IST: Monday, 6 September 2010

യുവജനങ്ങളേ, വിശ്വാസത്തില്‍ ഉണരുവിന്‍!

യുവജനങ്ങള്‍ക്ക്‌ പലപ്പോഴും സംശയങ്ങളും ചോദ്യങ്ങളുമുണ്ടാകും. അതുപോലെ തന്നെ അവരില്‍ വ്യത്യസ്‌തമായ ധാരാളം നന്മയുമുണ്ട്‌. നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും വേണ്ടവിധം ഉപയോഗിക്കേണ്ടതെങ്ങനെയെ ന്ന്‌ നിങ്ങള്‍ക്കറിയാം. അതു ചെറിയ കാര്യമല്ല. ഈ ലോകത്തിലെ ഏറ്റവും വലിയ കാര്യമാണതെന്ന്‌ ഞാന്‍ പറയും. ദൈവം നമുക്ക്‌ നല്‍കിയിരിക്കുന്ന ജ്ഞാനത്തെയും ബുദ്ധിയെയും നാം വേണ്ട വിധം ഉപയോഗിക്കണം.

നല്ലതും ചീത്തയുമായ ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ ഞാന്‍ സംസാരിക്കുകയാണ്‌. നല്ലവശം നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളില്‍ നിന്നും ഗുരുഭൂതരില്‍ നിന്നും ആത്മീയനേതൃത്വത്തില്‍ നിന്നും സ്വായത്തമാക്കിയവയാണ്‌. ചീത്തവശം നിങ്ങളുടെ ചക്രവാളങ്ങളില്‍ ഇരുളുനിറയ്‌ക്കുവാന്‍ പോന്നതാണ്‌. നിങ്ങളുടെ ഭാവിയെ നിരാശയിലേക്ക്‌ തള്ളിവിടുന്ന ശുഭാപ്‌തി വിശ്വാസമില്ലായ്‌മയും ഭൗതിക പ്രശ്‌നങ്ങളും അതിലുണ്ട്‌. ജീവിതത്തെ ശൂന്യമാക്കുന്ന മാതൃകകളാണ്‌ പലപ്പോഴും നിങ്ങള്‍ക്ക്‌ അനുകരിക്കാനായി നല്‍കപ്പെടുക. ഇത്തരം നിഴലുകള്‍ നിങ്ങളെ ഭാരപ്പെടുത്താതിരിക്കാന്‍ എന്തു ചെയ്യണം?

ചരിത്രത്തിലെ നല്ല നിമിഷങ്ങളെക്കുറിച്ച്‌ നിങ്ങള്‍ക്കുള്ള മതിപ്പ്‌ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ വലിയൊരു ഘടകമാണ്‌. ലോകയുവജനദിനത്തെയും നിങ്ങളുടെ കഴിഞ്ഞകാലങ്ങളെ ധന്യമാക്കിയ വിശുദ്ധരെയും കുറിച്ചുള്ള ഓര്‍മ്മകള്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രചോദിപ്പിക്കുവാന്‍ ഉതകുന്നതാണ്‌. ചരിത്രം തീര്‍ച്ചയായും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ധ്യാപികയാണ്‌. ആധുനിക ലോകം ചരിത്രത്തിലേക്ക്‌ നോക്കുന്ന മനുഷ്യരെ പിന്‍തിരിപ്പിക്കാനിഷ്‌ടപ്പെടുന്നു. കാരണം മനുഷ്യജീവിതത്തിന്റെ പരായജയകാരണം അവര്‍ കണ്ടെത്തില്ലേ. സ്വയം മനസ്സിലാക്കുവാനും ചരിത്രത്തെ മനസ്സിലാക്കുവാനും തെറ്റുകളില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ മുന്നേറുവാനും നാം തയ്യാറാകേണ്ടിയിരിക്കുന്നു.

നല്ല ഓര്‍മ്മശക്തിയും ചരിത്രത്തെക്കുറിച്ച്‌ നല്ല ഗ്രാഹ്യവുമുള്ളവര്‍ക്കേ യഥാര്‍ത്ഥ ക്രിസ്‌ത്യാനിയായിരിക്കുവാന്‍ സാധിക്കൂ. ദൈവത്തിന്റെ സ്വരം ശ്രവിക്കുവാന്‍ കഴിയുക എന്നതാണ്‌ പ്രധാനം. നിശ്ശബ്‌ദതയിലും സംസാരിക്കുന്ന ജീവിതസാഹചര്യങ്ങളിലും നമുക്കതിനുള്ള കഴിവുണ്ടാകണം. .

നിങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ നിങ്ങളെ അടര്‍ത്തിയെടുക്കുന്നതാണ്‌ പ്രാര്‍ത്ഥനയെങ്കില്‍, ആ പ്രാര്‍ത്ഥനയെക്കുറിച്ച്‌ ജാഗ്രതയുള്ളവരായിരിക്കുക. ദൈവവുമായുള്ള സം ഭാഷണം നമുക്ക്‌ വെളിപ്പെടുത്തി നല്‍കുന്നത്‌ നമ്മെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ഉള്ള സത്യങ്ങളാണ്‌.

