IST: Monday, 6 September 2010

സമയമാം രഥത്തില്‍

``യാത്ര ബുദ്ധിമാനെ കൂടുതല്‍ ബുദ്ധിമാനാക്കുന്നു; വിഡ്‌ഢിയെ കൂടുതല്‍ വിഡ്‌ഢിയും.'' ~ഒരു വിദേശ പഴമൊഴിയാണിത്‌. തീര്‍ത്ഥയാത്ര ഒരു ഭക്തനെ കൂടുതല്‍ ഭക്തനും അവിശ്വാസിയെ കൂടുതല്‍ അവിശ്വാസിയുമാക്കുമെന്ന്‌ ഈ പഴമൊഴിക്ക്‌ ഒരു പാരഡി ചമയ്‌ക്കുന്നതില്‍ തെറ്റില്ല. ഭക്തനെ സംബന്ധിച്ചു ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള യാത്രയും അ വിടെ കണ്ടുമുട്ടുന്ന സമാനഹൃദയരുമായുള്ള സമ്പര്‍ക്കവും അവിടത്തെ അന്തരീക്ഷവും നേര്‍ച്ചകാഴ്‌ചകളും അയാളുടെ ഭക്തിയും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ സഹായകരമാകും. വിശ്വാസവുമായും ഭക്തിയുമായും ബന്ധപ്പെട്ട സകലതിനെയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു സന്ദേഹിക്കാകട്ടെ തീര്‍ ത്ഥാടനകേന്ദ്രങ്ങളിലെ തിരക്കും കച്ചവടവും ചൂഷണങ്ങളും വിവാദങ്ങളുമെല്ലാം തന്റെ മതവിരുദ്ധതയ്‌ക്കു ന്യായീകരണം കണ്ടെത്താന്‍ സഹായകരമായേക്കും. അതെന്തായാ ലും, യാത്ര മോശമാണെന്നോ ഒഴിവാക്കേണ്ടതാണെന്നോ ആരും പറയുമെന്നു തോന്നുന്നില്ല. വിനോദയാത്രകളും തീര്‍ത്ഥയാത്രകളും വര്‍ഷം തോറും വര്‍ദ്ധിച്ചു വരികയുമാണ്‌.

കുടുംബം, സുഹൃത്തുക്കള്‍, ജോലിസ്ഥലം, സഭാ-സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ ഒരു വര്‍ഷം ത ന്നെ നിരവധി വിനോദ/തീര്‍ത്ഥയാത്രകള്‍ നടത്തേണ്ടി വരുന്നവരാണ്‌ ഒട്ടെല്ലാവരും. പക്ഷേ മിക്കവരുടെയും യാത്രാലക്ഷ്യങ്ങള്‍ മിക്കപ്പോഴും സമാനമാണ്‌. ഒരു ദിവസത്തെ യാത്രയ്‌ക്കും രണ്ടോ മൂന്നോ ദിവസം നീളുന്ന യാത്രയ്‌ക്കും മിക്കവര്‍ക്കും ചില പരമ്പരാഗത സ്ഥലങ്ങളുണ്ട്‌. സ്‌കൂളില്‍ നിന്നുള്ള പഠനയാത്ര ``ഊട്ടി, മൈസൂര്‍'' ആണെന്നു പറയുമ്പോള്‍ ``അതിനു മാത്രം ഇപ്പോഴും ഒരു മാറ്റവുമില്ല'' എന്ന പരിഹസിക്കുന്നുണ്ട്‌ ഏതോ സിനിമയില്‍. ആതിരപ്പള്ളി, മലമ്പുഴ തുടങ്ങിയവ മധ്യകേരളത്തില്‍ ഏകദിനയാത്രകള്‍ സംഘടിപ്പിക്കുന്നവരുടെ സ്ഥിരം ലക്ഷ്യസ്ഥാനങ്ങളാണ്‌. മെയ്‌ രണ്ടാം വാരത്തില്‍, ഒരിടവകയിലെ മതാധ്യാപക സുഹൃത്തുക്കള്‍ അവരുടെ വര്‍ഷാന്തവിനോദയാ ത്ര മലമ്പുഴയിലേയ്‌ക്കു നടത്തി. അതറിഞ്ഞപ്പോള്‍ ``എറണാകുളത്തെ ചൂടു പോരാഞ്ഞിട്ടാണോ പാലക്കാട്ടെ ചൂടേല്‍ക്കാന്‍ പോകുന്നത്‌?'' എന്ന ചോദ്യമാണു മനസിലുയര്‍ന്നത്‌. പതിവു പോലെ പാലക്കാട്ടായിരുന്നു ഇത്തവണയും വേനല്‍ ഏറ്റവുമ ധികം കത്തിജ്വലിച്ചത്‌. എങ്കിലും ആ ജില്ലയിലെ മലമ്പുഴയ്‌ക്കപ്പുറം മറ്റൊരു യാത്രാലക്ഷ്യത്തെ കുറിച്ചു ചിന്തിക്കാന്‍ പരമ്പരാഗത ശീലങ്ങളാല്‍ പലര്‍ക്കും കഴിയുന്നില്ല.
