IST: Monday, 6 September 2010

സ്വന്തം മാറ്റ്‌ അറിയാന്‍ ഒരു വഴി

നാം ഓരോരുത്തരെപ്പറ്റിയും മൂന്നു കൂട്ടര്‍ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്‌. ഒന്നാമത്‌, നാം ഓരോരുത്തരും നമ്മെത്തന്നെ വിലയിരുത്തുന്നു. രണ്ട്‌, മറ്റുള്ളവര്‍ നമ്മെ വിലയിരുത്തുന്നു. മൂന്ന്‌, ദൈവം നമ്മെ വിലയിരുത്തുന്നു. നാം ഓരോരുത്തരും നമുക്കുതന്നെ കൊടുക്കുന്ന ഒരു മാര്‍ക്ക്‌ ഉണ്ട്‌. അത്‌ വിദ്യാഭ്യാസം, സാമ്പത്തികസ്ഥിതി, ജോലി എന്നിവയുടെയൊക്കെ അടിസ്ഥാനത്തില്‍ നല്‍കു ന്ന മാര്‍ക്ക്‌ അല്ല. അങ്ങനെയും ഒരു മാര്‍ക്ക്‌ ഇടല്‍ ഉണ്ട്‌ എന്നത്‌ വേറൊരു കാര്യം. സാമ്പത്തികനില, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ മുന്നിട്ട്‌ നില്‍ക്കുന്നവര്‍ മിക്കവാറും ഉയര്‍ന്ന മാര്‍ക്ക്‌ അവര്‍ക്കുതന്നെ നല്‍കാറുണ്ട്‌. ആ മാര്‍ക്കിടലിന്‌ പുറമേ, നടക്കുന്ന ഒരു മാര്‍ക്കിടല്‍ ഉണ്ട്‌. നമ്മളില്‍ ഉള്ള കഴിവുകള്‍, ബുദ്ധി, വിവേകം, ജ്ഞാനം, സത്യസന്ധത, ആത്മാര്‍ത്ഥത, മനുഷ്യസ്‌നേഹം, ധാര്‍മ്മികനിലവാരം, നീതിനിഷ്‌ഠമായ ജീവിതം, ഉത്തരവാദിത്തങ്ങളോട്‌ കാണിക്കുന്ന സത്യസന്ധത, ആത്മീയ അവസ്ഥ, ഹൃദയപരമാര്‍ത്ഥത, ചെയ്യുന്ന പരോപകാരപ്രവൃത്തികള്‍, ദൈവസ്‌നേഹം, മനുഷ്യസ്‌നേഹം തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനത്തില്‍ നാം ഓരോരുത്തരും നമുക്കുതന്നെ മാര്‍ക്ക്‌ ഇടുന്നുണ്ട്‌. ഇങ്ങനെ നമുക്ക്‌ തന്നെ ഇടുന്ന മാര്‍ക്ക്‌ എത്രയായിരിക്കും എന്ന്‌ ചിന്തിക്കുന്നത്‌ നല്ലതാണ്‌. കാരണം, നമുക്കുവേണ്ടി നാം തന്നെ ഇടുന്ന മാര്‍ക്ക്‌ മൂന്നുവിധത്തിലാകാം. ചിലര്‍ അര്‍ഹിക്കുന്നതിലും കുറഞ്ഞ മാര്‍ക്കാണ്‌ തനിക്കുതന്നെ നല്‍കുക.

ചിലര്‍ അര്‍ഹിക്കുന്ന മാര്‍ക്കുതന്നെ നല്‍കുന്നു. മൂന്നാമത്‌ ഒരു കൂട്ടര്‍ അര്‍ഹിക്കുന്നതിലും വളരെ കൂടുതല്‍ മാര്‍ക്ക്‌ തനിക്കുതന്നെ നല്‍കുന്നു. അര്‍ഹിക്കുന്നതിലും കൂടുതല്‍ മാര്‍ക്ക്‌ സ്വയം നല്‍കുന്നവര്‍ ഒന്നുകില്‍ ഭോഷന്മാരാണ്‌, അല്ലെങ്കില്‍ അഹങ്കാരികളാണ്‌. ഭോഷനെ ധാന്യത്തോടൊപ്പം ഉരലില്‍ ഇട്ട്‌ ഇടിച്ചാലും അവന്റെ ഭോഷത്തം മാറുകയില്ല എന്ന്‌ സുഭാഷിതങ്ങള്‍ 27:22 പറയുന്നുണ്ട്‌: അതുകൊണ്ട്‌ ഭോഷന്മാരെ വിടുക. യഥാര്‍ത്ഥ ഭോഷന്മാര്‍ക്ക്‌ എന്തു പറഞ്ഞുകൊടുത്തിട്ടും കാര്യവുമില്ല. എന്നാല്‍, അറിവില്ലായ്‌മകൊണ്ട്‌ ഭോഷത്തരം കാണിക്കുന്നവര്‍ക്ക്‌ അറിവ്‌ ലഭിക്കുമ്പോള്‍ ഭോഷത്തരം കുറയുന്നതായും കാണാന്‍ കഴിയും.

