Follow Us On

29

March

2024

Friday

ബർണാർദീത്തയെ കാണാൻ വന്ന ലൂർദ്ദ് മാതാവ്

ബർണാർദീത്തയെ കാണാൻ വന്ന ലൂർദ്ദ് മാതാവ്

ഫ്രാൻസിലെ പിരണിസ് പർവ്വതനിരകളിൽ, ഗേർ പർവ്വതത്തിനടുത്തുള്ള ഗ്രവ് നദിതീരത്ത് ഒരു ഗ്രാമമുണ്ട്. ലൂർദ്ദ് ഗേർമലയുടെ ഉച്ചിയിൽ നിന്നു നോക്കിയാൽ ഫ്രാൻസിന്റെയും സ്റ്റെയിനിന്റെയും മിക്കവാറും ഭാഗങ്ങൾ കാണാം.
വർഷം 1858. ലൂർദ്ദ് ഗ്രാമത്തിൽ നാലായിരത്തോളം ജനങ്ങളാണ് അന്നുള്ളത്. എല്ലാവരും ക്രൈസ്തവർ. ഗിരിവർഗ്ഗക്കാരെന്നതുകൊണ്ട് പെരുമാറ്റമൊക്കെ പരുക്കൻ രീതിയിലുള്ളത്. ഭൂരിഭാഗവും ദരിദ്രർ.
അവർക്കിടയിൽ ഒരു സാധാരണ ദമ്പതികളുണ്ടായിരുന്നു. ഫ്രാൻസിസ് സൂബിറോസും ലൂയിസ കാസ്റ്ററോടും. നാളെയെക്കുറിച്ച് ഒരു ചിന്തയും ഇല്ലാതെ ജീവിച്ച അവർ പെട്ടെന്ന് അന്നന്നത്തെ അപ്പത്തിന് വകയില്ലാത്തവരായി.
ഈ കുടുംബത്തിലാണ് 1844 ജനുവരി ഏഴിന് ബർണഡിറ്റയുടെ ജനനം. 1855-ൽ ആ കുടുംബത്തിൽ ആറുമക്കളുണ്ട്. ഫ്രാൻസിസ് സുബിറോസ് അവന്റെ പണിയൊക്കെ കളഞ്ഞ് ദിവസക്കൂലിക്കാരനായി. അമ്മ അടുത്ത വീട്ടിൽ അടുക്കളപ്പണിക്കാരിയായി. എന്നിട്ടും അവർക്കു രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വന്നു. വാടക കൊടുക്കുവാൻ പണമില്ലാതെ അവർക്കു ഉപേക്ഷിക്കപ്പെട്ട ഒരു ജയിലിൽ, കൂടാരം കാണേണ്ടിവന്നു. മൂന്നു കട്ടിലും ഒരു കസേരയുമായിരുന്നു അവർക്കുണ്ടായിരുന്ന വീട്ടുപകരണങ്ങൾ.
കുട്ടിക്കാലത്തുതന്നെ ലൂർദ്ദിൽ നിന്നും ഏതാനും മൈൽ അകലെയുള്ള ബാർട്രെസിലെ മേരി അരവാന്തിന്റെ ഭവനത്തിൽ അവൾ ജോലിക്കുപോയി. അവരുടെ ആടിനെ നോട്ടമായിരുന്നു ജോലി. അവരാണ് ബർണഡിറ്റയെ ആദ്യകുർബാനയ്‌ക്കൊരുക്കിയത്. അന്നവൾക്കു എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. വളരെ ഭക്തയായിരുന്നു അവൾ. എന്നാൽ ഉറച്ച നിലപാടുകൾ ഉള്ളവളും തന്റേടിയുമായിരുന്നു. നെഞ്ചുരോഗ ബാധിതയായിരുന്നു. രോഗിയായിരുന്നതിനാൽ അവൾക്കു പ്രത്യേക പരിഗണന ലഭിച്ചു.