കഴിഞ്ഞ മാസം വേനല്‍ കടുത്തു നില്‍ക്കെ മൂന്നാറിലേക്ക്‌ ഒരു ഏകദിനയാത്രയ്‌ക്ക്‌ അവസരം ലഭിച്ചു. മൂന്നാര്‍ എന്നു കേട്ടപ്പോള്‍ മടിയോടെയാണു സമ്മതം മൂളിയത്‌. അതിനു കാരണമായത്‌ മുമ്പു മൂന്നാറിലേക്കു നടത്തിയ മറ്റൊരു ഏകദിനവിനോദയാത്രയായിരുന്നു. കുറേയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു മഴക്കാലത്തായിരുന്നു അത്‌. മൂന്നാറില്‍ പരിചയമുള്ളവര്‍ ആരുമുണ്ടായിരുന്നില്ല സംഘത്തില്‍. ഉച്ചയോടെയാണു മൂന്നാര്‍ ടൗണില്‍ ചെന്നു പറ്റിയത്‌. അവിടെ ഒരു ഹോട്ടലില്‍ നിന്ന്‌ ഊണു കഴിച്ചു. ഇതു തന്നെയാണ്‌ മൂന്നാര്‍, ഇതു മാത്രമാണു മൂന്നാര്‍ എന്നു ഡ്രൈവര്‍ പ്രഖ്യാപിച്ചു. അതു വിശ്വസിച്ചു ടൗണിലെ കടകളില്‍ നിന്നു ചായപ്പൊടിയും വാങ്ങി മടങ്ങി. മൂന്നാറിനെ കുറിച്ച്‌ പിന്നീട്‌ ഒട്ടേറെ ഫീച്ചറുകള്‍ വായിക്കുകയും വരയാടിന്റെയും നീലക്കുറിഞ്ഞിയുടെയും അപദാനങ്ങള്‍ കേള്‍ക്കുകയും ചെയ്‌തിട്ടും മൂന്നാര്‍ എന്നാല്‍ ഇത്രയേയുള്ളൂ എന്ന സങ്കല്‍പം അബോധമനസില്‍ നിന്നു വിട്ടു പോയിരുന്നില്ല. ഏതായാലും ഈ യാത്രയോടെ അതു മാറി.
