IST: Monday, 6 September 2010

ബൈബിളിലെ ഏറ്റവും ചെറിയ വാചകം

രണ്ട്‌ വാക്കുകള്‍ മാത്രമുള്ള ഒരു വചനം ബൈബിളില്‍ ഉണ്ട്‌. രണ്ടു വാക്കുകളും കൂടി അഞ്ച്‌ അക്ഷരങ്ങള്‍ മാത്രം. യോഹന്നാന്‍ 11:34-ല്‍ പറയുന്ന ആ വചനം ഇങ്ങനെയാണ്‌: യേശു കരഞ്ഞു. കരച്ചിലിന്റെ പശ്ചാത്തലം ഇതാണ്‌. യേശുവിന്‌ വളരെ ഇഷ്‌ടമുണ്ടായിരുന്ന ലാസര്‍ മരിച്ചു. ലാസര്‍ രോഗിയായി കിടക്കുമ്പോള്‍ ലാസറിന്റെ സഹോദരിമാര്‍ ആയിരുന്ന മര്‍ത്തായും മറിയവും യേശുവിന്റെയടുത്ത്‌ ആളയച്ച്‌ പറഞ്ഞു: ഇതാ, അങ്ങ്‌ സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു (യോഹ. 11:33). അങ്ങു സ്‌നേഹിക്കുന്നവന്‍ എന്നാണ്‌്‌ സഹോദരിമാര്‍ പറയുന്നത്‌. ലാസറിന്റെ രോഗവിവരം അറിഞ്ഞ യേശു ഉടനെ പോയില്ല. ലാസറിനെ സുഖപ്പെടുത്തിയുമില്ല. തന്റെ ഭൃത്യന്‍ രോഗിയായി കിടക്കുന്നു എന്ന്‌ ശതാധിപന്‍ വന്നു പറഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഞാന്‍ വന്ന്‌ അവനെ സുഖപ്പെടുത്താം. ശതാധിപനും യേശുവും തമ്മിലുള്ളതിനേക്കാള്‍ എത്രയോ അടുപ്പം യേശുവും ലാസറും തമ്മില്‍ ഉണ്ടായിരുന്നു. എന്നിട്ടും യേശു പോയില്ല. തന്റെ ഭവനത്തില്‍ അങ്ങയെ സ്വീകരിക്കുവാന്‍ തനിക്ക്‌ യോഗ്യത ഇല്ലെന്നും അതിനാല്‍ ഇവിടെവച്ച്‌ അങ്ങ്‌ ഒരു വചനം അരുളിച്ചെയ്‌താല്‍ വീട്ടില്‍ കിടക്കുന്ന ഭൃത്യന്‍ സുഖം പ്രാപിക്കും എന്നും ശതാധിപന്‍ പറഞ്ഞപ്പോള്‍ യേശു അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിച്ചു. വചനം അയച്ച്‌ ഭൃത്യനെ സുഖപ്പെടുത്തുകയും ചെയ്‌തു. വീട്ടില്‍ തിരിച്ചെത്തിയ ശതാധിപന്‍ രോഗം മാറിയ ഭൃത്യനെയാണ്‌ കാണുന്നത്‌. ലാസറിന്റെ അടുത്തേക്ക്‌ പോയില്ലെങ്കിലും, ശതാധിപന്റെ ഭൃത്യന്റെ കാര്യത്തില്‍ എന്നതുപോലെ വചനം അയച്ച്‌ യേശുവിന്‌ ലാസറിനെയും സുഖപ്പെടുത്താമായിരുന്നു. എന്നാല്‍ യേശു അതും ചെയ്‌തില്ല. പകരം ലാസര്‍ മരിച്ച്‌ നാലുദിവസം കഴിഞ്ഞപ്പോള്‍ യേശു ലാസറിന്റെ വീട്ടില്‍ എത്തി. ലാസറിന്റെ സഹോദരി മറിയം യേശുവിന്റെ കാല്‍ക്കല്‍ വീണ്‌ പറഞ്ഞു: നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു (യോഹ. 11:32). തുടര്‍ന്ന്‌ മറിയവും മര്‍ത്തയും അവിടെ ഉണ്ടായിരുന്ന യഹൂദരും കരഞ്ഞു. അപ്പോള്‍ യേശുവിന്റെ ആത്മാവിലും നെടുവീര്‍പ്പുകള്‍ ഉണ്ടായി. യേശു കരഞ്ഞു. യേശുവിന്റെ കരച്ചില്‍ കണ്ട ജനങ്ങള്‍ രണ്ടുവിധത്തില്‍ പ്രതികരിച്ചു. ഒന്നാമത്തെ കൂട്ടര്‍ പറഞ്ഞു: നോക്കൂ, അവന്‍ എത്രമാത്രം അവനെ സ്‌നേഹിച്ചിരുന്നു. രണ്ടാമത്തെ കൂട്ടര്‍ പ്രതികരിച്ചു: അന്ധന്റെ കണ്ണു തുറന്ന ഈ മനുഷ്യന്‌ ഇവനെ മരണത്തില്‍നിന്ന്‌ രക്ഷിക്കാമായിരുന്നില്ലേ? (യോഹ. 11:36-37).

