രണ്ടായിരാമാണ്ടിലാണ് ഒരു ഇ മെയില്‍ ഐ ഡി ഉണ്ടാക്കിയത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഇന്റര്‍നെറ്റ് ബൂത്തില്‍ ചെന്നിരുന്ന് അതിന്റെ നടത്തിപ്പുകാരന്റെ സഹായത്തോടെയായിരുന്നു അത്. ഒരു മണിക്കൂറിനു നാല്‍പതോ അമ്പതോ
രൂപയായിരുന്നു അന്ന് അവര്‍ ഈടാക്കിയിരുന്നത്. അതില്‍ കുറെ സമയം, പേജ് തുറന്നു വരാന്‍ തന്നെ ചിലവാകും. വിദേശത്തുള്ള ഒന്നോ രണ്ടോ സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ മാത്രമായിരുന്നു, അവരുടെ നിര്‍ബന്ധപ്രകാരം ഇതിനു തുനിഞ്ഞത്. മെയിലയച്ചിട്ടുണ്ട്, മറുപടി കണ്ടില്ല എന്നു ഫോണ്‍ വരുമ്പോഴായിരിക്കും ചിലപ്പോള്‍ അന്നൊക്കെ ബൂത്തുകള്‍ തേടി പൊയ്‌ക്കൊണ്ടിരുന്നത്. പിന്നെ, തുടര്‍ച്ചയായി തുറക്കാതിരിക്കുന്നതു വഴി ഐ ഡി അസാധുവായിപ്പോകേണ്ട എന്നു കരുതിയും.
ഇപ്പോഴാകട്ടെ, ഓഫീസില്‍ വച്ചും വീട്ടില്‍ വച്ചും ദിവസം ഒന്നിലേറെ തവണ ഇന്റര്‍നെറ്റ് പരിശോധിക്കുന്നു. ദിനചര്യയുടെ ഭാഗമായിരിക്കുന്നു അത്. ഇന്ന് ഇ മെയില്‍ ഐ ഡികള്‍ ഇല്ലാത്തവര്‍ ഇല്ല. അതിനാല്‍ എല്ലാവരുമായും ഈ സങ്കേതത്തിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നു. ബ്രോഡ്‌ബാന്റ് വ്യാപകമായി. ഇന്റര്‍നെറ്റ് കഫേകളില്‍ മണിക്കൂറിനു പത്തു രൂപയായി നിരക്കു കുറഞ്ഞു. പഴയ ഫോണ്‍ ബൂത്തുകള്‍ പോലെ എവിടെ തിരിഞ്ഞാലും കഫേകളുണ്ട്. അതിനു ഗ്രാമ നഗര ഭേദമൊന്നുമില്ല. വീടുകളിലും ഓഫീസുകളിലും ബ്രോഡ്‌ബാന്‍ഡ് കണക്ഷനുകള്‍ ധാരാളം. വോയ്‌സ് ചാറ്റിംഗും വീഡിയോ ചാറ്റിംഗും (ശ്രാവ്യസല്ലാപവും ദൃശ്യസല്ലാപവും!) ചിരപരിചിതമായിരിക്കുന്നു.