ഇടനാട്ടില്‍ കൊടുംചൂടില്‍ നിന്നു മലകയറി ചെന്ന ഞങ്ങള്‍ അവിടെ കൊരണ്ടക്കാട്‌ എന്ന സ്ഥലത്തുള്ള സിഎംഐ പ ബ്ലിക്‌ സ്‌കൂളില്‍ വച്ചാണ്‌ ഉച്ചഭക്ഷണം കഴിച്ചത്‌. അവിടത്തെ ഊട്ടുമുറിയില്‍ ഫാന്‍ ഇട്ടിരുന്നില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. തണുപ്പില്ലെങ്കില്‍ പോലും പൊള്ളുന്ന ചൂട്‌ ഇ ല്ലാത്ത അവസ്ഥ. ചുരുങ്ങിയ മണിക്കൂറുകളുടെ യാത്ര കൊ ണ്ട്‌ ഈ വേനല്‍ക്കാലത്ത്‌ അ ങ്ങനെയൊരു സ്ഥലത്ത്‌ എ ത്തിപ്പെടാന്‍ കഴിയുന്നത്‌ ഒരാശ്വാസം തന്നെയാണ്‌. രാവിലെ മാട്ടുപ്പെട്ടി ഡാമും എക്കോ പോയിന്റും സന്ദര്‍ശിച്ച ഞങ്ങള്‍ വൈകിട്ട്‌ ഇരവികുളം നാഷണല്‍ പാര്‍ക്ക്‌ കാണാന്‍ പോയി. വനം വകുപ്പിന്റെ വാഹനത്തി ല്‍ മലമുകളിലേക്കു പോയി. നിശ്ചിത ദൂരം മാത്രമേ വണ്ടി പോകുകയുള്ളൂ. അവിടെ നിന്നു മുകളിലേക്ക്‌ അനുവദനീയമായത്രയും ദൂരം നടന്നു. വൈകിട്ടു നാലു മണി നേരം. സാമാ ന്യം തണുപ്പുണ്ട്‌ അവിടെ. സന്ദര്‍ശകബാഹുല്യമുണ്ടെങ്കിലും അവരെയൊന്നും വക വയ്‌ക്കാതെ വല്ലാത്തൊരു ആത്മവിശ്വാസത്തോടെ മേഞ്ഞു നടക്കുന്ന വരയാടുകള്‍. നേരം വൈകിയതിനാല്‍ വരയാടുകളെ കാണാന്‍ കഴിഞ്ഞേക്കില്ലെന്നും അവ കൂടണഞ്ഞിരിക്കാമെന്നും താഴെ നിന്ന്‌ വനംവകുപ്പധികൃതര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. എന്നിട്ടും, സന്ദര്‍ശകരെ നിരാശരാക്കേണ്ടെന്ന മട്ടില്‍ ആടുകള്‍ കാത്തുനില്‍ക്കുകയായിരുന്നെ ന്നു തോന്നുന്നു. ആടുകളെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പോ ലും നിരാശയ്‌ക്കു വകുപ്പില്ലായിരുന്നു. അത്ര മനോഹരവും വി സ്‌മയകരവുമാണ്‌ ആ മലമുകളില്‍ നിന്നുള്ള കാഴ്‌ചകള്‍. മൂന്നാറില്‍ മറ്റെവിടെയും നിന്ന്‌ അത്രയും നല്ല കാഴ്‌ച ലഭിക്കുകയില്ല.

വിനോദയാത്രകള്‍ക്കു പോകുന്നവര്‍ ഭക്ഷണം കൊണ്ടു പോകുകയാണെങ്കില്‍ പല തരത്തിലും അതു പ്രയോജനപ്രദമാകും. പക്ഷേ കൊണ്ടു പോകുന്ന ഭക്ഷണം കഴിക്കാനും പ്രഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുകയാണു പ്രയാസം. സ്‌ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ വിശേഷിച്ചും. ഭക്ഷണവും കൊണ്ടു പോയ ഞങ്ങള്‍ക്ക്‌ കൊരണ്ടക്കാട്ടെ സി എം ഐ വൈദികര്‍ സന്തോഷപൂര്‍വ്വം മറ്റു സൗകര്യങ്ങളൊരുക്കി. അവിടെ കണ്ടു മുട്ടിയ മറ്റൊരു സംഘം മൂന്നാറിലെ ലത്തീന്‍ കത്തോലിക്കാ പള്ളിയില്‍ വച്ചാണു ഭക്ഷണം കഴിച്ചതെന്നു പറഞ്ഞു.