1856-ൽ പതിനഞ്ചാം പിറന്നാളിന് അവളൊരു മോഹം പറഞ്ഞു. ലൂർദ്ദിലേക്കൊന്നു പോകണം. യജമാനത്തി സമ്മതിച്ചു. വീട്ടിലെത്തിയ അവളെ അമ്മ വിറകു പെറുക്കാൻ വിട്ടു. ഗേവ് നദിയുടെ തീരത്ത് സഹോദരി മേരിയോടൊപ്പമാണ് അവളതിനു പോയത്. അന്നു ഫെബ്രുവരി 11 ആയിരുന്നു. അവർക്കൊപ്പം കസിൻ ജോൺ അമ്പാദിയും ഉണ്ടായിരുന്നു. അവർ മസാമ്പിൽ പാറയുടെ പക്കലേക്ക് പോയി. അവിടെ ഒരു ഗ്രോട്ടോയും ഉണ്ടായിരുന്നു. ഗ്രോട്ടോ തന്നെ ഒരു ദ്വീപിലായിരുന്നു. തീരത്തുനിന്നും ചെറിയ ഒരു തോട്ടം കടന്നുവേണം അവിടെ എത്തുവാൻ. അവർ ഷൂസും സോക്‌സും അഴിച്ച് വെള്ളത്തിലിറങ്ങി. രോഗിയായിരുന്ന ബർണഡിറ്റ സാവകാശമാണ് ഷൂസഴിച്ചത്. പെട്ടെന്ന് അസാധാരണമായ ഒരു ശബ്ദം അവൾ കേട്ടു. രണ്ടുതവണ ശബ്ദം ഉയർന്നു.
അവളോർത്തത് കൊടുങ്കാറ്റിന്റെ ഇരമ്പലാണെന്നാണ്. അവൾ ചുറ്റുമുള്ള മരങ്ങളിലേക്കു നോക്കി. ഒറ്റ ഇലപോലും ചലിക്കുന്നില്ല. അവൾക്കു ഭയമായി. അവൾ പാറയിലേക്കു നോക്കി. അവിടെ കാട്ടു റോസുകൾ ചലിക്കുന്നു. ഗ്രോട്ടോയിൽ നിന്നും ഇതാ സുന്ദരിയായ ഒരു സ്ത്രീ ഇറങ്ങിവരുന്നു. അവർ പുഞ്ചിരിച്ചുകൊണ്ട് ബർണഡിറ്റയെ വിളിച്ചു. അവളുടെ ഭയം വലിയ ആത്മവിശ്വാസമായി പരിണമിച്ചു. യാന്ത്രികമായി അവൾ ജപമാല കൈയിലെടുത്തു. മുട്ടിൽനിന്നു. സ്ത്രീ സന്തോഷത്തോടെ തലയാട്ടി. അവൾ കുരിശടയാളം വരയ്ക്കുംമുമ്പ് സ്ത്രീ കുരിശടയാളം വരച്ചു. ബർണഡിറ്റ ജപമാല ചൊല്ലി തുടങ്ങി. സ്ത്രീ കൊന്തമണികൾ ഉരുട്ടിക്കൊണ്ടിരുന്നു. പിതാവിനും പുത്രനും ചൊല്ലുമ്പോൾ സ്ത്രീയും അവൾക്കൊപ്പം പ്രാർത്ഥിച്ചു. ജപമാല തീർന്നപ്പോൾ സ്ത്രീ അപ്രത്യക്ഷയായി.
ബർണഡിറ്റ ഇക്കാര്യം കൂട്ടുകാരികളോട് പറഞ്ഞു. അവർ അത് അമ്മയെ അറിയിച്ചു. അമ്മയ്ക്ക് വിശ്വസിക്കാനായില്ല. ഏന്തായാലും ഇനി ബർണഡിറ്റ മസാമ്പിലിലേക്കു പോകണ്ടെന്നായിരുന്നു അമ്മയുടെ തീർപ്പ്. എങ്കിലും ബർണഡിറ്റ നിർബന്ധിച്ചപ്പോൾ അവൾ അനുമതി നൽകി.
അവൾ വീണ്ടും വീണ്ടും ഗ്രോട്ടോയിലേക്കു വന്നു. സ്ത്രീ അവളെ കാത്തുനിന്നു. 1858 ഫെബ്രുവരി 11 മുതൽ ജൂലൈ 16 വരെ 18 തവണ ഇതുണ്ടായി. ഫെബ്രുവരി 18-ന് സ്ത്രീ ചോദിച്ചു. ”നിനക്ക് ഈ ലോകത്തിലെ സുഖങ്ങൾ ഞാൻ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ പരലോകസുഖങ്ങൾ നൽകാം. ഇനി 15 ദിവസം തുടർച്ചയായി ഇവിടെ വരുമോ?” ബർണഡിറ്റ സമ്മതിച്ചു.
വാർത്ത പ്രചരിച്ചു തുടങ്ങി. ഗ്രോട്ടോയിലേക്കു സന്ദർശകരായി. ആറാം തവണ അ മ്മ പ്രത്യക്ഷപ്പെട്ട ഫെബ്രുവരി 21-ന് ബർണഡിറ്റയെ പരിശോധിച്ച ഡോ.ഡോബുസ് അവൾക്കു മാനസിക തകരാറൊന്നും ഇല്ലെന്ന് വിധിച്ചു. തീർത്ഥാടകർ വർദ്ധിച്ചതോടെ അധികാരികൾക്കായി തലവേദന.