2006 ഒടുവിലാണ് ഓര്‍ക്കൂട്ട് എന്ന സോഷ്യലൈസിംഗ് സൈറ്റില്‍ ഞാന്‍ ചേരുന്നത്. കോളേജിലും സ്‌കൂളിലും കൂടെ പഠിച്ച ആരെയെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെയായിരുന്നു അത്. പക്ഷേ നിരാശയായിരുന്നു ആദ്യഫലം. കാരണം ഓര്‍ക്കൂട്ട് എന്നൊരു സംഗതി നിലവിലുണ്ടെന്ന് അറിഞ്ഞിട്ടേയില്ലെന്ന മട്ടിലായിരുന്നു സഹപാഠികള്‍. സെര്‍ച്ചുകള്‍ക്കെല്ലാം നിഷേധാത്മകമായ ഉത്തരം. കൗമാരക്കാരും ഇരുപതുകളില്‍ നടക്കുന്നവരുമാണ് സൈബര്‍ ലോകത്തില്‍ തിമിര്‍ക്കുന്നതെന്നു വെളിപ്പെട്ടു. 1993 ലാണ് ഞങ്ങള്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ഇന്നു മുപ്പത്തേഴുകാരാണ് സഹപാഠികള്‍. സ്വാഭാവികമായും അവര്‍ക്കാര്‍ക്കും ആദ്യമൊന്നും ഓര്‍ക്കൂട്ട് ഹരം പകര്‍ന്നില്ല. കുട്ടികള്‍ക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള ഏതോ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അറിയാതെ ചെന്നു കയറിയ ഒരാളുടെ അന്യതാബോധത്തോടെ കുറച്ചു കാലം ഓര്‍ക്കൂട്ടില്‍ അലയേണ്ടി വന്നു.
പക്ഷേ വളരെ പെട്ടെന്നു സ്ഥിതി മാറി. പ്രായമോ വിദ്യാഭ്യാസമോ ഒന്നും ഭേദമില്ലാതെ, ഒട്ടുവളരെ പേര്‍ ഓര്‍ക്കൂട്ടിലേയ്‌ക്കും ഫെയ്‌സ്‌ബുക്കിലേയ്‌ക്കും ഇടിച്ചു കയറി വന്നു. അനന്തവിശാലമായ സൈബര്‍ ലോകത്തില്‍ അവരോരോത്തരും സ്വന്തം ഇടങ്ങള്‍ സ്ഥാപിച്ചു. അതിനാല്‍ നിരവധി സുഹൃത്തുക്കളുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനായി.
ഇമെയിലുകളിലും ഓര്‍ക്കൂട്ടിലെ സ്‌ക്രാപ്പുകളിലും കീബോര്‍ഡ് ചാറ്റിംഗിലുമായി ഒതുങ്ങിയിരുന്ന ഞാന്‍ സ്വീഡനില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ജോര്‍ജുകുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീട്ടില്‍ ഹെഡ്‌സെറ്റു വാങ്ങിയതും സ്‌കൈപ് എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തതും. വോയ്‌സ് ചാറ്റിംഗ് സാധ്യമാക്കണം എന്നതായിരുന്നു ലക്ഷ്യം. ഹെഡ്‌സെറ്റ് ഫിറ്റു ചെയ്‌ത അന്നു തന്നെ തികച്ചും യാദൃച്ഛികമായി കോണ്‍ഫ്രന്‍സ് കോളിന് അവസരമുണ്ടായി. സ്വീഡനില്‍ നിന്നു ജോര്‍ജും അമേരിക്കയില്‍ നിന്നു പ്രശാന്തും ഓസ്‌ട്രേലിയായില്‍ നിന്നു ജോബിയും ഞാനും ഒരേ സമയം ലൈനില്‍. ഒരിടത്തു പ്രഭാതം, മറ്റൊരിടത്തു സന്ധ്യ, വേറൊരിടത്തു പാതിരാ! എങ്കിലും അര മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു.
