൾ നിറഞ്ഞുനിൽക്കുന്നു.
ജഡികമോഹങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള ശക്തമായ നിർദേശം വിശുദ്ധ ഗ്രന്ഥം വഴിയായി സഭ ലോകത്തിന് നൽകുന്നു. നമ്മുടെ മക്കളെ തിരുസഭയുടെ വിശുദ്ധ ചൈതന്യത്തിൽ വളർത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തിയാൽ മാത്രമേ ക്രിസ്തു പ്രഖ്യാപിച്ച ദൈവരാജ്യം നാം ദർശിക്കൂ.
കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അപ്പോസ്തലൻ പ്രഖ്യാപിച്ചു. ക്രിസ്തുവിൽ വിശ്വസിക്കുക എന്നാൽ ക്രിസ്തുവിന്റെ നിർദേശങ്ങൾ പിൻതുടരുക എന്നാണ് അർത്ഥം. തിരുസഭയുടെ വിശ്വസ്ത സന്താനങ്ങളായി കൽപനകൾ പാലിക്കുകയും കൂദാശകൾ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് നാം ക്രിസ്തുവിൽ ജീവിക്കുന്നത്. സാത്താന്റെ ഏജന്റുമാരെ അകറ്റി നിർത്തുവാൻ തിരുവചനം എന്ന ആത്മാവിന്റെ വാൾ പ്രയോഗിക്കുക എന്ന പൗലോസിന്റെ വചനം നമ്മെ പ്രചോദിപ്പിക്കട്ടെ.
ജയിംസ് ഐസക്ക്, കുടമാളൂർ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?