അവർ ബർണഡിറ്റയുടെ ഗ്രോട്ടോ യാത്ര വിലക്കി. തനിക്ക് പ്രത്യക്ഷപ്പെടുന്ന സ്ത്രീയെക്കുറിച്ച് ബർണഡിറ്റ അവരോട് പറഞ്ഞു. ‘കണ്ടാൽ പതിനാറോ പതിനേഴോ വയസ്സുപ്രായം. വെള്ള വസ്ത്രം, നീല അരക്കെട്ട്, വെളുത്ത ശിരോവസ്ത്രം, നഗ്നമായ കാൽപാദം, അവിടെ മഞ്ഞ റോസാപ്പൂക്കൾ, കൈയിൽ വെളുത്ത മണികളുള്ള ജപമാല, ഒരു സ്വർണ്ണമാലപോലെ. അപ്പന്റെ വിലക്കു ലംഘിച്ച് പിറ്റേന്നവൾ പോയി. എന്നാൽ മാതാവിനെ കാണാനായില്ല.
ഫെബ്രുവരി 24-ന് നാഥ വിലാപസ്വരത്തിൽ ബർണഡിറ്റയോട് പറഞ്ഞു. ‘പരിഹാരപ്രവൃത്തികൾ, പരിഹാരപ്രവൃത്തികൾ. അ മ്മയുടെയും ബർണഡിറ്റയുടെയും തേങ്ങലുകൾ കാണികൾ കേട്ടു. പിറ്റേന്ന് പ്രത്യക്ഷ പ്പെടലിനോടൊപ്പം അത്ഭുത ഉറവയും ഉണ്ടായി. അന്ന് ഗ്രോട്ടോയുടെ ഇടതുവശത്ത് അമ്മ കാണിച്ചുകൊടുത്തിടത്ത് അവൾ മണ്ണു നീക്കിയപ്പോഴാണ് ഉറവ ഒഴുകിയത്. ഏതാ നും ദിവസം കഴിഞ്ഞപ്പോൾ അന്ധനായ ലൂയി ബ്രൂയിച്ചെക്കു കാഴ്ച കിട്ടി.
ഫെബ്രുവരി 26-ന് ബർണഡിറ്റ പലവട്ടം മണ്ണ് ചുംബിച്ചു. ഒപ്പമുണ്ടായിരുന്നവരും അങ്ങനെ ചെയ്തു. പിറ്റേന്നാണ് വികാരിയെ കണ്ട് പള്ളി പണിയാൻ ആവശ്യപ്പെടണമെന്ന് മാതാവ് നിർദ്ദേശിച്ചത്. വികാരി ഫാ.പെയ്‌രാമൈൽ കടുപ്പക്കാരനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ കണ്ട് ഇക്കാര്യം പറയാൻ അവൾ ഭയന്നു. എങ്കിലും പോയി. അച്ചൻ സമ്മതിച്ചില്ല. മാർച്ച് രണ്ടിന് അവൾ അമ്മായിയായ ബാസിലിനെയും കൂട്ടി അച്ചനെ കാണാൻ പോയി. അച്ചൻ മാന്യമായല്ല സ്വീകരിച്ചത്. അച്ചൻ ഗർവ്വോടെ പറഞ്ഞു.
”ആ സ്ത്രീയോടു പറയുക. അവൾ നിൽക്കുന്നിടത്തെ റോസകൾ പുഷ്പിപ്പിക്കുവാൻ. അതുണ്ടായാൽ ഞാൻ സമീപനം മാറ്റാം.”മാർച്ച് നാലിന് 20,000 പേരോളമാണ് ദർശനത്തിനു വന്നത്. ഒരു മണിക്കൂറോളം നീണ്ടു പ്രത്യക്ഷപ്പെടൽ. എന്നാൽ റോസകൾ പുഷ്പിച്ചു. ഇതോടെ തീർത്ഥാടകർ കുറയുമെന്ന് അവർ കരുതി. പക്ഷേ വർദ്ധിച്ചതേയുള്ളൂ.