ജോലികള്‍ക്കും പഠനത്തിനുമായി നാട്ടില്‍ നിന്നു വിട്ടു പോകുന്നതുവരെ, വൈകുന്നേരങ്ങളില്‍ പള്ളിനടയില്‍ വെടിവട്ടവുമായി ഞങ്ങള്‍ സംഗമിക്കാറുണ്ട്. ഓര്‍മ്മകളിലേക്കു മടങ്ങിയ, ശബ്‌ദമുഖരിതമായ ആ വൈകുന്നേരങ്ങളിലൊന്നിനെയാണ് സ്‌കൈപ്പിന്റെ സൈബറിടത്തില്‍ അന്നു ഞങ്ങള്‍ വീണ്ടെടുത്തത്. സൗഹൃദത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു വെര്‍ച്വല്‍ പള്ളിനട. യാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് ഇനിയങ്ങിനെയൊരു സുഹൃദ്‌സംഗമം മിക്കവാറും അപ്രായോഗികമാണ്. കാരണം വിവിധ ഭൂഖണ്‌ഡങ്ങളില്‍ നിന്നു സുഹൃത്തുക്കള്‍ അവധിക്കെത്തുന്നത് സാധാരണയായി വ്യത്യസ്‌തമായ സമയങ്ങളിലാണ.് പള്ളിനടയില്‍ വൈകുന്നേരങ്ങളില്‍ അങ്ങനെ വെടി പറഞ്ഞിരിക്കുന്നതിനു പള്ളിക്കമ്മിറ്റിക്കാര്‍ ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഏതായാലും നിയന്ത്രണങ്ങളൊന്നുമില്ലാതെ, സംസാരിച്ചിരുന്നു സമയം പാഴാക്കുന്നുവെന്ന ആ പഴയ, തീര്‍ത്തും നേര്‍ത്ത, കുറ്റബോധത്തിന്റെ മാത്രം നിഴലില്‍ നിങ്ങള്‍ക്കെത്രനേരം വേണമെങ്കിലും ഈ വെര്‍ച്വല്‍ പള്ളിനടയില്‍ മിണ്ടിക്കൊണ്ടേയിരിക്കാം. ഭൂഖണ്‌ഡങ്ങള്‍ക്കപ്പുറത്തു നിന്നു പ്രിയപ്പെട്ടവരുടെ ശബ്‌ദങ്ങളും ദൃശ്യങ്ങളും നിങ്ങളെ തേടിയും നിങ്ങളുടേത് അവരെ തേടിയും എത്തുന്നതിന്റെ പണച്ചെലവിനെ കുറിച്ചു പോലും നമുക്കേറെയൊന്നും ആശങ്കപ്പെടാനില്ല. പ്രായേണ സൗജന്യമായാണല്ലോ ഈ സൗകര്യങ്ങള്‍ നമുക്കു ലഭ്യമാകുന്നത്.
അന്ന്, ഭൂഗോളത്തിന്റെ വ്യത്യസ്‌ത അര്‍ധഗോളങ്ങളില്‍ കഴിയുന്ന സുഹൃത്തുക്കളുമായി ഒരേ സമയം ഒന്നിച്ചിരുന്നു സംസാരിക്കാന്‍ കഴിയുന്നതിന്റെ വിസ്‌മയാനുഭൂതി ഏറെ നേരം കൂടെയുണ്ടായിരുന്നു. ആശയവിനിമയ സാങ്കേതികവിദ്യാരംഗത്തെ പുരോഗതിയെ അക്ഷരാര്‍ത്ഥത്തില്‍ മനസില്‍ നമസ്‌കരിച്ചു. പിന്നീടു സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമെല്ലാം അതൊരു പതിവായി. ഇന്റര്‍നെറ്റിന്റെ പ്രചാരം മനുഷ്യബന്ധങ്ങളിലും മാധ്യമരംഗത്തും മറ്റനേകം മേഖലകളിലും സൃഷ്‌ടിച്ചിരിക്കുന്ന മാറ്റം വിസ്‌മയകരം തന്നെ.
