ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തില്‍ വിദ്യാലയങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അവിടെ നിന്ന് ആര്‍ജ്ജിക്കുന്ന ശീലങ്ങളും സ്വഭാവരീതികളുമൊക്കെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്കാണ് വഹിക്കുന്നത്. കേരള
ഹൈക്കോടതി കഴിഞ്ഞ മാസം ഉന്നയിച്ച ഒരു ചോദ്യത്തിന്റെ സാമൂഹ്യപ്രസക്തി ഈ സാഹചര്യത്തില്‍ നിന്നുവേണം നോ ക്കിക്കാണാന്‍. സാക്ഷരതയുടെയും ആരോഗ്യരംഗത്തെ വളര്‍ച്ചയുടെയും പേരില്‍ കേരളത്തിന് മേനിനടിക്കാന്‍ എന്തവകാശമാണുളളത് എന്നായിരുന്നു കോടതിയുടെ ചോദ്യം. 2009 മാര്‍ ച്ചില്‍, കഴിഞ്ഞ അധ്യയനവര്‍ഷം തന്നെ മൂത്രപ്പുര, കക്കൂസ് തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്ത സ്‌കൂളുകളില്‍ അവ ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ ഗവണ്‍മെന്റിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഒരു ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ജില്ലയിലെ എട്ടു ഗവണ്‍മെന്റ് സ്‌കൂളുകളില്‍ കക്കൂസില്ലെന്നുള്ള റിപ്പോര്‍ട്ട് കണ്ടാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. സ്‌കൂളുകളില്‍ രണ്ടു മാസത്തിനകം അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സെപ്‌തംബര്‍ 23-നകം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിവിഷന്‍ബെഞ്ച് ഉത്തരവിടുകയും ചെയ്‌തു.
ഗവണ്‍മെന്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌പ്രകാരം 66 സര്‍ക്കാര്‍ സ്‌കൂളുകളില്‍ മൂത്രപ്പുരയും 49 സ്‌കൂളുകളില്‍ കക്കൂസുകളുമില്ല. 70 സ്‌കൂളുകളില്‍ കുടിവെള്ളം ലഭ്യമല്ല. 209 എ യ്‌ഡഡ് സ്‌കൂളുകളില്‍ കക്കൂസും 195 എണ്ണത്തില്‍ മൂത്രപ്പുരയുമില്ല. ഒരു വര്‍ഷം മുമ്പ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പൂര്‍ണമായി പാലിക്കുന്നതിന് പകരം കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമ്പോള്‍ ഈ വിഷയത്തിന് അധികാരികള്‍ ഗൗരവം നല്‍കിയിട്ടില്ലെന്നാണ് അതു വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ മനസുവച്ചാല്‍ ഇത്രയും സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലേ? അതതു സ്‌കൂളുകളിലെ പി.ടി.എ, നാട്ടിലുള്ള മറ്റു സന്നദ്ധസംഘടനകള്‍ തുടങ്ങിയവയെ ഏല്‌പ്പിച്ചിരുന്നെങ്കില്‍ വളരെ ഭംഗിയായി അവര്‍ പണി പൂര്‍ത്തീകരിക്കുമായിരുന്നു. ഇവിടെ ഉത്തരവാദിത്വപ്പെട്ടവരുടെ ആത്മാര്‍ത്ഥതക്കുറവാണ് പ്രശ്‌നം.
തുറസായ സ്ഥലങ്ങളില്‍ മൂത്രമൊഴിക്കരുതെന്നും മലവിസര്‍ജ്ജനം നടത്തരുതെന്നുമൊക്കെ ആരോഗ്യവകുപ്പിന്റെ പരസ്യങ്ങളില്‍ കാണാറുണ്ട്. അതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള മു ന്നറിയിപ്പുകള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് അവരുടെ സിലബസില്‍ ഇതുപോലെയുളള പൊതുശുചിത്വത്തിന്റെ പാഠങ്ങളുണ്ടാകും. ഇതു പഠിച്ച് ക്ലാസില്‍നിന്നും പുറത്തേക്കുവരുന്ന വിദ്യാര്‍ത്ഥികള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് റോ ഡുസൈഡിലും സ്‌കൂളിന്റെ പരിസരത്തുമൊക്കെയായിരിക്കും. മൂത്രപ്പുരകളില്ലാത്തതുകൊണ്ട് അവര്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല. ഒരുപക്ഷേ ആ പാഠങ്ങളില്‍ തന്നെ റോഡിന്റെ വലതുവശത്തുകൂടെ നടക്കണമെന്നും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്നും മാതാപിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കണമെന്നുമൊക്കെ പഠിക്കാനുളള സാധ്യതയുണ്ട്. ക്ലാസില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ പഠിപ്പിച്ചതിനു വിരുദ്ധമായി ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മനസില്‍ മറ്റുളള മൂല്യങ്ങള്‍ എങ്ങനെയാണ് ആഴത്തില്‍ പതിയുന്നത്?
അവനെ സംബന്ധിച്ചിടത്തോളം അതെല്ലാം പരീക്ഷയ്‌ക്കു മാര്‍ക്കുകിട്ടാനുള്ള അറിവുകള്‍ മാത്രമായി ചുരുങ്ങും. വളര്‍ന്നുവരുന്ന തലമുറക്ക് നിയമത്തോടും മൂല്യങ്ങളോടുമുള്ള ആദരവ് തന്നെ നഷ്‌ടമാകാന്‍ ഇങ്ങനെയുള്ള എതിര്‍സാക്ഷ്യങ്ങള്‍ കാരണമാകും. ആ ബോധ്യത്തോടെ വേണം, ഇതു സൃഷ്‌ടിക്കുന്ന സാമൂഹ്യപ്രത്യാഘാതത്തെ നോക്കിക്കാണാന്‍.