യാത്രികര്‍ക്ക്‌ ഇടത്താവളങ്ങള്‍ നല്‍കാന്‍ നമ്മുടെ പാതയോരത്തെ പള്ളികള്‍ക്കു സാധിച്ചാല്‍ അതു നല്ലൊരു കാര്യമായിരിക്കും. മുമ്പൊരിക്കല്‍ വേളാങ്കണ്ണിയിലേക്കു നടത്തിയ മറ്റൊരു യാത്രയ്‌ക്കിടെ ഇതു പോലെ ഒരുച്ചനേരത്ത്‌ കൈയില്‍ കരുതിയ ഭക്ഷണവുമായി തമിഴ്‌നാട്ടിലെ ഒരു കത്തോലിക്കാ പള്ളിയില്‍ ചെന്നു കയറിയെങ്കിലും ``ടോയ്‌ലറ്റുകള്‍ ഇല്ല'' എന്ന മറുപടി കേട്ടു മടങ്ങേണ്ടി വന്നു. വീണ്ടും കുറച്ചു കൂടി യാത്ര ചെയ്‌ത്‌ സലേഷ്യന്‍ വൈദികരുടെ ഒരു സാങ്കേതിക വിദ്യാഭ്യാസസ്ഥാപനത്തില്‍ വച്ചു തന്നെയാണ്‌ അന്നു ഭക്ഷണം കഴിച്ച്‌ അല്‌പനേരം വിശ്രമിച്ചതെന്നും പറയേണ്ടിയിരിക്കുന്നു. യാ തൊരു മുന്‍പരിചയത്തിന്റെയും പേരിലായിരുന്നില്ല അത്‌.

മുമ്പൊക്കെ പടുകൂറ്റന്‍ പള്ളികള്‍ പണിയുമെങ്കിലും അതോടനുബന്ധിച്ച്‌ കുടിവെള്ളത്തിനോ പ്രാഥമികാവശ്യങ്ങള്‍ക്കോ ഉള്ള പരിമിതമായ സൗകര്യങ്ങള്‍ പോലും നാം ഒരുക്കുമായിരുന്നില്ല. അതേപ്പറ്റി പറഞ്ഞാല്‍, ഈയിടെ കോഴിക്കോട്ടെ വ്യാപാരിപ്രമുഖന്‍ പറഞ്ഞതു പോലെ ``മൂത്രമൊഴിക്കാന്‍ വേണ്ടിയാണോ പള്ളിയിലേക്കു വരുന്നത്‌?'' എന്നു ചോദിക്കുമായിരുന്നു നമ്മുടെ പഴമക്കാര്‍. ഇന്നു പക്ഷേ കഥ മാറി. പള്ളികളോടനുബന്ധിച്ചെല്ലാം പാരിഷ്‌ ഹാളുകള്‍ സ്ഥാപിതമായതാണ്‌ ഒരു കാരണം. വിവാഹങ്ങള്‍ക്കും മറ്റുമായി മണിക്കൂറുകള്‍ യാത്ര ചെയ്‌തെത്തുന്നവരോടു മനുഷ്യത്വപരമായി പെരുമാറണം എന്ന ചിന്തയും ഉണ്ടാകുന്നുണ്ട്‌. അതുകൊണ്ടു തന്നെ ഒരു യാത്രാസംഘം അപ്രതീക്ഷിതമായി ഒരു പള്ളിയിലേക്കു കയറി വന്നാല്‍ അവര്‍ക്കു സൗകര്യങ്ങളൊരുക്കാന്‍ വലിയ ബദ്ധപ്പാടില്ല. ഉള്ള സൗകര്യങ്ങള്‍ താഴിട്ടു പൂട്ടി വയ്‌ക്കാതിരുന്നാല്‍ മതി. അല്ലെങ്കില്‍ ആവശ്യക്കാര്‍ക്കായി തുറന്നു കൊടുത്താല്‍ മതി. അപരിചിതരെ പരിചരിക്കാനുള്ള ഒരു മനസുണ്ടാകുക എന്നതാണു പ്രധാനം.

