IST: Monday, 6 September 2010

സഭയില്‍ ദുര്‍മാതൃകകള്‍ കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കണം?

സഭയിലുണ്ടാകുന്ന ദുര്‍മ്മാതൃകകളെക്കുറിച്ച്‌ മാധ്യമങ്ങള്‍ അ തിതീക്ഷ്‌ണതയോ ടെ റിപ്പോര്‍ട്ടുകള്‍ പ്ര ചരിപ്പിക്കുന്നതില്‍ എനിക്ക്‌ വേദനയു ണ്ട്‌. സമീപകാലത്തുണ്ടായ ചില സംഭവങ്ങളുടെ മറപിടിച്ച്‌ സഭയെ അവഹേളിക്കുന്നതിനും ചിലര്‍ തയ്യാറാകുന്നു. ചരിത്രത്തില്‍ ലക്ഷക്കണക്കിന്‌ വൈദികര്‍ ജനങ്ങളുടെ ആത്മീയ പുരോഗതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിരുന്നു എന്ന കാര്യം അവര്‍ വിസ്‌മരിക്കുകയാണ്‌. പന്ത്രണ്ട്‌ ശ്ലീഹന്മാരെ യേശു തിരഞ്ഞെടുത്തു. അവരില്‍ പത്തുപേരുടെ ക്രിസ്‌തുവിനുവേണ്ടിയുള്ള രക്തസാക്ഷിത്വത്തെയും പതിനൊന്നുപേരുടെ മരണത്തോളം നീണ്ട വിശ്വസ്‌തജീവിത്തെയും മറന്ന്‌ യൂദാസ്‌ എന്ന ഒരു വ്യക്തിയുടെ അവിശ്വസ്‌തതയെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതുപോലെയാണ്‌ മാധ്യമങ്ങള്‍ പ്രവ ര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. 11 പേരുടെ വി ശുദ്ധ ജീവിതം ആര്‍ക്കും വലിയ പ്രാധാന്യമുള്ളതല്ല എന്നു വരുന്നതെന്ത്‌?

ഉതപ്പുകളും ധാര്‍മ്മികമൂല്യച്യുതിയും കുപ്രചരണങ്ങളും സഭയില്‍ പുതുതല്ല. പ ത്രോസിന്‌ യേശു നല്‍കിയ വാഗ്‌ദാനം സ മയത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചിട്ടുണ്ട്‌. ``ഞാന്‍ നിന്നോട്‌ പറയുന്നു: നീ പ ത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അ തിനെതിരെ പ്രബലപ്പെടുകയില്ല'' (മത്താ. 16:18). എന്നിരുന്നാലും പ്രലോഭനങ്ങള്‍ സഭയെ പിടിച്ചുകുലുക്കിയപ്പോഴൊക്കെ സഭയിലെ വിശുദ്ധരായ മനുഷ്യര്‍ അ തിനെതിരെ ആത്മീയമായി യുദ്ധം ചെ യ്‌തിരുന്നുവെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ദുര്‍മ്മാതൃകകളിലൂടെ സഭയ്‌ക്കുണ്ടായ കളങ്കം നീക്കുവാന്‍ നവീകരിക്കപ്പെട്ട വിശുദ്ധ ജീവിതവും ഭക്താഭ്യാസങ്ങ ളും ആഹ്വാനം ചെയ്യുന്ന വിശുദ്ധരെ ന മുക്ക്‌ കാണാം. ആറാം നൂറ്റാണ്ടില്‍ വിശുദ്ധ ബനഡിക്‌ടും പതിമൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ്‌ അസ്സീസിയും പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌ സേവ്യറുമൊക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ നാം കാണുന്നുണ്ട്‌. ഈ പുതിയ മില്ലേനിയത്തില്‍ സഭയ്‌ക്കും സഭാധികാരികള്‍ക്കും എതിരായി ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ നമ്മുടെ പ്രതികരണമെന്താവണം? ഭാരമുള്ളൊരു ഹൃദയത്തോടുകൂടിയാണ്‌ ഈ വിഷയം ഞാന്‍ പ്രാര്‍ത്ഥനയില്‍ ഉയര്‍ത്തിയത്‌. ഓരോ വിശ്വാസിയും പൗലോശ്ലീഹായുടെ വാക്കുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന സന്ദേശമാണ്‌ എനിക്ക്‌ ലഭിച്ചത്‌. ``എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന്‌ ഞാന്‍ ആദ്യമേ ആ ഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്‍മാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കും വേണ്ടിയും ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ്‌. ഇത്‌ ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ'' (1 തിമോ. 2:1-3).