അറിവും ബുദ്ധിയും ഉണ്ടായിട്ടും അഹങ്കാരം കൊണ്ട്‌ ഭോഷത്തരം കാണിച്ച്‌ അര്‍ഹിക്കുന്നതിലും അധികം മാര്‍ക്ക്‌ സ്വയം നല്‍കുന്നവര്‍ ഉണ്ട്‌. അത്തരക്കാരോട്‌ സുഭാഷിതങ്ങള്‍ 27:2 ഇങ്ങനെ പറയുന്നു: ``ആത്മപ്രശംസ ചെയ്യരുത്‌. മറ്റുള്ളവര്‍ നിന്നെ പ്രശംസിക്കട്ടെ. അന്യന്റെ നാവാണ്‌, നിന്റേതല്ല അത്‌ ചെയ്യേണ്ടത്‌. അപ്പോള്‍, സ്വയം നല്‍കുന്ന മാര്‍ക്കിനേക്കാള്‍ വിലയുള്ളത്‌ നമ്മെ അറിയുന്നവര്‍ നമുക്ക്‌ നല്‍ കുന്ന മാര്‍ക്കാണ്‌. സുഭാഷിതങ്ങള്‍ 27:21 പറയുന്നു: വെ ള്ളിയുടെ മാറ്റ്‌ മൂശയിലൂടെയും സ്വര്‍ണ്ണത്തിന്റെ മാറ്റ്‌ ചൂളയിലൂടെയുമെന്നതുപോലെ, മനുഷ്യന്റെ മാറ്റ്‌ അവന്‌ ലഭിക്കുന്ന പ്രശംസയിലൂടെ നിര്‍ണയിക്കപ്പെടുന്നു. അതെ, നമ്മെ അറിയുന്നവര്‍ നമുക്ക്‌ നല്‍കുന്ന മാര്‍ക്ക്‌ ആണ്‌ നമ്മുടെ യഥാര്‍ത്ഥ മാറ്റ്‌ അറിയാനുള്ള ഒരു വഴി. ഭര്‍ത്താവ്‌ എന്ന നിലയില്‍ ഒരു മനുഷ്യന്‌ മാര്‍ക്കിടാന്‍ കഴിയുന്നത്‌ ഭാര്യക്കാണ്‌. ഭോഷത്തരം കാണിക്കുന്ന, വിവേകമില്ലാത്ത, സ്വാര്‍ത്ഥമതികളായ ഭാര്യമാര്‍ ഇടാന്‍ സാധ്യതയുള്ള മാ ര്‍ക്കിനെ പറ്റിയല്ല ഇവിടെ പറയുന്നത്‌. അത്തരക്കാര്‍ ഭര്‍ത്താവിന്‌ ജയിക്കാനുള്ള മാര്‍ക്ക്‌ പോലും നല്‍കില്ല. സുബോധമുള്ള, ജ്ഞാനമുള്ള, ഉത്തമ ഭാര്യയിടുന്ന മാര്‍ക്കാണ്‌ പ്രധാനം. ഇനി, ഒരു ഭാര്യയെന്ന നിലയില്‍ ഒരു സ്‌ത്രീയുടെ മാറ്റ്‌ അറിയാന്‍ മാര്‍ക്ക്‌ ഇടാന്‍ ഏറ്റവും യോ ഗ്യന്‍ ഭര്‍ത്താവ്‌ ആണ്‌. ഭാര്യയെ സ്‌നേഹിക്കാത്ത, മര്‍ക്കട മുഷ്‌ടിക്കാരനും മദ്യപാനിയും സ്വാര്‍ത്ഥമതിയും കുടുംബം നോക്കാത്തവനുമൊക്കെയായ ഭര്‍ത്താവ്‌ ഭാര്യക്ക്‌ ന ല്‍കാന്‍ സാധ്യതയുള്ള മാര്‍ക്കിനെപ്പറ്റിയല്ല പറയുക. അ വര്‍ ഒരിക്കലും പാസ്‌മാര്‍ക്ക്‌ പോലും ഭാര്യക്ക്‌ നല്‍കില്ല. അര്‍ത്ഥപൂര്‍ണമായ കുടുംബജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്ന, സാമാന്യബുദ്ധിയോടെയെങ്കിലും ജീവിക്കുന്ന ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പരസ്‌പരം നല്‍കുന്ന മാര്‍ക്ക്‌ അവര്‍ രണ്ടുപേരുടെയും മാറ്റ്‌ അറിയാന്‍ കാരണമാകും. അപ്പന്റെയും അമ്മയുടെയും മാറ്റ്‌ അറിയാന്‍ മക്കള്‍ അവര്‍ക്ക്‌ നല്‍ കുന്ന മാര്‍ക്ക്‌ നോക്കിയാല്‍ മതി. വഴിതെറ്റി നടക്കുന്നവരും ദു:ശാഠ്യക്കാരും സ്വാര്‍ത്ഥമതികളുമായ മക്കള്‍ മാതാപിതാക്കളെ ഈ പരീക്ഷയില്‍ ജയിപ്പിക്കുകപോലുമില്ല എന്നത്‌ മറക്കുന്നില്ല. അത്തരം മക്കളെ ഒഴിവാക്കുക. സാമാന്യ ബുദ്ധിയോടും ദൈവഭയത്തോടുംകൂടി ജീവിക്കുന്ന മക്കള്‍ അപ്പനും അമ്മയ്‌ക്കുംും നല്‍കുന്ന മാര്‍ക്ക്‌ പ്രധാനപ്പെട്ടതാണ്‌. ചില അപ്പന്മാര്‍ പറയാറുണ്ട്‌: അമ്മയും മക്കളും ഒരു സൈഡാ. അവര്‍ എന്നെ ഒറ്റപ്പെടുത്തുകയാ. ചില അമ്മമാര്‍ പറയാറുണ്ട്‌: അപ്പനും മക്കളും ഒരു കയ്യാ. എന്നെ രണ്ടുകൂട്ടരും കൂടി ഒറ്റപ്പെടുത്തുകയാ. ഇത്തരക്കാരായ അപ്പന്മാരും അമ്മമാരും സ്വന്തം ശൈലിയെപ്പറ്റി ചിന്തിക്കുക. പാസ്‌മാര്‍ക്ക്‌ പോലും ദൈവഭയമുള്ള, സാമാന്യ ബുദ്ധിയുള്ള മക്കള്‍ നല്‍കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം, ശൈലി ശരിയല്ല എന്നാണ്‌. അതിനാല്‍ അവര്‍ അവര്‍ക്കുതന്നെ നല്‍കുന്ന മാര്‍ക്ക്‌ കുറക്കണം. മക്കള്‍ക്ക്‌ മാതാപിതാക്കള്‍ നല്‍കുന്ന മാര്‍ക്ക്‌ ഉണ്ട്‌. ചില മാതാപിതാക്കള്‍ വിവേകം ഇല്ലാതെയും സ്വാര്‍ത്ഥതമൂലവും വിരോധം വച്ചുകൊണ്ടും അഹങ്കാരംകൊണ്ടുമെല്ലാം അര്‍ഹിക്കുന്ന മാര്‍ക്ക്‌ മക്കള്‍ക്ക്‌ നല്‍കാത്ത സ്ഥിതി ഉണ്ട്‌. അവരെ വിടുക. അല്ലാത്ത മാതാപിതാക്കള്‍ നല്‍കുന്ന മാര്‍ക്ക്‌ നോക്കുക. എന്നിട്ടും മാര്‍ക്ക്‌ കുറവാണെങ്കില്‍, അത്തരം മക്കള്‍ വീണ്ടുവിചാരം നടത്തണം. സ്വയം നല്‍കുന്ന മാര്‍ക്ക്‌ കുറയ്‌ക്കണം. കൂടുതല്‍ മാര്‍ക്ക്‌ കിട്ടാവുന്ന ശൈലിയിലേക്ക്‌ മാറണം.