മലയാറ്റൂരിലേയ്‌ക്കു നടന്നു പോകുന്നവര്‍ക്ക്‌ കഞ്ഞിയും സംഭാരവും നാരങ്ങാവെള്ളവും വിശ്രമത്തിനിടവും സൗജന്യമായി നല്‍കുന്ന പന്തലുകള്‍ മധ്യകേരളത്തില്‍ ഇപ്പോള്‍ പലയിടത്തും നോമ്പുകാലത്ത്‌ ഉണ്ടാകുന്നുണ്ട്‌. നല്ല കാര്യം. പലപ്പോഴും അതു പള്ളികള്‍ കേന്ദ്രീകരിച്ചല്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്‌. താത്‌കാലികമായി ഉയരുന്ന പന്തലുകള്‍ പ്രധാനമാ യും വിശുദ്ധവാരത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്‌. സൗജന്യഭക്ഷണവിതരണം സ്ഥിരമായി നടത്താന്‍ കഴിയുന്നതല്ല. അ തിന്റെ ആവശ്യവുമില്ല. പക്ഷേ യാത്രികര്‍ക്ക്‌ ആശ്രയിക്കാവുന്നവയാണ്‌ പാതയോരത്തെ പള്ളികള്‍ എന്നു വരുന്നത്‌ നമ്മുടെ യാത്രാശീലങ്ങളില്‍ ഗുണപരമായ മാറ്റം വരുത്താന്‍ സഹായിക്കും. ഇതൊരു സംസ്‌കാരമായി കേരളസഭയില്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. അപരിചിതരെയും പരദേശികളെയും വഴിപോക്കരെയും സഹായിക്കുന്നതി ന്റെ മഹത്വത്തെ കുറിച്ചുള്ള പ രാമര്‍ശങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉണ്ടല്ലോ. യാത്രക്കാരുടെയും കുടിയേറ്റക്കാരുടെയും അജപാലനകാര്യങ്ങള്‍ നോക്കുന്നതി നു ഒരു പ്രത്യേക കാര്യാലയം തന്നെ വത്തിക്കാന്‍ കൂരിയായുടെ ഭാഗമാണ്‌. ഇപ്പോഴത്തെ സാഗര്‍ ബിഷപ്‌ ആന്റണി ചിറയത്ത്‌ മുമ്പ്‌ ഈ കാര്യാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയായിരുന്നു എന്നത്‌ സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.

പോയ പാതകളിലൂടെ തന്നെ വീണ്ടും വീണ്ടും പോകാതെ പുതിയ സ്ഥലങ്ങള്‍ തേടുന്നതിനും യാത്രക്കാര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. മൂന്നാറിലും മലമ്പുഴയിലും ഊട്ടിയിലും കൊടൈക്കനാലിലും എത്രയോ വട്ടം പോയിട്ടുള്ളവര്‍ അവരുടെ അയല്‍പക്കത്തുള്ള ഗ്രാമങ്ങള്‍ ഒരു വട്ടം പോലും ഒന്നു കണ്ടുകാണില്ല. അഞ്ചോ ആറോ കിലോമീറ്റര്‍ അപ്പുറത്തുള്ള പുഴയില്‍ ഒന്നിറങ്ങിയിട്ടുണ്ടാകില്ല. എട്ടോ പത്തോ കിലോമീറ്റര്‍ മാറിയുള്ള കുന്നില്‍ ഒന്നു കയറിയിട്ടുണ്ടാവില്ല. ഒരു ടൂറിസ്റ്റ്‌ കേന്ദ്രത്തിലെന്ന പോലുള്ള തിക്കോ തിരക്കോ വര്‍ണമനോഹരമായ കാഴ്‌ചകളോ ഒരു പക്ഷേ ഇവിടെയൊന്നും ഉണ്ടായെന്നു വരില്ല. പക്ഷേ ആ കാഴ്‌ചകള്‍ക്ക്‌ അതിന്റേതായ പുതുമയും ഭംഗിയും തീര്‍ച്ചയായും ഉണ്ടാകും. ഒരു അയല്‍ഗ്രാമത്തിലെ ഇടവഴികളിലൂടെ ഒരു ദിവസം ഒന്നു പോയി നോക്കൂ. ആരോടെങ്കിലും വഴി ചോദിക്കാതെ ഒരു പക്ഷേ നിങ്ങള്‍ക്കു മടങ്ങി വരാന്‍ സാധിച്ചേക്കില്ല. പാരീസിലേക്കും ലണ്ടനിലേക്കും ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഇടയ്‌ക്കിടെ പോകുന്നവര്‍ക്ക്‌ യാത്രാച്ചിലവിന്റെ കാര്യത്തില്‍ യാതൊരു താരതമ്യവുമില്ലാത്ത അയല്‍നാടുകളിലേക്ക്‌ ഒരു വട്ടമെങ്കിലും ഒന്നു പോയി നോക്കാന്‍ ബാധ്യതയില്ലേ?