ലോകം പരന്നതാണ് (വേള്‍ഡ് ഈസ് ഫ്‌ളാറ്റ്) എന്ന തന്റെ ഗ്രന്ഥത്തില്‍, പുലിറ്റ്‌സര്‍ സമ്മാനജേതാവായ തോമസ് എല്‍ ഫ്രീഡ്‌മാന്‍ ഇന്റര്‍നെറ്റിന്റെ പ്രചാരത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എണ്‍പതുകളില്‍ ഇന്റര്‍നെറ്റ് ബൂം ഉണ്ടായപ്പോള്‍ ഒട്ടേറെ കമ്പനികള്‍ മുളച്ചു പൊങ്ങി. വലിയ നിക്ഷേപം ഈ രംഗത്തു നടന്നു. കടലിനടിയിലൂടെ ഭൂഖണ്‌ഡാന്തര കേബിളുകള്‍ ധാരാളമായി സ്ഥാപിക്കപ്പെട്ടു. ഓവര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആയിരുന്നു അതെല്ലാം. അമിതമായ നിക്ഷേപം. ഡിമാന്‍ഡ് കണക്കിലെടുക്കാതുള്ള സപ്ലൈ. ഫലം, കമ്പനികള്‍ കുമിളകള്‍ പോലെ പൊട്ടിത്തകര്‍ന്നു. പക്ഷേ ഒരുപാടു പണം വെള്ളത്തിലായതു പോലെ ഒട്ടധികം ഒപ്‌ടിക്കല്‍ ഫൈബര്‍ കേബിളുകളും വെള്ളത്തിനടിയിലായി. തകര്‍ന്ന കമ്പനികള്‍ അവരുടെ കേബിള്‍ ശൃംഖലകള്‍ പെടുവിലക്കു വിറ്റു സ്ഥലം കാലിയാക്കി. പലതും ഏതാണ്ടു സൗജന്യമായി തന്നെ കൈമാറപ്പെട്ടു. സ്വാഭാവികമായും ഈ കേബിളുകളിലൂടെയുള്ള ഇന്‍റര്‍നെറ്റു സേവനവും തീരെ ചിലവു കുറഞ്ഞതായി. ചുരുക്കത്തില്‍, സാഹസികരായ ചില നിക്ഷേപകരുടെയും ഇന്റര്‍നെറ്റു ബൂമില്‍ നിന്നു പെട്ടെന്നു ലാഭമുണ്ടാക്കാമെന്നു കരുതിയ ചില ഭാഗ്യാന്വേഷികളുടെയും നഷ്‌ടമാണു നമുക്കിപ്പോള്‍ നേട്ടമായിരിക്കുന്നത്. ലോകം തീര്‍ത്തും പരന്നു; ആര്‍ക്കും എവിടെ നിന്നും എപ്പോഴും പരസ്‌പരം കാണുകയും സംസാരിക്കുകയും ചെയ്യാവുന്ന തരത്തില്‍ ചെറുതായി, ഒരു ഗ്രാമമായി.
വീഡിയോകള്‍ പ്രക്ഷേപണം ചെയ്യാവുന്ന യുട്യൂബു പോലുള്ള വീഡിയോ ഷെയറിംഗ് സൈറ്റുകളും രചനകള്‍ പ്രസിദ്ധപ്പെടുത്താവുന്ന ബ്ലോഗുകളും ട്വിറ്റര്‍ പോലുള്ള ആശയപ്രകാശന സൈററുകളുമാണ് ഇന്റര്‍നെറ്റിനെ ഒരു ബദല്‍ മാധ്യമം അഥവാ നവമാധ്യമം ആക്കി വളര്‍ത്തിയെടുത്തത്. ഇതു മാധ്യമരംഗത്തു വ ന്‍ മാറ്റം സൃഷ്‌ടിച്ചു. തനിക്കൊരു കാര്യം പറയാനുണ്ടെന്നു കരുതുകയും അതു കഴിയുന്നത്ര പേര്‍ കേള്‍ക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ഇന്റര്‍നെറ്റിനു പകരം വയ്‌ക്കാന്‍ മ റ്റൊരു മാര്‍ഗമില്ല. മാഗസിനുകളിലേക്കയച്ചാല്‍ എഡിറ്റര്‍മാര്‍ പ്രസിദ്ധപ്പെടുത്തണമെന്നില്ല. നോ ട്ടീസോ പുസ്‌തകമോ ലഘുലേഖയോ ആയി പ്രസിദ്ധീകരിക്കാമെന്നു വച്ചാല്‍ പണച്ചെലവുണ്ട്. പണത്തിനു വില്‍ക്കാനാണുദ്ദേശിക്കുന്നതെങ്കില്‍ എല്ലാവരും പണം മുടക്കി വാങ്ങണമെന്നില്ല. ഇന്റര്‍നെറ്റില്‍ ഈ പരിമിതികളൊന്നുമില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരേ ഇതൊ ക്കെ കാണൂ എന്നതു ശരിയാണ്. പക്ഷേ അ ത്തരക്കാരുടെ എണ്ണം അനുദിനം കുതിച്ചുയര്‍ ന്നുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയി ല്‍ ഏതാണ്ടെല്ലാവരും തന്നെ ``നെറ്റിസന്‍സ്'' ആണ്.