വി. പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെങ്കില്‍ എല്ലാ വിശ്വാസികള്‍ക്കുമുള്ള ആദ്യത്തെ നിര്‍ദ്ദേശം മാധ്യസ്ഥ്യപ്രാര്‍ത്ഥനകള്‍ നടത്തുവാനാണ്‌. പ്രത്യേകിച്ച്‌ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കുവേണ്ടി. പ്രാദേശിക സഭയ്‌ക്കുള്ള നിര്‍ദ്ദേശമാണ്‌ തിമോത്തിക്കുള്ള ലേഖനത്തിലുള്ളത്‌. രണ്ടു ലേഖനങ്ങളിലും ധാരാളം ഉപദേശങ്ങള്‍ വി. പൗലോസ്‌ അവര്‍ക്ക്‌ നല്‍കുന്നുണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മാധ്യസ്ഥ്യപ്രാര്‍ത്ഥനയാണ്‌. വേറെ എന്തെ ല്ലാം സഭ ചെയ്യുന്നു എന്നത്‌ വലിയ കാര്യമല്ല, പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്നത്‌ മുന്‍ഗണനാക്രമത്തില്‍ ആദ്യത്തേതാണ്‌. ഇങ്ങനെയൊരു പ്രാര്‍ത്ഥനയുടെ കുറവ്‌ അന്ന്‌ അനുഭവപ്പെട്ടിരുന്നുവെന്ന്‌ പിന്നീടുവരുന്ന വാക്യത്തില്‍ നമുക്ക്‌ മനസ്സിലാകും. ഈ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച്‌ അദ്ദേഹം വ്യക്തമാക്കുന്നതിങ്ങനെ - ``എ ല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകുന്നതിനാണിത്‌.''

ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാനാകുന്നുണ്ടോ എന്നുള്ള എന്റെ ചോദ്യത്തിന്‌ ഇന്നുവരെ പലരും ഉത്തരം നല്‍കിയത്‌, `ഇല്ല' എന്നു തന്നെയാണ്‌. അതിന്റെ കാരണമെന്താണ്‌? പൗലോശ്ലീഹായുടെ വാക്യങ്ങള്‍ നാം ഹൃദയത്തില്‍ ഏറ്റെടുത്ത്‌ പാലിക്കുന്നില്ല എന്നാണ്‌ അതിന്റെ അര്‍ത്ഥം. സഭയ്‌ക്കും സഭാധികാരികള്‍ക്കും ലോകനേതാക്കള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയ്‌ക്ക്‌ നാം ഒന്നാം സ്ഥാ നം നല്‍കുന്നില്ല. വിദ്യാഭ്യാസവും ആരോഗ്യവും മാധ്യമവളര്‍ച്ചയും സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളും എല്ലാം നല്ലതുതന്നെ. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടതിനെ നാം മറക്കരുത്‌. 1998 ല്‍ `ശാലോം ടൈഡിംഗ്‌സില്‍' ഞാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനയെക്കുറിച്ച്‌ ഒരു ലേഖനമെഴുതിയിരുന്നു. അതിന്റെ ഉള്ളടക്കമിതായിരുന്നു - ``കുതിരയില്ലാതെ എങ്ങനെയാണ്‌ കുതിരവണ്ടിക്ക്‌ മുന്നോട്ട്‌ നീങ്ങാനാവുക? മധ്യസ്ഥപ്രാര്‍ത്ഥനയാണ്‌ നമ്മുടെ വണ്ടിയെ മുന്നോട്ട്‌ നയിക്കുന്ന കുതിര.'' ഏറ്റവും പ്രധാനപ്പെട്ടതിന്‌ അതിന്റേതായ പ്രാധാ ന്യം കൊടുക്കുവാന്‍ നാം മടിക്കരുത്‌. നമ്മുടെ സഭാനേതൃത്വത്തിനുവേണ്ടി, വൈ ദികര്‍ക്കുവേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിച്ചുതുടങ്ങാം. പ്രാര്‍ത്ഥിക്കുന്ന സഭയാണ്‌ ലോകത്തില്‍ മാറ്റമുണ്ടാക്കുവാന്‍ പോകുന്നത്‌.
സഭയില്‍ മൂല്യച്യുതി കണ്ടപ്പോള്‍ വിശുദ്ധ ബനഡിക്‌ട്‌ ദിവസങ്ങളോളം ഗുഹയില്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. പിന്നീട്‌ ബനഡിക്‌ട്‌ എഴുതിയ നിയമാവലിയില്‍ ദിവസവും എട്ടുമണിക്കൂര്‍ ജോലിയും എട്ടുമണിക്കൂര്‍ വിശ്രമവും എട്ടുമണിക്കൂര്‍ പ്രാര്‍ ത്ഥനയുമാണ്‌ ഉള്‍പ്പെടുത്തിയത്‌. പ്രസ്‌തുത നിയമം സഭയില്‍ അയ്യായിരത്തോളം വിശുദ്ധര്‍ക്ക്‌ ജന്മം നല്‍കി. 1994 ല്‍ ഡല്‍ഹിയില്‍ ആരംഭിച്ച നാല്‍പത്‌ മണിക്കൂര്‍ ആരാധനയെ ഞാനോര്‍ക്കുന്നു. പതിനേഴാം വര്‍ഷവും തുടരുന്ന ഈ പ്രാര്‍ത്ഥന ലോകത്തിന്‌ മുഴുവന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായിട്ടാണ്‌ രൂപം നല്‍കപ്പെട്ടിരിക്കുന്നത്‌.

വിശുദ്ധ പത്രോസ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ``നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു'' (1 പത്രോ. 5:8). ``ഇടയനെ അടിച്ചാല്‍ ആടുകള്‍ ചിതറിക്കപ്പെടും'' എന്നു ള്ള തത്വമനുസരിച്ച്‌ ആത്മീയ നേതൃത്വം എന്നും പിശാചിന്റെ കടുത്ത ആക്രമണത്തിന്‌ വിധേയമാക്കപ്പെടുന്നുണ്ട്‌. നമ്മുടെ ആത്മീയനേതൃത്വത്തെ അവരുടെ പോരാട്ടത്തില്‍ നാം സഹായിക്കണം. അവര്‍ യുദ്ധം ചെയ്യുന്നത്‌ ``മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, തിന്മയുടെ ദുരാത്മാക്കള്‍ക്കെതിരായിട്ടാണ്‌...'' (എഫേ. 6:12). ``വിശുദ്ധര്‍ക്ക്‌ യോഗ്യമായ രീതിയില്‍ ജീവിക്കുന്നതിന്‌'' (1 പത്രോ. 5:3) അവര്‍ക്ക്‌ സാധിക്കുന്നതിനായി നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.
പൗലോശ്ലീഹാ ഉപസംഹരിക്കുന്നതിപ്രകാരമാണ്‌, ``അതിനാല്‍ കോപമോ കലഹമോ കൂടാതെ പുരുഷന്‍മാര്‍ എല്ലായിട ത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ പ്രാര്‍ത്ഥിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു'' (1 തിമോ. 2:8). വൈദികരും വിശ്വാസികളും ഒത്തുകൂടി പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ സംഘടിപ്പിക്കണം. രൂപതകളിലേക്കും ഇടവകകളിലേ ക്കും നാല്‍പത്‌ മണിക്കൂര്‍ ആരാധന പോലുള്ള ആത്മീയ യുദ്ധങ്ങള്‍ വ്യാപിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുകയാണ്‌. തെറ്റുപറ്റിയവരോട്‌ വെറുപ്പോ വിദ്വേഷമോ കൂടാതെ നാം പ്രാര്‍ത്ഥിക്കണം. പ്രശ്‌നങ്ങളെക്കുറിച്ച്‌ സംവാദങ്ങള്‍ സംഘടിപ്പിച്ചതുകൊണ്ടായില്ല. തെറ്റൊന്നും സംഭവിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌, കണ്ണടച്ച്‌ ഇരുട്ടാക്കുകയുമരുത്‌. നമുക്ക്‌ പ്രവര്‍ത്തനം തുടങ്ങാം. പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ നമ്മി ല്‍ നിന്ന്‌ ദൈവം ആഗ്രഹിക്കുന്നത്‌ ഇതാണ്‌.