തുടര്‍ന്ന്‌ യേശു ലാസറിന്റെ ശവകുടീരത്തിനടുത്ത്‌ എത്തി. ശവകുടീരത്തിന്റെ മുമ്പിലുള്ള കല്ല്‌ എടുത്തുമാറ്റുവാന്‍ കല്‍പിച്ചു. തുടര്‍ന്ന്‌ യേശു പിതാവിനോട്‌ പ്രാര്‍ത്ഥിച്ചു: ``പിതാവേ, അങ്ങ്‌ എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക്‌ നന്ദി പറയുന്നു. അങ്ങ്‌ എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കും എന്ന്‌ എനിക്കറിയാം. എന്നാല്‍ എന്നെ അയച്ചത്‌ അവിടുന്നാണെന്ന്‌ ഈ ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിത്‌ പറയുന്നത്‌. ഈ പ്രാര്‍ത്ഥനയ്‌ക്ക്‌ ശേഷം യേശു ഉച്ചത്തില്‍ പറഞ്ഞു: ലാസറെ, പുറത്തുവരിക. അപ്പോള്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ടവനായും മുഖം തുണികൊണ്ട്‌ ആവരണം ചെയ്യപ്പെട്ടവനായും ലാസര്‍ പുറത്തുവന്നു (യോഹ. 11:41-44).

ഇനി ഈ സംഭവം നമ്മുടെ മനസില്‍ ഉണ്ടാക്കുന്ന ചില ചോദ്യങ്ങളിലേക്ക്‌ കടക്കാം. യേശു ലാസറിനെ സ്‌നേഹിച്ചിട്ടും എന്തുകൊണ്ട്‌ ലാസറിന്റെ വീട്ടിലേക്ക്‌, ലാസര്‍ മരിച്ച്‌ അടക്കി നാലുദിവസം കഴിയുന്നതുവരെ പോയില്ല? എന്തുകൊണ്ട്‌ ഒരു വചനമെങ്കിലും അയച്ച്‌ യേശു ലാസറിനെ സുഖപ്പെടുത്തിയില്ല? ഇ തൊന്നും ചെയ്യാതെ, മരിച്ച്‌ അടക്കി നാലു ദിവസം കഴിഞ്ഞപ്പോള്‍ എന്തിനാണ്‌ യേശു പോയത്‌? എന്തിനാണ്‌ യേശു കരഞ്ഞത്‌? ഒ ന്നു മനസ്‌ വച്ചിരുന്നെങ്കില്‍ ഈ സാഹചര്യങ്ങളും ആ സഹോദരിമാരുടെയും മറ്റ്‌ പലരുടെയും ദുഃഖങ്ങള്‍ ഒഴിവാക്കാമായിരുന്നില്ലേ? അതേ, ഒത്തിരി ചോദ്യങ്ങള്‍; ഒത്തിരി സംശയങ്ങള്‍.