ചലച്ചിത്രങ്ങള്‍, അതായതു ചലിക്കുന്ന ചിത്രങ്ങള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചു പ്രേക്ഷകരിലെത്തിക്കാം എന്നായിരിക്കുന്നു ഇപ്പോള്‍. ചെറിയ വീഡിയോ ചിത്രങ്ങള്‍ ഉണ്ടാക്കി, ഒരു സ്ഥിരം പരമ്പര പോലെ ഇന്റര്‍നെറ്റില്‍ പ്രക്ഷേപണം ചെയ്യുന്നവരുണ്ട്. ഡിജിറ്റല്‍ ക്യാമറകളും ആ രംഗത്തുണ്ടായ മറ്റു സാങ്കേതികപുരോഗതികളും മൂലം ചിത്രീകരണം തികച്ചും പ്രായോഗികവും ചിലവു കുറഞ്ഞതുമായി. അങ്ങിനെ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ``റിലീസിംഗ്'' ആകട്ടെ, ഇന്റര്‍നെറ്റു സാധ്യമാക്കുകയും ചെയ്‌തു.
സിനിമയുടെ മാജിക് നഷ്‌ടപ്പെട്ടുവെന്നു വിഖ്യാത സംവിധായകനായ കെ.ജി.ജോര്‍ജ് പറയുകയുണ്ടായി. അദ്ദേഹം സിനിമയെടുത്തു തുടങ്ങുന്ന കാലത്ത്, ചിത്രീകരിക്കുന്ന രംഗങ്ങള്‍ സംവിധായകനു തന്നെ കാണാന്‍ കഴിഞ്ഞിരുന്നത് ലാബിലെത്തുമ്പോള്‍ മാത്രമാണ്. ആ പ്രക്രിയയിലാകെ ഒരുതരം ദുരൂഹത പടര്‍ന്നിരുന്നു. ഇപ്പോഴാകട്ടെ, മോണിറ്ററില്‍ തന്റെ സിനിമ കണ്ടുകൊണ്ടാണു സംവിധായകന്‍ സ്റ്റാര്‍ട്ടും കട്ടും പറയുന്നത്. സിനിമയുടെ മാജിക് നഷ്‌ടമായി എന്നു പറയുന്നതുകൊണ്ട് ഇതു മാത്രമല്ല ഉദ്ദേശിക്കുന്നത്. സിനിമയുടെ ലോകം പണ്ടു സാധാരണക്കാര്‍ക്ക് തീര്‍ത്തും അപ്രാപ്യമായിരുന്നു. ഇന്നാകട്ടെ, സ്‌കൂള്‍ കുട്ടികള്‍ പോലും സ്വന്തം സിനിമകള്‍ നിര്‍മ്മിക്കുന്നു. ഒരു അര മണിക്കൂര്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതിന്റെ ചെലവ് ഒരു സാധാരണ വിദ്യാഭ്യാസസ്ഥാപനത്തിനു താങ്ങാനാവുന്നതിനപ്പുറമൊന്നും വരുന്നില്ല ഇക്കാലത്ത്. അത്തരം പരിശ്രമങ്ങള്‍ ധാരാളമായി ഉണ്ടാകുകയും ചെയ്യുന്നു.
ചലച്ചിത്രങ്ങള്‍ മുതല്‍ ഒറ്റവരി കുറിപ്പുകള്‍ വരെയുള്ള എല്ലാ ആത്മാവിഷ്‌കാരങ്ങള്‍ക്കും സര്‍ഗസൃഷ്‌ടികള്‍ക്കും ജനമധ്യത്തിലെത്താന്‍ വഴിയൊരുക്കുന്നു എന്നതു കൊണ്ടാണ് ഇന്റര്‍നെറ്റ് ഒരു തപാല്‍ സംവിധാനമെന്നതിനപ്പുറം സര്‍വസജ്ജമായ ഒരു മാധ്യമമായി മാറിയിരിക്കുന്നത്. നവമാധ്യമം (ന്യൂ മീഡിയ) എന്നു നാമതിനെ പൊതുവേ വിശേഷിപ്പിക്കുന്നു.
ഇന്റര്‍നെറ്റിന്റെ ദുരുപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഈ മാധ്യമത്തിന്റെ വളര്‍ച്ചയ്‌ക്കു സമാന്തരമായി നടന്നിരുന്നു. ദുരുപയോഗം തടയേണ്ടതു തന്നെ. പക്ഷേ പുതുതായി വികസിതമാകുന്ന ഏതൊരു സാങ്കേതികവിദ്യയും നല്ല കാര്യങ്ങള്‍ക്കെന്ന പോലെ ചീത്ത കാര്യങ്ങള്‍ക്കായും ഉപയോഗിക്കപ്പെടുമെന്നതൊരു ലോകതത്വമാണ്. അച്ചടിയും ഫോട്ടോഗ്രാഫിയും എല്ലാം ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നതുകൊണ്ട് അവയുടെയൊക്കെ പുരോഗതിയും പ്രചാരവും അപകടരമാണെന്നു പറഞ്ഞിരുന്നവര്‍ ചരിത്രത്തില്‍ വിഡ്‌ഢികളാക്കപ്പെടുകയാണല്ലോ ഉണ്ടായത്. ഇവിടെയും കാര്യം അതു തന്നെ.
ഇന്റര്‍നെറ്റിനെ കണ്ടില്ലെന്നു നടിക്കുകയോ എതിര്‍ക്കുകയോ അല്ല, പരമാവധി മനസിലാക്കുകയും ഉപയോഗിക്കുകയുമാണു വേണ്ടതെന്നു കരുതുന്നവരില്‍ മുമ്പന്തിയിലാണു കത്തോലിക്കാ സഭയും വത്തിക്കാനും. സോഷ്യലൈസിംഗ് സൈറ്റുകളില്‍ പോലും മാര്‍പാപ്പായുടെ സാന്നിദ്ധ്യം കണ്ടെത്താം. യുട്യൂബിലുമുണ്ടു മാര്‍പാപ്പ. ആശയപ്രകാശനത്തിനു മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ടല്ലല്ലോ മാര്‍പാപ്പ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നത്. മാര്‍പാപ്പായ്‌ക്കു പറയാനുള്ളതു കേള്‍ക്കാനും റിപ്പോര്‍ട്ട് ചെയ്യാനും വത്തിക്കാന്റേതും അല്ലാത്തതുമായ വ്യവസ്ഥാപിത മാധ്യമങ്ങളെല്ലാം തയ്യാറായി നില്‍ക്കുകയാണ്. അതിനാല്‍, തനിക്കു പറയാനുള്ളതു ഇന്റര്‍നെറ്റിലൂടെ പറയുന്നു എന്നതിനേക്കാള്‍, ഇന്റര്‍നെറ്റിനെ സഭ അതിന്റെ ദൗത്യനിര്‍വ്വഹണത്തിനായി ഉപയോഗിക്കണമെന്ന ആഹ്വാനം നടത്തുകയാണ് ഈ സാന്നിധ്യത്തിലൂടെ മാര്‍പാപ്പാ പ്രധാനമായും ചെയ്യുന്നത്.