ആധുനികലോകത്തിലെ യുവജനങ്ങള്‍ നേട്ടങ്ങളെന്ന്‌ കരുതുന്ന ചിലതെല്ലാം അടിമത്തങ്ങളാണ്‌. സത്യത്തില്‍ നിങ്ങള്‍ക്ക്‌ സ്വതന്ത്രരാകുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ ദൈവവുമായി ആഴമായ ബന്ധത്തിലേക്ക്‌ വളരണം. വചനവായനയും പ്രാര്‍ത്ഥനയും ആരാധനയും കൗദാശികജീവിതവുമെല്ലാം, ഏതാണ്‌ സത്യം ഏതാണ്‌ മിഥ്യ എന്ന ഉറച്ച ബോധ്യം നിങ്ങളില്‍ ഉണര്‍ത്തും. ലോകത്തിലായിരിക്കുകയും ലോകത്തിന്റേതല്ലാതായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്നും നിങ്ങള്‍ എന്നോട്‌ ചോദിച്ചു. അതിനുള്ള ഉത്തരമിതാണ്‌.

പ്രാര്‍ത്ഥനയിലൂടെ, ദൈവവുമായുള്ള ബന്ധത്തിലൂടെ, ദൈവത്തിന്റെ സാന്നിധ്യം ഉള്ളില്‍ സൂക്ഷിക്കാനാവണം. വിശുദ്ധ കുര്‍ബാനയുടെ മുന്‍പില്‍ ആരാധനയ്‌ക്കായി അണയുക. ദൈവവചനം വായിച്ച്‌ ധ്യാനിക്കുക. ദൈവാലയശുശ്രൂഷകളില്‍ പങ്കെടുക്കുക. ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായതെ ന്തോ ആയി ഇത്തരം കാര്യങ്ങളെ കാണരുത്‌. അവ ജീവിതത്തിന്റെ ഭാഗമായി വരണം. സ ത്യം നിങ്ങളില്‍ ഉറപ്പിക്കുന്നത്‌ ദൈവമാണ്‌. ദൈവത്തെ പിന്‍ചെല്ലുന്നവര്‍ക്ക്‌ ഒരു പ്രതിസന്ധിയും പ്രതിസന്ധിയല്ല.

വിശ്വാസവും പ്രാര്‍ത്ഥനയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നമ്മെ പ്രാപ്‌തരാക്കുകയാണ്‌ ചെയ്യുന്നത്‌. കൂടുതല്‍ കാര്യക്ഷമമായും ശാന്തതയോടും കൂടി ജീവിതപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുവാന്‍ പ്രാര്‍ത്ഥനയും വിശ്വാസവും നമുക്ക്‌ ശക്തി നല്‍കും. സഭാചരിത്രം പരിശോധിച്ചാല്‍ ദൈവത്തോട്‌ സംഭാഷണം നടത്തിയാണ്‌ വിശുദ്ധര്‍ ജനിച്ചതെന്ന്‌ നമുക്ക്‌ മനസ്സിലാകും.
ക്രിസ്‌തീയ ജീവിതം ഒരു ഒളിച്ചോട്ടമല്ല. ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള അകന്നുമാറലല്ല ആത്മീയ ജീവിതം. അത്തരം ജീവിതം ഒരു പ്രലോഭനമാണ്‌. ചരിത്രത്തില്‍ നാം കാണുന്ന ധ്യാനാത്മകമായ ഏകാന്തജീവിതങ്ങള്‍ തീര്‍ച്ചയായും ഒരു സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടിയായിരുന്നു.

യേശുവിനെ അനുഗമിക്കുവാന്‍ യുവാവായ മനുഷ്യനോട്‌ യേശു ആവശ്യപ്പെടുന്നത്‌ നാം ബൈബിളില്‍ കാണുന്നു. തന്റെ സമ്പാദ്യങ്ങളില്‍ കുടുങ്ങിക്കിടന്നതിനാല്‍ അവന്‍ അതിന്‌ തയ്യാറായില്ല. അവന്‍ ദുഃഖത്തോടെ കടന്നുപോയി എന്നാണ്‌ തിരുവചനം സാക്ഷ്യപ്പെടുത്തുന്നത്‌ (മത്താ. 19:22). വിശുദ്ധ ആഗസ്‌തീനോസ്‌ ദൈവത്തെ കണ്ടെത്തുന്നതുവരെ അസ്വസ്ഥനായിരുന്നല്ലോ. പ്രിയ യുവജനങ്ങളെ, സുവിശേഷത്തിന്റെ പാതയില്‍ സധൈര്യം മുന്നോട്ട്‌ പോവുക. നമ്മുടെ അമ്മയായ സഭ യെ സ്‌നേഹിക്കുക. ഹൃദയവിശുദ്ധിയും എളിമയും കാത്തുസൂക്ഷിക്കുക. നിങ്ങളെയെല്ലാം ഞാന്‍ പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണത്തിനായി സമര്‍പ്പിക്കുന്നു.