ഈ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം യേശുതന്നെ പറയുന്നുണ്ട്‌. ലാസര്‍ രോഗിയായിരിക്കുന്നു എന്ന്‌ സഹോദരിമാര്‍ യേശുവിനെ അറിയിച്ചപ്പോള്‍ ഉടന്‍ പുറപ്പെടുന്നതിനോ വചനം അയച്ച്‌ സുഖപ്പെടുത്തുന്നതിനോ ശ്രമിക്കാതെ, യേശു ഏതാനും വാചകങ്ങള്‍ പറയുകയാണ്‌ ചെയ്‌തത്‌. ആ വചനങ്ങള്‍: യേശു പറഞ്ഞു: ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്‌ (യോഹ. 11:4). അപ്പോള്‍, ലാസര്‍ മരിക്കുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതിനാല്‍ ലാസര്‍ മരിക്കുന്നതിനുമുമ്പല്ല, ലാസര്‍ മരിച്ചശേഷം ലാസറിന്റെ കാര്യത്തില്‍ ഇടപെടാനാണ്‌ ദൈവം തീരുമാനിച്ചത്‌. അതിനാല്‍ ലാസര്‍ രോഗിയാണ്‌ എന്നു കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്ത്‌ രണ്ടുദിവസം കൂടി താമസിച്ചു. അനന്തരം യേശു ശിഷ്യരോട്‌ പറഞ്ഞു: നമുക്ക്‌ വീണ്ടും യൂദയായിലേക്ക്‌ പോകാം......നമ്മുടെ സഹോദരന്‍ ലാസര്‍ ഉറങ്ങുകയാണ്‌. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു. അങ്ങനെയാണ്‌ യേശു ലാസറിന്റെ വീട്ടിലും ശവകുടീരത്തിലും എത്തിയത്‌. ശവകുടീരത്തിന്‌ അടുത്ത്‌ എത്തി കല്ലെടുത്തു മാറ്റാന്‍ യേശു പറഞ്ഞപ്പോള്‍ മര്‍ത്ത പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത്‌ നാലാംദിവസമാണ്‌. യേശു അവളോട്‌ പറഞ്ഞു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന്‌ ഞാന്‍ നിന്നോട്‌ പറഞ്ഞില്ലേ? (യോഹ. 11:40). തുടര്‍ന്നാണ്‌ യേശു പ്രാര്‍ത്ഥിച്ചതും ലാസറിനെ ഉയിര്‍പ്പിച്ചതും. ലാസറിന്റെ ഉയിര്‍പ്പ്‌ ഈ ഭൂമിയില്‍ ജീവിച്ചിരിക്കാനുള്ള ഉയിര്‍പ്പ്‌ ആയിരുന്നില്ല. വീണ്ടും മരിക്കാനുള്ള ഉയിര്‍പ്പ്‌ ആയിരുന്നു.

ഇനി ഇങ്ങനെ ചിന്തിക്കുക. ലാസര്‍ രോഗിയായി കിടക്കുന്നു എന്ന അറിവ്‌ കിട്ടിയപ്പോള്‍ത്തന്നെ യേശു ലാസറിന്റെ വീട്ടില്‍ എത്തുകയോ, വചനം അയച്ചോ, ലാസറിനെ സുഖപ്പെടുത്തിയിരുന്നു എന്ന്‌ കരുതുക. എങ്കില്‍ ആ സംഭവം യേശു പ്രവര്‍ത്തിച്ച അനേകം അത്ഭുതങ്ങളില്‍ ഒന്നുമാത്രമായി തീരുമായിരുന്നു. അത്‌ ഒരു വാര്‍ത്തയായി, മഹാസംഭവമായി, തീരില്ല. ഏതാനും ആളുകള്‍മാത്രം അറിയുന്ന, ഏതാനും ദിവസം കൊണ്ട്‌ തന്നെ എല്ലാവരും മറന്നുപോകുന്ന ഒരു സംഭവമായി അതും മാറും. ലാസറോ മര്‍ത്തായോ മറിയമോ ഒന്നും ആരാലും അറിയപ്പെടുമായിരുന്നില്ല. ലോകാവസാനംവരെ ലാസറും മര്‍ത്തയും മറിയവും ഒന്നും അനുസ്‌മരിക്കപ്പെടുമായിരുന്നില്ല. ഈ സംഭവം ബൈബിളില്‍ എഴുതിച്ചേര്‍ക്കപ്പെടുമായിരുന്നില്ല. ഇന്നും യേശുവിലൂടെ അനേക രോഗശാന്തികള്‍ നടക്കുന്നില്ലേ? ആ രോഗശാന്തികളും അനുഗ്രഹങ്ങളും ലഭിക്കുന്നത്‌ മറ്റാരും തന്നെ അറിയുന്നില്ല. അതുപോട്ടെ, ഇവ ലഭിച്ചവര്‍പോലും വളരെ പെട്ടെന്ന്‌ അവര്‍ക്കു കിട്ടിയ സൗഖ്യത്തിന്റെ കാര്യം മറന്നുപോയാലോ?