ഓരോ വൈദികനും ഓരോ സിസ്റ്ററിനും അവര്‍ തന്നെ ഇടുന്ന മാര്‍ക്ക്‌ ഉണ്ട്‌; മറ്റുള്ളവര്‍ ഇടുന്ന മാര്‍ക്ക്‌ ഉണ്ട്‌. രണ്ടു മാര്‍ക്കുകളും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന്‌ പരിശോധിക്കണം, സ്വാര്‍ത്ഥതകൊണ്ടും പകകൊണ്ടും ഉപദ്രവിക്കാനുള്ള തീക്ഷ്‌ണതകൊണ്ടും തെറ്റിദ്ധാരണകൊണ്ടുമെല്ലാം കുറഞ്ഞ മാര്‍ക്ക്‌ ഇടുന്ന ആളുകള്‍ ഉണ്ട്‌. ഇവിടെ അച്ചനും സിസ്റ്ററും നിസ്സഹായരാണ്‌. അഹങ്കരിക്കുന്ന, എപ്പോഴും എല്ലാവരെയും കുറ്റം പറയുന്ന, പള്ളിപ്രസംഗങ്ങള്‍പോലും കുറ്റപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന വൈദികര്‍ക്ക്‌ പൊതുവേ നല്ല മാര്‍ക്ക്‌ ജനം കൊടുക്കുകയില്ല. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന, ഇത്തരം സ്വഭാവം ഉള്ള വൈദികരും സിസ്റ്റര്‍മാരും നല്ല മാര്‍ക്ക്‌ പ്രതീക്ഷിക്കേണ്ട; അവര്‍ അവര്‍ക്ക്‌ എത്ര ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കിയാലും. മുന്‍കോപികളും എപ്പോഴും കുറ്റം പറഞ്ഞ്‌ നടക്കുന്നവരും അത്യാവശ്യം ദൈവവിചാരവും പ്രാര്‍ത്ഥനയും ഇല്ലാതെ ജീവിക്കുന്നവരും മറ്റുള്ളവരില്‍നിന്ന്‌ വലിയ മാര്‍ക്ക്‌ പ്രതീക്ഷിക്കേണ്ട. ഓരോരോ ജോലി ഏല്‍പ്പിച്ചിരിക്കുന്നവര്‍ ആ ജോലിയോട്‌ നീതി പുലര്‍ത്താതെ ജീവിക്കുമ്പോഴും വലിയ മാര്‍ക്ക്‌ അധികാരികളില്‍നിന്ന്‌ പ്രതീക്ഷിക്കരുത്‌.