മാർച്ച് 25-ന് ബർണഡിറ്റ ചോദിച്ചു. ‘അവിടുത്തെ പേരെന്താണ്.’ അമ്മ പറ ഞ്ഞു ‘ഞാൻ അമലോത്ഭവയാണ്.’ ദർശ നം കഴിഞ്ഞ ഉടനെ അവൾ ഓടി അച്ചന്റെ അടുത്തുചെന്നു. അവൾ പറഞ്ഞു സ്ത്രീയുടെ പേര് ‘അമലോത്ഭവം’ എന്നാണെന്ന്. വികാരിയച്ചനു ബോധ്യമായില്ല. പെട്ടെന്ന് അദ്ദേഹം ഓർത്തു. നാലുവർഷം മുമ്പാണ് ഒമ്പതാം പിയൂസ് പാപ്പാ, അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ഈ കുട്ടി പറയുന്നതിൽ കഥയുണ്ടെന്ന് അച്ചന് തോന്നിത്തുടങ്ങി. എ ന്നാൽ പോലിസുകൾ ഗ്രോട്ടോ അടയ്ക്കുവാൻ നീക്കമായി. അവർക്ക് അധികൃതരുടെ സമ്മർദ്ദമുണ്ടായിരുന്നു.ഏപ്രിൽ ഏഴിന് ധാരാളം പേരുടെ സാ ക്ഷ്യമുണ്ടായിരുന്നു. ജൂൺ മൂന്നിന് അവൾ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി.
‘ഈ ഉറവയിൽനിന്നും കുടിക്കുക. ഇ തിൽ കഴുകുകയും ചെയ്യുക’- ലൂർദ്ദിന്റെ സന്ദേശമിതാണ്. ഏതു മതത്തിൽപ്പെട്ടവർ ക്കും അഭയം അരുളുന്നതാണ്, സൗഖ്യം പകരുന്നതാണ് ലൂർദ്ദിലെ ഉറവ. ഇവിടത്തെ അത്ഭുതങ്ങൾ എത്രയോ പേരുടെ വിശ്വാസത്തെ സുദൃഢമാക്കി.
ലൂർദ്ദ് മാതാവിന്റെ അടുത്ത സന്ദേശം ജീവിതത്തെക്കുറിച്ചാണ്. ഞാൻ നിങ്ങൾ ക്ക് ഈ ലോകത്തിലെ സന്തോഷമല്ല വാഗ്ദാനം ചെയ്യുന്നത്. പിന്നെയോ പരലോകത്തിലാണ്. അതായത് ഇവിടെ വന്നു രോഗശാന്തി ലഭിച്ചവരേക്കാൾ എത്രയോ ഇരട്ടിപ്പേരാണ് സഹനത്തിന്റെ മൂല്യം മനസ്സിലാക്കി സഹനത്തിലെ സൗഖ്യം സ്വന്തമാക്കുന്നത്.
പാപപരിഹാരപ്രവൃത്തികൾക്കുള്ള ആഹ്വാനവും ലൂർദ്ദ് നൽകുന്നു. ‘പാപികളുടെ മാനസാന്തരത്തിനുവേണ്ടി ഭൂമിയെ ചുംബിക്കുക.’ അമ്മ ബർണഡിറ്റയോട് പറഞ്ഞു. ‘ഞാൻ എനിക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും പാപപരിഹാരപ്രവൃത്തികൾ ചെയ്യാൻ ബാധ്യസ്ഥയാണ്.’
ജപമാല ചൊല്ലി ലോകമാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുവാനുള്ള സന്ദേശവും ലൂർദ്ദ് നൽകുന്നു. ജപമാലയേന്തിയാണ് അമ്മ വന്നത്. ലൂർദ്ദിലെ ദിവ്യകാരുണ്യപ്രദക്ഷിണവും അമ്മയുടെ സന്ദേശമാണ്. ഈ പ്രദക്ഷിണവഴിയിലാണ് അവിടെ അത്ഭുതങ്ങൾ നടക്കുക.
ജീവന്റെ ഉറവയിലേക്കണയുവാനും യേശു നൽകുന്ന സൗജന്യരക്ഷയും രോഗശാന്തിയും അനുഭവിക്കുവാനും ഞങ്ങളെ പഠിപ്പിച്ച പരിശുദ്ധ അമ്മേ, അമ്മയുടെ ഉപദേശം അനുസരിക്കുവാനും ലോകമാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. യേശുവേ നന്ദി.
ടി. ദേവപ്രസാദ്


നാളെ: ഫാത്തിമയിലെ ദർശകർ: ജസീന്ത, ഫ്രാൻസിസ്, ലൂസി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?