വിശുദ്ധനാടു തീര്‍ത്ഥയാത്രകള്‍ ഇപ്പോള്‍ കേരളക്രൈസ്‌തവര്‍ക്കിടയില്‍ പുതിയൊരു പ്രവണത സൃഷ്‌ടിച്ചു തുടങ്ങിയിട്ടുണ്ട്‌. ഈ പ്രവണതയുടെ വിവിധ വശങ്ങള്‍ ഈ പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നില്ല. ഏതായാലും, കേരളത്തിലും ഇന്ത്യയിലും ഒരു തീര്‍ത്ഥാടനടൂറിസം വളര്‍ത്തിയെടുക്കുന്നതില്‍ തെറ്റില്ല എന്നു ചിന്തിക്കാന്‍ ഇതു പ്രേരണയാകുന്നുണ്ട്‌. രൂപതകളും സന്യാസസഭകളും തീര്‍ത്ഥാടനകേന്ദ്രങ്ങളും പരസ്‌പരം സഹകരിച്ചാല്‍ ഇതു സാധിക്കാവുന്നതാണ്‌. തോമാശ്ലീഹായുമായി ബന്ധപ്പെട്ട ചരിത്രപരമായ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ എല്ലാം സന്ദര്‍ശിക്കാന്‍ ഒരവസരമൊരുക്കിയാല്‍ വിശുദ്ധനാട്ടിലേക്കു പോകാന്‍ തയ്യാറുള്ളവരെങ്കിലും ഈ അവസരം ഉപയോഗിക്കാതിരിക്കുമോ? ഭാരതത്തിലെ ക്രൈസ്‌തവികതയുടെ ചരിത്രവും ജീവിതവുമായി ബന്ധപ്പെട്ട എത്രയോ സ്ഥലങ്ങള്‍ വിസ്‌മരിക്കപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്നു. അങ്കമാലിയിലെ പുതിയ പള്ളി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ മാര്‍ അബ്രാഹം എന്ന കേരളക്രൈസ്‌തവരുടെ അവസാനത്തെ പേര്‍ഷ്യന്‍ മെത്രാന്‍ കബറടങ്ങിയിരിക്കുന്ന നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കിഴക്കേപ്പള്ളിയെന്ന സെന്റ്‌ ഹോര്‍മിസ്‌ പള്ളി കാണാന്‍ മെനക്കെടാറില്ല. മിക്കവരും തൊട്ടടുത്ത്‌ ഇങ്ങനെയൊരു പള്ളിയുണ്ടെന്നറിയുന്നുമില്ല. ഈ ദൈവാലയം ഒരിക്കല്‍ പോലും ഒന്നു കാണാത്തവരും ഇങ്ങനെയൊന്നുണ്ടെന്നറിയാത്തവര്‍ പോലും അങ്കമാലി ഫൊറോനായില്‍ തന്നെയുണ്ടെന്നതാണു പരിതാപകരമായ വസ്‌തുത. സമാനമാണു മറ്റു പല ചരിത്രകേന്ദ്രങ്ങളുടെയും സ്ഥിതി.

സമയമാം രഥത്തില്‍ യാത്ര ചെയ്യുന്നവരാണു നാമെല്ലാവരും. ആ ബോധ്യം ഉണര്‍ത്താനും ഉറപ്പിക്കാനും നാമിവിടെ യാത്രക്കാര്‍ മാത്രമാണെന്നോര്‍മ്മിപ്പിക്കാനും യാത്രകള്‍ സഹായിക്കും. ഇഹലോകജീവിതം ഒരിടത്താവളം മാത്രം. ഒരു നിശ്ചിത ലക്ഷ്യത്തിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക്‌ ഇടത്താവളങ്ങള്‍ പ്രധാനമല്ലെന്നു വാദിക്കാം. അതു ശരിയാണ്‌. പക്ഷേ ഇടത്താവളങ്ങള്‍ക്ക്‌ അവയുടേതായ പ്രാധാന്യം ഉണ്ടെന്നതു നിഷേധിക്കാനുമാകില്ല.