റോമില്‍ ചേര്‍ന്ന അല്‌മായര്‍ക്കുവേണ്ടിയുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ 24-ാമത് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പരിശുദ്ധ ബനഡിക്‌ട് പതിനാറാമന്‍ അല്‌മായര്‍ക്കു നല്‍കിയ സന്ദേശം ലോകത്തില്‍ വ്യാപരിക്കുന്ന അല്‌മായര്‍
ശ്രദ്ധാപൂര്‍വം ചെവിക്കൊള്ളേണ്ടതാണ്. ``സഭാപ്രബോധനങ്ങള്‍ക്കനുസൃതമായി രാഷ്‌ട്രീയ കാര്യങ്ങളില്‍ അല്‌മായര്‍ നിലകൊള്ളണം. തങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും രാഷ്‌ട്രീയനന്മയ്‌ക്കും പു രോഗതിക്കുംവേണ്ടി വിനിയോഗിക്കണം. ഉപവിപ്രവര്‍ത്തനത്തിനുള്ള ഉദാത്തമായ ഒരു മേഖലയാണ് രാഷ്‌ട്രീയം. രാഷ്‌ട്രീയ പ്രവര്‍ത്തനം ഒരു പ്രേഷിതവേലയായി കണക്കിലെടുത്ത് രാഷ്‌ട്രീയത്തില്‍ ക്രിസ്‌തുവിന് സാക്ഷ്യം വഹിക്കുന്നവരായി നിലകൊള്ളണം. ജനാധിപത്യവ്യവസ്ഥിതിയില്‍ മികച്ച നേതാക്കന്മാരെ തിരഞ്ഞെടുക്കണമെങ്കില്‍ മൂല്യബോധമുള്ള ഒരു സമൂഹം ആവശ്യമാണ്. ക്രിയാത്മകമായി ചിന്തിക്കുന്ന വ്യക്തികളാണ് ഓജസ്സുള്ള നേതാക്കളെ മുന്‍നിരയില്‍ എത്തിക്കുന്നത്. സഭാത്മകവും സത്യസന്ധവും ആയ രാഷ്‌ട്രീയചിന്തയുള്ള വിശ്വാസികളെ രൂപപ്പെടുത്തുന്നതിനുള്ള ശ്ര മങ്ങളാണ് കൂടുതല്‍ ഊര്‍ജ്ജിതമായി നാം നടപ്പിലാക്കേണ്ടത്'' മേല്‍പറഞ്ഞ കാര്യങ്ങളാണ് മാര്‍പാ പ്പ തന്റെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞത്. ഭൂമുഖത്തുള്ള എല്ലാ അല്‌മായരോടുമായാണ് മാര്‍പാപ്പ സംസാരിച്ചത്.
രാഷ്‌ട്രീയരംഗത്ത് ഇറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഇന്നത്തെ ഭാരതത്തിലെ ക്രൈസ്‌തവര്‍ രാഷ്‌ട്രീയത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നാണ് പാപ്പയുടെ സന്ദേശത്തില്‍ നിന്നും നാം ചിന്തിക്കേണ്ടത്. സുവിശേഷം നല്‍കുന്നത് സ്വാതന്ത്ര്യത്തിന്റെ യും വിമോചനത്തിന്റെയും സന്ദേശമാണ്. നീതിയുടെയും സത്യത്തിന്റെയും സന്ദേശമാണ്. ഇന്നിവിടെ സ്വാതന്ത്ര്യം എല്ലാ അര്‍ത്ഥത്തിലും നിഷേധിക്കപ്പെടുകയാണ്. നീതിയും സത്യവും ക്രൂശിക്കപ്പെടുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയചിന്തകളും ഈ രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായിട്ടാണ് ഭാരതത്തിലെ ജനസംഖ്യയില്‍ രണ്ടരശതമാനം മാത്രംവരുന്ന ക്രൈസ്‌തവര്‍ പരിശ്രമിക്കേണ്ടത്.
മോശയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ ജനം ഈജിപ്‌തിലെ രാഷ്‌ട്രീയാധികാരിയായിരുന്ന ഫറവോയ്‌ക്കും സൈന്യത്തിനും എതിരായി നടത്തിയ ഐതിഹാസികമായ വിമോചനസമരത്തിന്റെ വിശദമായ വിവരണമാണ് പഴയനിയമത്തില്‍ നാം കാ ണുന്നത്. മോശയുടെ നീക്കമാണ് മാനവമോചനത്തിനായി ലോകത്ത് നടന്ന സംഘാതമായ നീക്കം. രാഷ്‌ട്രീയ മോചനത്തിലൂടെയേ സമഗ്രമോചനത്തിന് വഴിയൊരുക്കാനാകൂ എന്ന സത്യത്തിന്റെ യഥാര്‍ത്ഥമായ ആവിഷ്‌കരണമാണ് പുറപ്പാടിന്റെ പുസ്‌തകത്തില്‍ നാം കാണുക.
