പേരന്റ്‌സ് ഓഫ് പ്രീസ്റ്റ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ഫിലിപ്പീന്‍സില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ആ രാജ്യത്തെ വൈദികരുടെ മാതാപിതാക്കളുടെ കൂട്ടായ്‌മയാണത്. വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്
സംഘടനയുടെ പ്രധാന ലക്ഷ്യം. വിശ്വാസം ക്ഷയിക്കുകയും സഭ നിര്‍ജ്ജീവമാകുകയും ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം പൊതുവായൊരു പ്രത്യേകതയുണ്ടാകും. വൈദികരുടെ എണ്ണം കുറവായിരിക്കും. വൈദികരുടെ അപര്യാപ്‌തതയായിരിക്കും വിശ്വാസത്തെ തകര്‍ക്കുന്ന കള്‍ട്ടുകള്‍ക്കും മറ്റു തത്വചിന്തകള്‍ക്കുമൊക്കെ കടന്നുകയറാന്‍ അവസരം കൊടുക്കുന്നത്. സഭയുടെ ശത്രുക്കള്‍ എന്നും ലക്ഷ്യംവയ്‌ക്കുന്നത് വൈദികരെയാണ്. അതുകൊണ്ടാണ് വൈദികരുടെ നേരെ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ദുരാരോപണം ഉയര്‍ന്നാല്‍ അതിനെ വലിയ ചര്‍ച്ചയാക്കുകയും അതു വൈദിക സമൂഹത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നുള്ള രീതിയില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത്. എങ്ങനെയെങ്കിലും വൈദികരെ തകര്‍ത്താല്‍ ക്രിസ്‌തീയതയെ തന്നെ തളര്‍ത്താമെന്ന് സഭയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായി ബോധ്യമുണ്ട്, പക്ഷേ വിശ്വാസികള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരാണോ എന്നതാണ് പ്രശ്‌നം.
പ്രവൃത്തിയും പ്രാര്‍ത്ഥനയും സംയോജിപ്പിച്ച ഭൂതകാലമായിരുന്നു നമ്മുടേത്. സഭ വിവിധ മേഖലകളില്‍ അസൂയാര്‍ഹമായ രീതിയില്‍ പുരോഗതി പ്രാപിച്ചതിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യവും അതുതന്നെയാണ്. പക്ഷേ ഇപ്പോള്‍ ആത്മീയ മേഖലയില്‍പ്പോലും പ്രാര്‍ത്ഥനയ്‌ക്ക് പ്രാധാന്യം കുറയുകയും ആ സമയംകൂടി പ്രവര്‍ത്തിച്ചാല്‍ മതിയെന്നുള്ള ചിന്തകള്‍ക്ക് പ്രാമുഖ്യം വര്‍ധിക്കുകയും ചെയ്യുന്നു. സഭയുടെ തളര്‍ച്ചകളുടെ ചരിത്രം പരിശോധിച്ചാല്‍ തെറ്റായ ആശയങ്ങളും കള്‍ട്ടുകളുമൊക്കെ അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ടെന്ന് മനസിലാകും. അങ്ങനെയുള്ള കാലങ്ങളിലൊക്കെ അനേകം വിശുദ്ധര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്. സഭയെ പ്രാര്‍ത്ഥനയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് അവരൊക്കെ ശ്രമിച്ചതും. നേരിട്ടും അല്ലാതെയുമൊക്കെ സഭയ്‌ക്കെതിരെ കടന്നാക്രമണങ്ങള്‍ പല രീതിയില്‍ ഏറിവന്നുകൊണ്ടിരിക്കുകയാണ്. ധാര്‍മ്മികതയ്‌ക്ക് നിരക്കാത്ത വിധത്തിലുള്ള നിയമങ്ങളും പ്രവൃത്തികളുമൊക്കെ ഉണ്ടാകുമ്പോള്‍ അതിനെതിരെ ആദ്യം രംഗത്തു വരുന്നത് കത്തോലിക്കാ സഭയാണ്. അതുകൊണ്ട് സഭയെ നിശബ്‌ദരാക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ആസൂത്രിതമായിട്ടുതന്നെ നടക്കുന്നുണ്ട്. നേരിട്ടുള്ള ആക്രമണങ്ങള്‍ അല്ലാത്തതുകൊണ്ട് പലപ്പോഴും സഭാംഗങ്ങള്‍ക്കുതന്നെ മനസിലാകണമെന്നില്ല. സഭയുടെ ചെറിയ വീഴ്‌ചകളെപ്പോലും ബോധപൂര്‍വം വലിയ സംഭവങ്ങളാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങളെ അപഗ്രഥിച്ചാല്‍ അതു മനസിലാകും. ഇന്നലെകളില്‍ മ്ലേച്ഛകരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പലതും ഇപ്പോള്‍ സമൂഹത്തിന് സ്വീകാര്യമായി മാറിക്കൊണ്ടിരിക്കുന്നു. അതിനര്‍ത്ഥം തിന്മ ലോകത്തെ പലവിധത്തില്‍ കീഴടക്കിക്കൊണ്ടിരിക്കുന്നുവെന്നും തിന്മയ്‌ക്ക് അംഗീകാരം ലഭിക്കുന്നുവെന്നുമൊക്കെയാണ്.