മറ്റൊരു പ്രതിസന്ധിയുടെ സമയത്ത്‌ അമേരിക്കയില്‍ മിഷിഗണിലെ പ്ലീമത്തില്‍ നാല്‍പത്തിനാല്‌ വൈദികര്‍ 1974 ജൂണ്‍ 18 മുതല്‍ ജൂലൈ 27 വരെ, നാല്‍പത്‌ ദിവസം തുര്‍ച്ചയായി സഹോദര വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഒത്തുചേര്‍ന്നതോ ര്‍ക്കുന്നു.

പ്ലീമത്തിലെ സെന്റ്‌ ജോണ്‍സ്‌ പ്രൊവി ന്‍ഷ്യല്‍ സെമിനാരിയില്‍ വച്ചായിരുന്നു അത്‌. ബ്രസീലില്‍ നിന്നുള്ള ഫാ. ജോര്‍ ജ്ജ്‌ കൊസിക്കിയായിരുന്നു ഇതിന്റെ പിന്നി ലെ പ്രചോദനം. അത്തരം അനേകം സംഭവങ്ങള്‍ ഇനിയും പലസ്ഥലങ്ങളില്‍ ആവര്‍ ത്തിക്കപ്പെടേണ്ടിയിരിക്കുന്നു.

അവരുടെ വാക്കുകള്‍ ഇങ്ങനെ - ``ഞങ്ങള്‍ ഞങ്ങളെത്തന്നെ ബഥനി മധ്യസ്ഥ പ്രാര്‍ ത്ഥനാ ഗ്രൂപ്പ്‌ എന്നാണ്‌ വിളിക്കുന്നത്‌. യേ ശു ലാസറിന്റെ കല്ലറയുടെ അടുക്കല്‍ ചെ യ്‌തതുപോലെ വൈദികരുടെ ഇടയിലെ മ രിച്ചുപോയവരെ ഉയര്‍പ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണിത്‌. സഭയിലെ വൈ ദികര്‍ക്കുവേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചപ്പോള്‍ ലാസറിന്റെ ചിത്രം ഞങ്ങളുടെ മനസ്സില്‍ തെളിയുമായിരുന്നു.''
യേശു കല്ലറയുടെ അടുക്കല്‍ നിന്ന്‌ പ്രാര്‍ത്ഥിക്കുന്നു, ``പിതാവേ, അങ്ങെന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേയ്‌ക്ക്‌ നന്ദി പറയുന്നു.. അങ്ങ്‌ എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍ എന്നെ അയച്ചത്‌ അവിടുന്നാണെന്ന്‌ ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിത്‌ പറയുന്നത്‌. ഇതു പറഞ്ഞിട്ട്‌ അവന്‍ ഉച്ചത്തില്‍ പറഞ്ഞു; ലാസറേ, പുറത്തു വരുക. അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു. അവന്റെ കൈകാലുകള്‍ നാടകള്‍ കൊണ്ട്‌ ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട്‌ ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോട്‌ പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ'' (യോഹ. 11: 42-44).
നമ്മുടെ സഹോദരവൈദികര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ യേശു അവരെ തീര്‍ച്ചയായും ഉയിര്‍പ്പിക്കുകയും സ്വതന്ത്രരാക്കുകയും ചെയ്യും.