ഇന്നത്തെ സാഹചര്യത്തില്‍ ഭാരതത്തിന്റെ സമഗ്രമോചനം സാധിക്കണമെങ്കില്‍ സത്യസന്ധരായ-മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരായ വ്യക്തികളുടെ രാഷ്‌ട്രീയ ഇടപെടല്‍ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവ് ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടാകണം.
ക്രിസ്‌തുവിന്റെ പഠനത്തിലും ചെയ്‌തികളിലും ഈ മോചന പ്രക്രിയയുടെ സന്ദേശം വളരെ പ്രകടമായി കാണുവാന്‍ നമുക്ക് സാധിക്കും. പരസ്യജീവിതത്തിന്റെ ഉദ്‌ഘാടനപ്രസംഗത്തില്‍ അവിടുന്ന് ഉദ്ധരിച്ച വാക്യം ശ്രദ്ധേയമാണ്. ``കര്‍ത്താവിന്റെ ആത്മാവ് എന്നിലുണ്ട്. ദരിദ്രരോട് സുവിശേഷം പ്രസംഗിക്കാനും ഹൃദയവ്യഥ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാനും ബന്ധിതരെ മോചിപ്പിക്കാനും കുരുടര്‍ക്ക് കാഴ്‌ച നല്‍കുവാനും മര്‍ദ്ദിതരെ സ്വതന്ത്രരാക്കാനും... (അങ്ങനെ) കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രതികാരദിനവും പ്രഖ്യാപിക്കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.'' തികച്ചും ആധ്യാത്മികമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള വാക്യമാണിത്. എന്നാല്‍ ആഴത്തില്‍ ഈ വാക്യത്തെപ്പറ്റി ചിന്തിച്ചു പഠിക്കുമ്പോള്‍ ഈ വാക്യത്തില്‍ ഒരു ആധുനിക രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രകടന പത്രിക നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും.
ക്രിസ്‌തു തന്നെ പിന്നീട് പറയുകയുണ്ടായി. ``സീ സറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കുക'' എന്ന്. പൂര്‍ണ മനുഷ്യവ്യക്തിയുടെ സമഗ്രമോചനത്തിന് ആസൂത്രിതവും സംഘടിതവും ലക്ഷ്യോന്മുഖവുമായ രാഷ്‌ട്രീയ പ്രകിയ അനുപേക്ഷണീയമാണെന്ന് അവിടുന്ന് ഉദ്‌ബോധിപ്പിക്കുകയാണ് ചെയ്‌തത്. ആ രാഷ്‌ട്രീയ പ്രക്രിയയില്‍നിന്നും മാറിനില്‍ക്കുവാന്‍ ദൈവജനത്തിന് സാധ്യമല്ല. അതുകൊണ്ടുതന്നെ ഭാരതത്തിലെയും കേരളത്തിലെയും ക്രൈസ്‌തവസമൂഹം ഭാരതത്തിന്റെയും കേരളത്തിന്റെയും രാഷ്‌ട്രീയ മണ്‌ഡലത്തെ പ്രേഷിതവൃത്തിയുടെ മേഖലയാക്കി മാറ്റേണ്ടതുണ്ട്. ആ മണ്‌ഡലത്തില്‍ ക്രിസ്‌തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുവാന്‍ ഓരോ ക്രൈസ്‌തവനും തയ്യാറാകണം.
മന്ത്രിസ്ഥാനത്തിനുവേണ്ടിയോ കൊടിവച്ചകാറില്‍ യാത്രചെയ്യുന്നതിനുവേണ്ടിയോ, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദത്തിനുവേണ്ടിയോ, ഗവണ്‍ മെന്റ് കമ്മിറ്റികളില്‍ കയറിപ്പറ്റുന്നതിനുവേണ്ടിയോ സ്വന്തക്കാര്‍ക്ക് ജോലികൊടുക്കുന്നതിനുവേണ്ടി യോ സ്വത്ത് സമ്പാദിക്കുന്നതിനുവേണ്ടിയോ മാത്ര മാകരുത് നമ്മുടെ രാഷ്‌ട്രീയപ്രവര്‍ത്തനം. അധികാരത്തില്‍ കയറാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. അ ധികാരം കയ്യാളാം. അതിന് ന്യായമായ മാര്‍ഗ്ഗം സ്വീകരിക്കണമെന്നുമാത്രം.