ലാസറിന്റെ കുടുംബത്തിന്റെയും കാര്യം ഒരു സാധാരണ സംഭവമാക്കി മാറ്റി മറന്നുകളയുവാന്‍ യേശു അനുവദിച്ചില്ല. അതിനാല്‍ ലാസര്‍ മരിക്കുവാനും അടക്കപ്പെടുവാനും അഴുകുവാനും യേശു അനുവദിച്ചു. അങ്ങനെ മരിച്ച്‌ അടക്കപ്പെട്ട്‌, അഴുകി തുടങ്ങിയ ലാസറിനെ ഉയിര്‍പ്പിച്ചപ്പോള്‍ അതൊരു മഹാസംഭവമായി മാറി. ലാസറും കുടുംബവും മര്‍ത്തയും മറിയവും അനശ്വരരായി മാറി. ദൈവം അങ്ങനെ മാറ്റി. മരണവും അടക്കലും അഴിയലും നടക്കുമ്പോള്‍ വീട്ടുകാര്‍ക്കുണ്ടായ ദുഃഖം യേശുവും പങ്കിട്ടു. അതിനാല്‍ യേശു കരഞ്ഞു. യേശു ലാസറിനെ ഉയിര്‍പ്പിക്കും എന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല, മര്‍ത്തയും മറിയവും. എങ്കിലും യേശു നാലുദിവസം താമസിച്ചു വന്നിട്ടും അവര്‍ യേശുവിനോട്‌ പിണങ്ങിയില്ല. അനുസരിച്ചു. സഹകരിച്ചു.
ഇനി നമുക്കുള്ള ഗുണപാഠം. യേശു നമ്മെ സ്‌നേഹിക്കുമ്പോഴും നാം സഹിക്കാന്‍ ചിലപ്പോള്‍ അനുവദിക്കും. അതിലൂടെ നമ്മുടെ ജീവിതത്തില്‍ വലിയ ഇടപെടലുകള്‍ നടത്തി, മഹത്വം നല്‍കാന്‍ യേശു ആഗ്രഹിക്കുന്നുണ്ട്‌. നാം വേദനിക്കുമ്പോള്‍ യേശുവിന്റെ മനസും വേദനിക്കുന്നുണ്ട്‌. പക്ഷേ, മര്‍ത്തയും മറിയവും ചെയ്‌തതുപോലെ നമ്മളും ചെയ്യണം. യേശുവിനോട്‌ പിണങ്ങരുത്‌. യേശുവിനെ വിശ്വസിക്കണം. യേശുവിനോട്‌ സഹകരിക്കണം. വിശ്വസിക്കുമ്പോഴാണ്‌ ദൈവമഹത്വം കാണാന്‍ ഇടവരുക എന്ന്‌ ആ സഹോദരിമാരോട്‌ യേശു പറഞ്ഞത്‌ നമ്മെ സംബന്ധിച്ചും സത്യമാണ്‌. എന്നാല്‍ നമ്മളില്‍ എത്രയോ പേര്‍, ഉപരിമഹത്വം നല്‍കാന്‍ ദൈവം കാത്തിരിക്കുന്നത്‌ മനസിലാക്കാതെ ദൈവത്തോട്‌ പിണങ്ങുന്നു; അകലുന്നു. അതുകൊണ്ട്‌ ഉപരിമഹത്വം ദര്‍ശിക്കുവാന്‍ സാധിക്കുന്നില്ല. ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം നല്ലതല്ലേ? ഉപരിമഹത്വം ഉണ്ടാവില്ലേ?