കേരളത്തിലെ സഭയില്‍ നിരവധി ആത്മീയ സംഘടനകളും പ്രസ്ഥാനങ്ങളുമൊക്കെയുണ്ട്. ആത്മീയ മേഖലയിലും ഭൗതികരംഗത്തുമൊക്കെ സജീവമായി അവയില്‍ പലതും ഇടപെടുന്നുമുണ്ട്. സഭാസംവിധാനങ്ങള്‍ക്കും സംഘടനകള്‍ക്കുമൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ളൊരു പ്രസ്ഥാനത്തെക്കുറിച്ച് നമുക്കും ചിന്തിച്ചുകൂടേ? ആഗോളസഭ വൈദികവര്‍ഷമായി ആചരിക്കുമ്പോള്‍, വൈദികര്‍ക്കുവേണ്ടിയും മറ്റു സഭയുടെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടായ്‌മയുണ്ടെങ്കില്‍ അതു സഭയെ ശക്തിപ്പെടുത്തും. പ്രാര്‍ത്ഥനയുടെ പിന്‍ബലമുണ്ടെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ നടക്കുമെന്നതിന് ഒരുപാട് ഉദാഹരണങ്ങളും അനുഭവങ്ങളുമൊക്കെ നമ്മുടെ മുന്നിലുണ്ട്. വൈദികവര്‍ഷാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍പ്പെട്ടതാണ് വൈദികരുടെ നവീകരണം. ആ നിയോഗത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും. ഫിലിപ്പിന്‍സിലെപ്പോലെ വൈദികരുടെ മാതാപിതാക്കള്‍ക്കു പകരം ഒരു സമൂഹംതന്നെ അതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയാല്‍ അതു ഫലമുളവാക്കുമെന്നതിന് സംശയമില്ല. ദൈവത്തോട് ചേര്‍ന്നു നടത്തുന്ന മുന്നേറ്റങ്ങളൊന്നും ഒരിക്കലും പരാജയപ്പെടില്ലെന്നുള്ളതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ബൈബിളിലുണ്ട്. ജോഷ്വായുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനം ജറീക്കോ പട്ടണം കീഴടക്കിയത് സൈനികശക്തിയിലൂടെയായിരുന്നില്ല. ദൈവം കല്‌പിച്ചതുപോലെ യോദ്ധാക്കള്‍ ആറുദിവസം പട്ടണത്തിനു ചുറ്റും നടന്നു. ഏഴാം ദിവസം പുരോഹിതന്മാര്‍ കാഹളം മുഴക്കിയപ്പോള്‍, ജനങ്ങള്‍ ആര്‍ത്തട്ടഹസിക്കുകയും പട്ടണത്തിന്റെ മതില്‍ തകര്‍ന്നുവീഴുകയും ചെയ്‌തു. പ്രാര്‍ത്ഥനയുടെ ശക്തിയെ കീഴടക്കാന്‍ മറ്റൊരു ശക്തിക്കും കഴിയില്ലെന്നും എല്ലാ അധികാരങ്ങളുടെയും മേല്‍ ദൈവത്തിന് നിയന്ത്രണം ഉണ്ടെന്നുമാണ് ഇതൊക്കെ നമ്മെ പഠിപ്പിക്കുന്നത്.
സമൂഹത്തിന് വഴിതെറ്റുമ്പോള്‍ തിരുത്താനുള്ള ഉത്തരവാദിത്വം സഭയ്‌ക്കുണ്ട്. പക്ഷേ തിന്മയ്‌ക്ക് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെങ്കില്‍ സഭ കൂടുതല്‍ ആത്മീയ കരുത്ത് പ്രാപിക്കണം. യുദ്ധത്തിന്റെ തീവ്രതയ്‌ക്ക് ആനുപാതികമായാണല്ലോ അതിനുള്ള തയ്യാറെടുപ്പും നടത്തുന്നത്. സൈന്യത്തില്‍ത്തന്നെ പ്രത്യേക പരിശീലനം ലഭിക്കുന്നവരായിരിക്കും യുദ്ധത്തിന്റെ മുന്‍നിരയില്‍. പിന്‍നിരയില്‍ നിന്നും സഹായം ലഭിച്ചില്ലെങ്കില്‍ മുന്‍നിര എത്ര ശക്തമാണെങ്കിലും പരാജയപ്പെടും. ഇവിടെയും അതുതന്നെയാണ് ആവശ്യം. ആത്മീയ യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നത് വൈദികരാണ്. അതുകൊണ്ട് വൈദികരെ ബലപ്പെടുത്തേണ്ടത് വിശ്വാസികളുടെ കടമയാണ്. പ്രാര്‍ത്ഥന വഴിയാണ് അവരെ ശക്തിപ്പെടുത്തേണ്ടത്. വൈദികര്‍ക്കും സഭാനേതൃത്വത്തിനുംവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്ന അനേകം ഗ്രൂപ്പുകള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള തീക്ഷ്‌ണത അനേകരുടെ ഹൃദയങ്ങളില്‍ ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കാം.
IST: Thursday, 9 September 2010
-
2010 സെപ്റ്റംബര്‍ 5 ഞായര്‍
രക്ഷാധികാരി
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്
ചീഫ് എഡിറ്റര്‍
ബെന്നി പുന്നത്തറ
അസോസിയേറ്റ് എഡിറ്റര്‍
ഫാ. ജോസഫ് വയലില്‍ സി.എം.ഐ.
എഡിറ്റര്‍
സ്റ്റെല്ലാ ബെന്നി
ജനറല്‍ എഡിറ്റേഴ്സ്
ഫാ. റോയ് വര്‍ഗീസ് പാലാട്ടി സി.എം.ഐ,
ഫാ. സാജന് വട്ടക്കാട്ട്
അസിസ്റ്റന്റ് എഡിറ്റര്‍
ജയ്മോന് കുമരകം
സീനിയര്‍ സബ് എഡിറ്റര്‍
ബിജു സെബാസ്റ്റ്യന്‍