ദൈവജനത്തിന്റെ സമഗ്രവിമോചനത്തിനു വേ ണ്ടിയായിരിക്കണം നമ്മുടെ രാഷ്‌ട്രീയപ്രവര്‍ ത്തനം. വിമോചകരില്ലാതെ വിമോചനം ഉണ്ടാവുകയില്ല. വിപ്ലവകാരികളില്ലാതെ വിപ്ലവം ഉണ്ടാവുകയില്ല. സ്‌നേഹാധിഷ്‌ഠിതമായ സോഷ്യലിസം ഇവിടെയുണ്ടാകണം. സ്‌നേഹവും സ്വാതന്ത്ര്യവും നീതിയും ഭാഗഭാഗിത്വവും സാമ്പത്തികസുസ്ഥിതിയും ഉള്ള ഒരു നവലോകം ഇവിടെയുണ്ടാകണം. ജനങ്ങളില്‍ 50 ശതമാനം ദാരിദ്ര്യരേഖയ്‌ക്ക് താഴെക്കഴിയുന്ന ഈ രാജ്യത്ത് ലോകത്തുള്ള നിരക്ഷരരില്‍ പകുതിയിലധികവും വസിക്കുന്ന ഈ രാജ്യത്ത,് സമഗ്രവിമോചനത്തിനായി പ്രവര്‍ത്തിക്കുവാന്‍ ക്രൈസ്‌തവര്‍ മുന്നിട്ടിറങ്ങിയേ മതിയാവൂ.
കൊളംമ്പിയായിലെ പട്ടാളവുമായി ഏറ്റുമുട്ടി 1966-ല്‍ കൊല്ലപ്പെട്ട ``കമിലോ ടോറസ്'' എന്ന കത്തോലിക്കാ വൈദികനെപ്പോലുള്ള വൈദികര്‍ ഭാരതത്തിലുണ്ടാകണം. വിപ്ലവകാരിയല്ലാത്ത കത്തോലിക്കന്‍ മാരകമായ പാപത്തിലാണെന്ന നവീന സുവിശേഷം കമി ലോ ടോറസ് ഉയര്‍ത്തി. നിന്ദിതരെയും പാവങ്ങളെയും പീഡിതരെയും ഭാരംചുമക്കുന്നവരെയും ഒരുപിടി രാ ഷ്‌ട്രീയനേതാക്കള്‍ നിയമംകൊണ്ടും ഭരണയന്ത്രംകൊണ്ടും പ്രചരണംകൊണ്ടും തന്ത്രങ്ങള്‍കൊണ്ടും അടവുകള്‍കൊണ്ടും അടക്കിഭരിച്ച് അവരെ നിത്യഅടിമകളാക്കുന്ന ദുരന്തത്തിനെതിരെ വിമോചനകാഹളം മുഴക്കുവാന്‍ കമില്ലോയെപ്പോലെ ക്രൈസ്‌തവര്‍ തയാറാകണം. ജനങ്ങളുടെയിടയില്‍ യഥാര്‍ത്ഥ രാഷ്‌ട്രീയപ്രബുദ്ധത സൃഷ്‌ടിക്കുവാന്‍ ക്രൈസ്‌തവര്‍ക്ക് കടമയുണ്ട്.
നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നര്‍ക്ക്, എന്‍ജിനീയര്‍മാര്‍ക്ക്, ഡോക്‌ടര്‍മാര്‍ക്ക്, സാമൂഹ്യബോധം തീരെയില്ല. മന്ത്രിക്ക് കൈക്കൂലികൊടുത്ത് കൂടുതല്‍ കൈ ക്കൂലികിട്ടുന്ന സ്ഥലത്തേക്ക് അവര്‍ സ്ഥലംമാറ്റം വാങ്ങും. മുടക്കിയ പണം രണ്ടാഴ്‌ചകൊണ്ട് അവര്‍ സമ്പാദിക്കും. രാഷ്‌ട്രീയക്കാര്‍ എന്നും അധികാരത്തി ല്‍ പിടിച്ചുനില്‍ക്കുവാന്‍ ശ്രമിക്കും. അതിനുവേണ്ടി അവസരവാദപരമായ നിലപാടുകള്‍ അവര്‍ സ്വീകരിക്കും. ചുവടുമാറി ചവിട്ടും. തത്വാധിഷ്‌ഠിതമായ നിലപാട് അവലംബിക്കുന്നതിലല്ല എടുത്ത നിലപാടിനനുകൂലമായി തത്വം കണ്ടെത്തുന്നതിലാവും അവരുടെ ശ്രദ്ധ.
ആ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ നിശബ്‌ദ ഭൂരിപക്ഷം വിമോചിതരാകണമെങ്കില്‍ ക്രൈസ്‌തവര്‍ സമഗ്രവിമോചനം ലക്ഷ്യമാക്കി രാഷ്‌ട്രീയ പ്രവര്‍ ത്തനം ഒരു പ്രേഷിതപ്രവര്‍ത്തനമായി കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം. നിഷ്‌ക്രിയരായിരിക്കുവാന്‍ നമുക്ക് സാധ്യമല്ല. ഭാരിച്ച ആ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ ന്യൂനപക്ഷമായ ക്രൈസ്‌തവര്‍ തയാറാകണം. അതിനുള്ള പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ നമുക്ക് കൂട്ടായി പ്രവര്‍ത്തിക്കാം. രാഷ്‌ട്രീയത്തില്‍ കത്തോലിക്കര്‍ ഒരിക്കലും വിമുഖത കാട്ടരുത്.