നമ്മുടെ ജീവിതസാഹചര്യങ്ങള്‍ അറിയത്തില്ലാത്തതുകൊണ്ട്‌ ചിലപ്പോള്‍ മറ്റുള്ളവര്‍ അര്‍ഹിക്കുന്ന മാര്‍ക്ക്‌ ചിലപ്പോള്‍ തരാതിരിക്കും. അതുകൊണ്ടാണ്‌, സത്യം അറിയുമ്പോള്‍ പലരും നമുക്ക്‌ കൂടുതല്‍ മാര്‍ക്ക്‌ നല്‍കുന്നത്‌.
ഏറ്റവും പ്രധാനം, ദൈവം നമുക്ക്‌ ഓരോരുത്തര്‍ക്കും നല്‍കുന്ന മാര്‍ക്ക്‌ ആണ്‌. ദൈവം ഓരോരുത്തര്‍ക്കും നല്‍കുന്ന പ്രശംസയുടെ അളവാണ്‌ യഥാര്‍ത്ഥത്തില്‍ നമ്മുടെ മാറ്റ്‌ നിര്‍ണയിക്കപ്പെടുന്നത്‌. മനുഷ്യര്‍ മാര്‍ക്ക്‌ ഇടുന്നത്‌ ബാഹ്യപ്രവൃത്തികള്‍ കണ്ടിട്ടാണ്‌, ദൈവം മാര്‍ക്കിടുന്നതാകട്ടെ, ആന്തരികഭാവവും ആത്മീയ അവസ്ഥയും ഹൃദയപരമാര്‍ത്ഥതയും മറ്റും പരിഗണിച്ചും.

അതിനാല്‍ അഹങ്കാരവും അതിരുവിട്ട ആത്മപ്രശംസയും വെടിയാം. ദൈവവും മറ്റുള്ളവരും നമുക്ക്‌ നല്ല മാര്‍ക്ക്‌ ഇടത്തക്കവിധം, ജീവിക്കുവാന്‍ ശ്രമിക്കാം.