വരുന്ന നവംബര്‍ 21 നടക്കുന്ന നാല്‍പത്തിനാലാമതു മാധ്യമദിനാചരണത്തിനു മുന്നോടിയാ യി ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ചിരിക്കുന്ന സന്ദേശത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സ്വന്തം ജീവിതത്തിലെ ഇ ന്റര്‍നെറ്റിന്റെ സാന്നിധ്യത്തെ കുറിച്ചോര്‍ക്കാന്‍ പ്രേരണയായത്. ``ഡിജിറ്റല്‍ ലോകത്തിലെ വൈദികനും അജപാലന ശുശ്രൂഷയും'' എന്നതാണു മാധ്യമദിനാചരണത്തിന്റെ പ്രമേയം.
സുവിശേഷീകരണത്തിനും സംഭാഷണത്തിനും മതബോധനത്തിനുമുള്ള പുതിയ മേഖലകള്‍ തുറന്നു തരികയാണ് നവമാധ്യമങ്ങള്‍ ചെയ്യുന്നതെന്നു സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു. ഇന്റര്‍നെറ്റിന്റെ രംഗത്ത് ഉണ്ടായിട്ടുള്ള സ്‌ഫോടനാത്മകമായ വളര്‍ച്ചയും അതിന്റെ വലിയ സാമൂഹ്യസ്വാധീനവും ഫലപ്രദമായ ശുശ്രൂഷാനിര്‍വ്വഹണത്തിനു വൈദികരെ സഹായിക്കുമെന്നും മാര്‍പാപ്പ സൂചിപ്പിക്കുന്നു. വൈദികര്‍ സദാസമയവും ഇന്റര്‍നെറ്റിനു മുമ്പില്‍ ഇരിക്കണമെന്നതല്ല, മറിച്ച് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടു തങ്ങളുടെ അജപാലനസേവനം പരമാവധി പേരിലേയ്‌ക്കെത്തിക്കുക എന്നതാണു മാര്‍പാപ്പായുടെ സന്ദേശത്തിന്റെ കാതല്‍ എന്നു വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്റെ അധ്യക്ഷന്‍ ക്ലൗദിയോ സെല്ലി പിന്നീടു വിശദീകരിക്കുകയും ചെയ്‌തു. വൈദികരെ മാത്രമല്ല എല്ലാ കത്തോലിക്കരെയുമാണ് മാര്‍പാപ്പ അഭിസംബോധന ചെയ്യുന്നതെന്നും നവമാധ്യമസങ്കേതങ്ങള്‍ എല്ലാ കത്തോലിക്കര്‍ക്കും വലിയ അവസരമാണു നല്‍കുന്നതെന്നും ആര്‍ച്ച് ബിഷപ് വിശദീകരിക്കുകയുണ്ടായി.
ഇന്റര്‍നെറ്റിനെ അവഗണിക്കുകയോ ഭയപ്പെടുകയോ അല്ല, മനസിലാക്കുകയും ഉപയോഗപ്പെടുത്തുകയുമാണു വേണ്ടതെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഇന്നും ഇതു മനസിലാക്കാത്തവര്‍ അനേകരുണ്ട്. അല്ലെങ്കില്‍, പിന്നെന്തുകൊണ്ടാവാം കലാലയ കാലത്തെ ആ പഴയ കൂട്ടുകാരി, ഇപ്പോഴും എന്റെ ഇന്റര്‍നെറ്റ് തിരയലുകള്‍ക്കു പിടി തരാത്തത്?!