മലയാളികള്‍ വൃത്തിയുടെ കാര്യത്തില്‍ മറ്റാരെക്കാളും മുമ്പിലാണ്. എന്നിരുന്നാലും ഓടുന്ന വാഹനങ്ങളില്‍നിന്ന് മാലിന്യം റോഡിലേക്കും കാനകളിലേക്കുമൊക്കെ വലിച്ചെറിയുന്നത് പതിവ് നഗരക്കാഴ്‌ചയാണ്. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നത് മറ്റാരുടെയോ കടമയാണെന്നുളള ചിന്തയാണ് ഭൂരിഭാഗത്തെയും നയിക്കുന്നത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ നിയമങ്ങള്‍ പാലിക്കാതിരിക്കുക, റോഡിന്റെ വശങ്ങളില്‍നിന്ന് മൂത്രമൊഴിക്കുക തുടങ്ങിയവയൊക്കെ അഭ്യസ്‌തവിദ്യരായ മലയാളികളുടെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുളള ഘടകങ്ങളാണ്. ഇങ്ങനെയൊക്കെ പെരുമാറുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നുള്ള ചിന്താഗതി മനസിന്റെ അടിത്തട്ടില്‍ പതിഞ്ഞുപോയതുകൊണ്ടാണ് പലരും ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകളില്‍ മൂത്രപ്പുരകള്‍ നിര്‍മിക്കാ നുളള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും അധികസമയം വേണമെന്നുമൊക്കെയുള്ള ഗവണ്‍മെന്റിന്റെ ആവശ്യങ്ങള്‍ പുറത്തറിഞ്ഞാല്‍ പരിഷ്‌കൃത സമൂഹങ്ങളും രാജ്യങ്ങളുമൊക്കെ അവജ്ഞയോടു കൂടിയായിരിക്കും നമ്മെ നോക്കുന്നത്. ഇതൊന്നും ഇല്ലാത്ത സ്‌കൂളുകള്‍ ഇവിടെ ഉണ്ടെന്നത് അവരെയൊക്കെ അത്ഭുതപ്പെടുത്തിയെന്നും വരാം. നമ്മുടെ കുട്ടികള്‍ റോഡിന്റെ വശങ്ങളിലും സ്‌കൂളിന്റെ പരിസരത്തുള്ള തുറസായ സ്ഥലങ്ങളിലുമൊക്കെ പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, എന്തു ലോകനിലവാരമാണ് അവകാശപ്പെടാനുള്ളതെന്ന ഹൈക്കോടതിയുടെ അഭിപ്രായപ്രകടനം ഈ സാഹചര്യത്തില്‍ പ്രസക്തമാവുകയാണ്.
ഉള്ളവയില്‍തന്നെ എത്രയെണ്ണം ഉപയോഗിക്കാ ന്‍ പറ്റുന്നവയാണെന്നും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പര്യാപ്‌തമാണോ എന്നും പരിശോധിച്ചാല്‍ ഗവണ്‍മെന്റ് പറയുന്ന കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി വലിയ അന്തരം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ബസ് സ്റ്റാന്റുകളില്‍ വലിയ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉയരുമ്പോഴും അതിനോട് ചേര്‍ന്നുള്ള മൂത്രപ്പുരകളൊക്കെ പൊട്ടിയൊലിക്കുന്നതും, രോഗാണുവാഹികളുമൊക്കെ ആയിരിക്കും. ടൂറിസത്തില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഏതൊക്കെ വിദേശരാജ്യങ്ങളില്‍നിന്നും ടൂറിസ്റ്റുകള്‍ എത്തുന്നതാണ്.! ഈ മേഖലയിലുള്ള നിലവാരത്തകര്‍ച്ച അവകാശപ്പെടുന്ന എല്ലാ ലോകനിലവാരത്തില്‍ നിന്നും നമ്മെ അകറ്റിക്കളയും എന്നതിന് സംശയമില്ല. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടത് സം സ്‌കാരത്തിന്റെ ഭാഗമാണെന്നുള്ള ചിന്ത സമൂഹത്തില്‍ ഉണ്ടാകാത്തതുകൊണ്ടാണ് ഈ കാര്യങ്ങള്‍ക്കൊന്നും വലിയപ്രാധാന്യം ലഭിക്കാത്തത്. അതിനുള്ള വിത്തുകള്‍ പലപ്പോഴും വിതയ്‌ക്കപ്പെടുന്നത് വിദ്യാലയങ്ങളില്‍ ആണെന്നു കരുതുന്നതില്‍ തെറ്റുണ്ടെന്നും തോന്നുന്നില്ല. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുപോലെയുള്ള കാര്യങ്ങളില്‍ സഹകരിക്കാന്‍ തയാറാകുന്നവരാണ് കേരളീയര്‍. അധികാരികള്‍ മനസുവച്ചാല്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടില്ലെന്നു വ്യക്തം. കേരളത്തിലെ ഏതെങ്കിലുമൊരു സ്‌കൂളില്‍, കുട്ടികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളീയര്‍ക്ക് മുഴുവന്‍ അതു നാണക്കേടാണെന്നു ബോധ്യം പൊതുസമൂഹത്തിനും ഉണ്ടാകണം. ചുറ്റുപാടുമുള്ള സ്‌കൂളുകളില്‍ അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്.
IST: Monday, 6 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍





